പ്രതീകാത്മക ചിത്രം
ഈ മാസം ആറിന് രാത്രി പതിനൊന്നിന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വിക്ടോറിയ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടൊറന്റോയിലേക്കു പോകാന്‍ യാത്രക്കാരെല്ലാം കയറി റണ്‍വേയിലേക്കു നീങ്ങുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് പിഡി 444, ഒരു കുട്ടി കാരണം തിരികെ ഗേറ്റിലേക്കു കൊണ്ടുവരികയും പറക്കൽ മുടങ്ങുകയും ചെയ്തു. കുട്ടി സീറ്റില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല എന്നതായിരുന്നു പ്രശ്നം.
പറന്നുയരാന്‍ പോകുന്ന വിമാനത്തില്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്നതു മാത്രമല്ല, ഇരിക്കുകകൂടി ചെയ്യാത്ത കുട്ടിയെ അനുനയിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നയാളും കാബിന് ക്രൂവും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം തിരികെ ഗേറ്റിലേക്കുതന്നെ കൊണ്ടുചെന്ന് രണ്ടു പേരെയും ഇറക്കിയെങ്കിലും അന്നു പിന്നെ പറക്കാനുമായില്ല. വിക്ടോറിയ വിമാനത്താവളത്തില്‍ രാത്രി പന്ത്രണ്ടര കഴിയുമ്പോള്‍ റണ്‍വേ അടയ്ക്കും എന്നതായിരുന്നു കാരണം. വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയ യാത്രക്കാരുമായി പിറ്റേന്ന് രാത്രി പത്തേമുക്കാലിനാണ് വിമാനം ടൊറന്റൊയിലേക്കു പറന്നത്. സംഭവം എന്തായാലും കാനഡയിലും ലോകമെമ്പാടും ചൂടുപിടിച്ച തര്‍ക്കങ്ങള്‍ക്കും വാദങ്ങള്‍ക്കും ഇത് കാരണമായി.
കുട്ടികളോട് ഇത്രയും മൃദുവായി പെരുമാറരുതെന്ന് പറഞ്ഞവരും, ഇരുവരെയും ഇറക്കിവിടാത്ത വിമാനജോലിക്കാര്‍ അനാസ്ഥയാണ് കാട്ടിയതെന്നു ചൂണ്ടിക്കാട്ടിയവരും, 150 യാത്രക്കാരുടെ ഒരു ദിവസം വെറുതെ കളഞ്ഞത് ക്ഷമിച്ചുകളയരുതെന്ന് പൊട്ടിത്തെറിച്ചവരുമായിരുന്നു ഭൂരിപക്ഷം. കുട്ടി അനുസരണക്കേടോ അഹങ്കാരമോ കാട്ടിയതൊന്നുമല്ലെന്നും ഭയന്നുപോയതുപോലെയാണ് തോന്നിയതെന്നും പറഞ്ഞ സഹയാത്രക്കാരും ഉണ്ടായിരുന്നു. പിടിച്ചിരുത്തുമ്പോഴൊക്കെ സീറ്റിനടിയിലേക്ക് കുട്ടി നൂഴ്ന്നിറങ്ങുകയായിരുന്നുവത്രേ.
എന്തായാലും, വിമാനയാത്രയില്‍ കുട്ടികളുടെ (കുട്ടികള്‍ മൂലം മറ്റുള്ളവരുടെയും) സുരക്ഷയും സീറ്റ് ബെല്‍റ്റ് നിയമങ്ങളിലേക്കും ഒന്നുകൂടി ശ്രദ്ധ തിരിയ്ക്കാന്‍ സംഭവം ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിയമങ്ങള്‍ രണ്ടു തരത്തിലാണുള്ളത്. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്കും അതിലും പ്രായമുള്ളവര്‍ക്കും. ആറു മാസം മുതല്‍ രണ്ടു വയസുവരെയുള്ളവരെ, വേറെ സീറ്റില്‍ കാറില്‍ കുട്ടികളെ ഇരുത്തുന്നതുപോലെയുള്ള സീറ്റ് വച്ച് അതില്‍ ബെല്റ്റുകളിട്ട് ഇരുത്തണമെന്ന് മിക്ക എയര്‍ലൈനുകളും നിര്‍ദേശിക്കുന്നു.
കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിയാല്‍ മതിയെന്ന് ഇന്‍ഡിഗോ പോലെ ചില എയര്‍ലൈനുകളും പറയുന്നുണ്ട്. രണ്ടു വയസിനു മീതേയുള്ളവരെ പ്രത്യേകം സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടുതന്നെ ഇരുത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആറാം തീയതിയിലെ സംഭവത്തില്‍ കാനഡയിലെ കുട്ടിയുടെ പ്രായം രണ്ടു വയസിന് അടുത്തായിരുന്നുവെന്നാണ് വാര്‍ത്തകളില്‍നിന്നു മനസിലാകുന്നത്.
സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുന്നത് കുട്ടികള്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും സുരക്ഷാഭീഷണിയാണ്. ഈ നാലാം തീയതി തായ്ലന്‍ഡില്‍നിന്ന് ഡല്‍ഹിക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ മുന്നൂറടിയോളം താഴേക്കു പതിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുകയായിരുന്ന യാത്രക്കാര്‍ തെറിച്ചുയര്‍ന്ന് വീണതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ ഏറെ ഉയരത്തിലേക്കും ദൂരത്തേക്കും തെറിച്ചുവീഴാം.
2020 ഓഗസ്റ്റ് ഏഴിന് ദുബായില്‍നിന്നു വന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനു ശേഷം തകര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കുട്ടികളുടെ അനുഭവം, അടുത്തകാലത്ത് ഈ ആപത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുന്നതായിരുന്നു. വിമാനത്തില്‍ ആകെ പത്തു കുട്ടികളുണ്ടായിരുന്നതില്‍, ഒരു വയസിനും അഞ്ചു വയസിനും ഇടയില്‍ പ്രായമുണ്ടായിരുന്ന നാലു കുട്ടികളാണ് മരിച്ചത്. രണ്ടു കുട്ടികള്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് നാലുപേര്‍.
ഈ അപകടം അന്വേഷിച്ച സമിതി, മേലില്‍ വിമാനങ്ങളില്‍ എല്ലാ കുഞ്ഞുങ്ങളെയും കൊച്ചു കുട്ടികളെയും സിആര്‍എസ് അഥവാ ചൈല്‍ഡ് റിസ്ട്രെയിനിംഗ് സിസ്റ്റം (സീറ്റില്‍ പ്രത്യേകമായി പിടിപ്പിക്കുന്ന, ബെല്‍റ്റ് ഉൾപ്പെടെയുള്ള ചെറുസീറ്റ്) ഉപയോഗിച്ച് ഇരുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, നിര്‍ബന്ധിതമായ ചട്ടം ആക്കാതിരുന്നതിനാല്‍ ഇപ്പോഴും ഇതു പാലിക്കുന്ന എയര്‍ലൈനുകള്‍ ഇന്ത്യയില്‍ അപൂര്‍വമാണ്. വിമാനത്തില്‍ സിആര്‍എസ് കുട്ടികള്‍ക്കായി കരുതിവച്ചിട്ടില്ല എന്നത് ഒരു കാര്യം. അത് പ്രായോഗികവുമല്ല. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ ഇതു പ്രത്യേകം വാങ്ങി കൊണ്ടുവരുന്നുമില്ല.
പോര്‍ട്ടര്‍ എയര്‍ലൈന്‍സ് സംഭവമുണ്ടായ കാനഡയിലും ഇത് നിര്‍ബന്ധമല്ല എന്നതാണ് വാസ്തവം. സീറ്റ് ബെല്‍റ്റ് ധരിപ്പിച്ച് തീരെ ചെറിയ കുഞ്ഞുങ്ങളെ മടിയില്‍ തന്നെ ഇരുത്തണം അത്രയുമേയുള്ളൂ. അമേരിക്കയിലും നിയമം അതൊക്കെത്തന്നെ.
എന്നാല്‍, എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായി നടപ്പാക്കുന്ന മറ്റൊരു നിയമമുണ്ട്. ഒരു യാത്രക്കാരനോ യാത്രക്കാരിയോ രണ്ടു വയസില്‍ താഴെയുള്ള ഒന്നില്‍ കൂടുതല്‍ കുട്ടികളുമായി വിമാനത്തില്‍ കയറാന്‍ പാടില്ല. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന മാതാവോ പിതാവോ, കൂട്ടത്തില്‍ രണ്ടു കുഞ്ഞുങ്ങളുണ്ടെങ്കില്‍ 18 വയസില്‍ കൂടുതലുള്ള മറ്റാരെയെങ്കിലുമോ കൂടെ കൂട്ടിയില്ലെങ്കില്‍ യാത്ര നടക്കില്ല.
രണ്ടു വയസിനു മീതേയുള്ള കുട്ടികള്‍ക്ക് പ്രായമുള്ളവരുടെ അതേ ടിക്കറ്റുതന്നെ എടുക്കണമെന്ന് നിബന്ധന വയ്ക്കുന്ന എയര്‍ലൈനുകള്‍ കുട്ടികള്‍ യാത്രയില്‍ അവരുടെ സീറ്റില്‍ ഒറ്റയ്ക്ക് സീറ്റ് ബെല്‍റ്റ് ഇട്ടിട്ടോ, സീറ്റില്‍ വയ്ക്കുന്ന ചൈല്‍ഡ് റീസ്ട്രെയിനിംഗ് സീറ്റില്‍ ബെല്‍റ്റിട്ടോ ഇരിക്കണമെന്ന് കൃത്യമായി പറയുമ്പോള്‍ ഓര്‍മിപ്പിക്കുന്ന മറ്റൊരു കാര്യവുമുണ്ട്.
ഇത് പൂര്‍ണമായി യാത്രക്കാരുടെ ഉത്തരവാദിത്വമാണ്. കുട്ടി സീറ്റിലോ മടിയിലോ ചൈല്‍ഡ് റീസ്ട്രേയിനിംഗ് സംവിധാനത്തിലോ സുരക്ഷിതമായി ഇരിക്കുന്നില്ല എന്നു കണ്ടാല്‍ വിമാനത്തില്‍നിന്ന് ഇറക്കിവിടാനുള്ള എല്ലാ അവകാശവും എയര്‍ലൈനിനുണ്ട്. ഇനി, ഓഗസ്റ്റ് ആറിന്റെ പോര്‍ട്ടര്‍ എയര്‍ലൈന്‍സ് സംഭവം പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതിയെപ്പറ്റി ഒരു കാര്യംകൂടി.
ഇത്രയും വ്യാപകമായി പ്രചരിച്ച വാര്ത്തയായിട്ടുകൂടി ഒരു മാധ്യമത്തിലും കുട്ടിയുടെ പേരോ കുട്ടി ആണോ പെണ്ണോ എന്നതോ പ്രായമോ കൊടുത്തിരുന്നില്ല. കുട്ടിയെ തിരിച്ചറിയാതിരിക്കാന്‍ സ്വാഭാവികമായും കൂടെയുണ്ടായിരുന്ന രക്ഷാകര്‍ത്താവിന്റെ ഒരു വിവരങ്ങളും ഇല്ല. അത് അമ്മയായിരുന്നോ അച്ഛനായിരുന്നോ അതോ മറ്റാരെങ്കിലും ആയിരുന്നോ എന്ന ഒരു സൂചനയുമില്ല. മുഖ്യധാരാ മാധ്യമങ്ങളില്‍ മാത്രമല്ല, ഒരു സോഷ്യല്‍ മീഡിയയിലും സംഭവത്തിന്റെ ഒരു ചിത്രവുമില്ല. സോഷ്യല്‍ മീഡിയയുടെ സര്‍വാധിപത്യത്തിന്റെ ഇക്കാലത്തും കുട്ടികളുടെ സ്വകാര്യത മാനിക്കേണ്ടത് എങ്ങിനെയെന്ന് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടിവരുന്നില്ല.
Tags : Child refused to sit flight cancelled Sunday Deepika