കളി മുഴുവനായി കണ്ടില്ലെങ്കിലും കണ്ടതുപോലെ...ഒരു കാലത്ത് ഡിഡി നാഷണലിലെ "ഫോർത്ത് അംപയർ' കണ്ടുകഴിയുമ്പോൾ മുഴുവൻ ക്രിക്കറ്റ് പ്രേമികളുടെയും തോന്നൽ ഇതായിരുന്നു. ഒാർക്കുന്നില്ലേ, ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് അവലോകന പരിപാടി.
ശ്രീകാന്ത്, പ്രവീൺ ആംറെ, കിർമാണി തുടങ്ങിയ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളും വിദഗ്ധരും അണിനിരന്നിരുന്ന സൂപ്പർ ഹിറ്റ് ഡിഡി ക്രിക്കറ്റ് ഷോ. ക്രിക്കറ്റിലെ അതികായന്മാർ അണിനിരന്നിരുന്ന ഈ ക്രിക്കറ്റ് ഷോയിലേക്ക് ആദ്യമായി ഒരു മലയാളി ചുവടുവച്ചു, 2017ൽ. ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് സീരിസ് നടക്കുന്ന സമയം. ഫോർത്ത് അന്പയറിൽ പുതിയൊരു ശബ്ദം മുഴങ്ങി, നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന യുവാവ് പെട്ടെന്നുതന്നെ ശ്രദ്ധ നേടി. അതു ശ്രീദത്ത് എസ്. പിള്ള എന്ന കോട്ടയംകാരൻ ആയിരുന്നു.
മലയാളികൾ ഇനിയും അധികം കടന്നു ചെന്നിട്ടില്ലാത്ത "സ്പോർട്സ് ബ്രോഡ്കാസ്റ്റർ' എന്ന മേഖലയിൽ തിളങ്ങുന്ന ശ്രീദത്ത് യുവതലമുറയ്ക്കു വലിയൊരു പ്രചോദനം കൂടിയാണ്. സെലിബ്രിറ്റികളായ നിരവധി ഇന്റർനാഷണൽ സ്പോർട്സ് താരങ്ങളുമായി ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ള ശ്രീദത്തിന്റെ സുഹൃദ്വലയവും ആരെയും അസൂയപ്പെടുത്തും. കോട്ടയത്തെ ഒരു സാധാരണ എയ്ഡഡ് സ്കൂളിൽ പഠിച്ചിറങ്ങിയ ശ്രീദത്ത് ആശയവിനിമയത്തിൽ തനിക്കുണ്ടായിരുന്ന കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പുതിയ ഉയരങ്ങൾ താണ്ടിയത്.
ഇന്ത്യയിലും പുറത്തും നടന്ന നിരവധിയായ സ്പോർട്സ് ഇവന്റുകളിൽ അവതാരകനായും കമന്റേറ്ററായും ഇന്നു തിരക്കിട്ട ജീവിതത്തിലാണ് മികച്ച ഒരു കലാകാരൻകൂടിയായ ശ്രീദത്ത് എസ്. പിള്ള. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ കമന്റേറ്ററും സ്പോർട്സ് ബ്രോഡ്കാസ്റ്ററുമായ ശ്രീദത്തിന്റെ വേറിട്ട സ്പോർട്സ്, കലാ ജീവിത വിശേഷങ്ങൾ ചോദിച്ചറിയാം.
എങ്ങനെയാണ് സ്പോർട്സ് ബ്രോഡ്കാസ്റ്റർ എന്ന നിലയിലുള്ള തുടക്കം?
സ്പോർട്സ് എനിക്കു ചെറുപ്പം മുതൽ ഇഷ്ടമുള്ള വിഷയമായിരുന്നു. സ്പോർസുമായി ബന്ധപ്പെട്ടു കിട്ടുന്നതെല്ലാം വായിക്കുകയും കാണുകയും മനസിലാക്കുകയും ചെയ്യുമായിരുന്നു. ജീവൻ ടിവിയിൽ ഇടയ്ക്ക് ഇംഗ്ലീഷ് ന്യൂസ് ബുള്ളറ്റിൻ ആരംഭിച്ചു. ഇംഗ്ലീഷ് നന്നായി വഴങ്ങുമെന്നതിനാൽ ഈ ന്യൂസ് ബുള്ളറ്റിൻ വായിക്കാൻ അവസരം കിട്ടി.
തുടർന്ന് 2013ൽ ദൂരദർശനിൽ ഒരു ക്വിസ് ഷോ Q20 ചെയ്യാൻ അവസരം കിട്ടി. ഇതു ശ്രദ്ധിക്കപ്പെട്ടിരുന്നു. എനിക്ക് സ്പോർട്സിൽ ഉള്ള താത്പര്യം അറിയാമായിരുന്ന ദൂരദർശൻ അധികൃതർ 2015ൽ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസിന്റെ ഇംഗ്ലീഷ് ആംഗറിംഗ് ചെയ്യാനും അവലോകനം നടത്താനും ക്ഷണിച്ചു. ഒരു തുടക്കം അതായിരുന്നു എന്നു പറയാം.
ദേശീയ ഗെയിംസിനു ശേഷം ചെയ്ത പ്രധാനപ്പെട്ട സ്പോർട്സ് മേള ഒാർക്കുന്നുണ്ടോ?
തീർച്ചയായും. 2016 സൗത്ത് ഏഷ്യൻ ഗെയിംസ് (സാഫ്), അതേവർഷം തന്നെ ഒാഗസ്റ്റിൽ റിയോ ഒളിംപിക്സ് എന്നിവയുടെയും ആങ്കറായി ദൂരദർശനുവേണ്ടി പ്രവർത്തിച്ചു. ഇതിനിടയിൽ സ്പോർട്സ് ബ്രോഡ്കാസ്റ്റിം ഗ് എനിക്കു യോജിച്ച വഴികളിലൊന്നാണെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. അവിടെനിന്നു തുടങ്ങിയ യാത്രയാണ്. കഴിഞ്ഞ പത്തു വർഷംകൊണ്ട് നിരവധി സ്പോർസ് ഇവന്റുകൾ- ആങ്കറിംഗ്, കമന്ററി, അഭിമുഖങ്ങൾ, സ്പോർട്സ് അവലോകനം... ഇങ്ങനെ പോകുന്നു.
ക്രിക്കറ്റ് കമന്റേറ്റർ എന്ന നിലയിലും അവതാരകൻ എന്ന നിലയിലും മലയാളിമുദ്ര പലേടത്തും പതിപ്പിക്കാനായല്ലോ?
അതൊരു ഭാഗ്യമായി കരുതുന്നു. ദൂർദർശന്റെ ഫോർത്ത് അന്പയർ പരിപാടിയിൽ ആങ്കർ ചെയ്ത മലയാളി എന്ന മേൽവിലാസം കിട്ടി. അതുപോലെ ഐസിസിക്കു വേണ്ടി ഇംഗ്ലീഷ് കമന്ററി ചെയ്ത ആദ്യ മലയാളി എന്ന ഭാഗ്യവും കിട്ടി. ഒാൾ ഇന്ത്യ റേഡിയോ ഇംഗ്ലീഷ് ക്രിക്കറ്റ് കമന്ററി പാനലിൽ ഇടം നേടി. 2017ൽ ഡിഡി സ്പോർട്സ് ഒരു വന്പൻ സ്പോർട്സ് കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു.
ലൈവ് പരിപാടിയായിരുന്നു ഇത്. അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സ്പോർട്സ് താരങ്ങളായ അശ്വനി നാച്ചപ്പ, കർണം മല്ലേശ്വരി, രാജ്യവർധനൻസിംഗ് റാത്തോഡ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയുടെ ലീഡ് ആംഗറാകാൻ അവസരം കിട്ടി. 2017ൽ ഏഷ്യൻ അത്ലറ്റിക് മീറ്റ് ആങ്കറായി.
ഐസിസി പാനലിൽ ഇടംകിട്ടിയത് വലിയ അംഗീകാരമല്ലേ?
ഐസിസി പാനലിൽ ഇടം കിട്ടിയതു വഴി ഇന്ത്യയിലും വിദേശത്തും നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് കമന്റേറ്ററാകാൻ കഴിഞ്ഞു. മെൻസ് ടിട്വന്റി ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ, ക്രിക്കറ്റ് ലീഗുകൾ എന്നിവയ്ക്കായി ഇന്ത്യയിലും പുറത്തും സഞ്ചരിച്ചിട്ടുണ്ട്. 2025ൽ സൂപ്പർ ലീഗ് കേരള സോണി ടിവിക്കു വേണ്ടി ആംഗറിംഗ് ചെയ്തു. ജിയോ ഹോട്ട്സ്റ്റാർ, സോണി ടിവി, ഡിഡി സ്പോർട്സ്, ഐസിസി ടിവി, യൂറോ സ്പോർട്സ്, ഫാൻകോഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം സ്പോർട്സ് വിശേഷങ്ങളുമായി എത്താറുണ്ട്.
ഇതിനിടയിൽ സർക്കാരിന്റെ ഒരു അവാർഡ് തേടിയെത്തി?
അതെ, കേരള സർക്കാരിന്റെ 2025ലെ ബെസ്റ്റ് ആങ്കർ അവാർഡ് ലഭിച്ചു. ഡിഡി മലയാളത്തിൽ ഒരു ഷോ ആങ്കർ ചെയ്തതിനാണ് ഈ പുരസ്കാരം കിട്ടിയത്.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വലിയ ഗുണംചെയ്തു ?
അതെ. കമ്യൂണിക്കേഷൻ ഇക്കാലത്ത് ആർജിച്ചെടുക്കേണ്ട പ്രധാനപ്പെട്ട ഒരു കഴിവാണ്. പത്താം ക്ലാസ് വരെ ഞാൻ കോട്ടയം എംടി സെമിനാരി സ്കൂളിലാണ് പഠിച്ചത്. തുടർന്നു പ്രീഡിഗ്രി ചങ്ങനാശേരി എൻഎസ്എസ് കോളജിൽ. ബിരുദം ട്രിച്ചി സെന്റ് ജോസഫ് കോളജ്. എംബിഎ പഠനം പൂന സിംബിയോസിസിലുമായിരുന്നു. ഈ പഠന കാലയളവ് എന്റെ ഇംഗ്ലീഷ് ആശയവിനിമയം മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചു. ഇന്നത്തെ യുവതലമുറയോടും എനിക്കു പറയാനുള്ളതു കമ്യൂണിക്കേഷൻ മെച്ചപ്പെടുത്താൻ കിട്ടുന്ന അവസരങ്ങളൊന്നും നഷ്ടമാക്കരുത്. അതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും.
സെലിബ്രിറ്റികളുമായി അടുത്ത് ഇടപഴകൽ?
സ്പോർട്സ് ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ നിരവധി സെലിബ്രിറ്റികളുമായി ഇടപഴകാനും സൗഹൃദം പുലർത്താനും കഴിയുന്നത് ഒരു ഭാഗ്യമാണ്. ശ്രീകാന്ത്, കിർമാണി, മദൻലാൽ, ഡാവ് വാട്ട്മോർ, സിംബാബ്വേയുടെ മുൻ ക്യാപ്റ്റൻ തത്തേന്ദ തയ്ബു, റോസ് ടെയ്ലർ, ക്രിസ് ഗെയ്ൽ, ഹെൽഷൽ ഗിബ്സ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കളായി. ശ്രീലങ്കയുടെ മുൻ പരിശീലകനായിരുന്ന ഡാവ് വാട്ട്മോറുമായി ചേർന്ന് "ദ ഗയിം ചേഞ്ചർ' എന്നൊരു കോർപറേറ്റ് ലീഡർഷിപ് പരിശീലന പരിപാടി നടത്തുന്നുണ്ട്.
ശ്രീദത്ത് സ്പോർട്സ് ബ്രോഡ്കാസ്റ്റർ എന്നതിനൊപ്പം അറിയപ്പെടുന്ന കലാകാരനുമാണ്?
സ്പോർട്സ് പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു കലയും. മൃദംഗമായിരുന്നു എന്റെ ജീവൻ. ചെറുപ്പത്തിൽതന്നെ പഠനം തുടങ്ങിയിരുന്നു. മൃദംഗത്തിൽ സ്കൂൾ സംസ്ഥാന യുവജനോത്സവത്തിൽ സമ്മാനം നേടി. ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ ലെവലിൽ ഗോൾഡ് മെഡലും നേടി. ബി. ഹരികുമാർ ആണ് പ്രധാന ഗുരു.
പ്രമുഖരുടെ കച്ചേരിയിൽ ഒരു പ്രധാന സാന്നിധ്യം?
ഇതിനകം മൂവായിരത്തിലേറെ കച്ചേരികൾക്കു മൃദംഗം വായിച്ചിട്ടുണ്ട്. ഒാൾ ഇന്ത്യ റേഡിയോയുടെ പാനലിൽ എ ഗ്രേഡ് മൃദംഗം ആർട്ടിസ്റ്റാണ്. ടി.വി. ശങ്കരനാരായണൻ, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ട്രിച്ചി ഗണേശൻ, ഭരത് സുന്ദർ, രാമകൃഷ്ണമൂർത്തി, ബോംബെ സിസ്റ്റേഴ്സ്, ശങ്കരൻ നന്പൂതിരി അങ്ങനെ നിരവധി പ്രമുഖരുടെ ഒപ്പം കച്ചേരികളിൽ മൃദംഗം വായിച്ചു.
ലീഡർഷിപ് ട്രെയിനിംഗ് രംഗത്തും ?
പ്രധാനമായും കോർപറേറ്റ് ലീഡർഷിപ് ട്രെയിംഗ് രംഗത്താണ് പ്രവർത്തിക്കുന്നത്. എഎൻഎസ്, റിലയൻസ്, ഭരത് പെട്രോളിയം, കൊഗ്നിസന്റ്, ഹ്യുണ്ടായ്, കാറ്റർപില്ലർ, നെറ്റ് ആപ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി ലീഡർഷിപ് ട്രെയിനിംഗ് രംഗത്തു സഹകരിക്കുന്നുണ്ട്.
വീട്ടുവിശേഷങ്ങൾ ?
കോട്ടയം പൂവന്തുരുത്ത് പെരുമ്പ്രായിൽ എക്സർവീസ്മാനും ബിസിനസുകാരനുമായ വിഎൻഎസ് പിള്ളയുടെയും ശാന്ത എസ്. പിള്ളയുടെയും മകനാണ്. സുജിത് എസ്. പിള്ള സഹോദരനാണ്. കോട്ടയത്താണ് വീടെങ്കിലും പ്രഫഷനുമായി ബന്ധപ്പെട്ട തിരക്കുകളാൽ ചെന്നൈയിലാണ് താമസം. ഇടയ്ക്കു നാട്ടിലെ ചില പരിപാടികളിലൊക്കെ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നാട്ടകം ഗവൺമെന്റ് കോളജ് ജിയോളജി വിഭാഗം നടത്തിയ പരിപാടിയിൽ ക്ഷണിച്ചിരുന്നു. തിരക്കുമൂലം നേരിട്ട് എത്താനായില്ലെങ്കിലും ഒാൺലൈൻ ആയി പങ്കെടുത്തു. ഇങ്ങനെ നാടുമായുള്ള ബന്ധം മുറിയാതെ സൂക്ഷിക്കുന്നു.
Tags : Fourth Umpire Malayalis Proud Moment SundayDeepika