ഇടുക്കി റിസര്‍വോയറില്‍ വെള്ളംനിറയുമ്പോള്‍ മുങ്ങിപ്പോകുന്ന അയ്യപ്പന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രം. വെള്ളം ഉയരുമ്പോള്‍ ക്ഷേത്രത്തിലെ പൂജകള്‍ മുടങ്ങാതിരി
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലെടുത്തുപോയ നിരവധി തുരുത്തുകളും ദ്വീപുകളും രാജ്യങ്ങളും ചരിത്രത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പരശുരാമന് മഴു എറിഞ്ഞുണ്ടായതാണ് കേരളമെന്ന് ഐതിഹ്യവുമുണ്ട്. എന്നാല്‍ ഇടുക്കി ജില്ലയില്‍ കുളമാവിനു സമീപം വൈരമണി എന്നൊരു വലിയ ഗ്രാമമുണ്ടായിരുന്നു.
കാലങ്ങളോളം കൃഷിയും മനുഷ്യവാസവുമുണ്ടായിരുന്ന മലയോരഗ്രാമം. പെരിയാറിനെയും കിളിവള്ളിത്തോടിനെയും അണകെട്ടി തടഞ്ഞ് ഇടുക്കി ജല വൈദ്യുതി പദ്ധതി യാഥാര്‍ഥ്യമായതോടെ ജലനിരപ്പുയര്‍ന്ന് വൈരമണി അപ്പാടെ വെള്ളത്തില്‍ മുങ്ങി. ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയില്‍ റോഡുകളും വീടുകളും കൃഷിയും ആരാധനലായങ്ങളുമുണ്ടായിരുന്ന മനോഹരമായ ഭൂപ്രദേശം. കടുത്ത വേനലില്‍ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് 15 ശതമാനത്തിലേക്കു താഴ്ന്നാല്‍ മാത്രമേ ഈ ഗ്രാമത്തിന്റെ ശേഷിപ്പുകള്‍ കാണാനാകൂ. 2017ലും 2019ലും റിസര്‍വോയറിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ വൈരമണിയുടെ അവശിഷ്ടങ്ങൾ തെളിഞ്ഞുവന്നു. വിവിധയിടങ്ങളില്‍നിന്ന് കുടിയേറിവന്ന രണ്ടായിരത്തിലേറെ കുടുംബങ്ങള്‍ ഇടുക്കി പദ്ധതി വരുന്നതിനു മുന്‍പ് ഇവിടെ അധിവസിച്ചിരുന്നു.
കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവര്‍, മുത്തിക്കണ്ടം, നടയ്ക്കവയല്‍ പ്രദേശങ്ങളുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു വൈരമണി. തൊടുപുഴയില്‍നിന്ന് കൂപ്പ് റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങള്‍ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണു മുന്‍പു കട്ടപ്പനയിലേക്കു പോയിരുന്നത്. തൊടുപുഴയ്ക്കും കട്ടപ്പനയ്ക്കും ഇടയിലുള്ള പ്രധാന ടൗണുകളിലൊന്നായി സര്‍വപ്രതാപത്തോടെ വിരാജിച്ചിരുന്നു വൈരമണി ഗ്രാമവും കോട്ടയം കവലയും.
സര് സിപി രാമസ്വാമി അയ്യരുടെ കാലത്ത് തിരുവിതാംകൂറില്‍ കടുത്ത ഭക്ഷ്യക്ഷാമമുണ്ടായതോടെ ഹൈറേഞ്ചിലെ ചതുപ്പുനിലങ്ങള്‍ കൃഷിക്കു പാട്ടത്തിനു നല്കാന് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു കുടുംബത്തിന് അഞ്ചേക്കര്‍ വീതം ഭൂമി നല്‍കിയാണ് കര്‍ഷകരെ ഇവിടെ കുടിയിരുത്തിയത്. പിന്നീട് വന്ന സര്‍ക്കാര്‍ കൈവശ സ്ഥലങ്ങള്‍ക്കു പട്ടയം നല്‍കിയതോടെ കര്‍ഷകരുടെ പ്രതീക്ഷ തളിരണിഞ്ഞു. വളക്കൂറുള്ള മണ്ണില്‍ പച്ചവിരിച്ച നെല്പാടങ്ങളും ഇളകിയാടുന്ന തെങ്ങിന്‍തോപ്പുകളും ഗ്രാമത്തെ ജൈവവൈവിധ്യത്തിന്റെ കേദാരമാക്കി മാറ്റി. വാഴ, ഏലം, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികള്‍ നന്നായി ഫലം തന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നന്നായി താഴുമ്പോള്‍ വൈരമണിയിലുണ്ടായിരുന്ന സെന്റ് തോമസ് പള്ളി, സെമിത്തേരി, വീടുകളുടേയും കടകളുടേയും അടിത്തറ, മറ്റ് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ ദൃശ്യമാകും. പഴമക്കാര്‍ക്ക് ഇവിടെയെത്തുമ്പോള്‍ പോയ പ്രതാപകാലത്തിന്റെ ഗൃഹാതുരത്വമാണ് മനസില്‍ നിറയുന്നത്. വൈരമണി സെന്റ് തോമസ് പള്ളി കുളമാവിലേക്ക് സെന്റ് മേരീസ് പള്ളിയായി പുനസ്ഥാപിക്കുകയായിരുന്നു.
മുന്‍പ് ഇവിടെ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ വിദ്യാലയമുണ്ടായിരുന്നു. പ്രദേശത്ത് ഇപ്പോഴുമുള്ള പഴമക്കാരേറെയും അക്ഷരം പഠിച്ചിരുന്നത് ഇവിടെയാണ്. കുളമാവില്‍നിന്നു കട്ടപ്പനയ്ക്കുള്ള യാത്രക്കാരുടെ ഇടത്താവളമായിരുന്നു വൈരമണി. മലഞ്ചരക്ക് കടകളും ചായപ്പീടികകളും വായനശാലയുമൊക്കെയുണ്ടായിരുന്ന പ്രദേശം. 1974ല്‍ ഇടുക്കി അണക്കെട്ടില്‍ വെള്ളം നിറച്ചു തുടങ്ങിയതോട ഘട്ടംഘട്ടമായി ജലനിരപ്പ് ഉയര്‍ന്ന് മനോഹര ഗ്രാമം വിസ്മൃതിയിലായി.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ നിര്‍മാണത്തിന് ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുടുംബമൊന്നിന് മൂന്നേക്കര്‍ വീതം സ്ഥലം നല്‍കിയായിരുന്നു പുനരധിവാസം.
മൊട്ടക്കുന്നുകള്‍ക്ക് ഇടയിലൂടെയുള്ള റോഡുകളുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാം. വൈരമണിയിലെത്താന്‍ കുളമാവില്‍നിന്നു ജലാശയത്തിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം. ഇതിന് വനംവകുപ്പിന്റെയും വൈദ്യുതിബോര്‍ഡിന്റെയും പ്രത്യേക അനുമതി വേണം. ജലാശയത്തിലെ വെള്ളം താഴുമ്പോള്‍ പുനര്‍ജനിക്കുന്ന വൈരമണിയുടെ ശേഷിപ്പുകള്‍ അപൂര്‍വ കാഴ്ചയാണു സമ്മാനിക്കുന്നത്. ജലസമാധിയിലായ ഭൂപ്രദേശങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വൈരമണി ഒരു പാഠപുസ്തകമാണ്.
ഇടുക്കി പദ്ധതി വന്നതോടെ ജലം മുക്കിയ വേറെയും പ്രദേശങ്ങളുണ്ട്. ഇത്തരത്തില്‍ കൃഷിയിടവും പാര്‍പ്പിടവും നഷ്ടമായവരെ സര്‍ക്കാര്‍ മറ്റിടങ്ങളില്‍ സ്ഥലം നല്കി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുമ്പോള്‍ അയ്യപ്പന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലും വെള്ളം കയറും. വേനലില്‍ വെള്ളം താഴുമ്പോള്‍ കരയിലൂടെ സഞ്ചരിച്ച് പടികെട്ട് കയറി ക്ഷേത്രത്തിലെത്താം. അയ്യപ്പന്കോവിലിലില് ജലാശയത്തിനു കുറുകെ തൂക്കുപാലം നിര്‍മിച്ചതോടെ നിരവധി വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
Tags : Vairamani village Sunday Deepika