ഡോ. ജസിന്‍ഡ മാര്‍ഷല്‍ ലപ്ച മാതാപിതാക്കള്‍ക്കൊപ്പം.
2026 മേയ് 24. പശ്ചിമ ബംഗാളിലെ സിലിഗുരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ എംബിബിഎസ് ബിരുദദാനം നടക്കുന്നു. വേദിയില്‍ ഒരോ പേരുകള്‍ വിളിച്ചു പറയുമ്പോഴും കൈയടികള്‍. അക്കൂട്ടത്തില്‍ ഒരു പേര് ജസിന്‍ഡ മാര്‍ഷല്‍ ലപ്ച. സാന്പത്തിക ക്ലേശംമൂലം ഒരു കാലത്ത് സ്കൂൾപഠനം തുടരാനാകുമോ എന്നറിയാതെ നിന്ന ഏഴാം ക്ലാസുകാരി. ദാരിദ്ര്യവും സാഹചര്യങ്ങളും അവള്‍ക്കു മുന്നില്‍ കനത്ത മതിലായിരുന്നു.
ചടങ്ങിന്റെ മുന്‍നിരയില്‍ ജസിന്‍ഡയുടെ മാതാപിതാക്കള്‍ക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. കോട്ടയം അതിരമ്പുഴ സ്വദേശി ഡോ. ഐസക് തോമസ്. ജസിന്‍ഡയുടെ സ്വന്തം അച്ഛനല്ലെങ്കിലും അവളുടെ സ്വപ്നങ്ങള്‍ക്ക് കരുതലൊരുക്കിയ പോറ്റച്ഛനായിരുന്നു ഐസക്. 2016നു പത്തു വർഷം ശേഷമാണ് ഐസക് ജസിന്‍ഡയെ നേരില്‍ കാണുന്നത്. അവള് ഡോക്ടറായി സ്റ്റെതസ്കോപ്പണിഞ്ഞ ദിവസം.
ദാരിദ്ര്യത്തോട് പൊരുതിയ വിജയം
കണ്ണൂര്‍ മാമ്പൊയിലിൽ ഓലിക്കല്‍ കുടുംബാംഗമായ ഐസക്കിന്റെ ബാല്യം ദാരിദ്ര്യത്തോടുള്ള പോരാട്ടമായിരുന്നു. മാതാപിതാക്കളായ തോമസും മേരിയും രാപകല്‍ അധ്വാനിച്ചിട്ടും വീട്ടിലെ ദുരിതങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും അറുതിയുണ്ടായിരുന്നില്ല. വിശപ്പിന്റെ വിളി നന്നായി അറിഞ്ഞായിരുന്നു ഐസക്കിന്റെയും സഹോദരങ്ങളുടെയും ബാല്യം. സ്കൂള്‍ പഠനത്തിനുശേഷം ഐസക് സെമിനാരിയില്‍ ചേര്‍ന്നു. ഭരണങ്ങാനത്തും വിശാഖപട്ടണത്തും ഉജ്ജയിനിലും സെമിനാരി പരിശീലനം തുടര്‍ന്നു. പക്ഷേ, സഹോദരങ്ങളുടെ കടുത്ത ദാരിദ്ര്യത്തിന് അറുതിയുണ്ടാകാത്ത സാഹചര്യത്തില്‍ സെമിനാരി പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി കുടുംബത്തിന് താങ്ങാകാന്‍ വീട്ടിലേക്കു മടങ്ങി.
പിന്നീട്, എംജി സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്സില്‍ സാമൂഹിക പഠനത്തില്‍ പിജിക്ക് ചേര്‍ന്നു. ക്ലാസില്ലാത്ത ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോയി പണം കണ്ടെത്തി കോഴ്സ് പൂര്‍ത്തിയാക്കി. യുജിസി, നെറ്റ്, എംഫില്‍, പിഎച്ച്ഡിയൊക്കെ കഠിനാധ്വാനത്തില്‍ കരസ്ഥമാക്കി. തുടര്‍ന്ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചു. പിന്നീട് കരിയര്‍ ഗൈഡന്‍സും മെന്ററിംഗും ജീവിതത്തിന്റെ ഭാഗമാക്കി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്കാന് വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തു.
ജസിന്‍ഡയുടെ കാവലാള്‍
ആ യാത്രകള്‍ക്കിടയില്‍ പശ്ചിമ ബംഗാള്‍ സിലിഗുരിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്കൂളില്‍ വിദ്യാർഥികളോടു സംസാരിക്കുകയായിരുന്നു ഡോ. ഐസക്. ബില്‍ ഗേറ്റ്സിന്റെയും പൗലോ കൊയ്ലോയുടെയും വാക്കുകള്‍ അദ്ദേഹം പങ്കുവച്ചു. “ദാരിദ്ര്യത്തില്‍ ജനിക്കുന്നത് ഒരാളുടെയും തെറ്റല്ല. എന്നാല്‍, ദാരിദ്ര്യത്തെ ജീവിതത്തിന്റെ അവസാന വിധിയായി കരുതരുത്” എന്ന ബില്‍ ഗേറ്റ്സിന്റെ സന്ദേശവും “ഒരു കാര്യം ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ അത് നേടാന്‍ ഈ പ്രപഞ്ചം മുഴുവന്‍ നിങ്ങളോടൊപ്പം നില്ക്കക്കും” എന്ന പൗലോ കൊയ്ലോയുടെ വാക്കുകളും അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സ്വന്തം ജീവിതാനുഭവങ്ങളും കുട്ടികളോട് പങ്കുവയ്ക്കുമായിരുന്നു. വിശപ്പില്‍നിന്ന് പുസ്തകങ്ങളിലേക്കും കൂലിപ്പണിയില്‍നിന്ന് പിഎച്ച്ഡിയിലേക്കും നടന്നുകയറിയ സ്വന്തം വഴികള്‍.
സ്കൂളില്‍ സംസാരിക്കുമ്പോഴാണ് ഐസക്കിന്റെ മനസില്‍ മറ്റൊരു മുഖം തെളിഞ്ഞത്. ഒന്നര വയസുള്ളപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞ തന്റെ മകള്‍ എസ്തേറിന്റെ മുഖം. ഇന്നവള്‍ ജീവിച്ചിരുന്നെങ്കില്‍, ഈ കുട്ടികളെപ്പോലെ ചിരിച്ചും കളിച്ചും നടക്കുമായിരുന്നില്ലേ. ഓര്‍മയില്‍ ജീവിക്കുന്ന മകളെക്കുറിച്ചും ഐസക് കുട്ടികളോട് പറഞ്ഞു. ആ വിദ്യാർഥികൾക്കിടയിൽ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു- ജസിന്‍ഡ. പക്ഷേ, ആ ദിവസം അവള് അറിഞ്ഞിരുന്നില്ല സംസാരിച്ചുകൊണ്ടിരിക്കുന്നയാള്‍ ഒരുനാള്‍ അവളുടെ ജീവിതത്തിലെ വലിയ താങ്ങും തണലുമായി മാറുമെന്ന്.
വര്‍ഷങ്ങള്‍ കഴിഞ്ഞു. സിലിഗുരി അല്‍ഫോന്‍സ സ്കൂളിലെ മലയാളിയും നാട്ടുകാരിയുമായ കൗണ്‍സലര്‍ ജോബിത ജോസ് ഐസക്കിനെ ഒരു ദിവസം ഫോണില്‍ വിളിച്ചു. “സ്കൂളില്‍ നന്നായി പഠിക്കുന്ന ചില കുട്ടികളുണ്ട്. പക്ഷേ, സാമ്പത്തിക പരിമിതി കാരണം തുടര്‍പഠനം സാധ്യമാകുന്നില്ല. ഇവരെ പഠിപ്പിക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിക്കുമോ” എന്ന ചോദ്യം ഐസക്കിന്റെ ചിന്തകളെ തന്റെ ബാല്യത്തിലേക്ക് കൊണ്ടുപോയി. ഐസക് പഠനസഹായം പലരോടും ചോദിച്ചെങ്കിലും ആരും പിന്തുണ അറിയിച്ചില്ല. ഒടുവില്‍, ഒരു കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് ഐസക്ക് അറിയിച്ചു.
ജോബിത ഒരു കുട്ടിയുടെ പേര് നിര്‍ദേശിച്ചു. ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിൽ ഏഴാം ക്ലാസില്‍ പഠിക്കുന്ന ജസിൻഡ. അവളെ കൈവിടരുതെന്ന് ഐസക് തീരുമാനിച്ചു. അങ്ങനെയാണ് ജസിന്‍ഡ മാര്‍ഷല്‍ ലപ്ച, ഐസക്കിന്റെ കരുതലായി മാറുന്നത്. നേപ്പാളില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബമായിരുന്നു ജസിന്ഡയുടേത്. ഫ്രാന്‍സിസ് മാര്‍ഷല്‍ ലപ്ചയുടെയും ശര്മിളയുടെയും മകള്‍. പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കാര്യമായ അറിവൊന്നുമില്ലാത്ത മാതാപിതാക്കള്‍.
എന്നാല്‍, ജസിന്‍ഡ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അങ്ങനെ ഐസക് പഠനത്തില്‍ അവളുടെ രക്ഷാകര്‍ത്താവായി. സ്കൂള്‍ പഠനകാര്യങ്ങള്‍ ഫോണിലൂടെ ഇരുവരും പതിവായി പങ്കുവച്ചുകൊണ്ടിരുന്നു. ജസിന്‍ഡ ഐസിഎസ്ഇ ഫൈനല്‍ പരീക്ഷ 92 ശതമാനം മാര്‍ക്കോടെ പാസായി. ഉയര്‍ന്ന മാര്‍ക്ക് നേടിയതില്‍ അഭിനന്ദനം അറിയച്ചപ്പോള്‍ ഐസക് ചോദിച്ചു; “എന്താണ് ഭാവി ആഗ്രഹം ?.” “എനിക്കു ഡോക്ടറാകണം”. ജസിന്‍ഡയുടെ മറുപടി.
എന്താണ് ഡോക്ടറാകാന്‍ താല്പര്യമെന്നു ചോദിച്ചപ്പോള്‍ ജസിന്‍ഡ തന്റെ ഗ്രാമത്തിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. വിദ്യാഭ്യാസമില്ലാത്തവരുടെ ഒരു ഗ്രാമം. അവിടെ ആശുപത്രിയോ ഡോക്ടറോ ഇല്ല. അവരുടെ ദുരിതജീവിതം കണ്ടാണ് ചെറുപ്പം മുതല്‍ ഡോക്ടറാകണമെന്ന ആഗ്രഹം മനസില്‍ വളര്‍ത്തുന്നതെന്ന് അവള് പറഞ്ഞു. ആ പെണ്‍കുട്ടിയുടെ സ്വപ്നത്തിനൊപ്പം നില്‍ക്കണമെന്ന് ഐസക് തീരുമാനിച്ചു. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി ജസിന്‍ഡയെ ഐസക് ഒരുക്കി.
ആദ്യശ്രമത്തില്‍തന്നെ ജസിന്‍ഡ എൻട്രൻസ് വിജയിച്ചു. 2020ലെ കോവിഡ് കാലത്തായിരുന്നു മെഡിക്കല്‍ പഠനത്തിന് പ്രവേശനം. 200 വിദ്യാര്‍ഥികളുള്ള സിലിഗുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അവള് മെഡിസിന് പഠനം ആരംഭിച്ചു. അവൾ നേട്ടങ്ങളും വിശേഷങ്ങളും ഐസക്കിനെ ഫോണിൽ അറിയിച്ചുകൊണ്ടിരുന്നു. ഓരോ വിജയവാര്‍ത്തയും ഐസക്കിന്് സ്വന്തം മകളുടെ വിജയവാര്‍ത്ത പോലെയായിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഐസക്കിന്റെ വരുമാനം നിലച്ചു. ജസിന്‍ഡയുടെ പഠനം മുടങ്ങുമോ എന്ന ആശങ്ക വല്ലാതെ ആശങ്കയിലാഴ്ത്തി. നാട്ടില്‍ പല ജോലികളും അന്വേഷിച്ചെങ്കിലും ഒന്നും ശരിയായില്ല. അപ്പോഴാണ് ന്യൂസിലന്‍ഡില്‍ കരിയര്‍ കൗണ്‍സലറുടെ ഒഴിവുണ്ടെന്ന് അറിഞ്ഞത്. ജസിന്‍ഡയുടെ പഠനം തുടരാന്‍ ആ ജോലി എങ്ങനെയും ലഭിക്കണമെന്നായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥനയ്ക്ക് അനുകൂലമായ ഉത്തരം ലഭിച്ചു. രണ്ടു വര്‍ഷത്തെ വര്‍ക്ക് വീസയില്‍ ഐസക് ന്യൂസിലന്‍ഡിലെത്തി. ആ വരുമാനത്തില്‍നിന്നു ഒരു വിഹിതം ജസിന്‍ഡയുടെ മെഡിക്കല്‍ പഠനത്തിനായി ചെലവഴിച്ചു. 2025 മാര്‍ച്ചില്‍ വീസ കാലാവധി അവസാനി ച്ചു. അതേ വര്‍ഷം മേയില്‍ ജസിന്‍ഡ മെഡിസിന് കോഴ്സും പൂര്‍ത്തിയാക്കി.
പത്താം വര്‍ഷം സംഭവിച്ചത്
ബംഗാളിലെ ഒരു സ്കൂളില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി പത്തു വര്‍ഷങ്ങള്‍ക്കുശേഷം, സിലിഗുരി മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ഡോക്ടറുടെ കുപ്പായത്തില്‍ മുന്നില്‍ നില്ക്കുമ്പോള് ഡോ. ഐസക് അഭിമാനത്തോടെ അവളെ നോക്കിനിന്നു. 2016നുശേഷം ജസിന്‍ഡയെ നേരില്‍ കാണുകയാണ്. നീണ്ട ഇടവേള. പക്ഷേ, ആ ഇടവേളയ്ക്കിടയില്‍ ഫോണ്‍ കോളുകളുണ്ടായിരുന്നു. സന്ദേശങ്ങളുണ്ടായിരുന്നു. പരീക്ഷാഫലങ്ങളുണ്ടായിരുന്നു. പ്രാര്ഥനകളുണ്ടായിരുന്നു.
അവരുടെ ആത്മബന്ധത്തിന് ദൂരമുണ്ടായിരുന്നില്ല. ജസിന്ഡയുടേത് ഒരു പെണ്‍കുട്ടിയുടെ സ്വപ്നസാക്ഷാത്കാരം മാത്രമായിരുന്നില്ല, മറ്റൊരാളുടെ നന്മയുടെ സാഫല്യംകൂടിയായിരുന്നു. ബാല്യത്തില്‍ ദാരിദ്ര്യം അനുഭവിച്ച ഒരാള്‍, മറ്റൊരു കുട്ടിയുടെ ദാരിദ്ര്യം കണ്ടപ്പോള്‍ മുഖം തിരിക്കാതെ നിന്നതിന്റെ ഫലം. ഐസക് പണം മാത്രമല്ല ജസിന്‍ഡയ്ക്ക് നല്‍കിയത്, മറിച്ച് അവൾക്ക് വിജയിക്കാനും ലക്ഷ്യം നേടാനും കഴിയും എന്ന ആത്മബലവുമാണ് സമ്മാനിച്ചത്. “ നീ പഠിക്കണം. നിന്റെ സ്വപ്നസാക്ഷാത്കാരത്തിന് ഞാന്‍ ഒപ്പമുണ്ട്” എന്ന ഐസക്കിന്റെ വാക്കുകളുടെ ബലത്തിലാണ് ജസിൻഡ മാര്‍ഷല്‍ ലപ്ച ഡോക്്ടറായിരിക്കുന്നത്. ഇന്ന് അവള്‍ക്കൊരു മെഡിക്കല്‍ ബിരുദമുണ്ട്. നാളെ അവള്‍ക്കായി ഒരു ആശുപത്രിയുടെ വാതില്‍ തുറക്കും, ഒരു ഗ്രാമത്തിന്റെ പ്രതീക്ഷയായി.
ജസിന്‍ഡ തന്റെ ജീവിതസ്വപ്നം പൂവണിഞ്ഞപ്പോള്‍ ഡോ. ഐസക്കിന് ഇങ്ങനെ എഴുതി. “സര്, ഓരോ വിദ്യാര്‍ഥിയും സ്വന്തം കഴിവിലും സ്വപ്നങ്ങളിലും വിശ്വസിക്കണം എന്നതാണ് എന്റെ ആഗ്രഹം. നിങ്ങള്‍ക്ക് എന്തെങ്കിലും ആത്മാര്‍ഥമായി നേടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അത് സാധ്യമാക്കാനുള്ള വഴികള്‍ ദൈവം തുറന്നുതരുമെന്ന് ഞാന്‍ ആഴത്തില്‍ വിശ്വസിക്കുന്നു. എന്നിലുള്ള നിങ്ങളുടെ വിശ്വാസം എനിക്ക് എല്ലാമായിരുന്നു. യേശു നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്”. ജസിന്‍ഡയുടെ സഹോദരങ്ങളായ അന്‍കിതും, അശ്വിനും നാട്ടില്‍ കമ്പനികളില്‍ ജോലി ചെയ്യുന്നു.
കോട്ടയത്തെ പ്രമുഖ കരിയര്‍ ഗൈഡന്‍സ് വിദഗ്ധനും മനഃശാസ്ത്ര കൗണ്‍സലറുമാണ് ഡോ. ഐസക് തോമസ്. എംജി യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും മനശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും എം ഫിലും നേടി. ഭാര്യ അനീറ്റ് പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററില്‍ കൗണ്‍സലറാണ്. മകന് ഐന്സ്റ്റീന് ബ്രില്ല്യന്റിലെ കരിയര്‍ കൗണ്‍സലര്‍ മേധാവിയാണ്.
Tags : Jacinda's stethoscope heartbeat Sunday Deepika