പ്രതീകാത്മക ചിത്രം
ചിന്താവിഷയം
രണ്ടായിരം വർഷംമുന്പ് ജീവിച്ചിരുന്ന റോമൻ കവിയാണ് ഓവിഡ്. അദ്ദേഹം തന്റെ പ്രസിദ്ധമായ മെറ്റമോർഫോസസ് എന്ന കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്ന മനോഹരമായ ഒരു ഗ്രീക്ക് പുരാണകഥയുണ്ട്. ഫ്രിജിയയിലെ ഒരു കൊച്ചുകുടിലിൽ ജീവിച്ചിരുന്ന വൃദ്ധദന്പതികളായിരുന്നു ബൗഡിസും ഫിലേമോനും.
ഭൗതികസന്പത്ത് അവർക്കു കുറവായിരുന്നെങ്കിലും മറ്റുള്ളവരെ സ്വാഗതം ചെയ്യാൻ കഴിവുള്ള വിശാലഹൃദയം അവർക്കുണ്ടായിരുന്നു. കഥയനുസരിച്ച്, ദേവന്മാരായ ഡ്യൂസും ഹെർമിസും - റോമാക്കാർ അവരെ ജൂപ്പിറ്റർ എന്നും മെർക്കുറി എന്നും വിളിച്ചു - ഒരിക്കൽ സാധാരണക്കാരുടെ വേഷത്തിൽ ഫ്രിജിയയിലെത്തി രാത്രിയിൽ താമസിക്കാൻ ഒരിടം തേടി. ആയിരത്തോളം വീടുകളുടെ വാതിലുകളിൽ മുട്ടിയെങ്കിലും ആരും അവർക്കായി വാതിൽ തുറന്നില്ല.
എന്നാൽ, ഒടുവിൽ അവർ ബൗഡിസിന്റെയും ഫിലേമോന്റെയും കുടിലിലെത്തിയപ്പോൾ ആ ദന്പതികൾ അവർക്കായി വാതിൽ തുറന്നുകൊടുത്തു. എന്നു മാത്രമല്ല, തങ്ങളുടെ ഇല്ലായ്മയിൽനിന്ന് ഉള്ളതുപോലെ അവരെ സൽക്കരിക്കുകയും ചെയ്തു. അവർ മേശപ്പുറത്തു വിളന്പിയതു ലളിതമായ ഭക്ഷണമായിരുന്നു. വീട്ടിലുണ്ടായിരുന്ന വീഞ്ഞും അവർ വിളന്പി. വിഭവങ്ങളുടെ സമൃദ്ധിയിലല്ല, സ്നേഹത്തിന്റെ സമൃദ്ധിയിലായിരുന്നു അവരുടെ ആതിഥ്യമര്യാദ. അപ്പോഴാണ്, ബൗഡിസ് അദ്ഭുതകരമായ ഒരു കാര്യം ശ്രദ്ധിച്ചത്. പാത്രത്തിൽനിന്ന് എത്ര വീഞ്ഞ് ഒഴിച്ചുകൊടുത്തിട്ടും അതു തീരുന്നില്ല. ഒഴിക്കുംതോറും വീഞ്ഞുപാത്രം വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു.
തങ്ങളുടെ മുന്നിലിരിക്കുന്നവർ സാധാരണക്കാരല്ലെന്ന് വൃദ്ധദന്പതികൾക്ക് അപ്പോൾ മനസിലായി. ദൈവികരായ അതിഥികൾക്ക് തങ്ങൾ ഒരുക്കിയ ഭക്ഷണം ശരിയായില്ല എന്നു കരുതി അവർ പരിഭ്രമിച്ചു. ഉടനെതന്നെ, വീട്ടിൽ അവശേഷിച്ചിരുന്ന ഏക പാത്തയെകൊണ്ട് അവരെ സൽക്കരിക്കാൻ വൃദ്ധദന്പതികൾ തീരുമാനിച്ചു. അപകടം മനസിലാക്കിയ പാത്ത കുടിലിനുള്ളിലൂടെ ഓടി ദേവന്മാരുടെ അടുത്തുതന്നെ അഭയം പ്രാപിച്ചു. അപ്പോൾ, അതിനെ കൊല്ലേണ്ടതില്ലെന്നു ജൂപ്പിറ്റർ പറഞ്ഞു. ബൗഡിസിന്റെയും ഫിലേമോന്റെയും ഔദാര്യം അതിനകം തെളിയിക്കപ്പെട്ടിരുന്നു.
തുടർന്ന്, ദേവന്മാർ തങ്ങളുടെ യഥാർഥ രൂപം വെളിപ്പെടുത്തി. അതിനു പിന്നാലെ, ആ വൃദ്ധദന്പതികളുടെ കുടിൽ മനോഹരമായ ഒരു ക്ഷേത്രമായി രൂപാന്തരപ്പെടുത്തി. തങ്ങൾ ആഗ്രഹിക്കുന്ന എന്തും ചോദിക്കാമെന്നു ദേവന്മാർ അവരോട് പറഞ്ഞു. അപ്പോൾ, അവർക്ക് സന്പത്ത് ചോദിക്കാമായിരുന്നു. ദീർഘായുസ് ചോദിക്കാമായിരുന്നു. തങ്ങൾക്ക് നഷ്ടപ്പെട്ട യൗവനം തിരിച്ചുകിട്ടണമെന്നു ചോദിക്കാമായിരുന്നു. എന്നാൽ, അവർ ചോദിച്ചതു അതൊന്നുമായിരുന്നില്ല. ആ ക്ഷേത്രത്തിൽ ഒരുമിച്ച് താമസിക്കാൻ കഴിയണമെന്നും ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിഞ്ഞ തങ്ങളിൽ ഒരാൾ മറ്റെയാളുടെ മരണം കാണേണ്ടിവരരുതെന്നും മാത്രമാണ് അവർ അപേക്ഷിച്ചത്.
അവരുടെ ആ ആഗ്രഹം സാധിച്ചു എന്നാണ് കഥ. വർഷങ്ങൾക്കുശേഷം ജീവിതസായാഹ്നത്തിൽ അവർ പരസ്പരം നോക്കിനിൽക്കെ രണ്ടു വൃക്ഷങ്ങളായി മാറിത്തുടങ്ങി. അവരുടെ ശാഖകൾ പരസ്പരം ചേർന്നു വളർന്നു. ജീവിതകാലം മുഴുവൻ സ്നേഹത്തിൽ ഒരുമിച്ചു നിന്നവരെ മരണംപോലും വേർപെടുത്തിയില്ല എന്ന മനോഹരമായ ഭാവനയിലാണ് കഥ അവസാനിക്കുന്നത്.
ഇതൊരു പുരാതനകഥ മാത്രമാണെന്നു പറഞ്ഞു നമുക്കു തള്ളിക്കളയാം. എന്നാൽ, ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷവും ഇത്തരം കഥകൾ മനുഷ്യർ ഓർമിക്കുന്നുവെങ്കിൽ അതിനു കാരണമുണ്ട്. ഭാവനയുടെ ആവരണത്തിനുള്ളിൽ മനുഷ്യജീവിതത്തെക്കുറിച്ചുള്ള വലിയ സത്യങ്ങൾ അവ ഒളിപ്പിച്ചുവച്ചിരിക്കുന്നു. ബൗഡിസിന്റെയും ഫിലേമോന്റെയും കഥ അപരിചിതർക്കായി വാതിൽ തുറക്കണമെന്നു മാത്രമല്ല നമ്മെ പഠിപ്പിക്കുന്നത്. പ്രത്യുത, മറ്റൊരു മനുഷ്യനുവേണ്ടി ഇടം കണ്ടെത്താനുള്ള കലയാണ് യഥാർഥ ആതിഥ്യമര്യാദ എന്നു അതു നമ്മെ ഓർമിപ്പിക്കുന്നു.
ഭാരതീയ സംസ്കാരം ഈ സത്യം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് അതിഥി ദേവോഭവ, അതായത്, അതിഥിയെ ദൈവത്തെപ്പോലെ കരുതുക എന്നു പറഞ്ഞുകൊണ്ടാണ്. ബൈബിളിലും അദ്ഭുതകരമായി സമാനമായ ഒരു ഉപദേശമുണ്ട്. അതിഥിസൽക്കാരം വിസ്മരിക്കരുത്; അതുവഴി ചിലർ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ട് (എബ്രായർ 13:2). മാമ്രേയിലെ ഓക്കുമരത്തിനരികിൽ അബ്രാഹം മൂന്ന് അപരിചിതരെ സ്വാഗതം ചെയ്തു. വെള്ളവും വിശ്രമവും ഭക്ഷണവും നൽകി. ആ അപരിചിതർ തന്റെ ജീവിതത്തിലേക്ക് വലിയൊരു അനുഗ്രഹവുമായാണ് എത്തിയതെന്ന് പിന്നീടാണ് അദ്ദേഹം തിരിച്ചറിഞ്ഞത് (ഉൽപത്തി 18). യേശു ഒരുപടികൂടി മുന്നോട്ടു പോയി പറഞ്ഞു. ""ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു'' (മത്തായി 25:35).
എന്നാൽ, ആതിഥ്യമര്യാദയുടെ മറ്റൊരുവശം നാം മറന്നുപോകുന്നു. അപരിചിതരോട് വളരെ സ്നേഹപൂർവം പെരുമാറുന്ന നമുക്ക് ഏറ്റവും അടുത്തവരോട് അതേ സ്നേഹം പ്രകടിപ്പിക്കുവാൻ ചിലപ്പോൾ കഴിയാതെ പോകുന്നു. വീട്ടിലേക്ക് ഒരു അതിഥി വന്നാൽ നാം പുഞ്ചിരിയോടെയേ സ്വീകരിക്കൂ. സ്നേഹത്തോടെ സംസാരിക്കും. ക്ഷമയോടെ കേൾക്കും. ഏറ്റവും നല്ല ഇരിപ്പിടവും ഭക്ഷണവും നൽകും. അയാൾക്ക് ഒരു അസൗകര്യവും ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കും. എന്നാൽ, അതിഥി പോയികഴിഞ്ഞാൽ അതേ വീട്ടിൽ താമസിക്കുന്നവർക്ക് ലഭിക്കുന്നതു ചിലപ്പോൾ നമ്മുടെ അക്ഷമയും ദേഷ്യവും അവഗണനയുമായിരിക്കും.
അപരിചിതരോട് സംസാരിക്കുന്നതിനെക്കാൾ പരുഷമായി ഭർത്താവ് ഭാര്യയോടോ ഭാര്യ ഭർത്താവിനോടോ സംസാരിച്ചേക്കാം. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുന്നവർക്ക് സ്വന്തം മക്കളുടെ വാക്കു കേൾക്കാൻ സമയമില്ലാതാകാം. കൂട്ടുകാരോട് അതീവ സൗഹൃദത്തോടെ പെരുമാറുന്ന മക്കൾക്ക് പ്രായമായ മാതാപിതാക്കളോട് രണ്ടു വാക്കു സംസാരിക്കാൻ പോലും സമയമില്ലാതാകാം. പുറത്തുള്ളവരുടെ വലിയ തെറ്റുകൾ ക്ഷമിക്കുന്ന നാം സ്വന്തക്കാരുടെ ചെറിയ കുറവുകൾപോലും വലിയ കുറ്റങ്ങളാക്കി മാറ്റിയേക്കാം. തന്മൂലം നമ്മെ സ്നേഹിക്കുന്നവർക്ക് നമ്മുടെ സ്നേഹത്തിന്റെ ഏറ്റവും നല്ല ഭാഗം ലഭിക്കേണ്ടതിനു പകരം, മറ്റുള്ളവർക്കു നൽകിയശേഷം അവശേഷിക്കുന്നതു നാം അവർക്കു നൽകുന്നു.
അടുപ്പത്തിന് ഒരു അപകടമുണ്ട്. എന്നും കൂടെയുള്ളവരുടെ സാന്നിധ്യം നമ്മുടെ ശീലമാകുന്പോൾ അവർ നമ്മുടെ ജീവിതത്തിലെ അനുഗ്രഹമാണെന്ന ബോധം പതുക്കെ നഷ്ടപ്പെട്ടേക്കാം. ജീവിതപങ്കാളി എന്നും കൂടെയുണ്ടാകുമെന്നു കരുതുന്നു. മാതാപിതാക്കൾ എന്നും മക്കളെ മനസിലാക്കുമെന്നു കരുതുന്നു. സുഹൃത്തുക്കൾ എപ്പോഴും സഹായത്തിനുണ്ടാകുമെന്നു വിശ്വസിക്കുന്നു. അങ്ങനെ അവരുടെ സാന്നിധ്യത്തെ നിസാരമായി കാണാൻ തുടങ്ങുന്ന നാം, ഒടുവിൽ അവരുടെ സ്നേഹത്തെയും നിസാരമായി വീക്ഷിച്ചെന്നിരിക്കും.
തന്മൂലം, ആതിഥ്യമര്യാദ എന്നത് അപരിചിതനു ഭക്ഷണവും താമസസൗകര്യവും നൽകുന്നതിൽ അവസാനിക്കുന്നില്ല എന്നതു നാം മറക്കരുത്. മറ്റൊരാൾക്കായി നമ്മുടെ സമയത്തിലും ശ്രദ്ധയിലും സംഭാഷണത്തിലും ഹൃദയത്തിലും ഇടം നൽകുന്നതാണ് അതിന്റെ ആഴമേറിയ അർഥം. തിരക്കിനിടയിലും ഒരാളുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്പോൾ നാം ആതിഥ്യമര്യാദ കാണിക്കുന്നു. മറ്റൊരാളുടെ ക്ഷീണം തിരിച്ചറിയുന്പോഴും തെറ്റുകൾ ക്ഷമിക്കുന്പോഴും ദേഷ്യമുണ്ടെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്പോഴും, നമ്മുടെ സാന്നിധ്യത്തിൽ മറ്റൊരാൾക്ക് താൻ വിലപ്പെട്ടവനാണെന്നു തോന്നുന്പോഴും നാം യഥാർഥ ആതിഥേയരാകുന്നു.
അതിഥിക്ക് ഏതാനും മണിക്കൂർ സ്വാഗതം ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഒരു വീട് ആതിഥ്യമര്യാദയുള്ളതാകുന്നത്. പ്രത്യുത, അവിടെ ജീവിക്കുന്നവർക്ക് ഓരോ ദിവസവും തങ്ങൾ സ്വാഗതം ചെയ്യപ്പെടുന്നവരാണ് എന്ന അനുഭവം പരസ്പരം ഉണ്ടാകുന്പോഴാണ്.
ബൗഡിസിന്റെയും ഫിലേമോന്റെയും കഥയിലെ ഏറ്റവും മനോഹരമായ പാഠവും ഒരുപക്ഷേ ഇതുതന്നെയാണ്. ആ രാത്രിയിൽ രണ്ട് അപരിചിതരോട് കാണിച്ച സ്നേഹം പെട്ടെന്നുണ്ടായ ഒരു വികാരമായിരുന്നില്ല. ജീവിതകാലം മുഴുവൻ അവർ പരസ്പരം നൽകിയിരുന്ന സ്നേഹത്തിന്റെ ബഹിർസ്ഫുരണം മാത്രമായിരുന്നു അത്.
വലിയ വീടുണ്ടായതുകൊണ്ട് അത് ആതിഥ്യമര്യാദയുള്ള ഭവനമാകുന്നില്ല. ഒരു ഹൃദയം മറ്റൊരു ഹൃദയത്തോട് "നിനക്കായി ഇവിടെ ഇടമുണ്ട്' എന്നു പറയുന്നിടത്താണ് യഥാർഥ ആതിഥ്യമര്യാദ ആരംഭിക്കുന്നത്. അപരിചിതർ, വല്ലപ്പോഴുമേ നമ്മുടെ വീടിന്റെ വാതിലിൽ മുട്ടുകയുള്ളൂ. എന്നാൽ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഓരോ ദിവസവും നമ്മുടെ ഹൃദയവാതിലിലാണ് മുട്ടുന്നത്. അവർക്കായി നമ്മുടെ ഹൃദയവാതിൽ എപ്പോഴും തുറക്കാൻ നമുക്കു കഴിയണം. അപ്പോൾ മാത്രമെ, നമ്മുടെ ആതിഥ്യമര്യാദ പൂർണമാവുകയുള്ളൂ.
Tags : door of the heart Sunday Deepika