മീനച്ചിൽ മോട്ടോർ അസോസിയേഷൻ കന്പനിയുടെ ബസിനു മുന്നിൽ ജോസഫ് ആഗസ്തിയും ഡ്രൈവറും.
ഇന്നേക്ക് 116 വർഷം പിന്നിലെ വൻ സംഭവമായിരുന്നു അത്. മീനച്ചിലാറിന്റെ തീരത്തെ പാലാ അങ്ങാടിക്കവലയിലേക്ക് ദൂരങ്ങളിൽനിന്നുപോലും ജനാവലി ആ വിസ്മയം നേരിൽ കാണാൻ കാൽനടയായി എത്തിക്കൊണ്ടിരുന്നു. ഇരുന്പുവളയത്തിനു ചുറ്റും റബർ പൊതിഞ്ഞ ചക്രങ്ങൾ, പലക നിരത്തിയ പത്ത് സീറ്റുകളിലേക്ക് കയറാൻ ചവിട്ടുപടി, വശങ്ങളിൽ പടുത.
ജനം നോക്കിനിൽക്കെ കോട്ടും സ്യൂട്ടും ടൈയുമിട്ട് തൊപ്പിവച്ചയാൾ ശകടത്തിനു മുന്നിലിരുന്ന് ഗിയറിനു സമാനമായ ഇരുന്പുകന്പി മുകളിലേക്ക് ആഞ്ഞുവലിച്ചു. കൽക്കരിപ്പുക കുടുകുടാ തുപ്പി ശകടം മെല്ലെമെല്ലെ മുന്നോട്ടു നീങ്ങി. ഏറെപ്പേരും തലയിൽ കൈവച്ച് വിസ്മയം കൂറി. ധൈര്യശാലികൾ ശകടത്തിൽ തൊട്ടുനോക്കി. ഭയമുള്ളവർ പിന്നോട്ടു മാറി.
വന്നവരിൽ പഠിപ്പുള്ള ആരോ പറഞ്ഞു: “ഇതാണ് ബസ്. ഓടിക്കുന്നയാൾ ഡ്രൈവർ.” വണ്ടി എന്നാൽ കാളവണ്ടി, വില്ലുവണ്ടി, വലിവണ്ടി എന്നു മാത്രം കണ്ടുധരിച്ചിരുന്ന കാലം. കേരളത്തിൽ ആദ്യത്തേതെന്നു പറയാവുന്ന മോട്ടോർ സർവീസ് പാലായിൽനിന്ന് കോട്ടയം വരെ കല്ലും കുഴിയും നിറഞ്ഞ മണ്പാതയിലൂടെ പതിനേഴര മൈൽ ദൂരം ഓടാൻ വേണ്ടിവന്നത് രണ്ടര മണിക്കൂർ.
കേരളത്തിലാദ്യമായി ബസ് എത്തിച്ച കഥാപുരുഷൻ ജോസഫ് ആഗസ്തി കയ്യാലയ്ക്കകം എന്ന കൊച്ചുപാപ്പന് അന്നു പ്രായം വെറും പതിനേഴു വയസ്. വിദ്യാഭ്യാസം സ്കൂൾ പഠനം. ബസ് എന്ന യന്ത്രവണ്ടി ഫ്രാൻസിൽനിന്ന് പാലായിലെത്തിക്കുന്നതിനു പിന്നിൽ ജോസഫ് ആഗസ്തിയുടെ കടുംപിടിത്തവും രണ്ടു മൂന്നു ദിവസത്തെ സത്യഗ്രഹവും വേണ്ടിവന്നു. ഇനി കഥയിലേക്കും കാര്യത്തിലേക്കും കടക്കാം.
പിതാവ് ആഗസ്തി ജോസഫിന്റെ മരണത്തോടെ വിഷമത്തിലായ മക്കൾ ജോസഫ് ആഗസ്തിയെയും സഹോദരൻ തോമസിനെയും പിതൃസഹോദരൻ ആഗസ്തി മത്തായി എന്ന കൊച്ചുമത്തച്ചൻ ഈരാറ്റുപേട്ട മങ്കൊന്പിൽനിന്നു പാലായിലെ കുടുംബവീട്ടിലേക്ക് കൊണ്ടുവന്നിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. കൃഷി, വ്യാപാര, വാണിജ്യ പ്രമുഖരായിരുന്ന കയ്യാലയ്ക്കകം കുടുംബക്കാർക്ക് തിരുവനന്തപുരം വള്ളക്കടവിൽ അക്കാലത്ത് ജൗളിവ്യാപാരമുണ്ടായിരുന്നു.
സിൽക്ക് തുണിത്തരങ്ങൾ വാങ്ങാൻ ആഗസ്തി മത്തായിയൊപ്പം ജോസഫും മധുരയിൽ പോവുക പതിവായിരുന്നു. മധുരയിൽനിന്നോ അതല്ലെങ്കിൽ പാലായിൽ മലഞ്ചരക്ക് വാങ്ങാനെത്തിയിരുന്ന വിദേശികളിൽനിന്നോ ഉള്ള കേട്ടറിവാകാം ഒരു ബസ് വാങ്ങണമെന്ന ആഗ്രഹം ജോസഫ് ആഗസ്തിയിൽ മുളയിട്ടത്. “നമുക്കൊരു ബസ് വാങ്ങിക്കൂടേ.” ആഗസ്തി മത്തായിയോട് ഒരു നാൾ പയ്യന്റെ ചോദ്യം. “എന്ത് ബസ്, എന്തിന് ബസ്” എന്നായിരുന്നു കാരണവരുടെ മറുചോദ്യം.
ഫ്രാൻസിൽനിന്ന് ബസ് പാലായിലേക്ക്
ബസിനായി ജോസഫ് ആഗസ്തിയുടെ പിടിവാശി ദിവസങ്ങളോളം തുടർന്നു. കടുംപിടിത്തിലൊന്നും പിതൃസഹോദരൻ വഴങ്ങുന്നില്ലതാനും. മുറിയടച്ച് രണ്ടു മൂന്നു ദിവസം കിടപ്പും മൗനവ്രതവും. തീനും കുടിയുമില്ലാതെ കിടപ്പു നീണ്ടതോടെ ആഗസ്തി മത്തായിയുടെ ഭാര്യ ക്ലാരമ്മയുടെ മനസലിഞ്ഞു. “അവന്റെ ആഗ്രഹം അങ്ങു സാധിച്ചു കൊടുത്തേക്കെന്ന്” കരുണാദ്രമായ ഉപദേശം. മനസില്ലാമനസോടെ ആഗസ്തി ഭാര്യയുടെ നിലപാട് അംഗീകരിച്ചു. അങ്ങനെയാണ് ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും മുൻപ് നാലുവീലിൽ പാലായിൽനിന്നു കോട്ടയത്തേക്ക് കടകട ശബ്ദത്തോടെ ആ ശകടം ഓടിത്തുടങ്ങിയത്.
കേരളം തിരുവിതാംകൂറും കൊച്ചിയും മലബാറുമായി കിടന്ന കാലമാണത്. ഇന്ത്യയിൽ ബസ് നിർമാണ കന്പനികളൊന്നുംതന്നെയില്ല. യൂറോപ്യൻ രാജ്യങ്ങളിലേ ബസ് നിർമാണവും ഗതാഗത സർവീസുള്ളൂ. ബസ് എത്തിച്ചാൽതന്നെ വെറുതെയങ്ങ് നിരത്തിലിറക്കി ഓട്ടം തുടങ്ങാനാവില്ല. ബസ് എത്തിക്കുന്നതിനു മുന്നോടിയായി 1908ൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ എന്ന പേരിൽ കന്പനി സർക്കാരിൽ രജിസ്റ്റർ ചെയ്തു. അത് തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട മൂന്നാമത്തെ കന്പനിയാണ്.
1909 അവസാനത്തോടെ ജോസഫ് ആഗസ്തിയുടെ സ്വപ്നസാക്ഷാത്കാരം ഫ്രാൻസിലെ ത്രോണിക് കന്പനി നിർമിച്ച ബസ് എന്ന യന്ത്രവണ്ടി കപ്പൽ കയറി മദിരാശിലെത്തി. മദിരാശിയിൽനിന്ന് കടലും കായലും പുഴയും താണ്ടി കപ്പലിലോ ചങ്ങാടത്തിലോ ആകാം പാലായിൽ വീലുറപ്പിച്ചത്. ചെന്നൈയിലെ സിംസണ് ആൻഡ് കന്പനിയായിരുന്നു ബസ് എത്തിച്ചതിലെ ഇടനിലക്കാർ. ബസിന്റെ അറ്റകുറ്റപ്പണിയും ഡ്രൈവറെ പരിശീലിപ്പിക്കലും അവരുടെ ചുമതലയിലായിരുന്നു. നെൽപ്പാടങ്ങളെയും മറ്റ് കൃഷിയിടങ്ങളെയും പകുത്തുപോകുന്ന എട്ടടി നടപ്പാതയല്ലാതെ അക്കാലത്ത് ടാറിട്ടതും കല്ലുപാകിയതുമായ റോഡ് സൗകര്യമില്ല.
സഹോദരപുത്രന്റെ കലശലായ മോഹത്തിനും പിടിവാശിക്കും വഴങ്ങേണ്ടിവന്നപ്പോൾ ആഗസ്തി മത്തായിക്ക് പണച്ചെലവ് ചില്ലറയൊന്നുമായിരുന്നില്ല. ബസ് വാങ്ങാൻ മുടക്കിയത് അക്കാലത്തെ ആയിരം കുതിരപ്പവൻ. മലയോരത്തോ മലബാറിലോ രണ്ടായിരമോ മൂവായിരമോ ഏക്കർ സ്ഥലം വാങ്ങി കൃഷി തുടങ്ങാനുള്ള തുകയാണ് ബസിനു മുടക്കിയത്.
പാലാ അങ്ങാടി കഴിഞ്ഞ നൂറ്റാണ്ടുകളിൽ സുഗന്ധവ്യഞ്ജനങ്ങളുടെയും മലഞ്ചരക്കിന്റെയും പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു. മീനച്ചിൽ നദീതടത്തിൽ സമൃദ്ധമായി വിളഞ്ഞിരുന്ന കുരുമുളക് യൂറോപ്പിൽ ‘പാലാ പെപ്പർ’ എന്ന പേരിൽ പ്രതാപത്തോടെ വിറ്റഴിക്കപ്പെട്ടിരുന്ന കാലം. ചുക്കും മഞ്ഞളും ജാതിക്കയും ഗ്രാന്പുവും പാലാ അങ്ങാടിയിൽ വിറ്റാൽ ഉയർന്ന വില കിട്ടുമെന്നതിനാൽ പ്രധാന വ്യാപാരവിപണിയായി ഇവിടം പേരെടുത്തിരുന്നു. അങ്ങനെ കാർഷികോത്പന്നങ്ങളുമായി കാളവണ്ടികൾ രാപകൽ പാലായിലേക്കു വന്നുപോയിക്കൊണ്ടിരുന്നു. പാലായിൽനിന്ന് മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിലും ചങ്ങാടത്തിലും മലഞ്ചരക്ക് അതിരന്പുഴ ചന്തയിലേക്കും ആലപ്പുഴ തുറമുഖത്തേക്കും കൊണ്ടുപോകുന്നതും പതിവു കാഴ്ചയായിരുന്നു.
വീണ്ടും പാലാ ബസിലേക്കു മടങ്ങാം. ബസ് ഓടിക്കാൻ സത്യസന്ധനും സദ്സ്വഭാവിയുമായ ആളെത്തന്നെ കിട്ടണമെന്നു നിർബന്ധം. ഒട്ടേറെ അപേക്ഷകൾ ലഭിച്ചെങ്കിലും ചങ്ങനാശേരിയിലെ പ്രമുഖ കുടുംബത്തിൽനിന്നുള്ള ഒരാളെയാണു ഡ്രൈവറായി നിയോഗിച്ചത്. കുടുംബത്തിന്റെ സാന്പത്തികനിലകൂടി പരിഗണിച്ചായിരുന്നു ഡ്രൈവർ നിയമനം. അദ്ദേഹത്തെ മദിരാശിയിലെ സിംസണ് ആൻഡ് കന്പനിയിലേക്കയച്ച് ഡ്രൈവിംഗും അവശ്യം അറ്റകുറ്റപ്പണികളും പഠിപ്പിച്ചു.
വേഷവിധാനത്തിൽ വിമാന പൈലറ്റിന്റെ പത്രാസ് ബസ് ഡ്രൈവർക്കുണ്ടായിരുന്നു. തനി യൂറോപ്യൻ വേഷവിധാനം. അലങ്കാരത്തൊപ്പി, മുട്ടിനു താഴെ വരെയുള്ള ഷൂസ്, കുപ്പായത്തിനു മുകളിൽ നാലു വലിയ പോക്കറ്റുകളുള്ള കോട്ട്, ടൈ. കൊടുംചൂടിലും പെരുമഴയിലും ഡ്രൈവറുടെ വേഷത്തിന് ഇളവുകളുണ്ടായിരുന്നില്ല.
പാലാ-കോട്ടയം നിരക്ക് കാൽ ചക്രം
ബസിനുള്ള കൽക്കരി കൊച്ചിയിൽനിന്നു കായൽ കടന്ന് അതിരന്പുഴ വഴി മീനച്ചിലാറ്റിലൂടെ കെട്ടുവള്ളത്തിൽ പാലായിൽ എത്തിക്കുകയായിരുന്നു. 1910 മധ്യത്തോടെ പാലായിൽനിന്നു കോട്ടയത്തേക്കു ബസ് ഓടിത്തുടങ്ങി. കാളവണ്ടികളും കുതിരവണ്ടികളും പിടിവണ്ടികളും മാത്രം ഓടിയിരുന്ന ഗ്രാമപാതയിലൂടെയുള്ള യാത്ര. രാവിലെ പാലായിൽനിന്ന് തിരിച്ചാൽ മണ്ണുറോഡിലൂടെ ഓടിച്ചാടിയും കിതച്ചും കോട്ടയത്തെത്തും. കോട്ടയം നാഗന്പടം കടവുവരെയായിരുന്നു ഈ വാഹനത്തിന്റെ സർവീസ് എന്നാണ് പഴമക്കാരുടെ പക്ഷം. കോട്ടയത്തെത്തി രണ്ടു മണിക്കൂർ ബസും ഡ്രൈവറും വിശ്രമിക്കും. വൈകുന്നേരത്തോടെ തിരികെ പാലായിലേക്ക്.
ബസിന്റെ വരവു കാണുന്പോൾ കാൽനടക്കാരും കാളവണ്ടിക്കാരും വഴിയോരത്ത് ഒതുങ്ങിനിൽക്കും. മണിക്കൂറിൽ നാല്പതു കിലോമീറ്റർ വരെ വേഗമെടുക്കാമെങ്കിലും പാതയുടെ പരിമിതി കാരണം 20 കിലോമീറ്ററായിരുന്നു പരമാവധി വേഗം. കറുത്ത പുക തുപ്പി സാവധാനം ഓടുന്ന ബസിൽ സഹായികൾ ആരുമുണ്ടായിരുന്നില്ല. യാത്രക്കാർ ഏറെയും സാമാന്യേന സന്പന്നരായിരുന്നു. ചിലരാകട്ടെ ബസിൽ യാത്ര ചെയ്യാനുള്ള അതിമോഹംകൊണ്ടു മാത്രം ഇറങ്ങിത്തിരിച്ചവരും. തിരുവിതാംകൂറിലെ പഴയ നാണയം കാൽ ഓട്ടചക്രമായിരുന്നു ടിക്കറ്റ് നിരക്ക്. യാത്രക്കാരിൽനിന്ന് അതു വാങ്ങുന്നത് ഡ്രൈവർതന്നെ.
യന്ത്രശകടത്തിൽ ഒരിക്കലൊന്നു കയറി തൃപ്തിയടയാൻ വിദൂരങ്ങളിൽനിന്നു വരെ ആൾക്കാർ വഴിയോരങ്ങളിൽ വന്നു. കവലകളിൽ എഴുതിവച്ച സ്റ്റോപ്പുകളൊന്നുമില്ലാത്തതിനാൽ ബസ് നിറുത്താൻ ഉറക്കെ ഡ്രൈവറെ ‘സാർ’ എന്ന് വിളിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. കൈ നീട്ടി വണ്ടി നിറുത്തിക്കുകയെന്നത് അക്കാലത്ത് നാട്ടുനിയമമായിരുന്നില്ല. കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, ഈരാറ്റുപേട്ട പ്രദേശങ്ങളിൽനിന്ന് പുലർച്ചെ ചൂട്ടുവെട്ടത്തിൽ പാലാവരെ വന്ന് ബസിൽ കോട്ടയത്തിനു പോയവരേറെയുണ്ട്.
കോട്ടയത്തുനിന്ന് അവരൊക്കെ കോട്ടയം-കുമളി റോഡിലൂടെയും മറ്റും വീടുകളിലേക്കു നടന്നുപോയി. മടക്കയാത്രയിൽ മാത്രമല്ല വീട്ടിലും നാട്ടിലുമെത്തി അവരൊക്കെ ബസ് യാത്രാനുഭവം കഥയും തിരക്കഥയുമായി അവതരിപ്പിച്ചുകൊണ്ടിരുന്നു. ബസിൽ യാത്ര ചെയ്തവർക്കും കിട്ടി നാട്ടിൽ മോശമല്ലാത്ത പ്രമാണിത്തം.
കൊല്ലത്തേക്ക് ബസ് വള്ളം കയറി
ചില്ലറ നാണയത്തിനുവരെ വിലയും നിലയുമുള്ള കാലമായിരുന്നതിനാൽ ബസിൽ പലപ്പോഴും പകുതി സീറ്റുകളിൽപ്പോലും ആളുണ്ടായില്ല. യാത്രക്കാർ ആരുമില്ലാതെ വരുന്ന ദിവസങ്ങളിൽ ബസ് സർവീസ് മുടങ്ങുന്നതും പതിവായിരുന്നു. എവിടെ പോകണമെങ്കിലും കാൽനടയാത്ര ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന അക്കാലത്ത് ബസിൽ പോകണമെന്ന് സാധാരണക്കാർക്ക് നിർബന്ധമുണ്ടായിരുന്നില്ല.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ സർവീസ് പ്രതിസന്ധിയിലായി. അക്കാലത്ത് ആലപ്പുഴ കഴിഞ്ഞാൽ കൊല്ലമായിരുന്നു തിരുവിതാംകൂറിലെ വാണിജ്യപ്രമാണിത്തമുള്ള പട്ടണം. അതിനാൽ സർവീസ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കാക്കിയാൽ മെച്ചവും മിച്ചവും കിട്ടുമെന്ന പ്രതീക്ഷയിൽ ജോസഫ് ആഗസ്തി വള്ളങ്ങൾ ചേർത്തുകെട്ടി പലക നിരത്തി ബസ് 1912ൽ കൊല്ലത്തെത്തിച്ചു.
കൊല്ലം-തിരുവനന്തപുരം റൂട്ടിൽ പത്തു സീറ്റിലും ഫുള്ളായി യാത്രക്കാരെ കിട്ടി. 1919 വരെ ഇതേ റൂട്ടിൽ മീനച്ചിൽ മോട്ടോർ അസോസിയേഷൻ സർവീസ് തുടർന്നു. അക്കാലത്ത് മറ്റൊരു ബസ് കൂടി ജോസഫ് ഫ്രാൻസിൽനിന്ന് വാങ്ങി കൊല്ലം-തിരുവനന്തപുരം റൂട്ടിൽ ഓടിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടെന്ന് ആഗസ്തി മത്തായിയുടെ ചെറുമകൻ ജേക്കബ് സേവ്യർ പറഞ്ഞു. 1918 ജനുവരിയിൽ കൊല്ലം- തിരുവനന്തപുരം റൂട്ടിൽ തീവണ്ടി ഓടിത്തുടങ്ങിയതോടെ ബസിൽ യാത്രക്കാർ കുറഞ്ഞു. അതോടെ 1919ൽ ബസ് വീണ്ടും പാലായിലേക്ക് വള്ളത്തിൽ മടങ്ങി. തുടർന്ന് 1922 വരെ പാലാ-കോട്ടയം റൂട്ടിൽ ഓടിത്തളർന്നു.
ഒന്നാം ലോകയുദ്ധവിരാമത്തോടെ ബസിനു സ്പെയർപാർട്സ് കിട്ടാതായി. ഇതിനിടെ, ബസ് കൽക്കരിയിൽനിന്ന് പെട്രോൾ എൻജിനിലേക്കു മാറ്റിയതോടെ പെട്രോൾ ക്ഷാമവും തടസമായി. തന്നെയുമല്ല, പെട്രോൾ മദിരാശിയിൽനിന്നെത്തിക്കുന്നത് വലിയ സാന്പത്തികച്ചെലവും. ഇത്തരത്തിൽ 1922ൽ പാലാ-കോട്ടയം സർവീസിന് അവസാനമായി. കുറേക്കാലം ബസ് കയ്യാലയ്ക്കകം വീടിനു സമീപം ഓടാതെ കിടന്നു. നനഞ്ഞും തുരുന്പെടുത്തും നശിക്കുംമുന്നേ വാങ്ങിയതിലും വളരെക്കുറഞ്ഞ വിലയ്ക്ക് ബസ് ടിവിഎസ് കന്പനിക്കോ മദിരാശിയിലുള്ള മറ്റാർക്കോ വിറ്റു.
ഫ്രാൻസിൽനിന്ന് ബസ് പാലായിൽ എത്തിച്ചതിൽ തീരുന്നില്ല ജോസഫ് ആഗസ്തിയുടെ ക്രെഡിറ്റ്. ഒറ്റക്കുതിര വലിക്കുന്ന വില്ലുവണ്ടിയും സൈക്കിളും ജനറേറ്ററും ആദ്യം പാലായിൽ കൊണ്ടുവന്നതും ഇദ്ദേഹമാണ്. 1927ൽ പാലാ സെൻട്രൽ ബാങ്ക് സ്ഥാപിക്കുന്നതിലും പ്രധാനി ജോസഫ് ആഗസ്തിയായിരുന്നു. പാലാ മേഖലയിൽ ചുടുകട്ടകൊണ്ട് ആദ്യം പണിത കെട്ടിടം പാലാ സെൻട്രൽ ബാങ്കിന്റേതായിരുന്നു. പാലായിൽ ഇത്തരം പലതരം വിസ്മയങ്ങളുടെ അവതാരകനായിരുന്ന ജോസഫ് ആഗസ്തി 1968ൽ എണ്പത്തിനാലാം വയസിൽ അന്തരിച്ചു.
ഇദ്ദേഹം ബസ് സർവീസ് തുടങ്ങി ഇരുപത്തിയാറ് വർഷം കഴിഞ്ഞാണ് തിരുവനന്തപുരത്ത് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ അനന്തപുരിയിൽ ബസ് സർവീസ് തുടങ്ങിയത്. ലണ്ടണിൽനിന്ന് വാങ്ങി തിരുവനന്തപുരത്ത് ബോഡി ചെയ്ത് 1938 ഫെബ്രുവരി 20നാണ് സർവീസ് തുടങ്ങിയത്. തന്പാനൂരിൽനിന്ന് ഇ.ജി. സോൾട്ടർ എന്ന ബ്രിട്ടീഷ് എൻജിനിയർ ഡ്രൈവ് ചെയ്ത് മഹാരാജാവിനെയും കുടുംബാംഗങ്ങളെയും വഹിച്ച് കവടിയാർ കൊട്ടാരത്തിലേക്ക് നീങ്ങി. പിറ്റേന്ന് തിരുവനന്തപുരം-കന്യാകുമാരി റൂട്ടിൽ സർവീസ് ആരംഭിച്ചു.
Tags : people Pala utterly stunned Sunday Deepika