ടൈറനോസോറസ് റെക്സ് എന്നറിയപ്പെടുന്ന ഭീകരൻ ദിനോസറുകളുടെ ഫോസിലുകളിൽനിന്ന് വേർതിരിച്ചെടുത്ത കൊളാജൻ ഉപയോഗിച്ച് ലാബിൽ വികസിപ്പിച്ചെടുത്തതാണ് അപൂർവ ഹാൻഡ്ബാഗ്
മഹാദ്ഭുതം..! ആരും സ്വപ്നത്തിൽപ്പോലും വിചാരിക്കാത്തതു സംഭവിച്ചിരിക്കുന്നു! ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുന്പു ഭൂമിയിൽ മൃഗരാജനെപ്പോലെ ജീവിച്ചിരുന്ന ഭീമൻ ദിനോസറുകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ സിനിമയിലല്ല, ആഡംബര ഫാഷൻ ലോകത്ത്. ദിനോസറുകളുടെ തൊലി ഉപയോഗിച്ച് നിർമിച്ച ഹാൻഡ് ബാഗ് ആണ് ലോകത്തെ വിസ്മയിപ്പിച്ചത്.
ടൈറനോസോറസ് റെക്സ് എന്നറിയപ്പെടുന്ന ഭീകരൻ ദിനോസറുകളുടെ ഫോസിലുകളിൽനിന്ന് വേർതിരിച്ചെടുത്ത കൊളാജൻ ഉപയോഗിച്ച് ലാബിൽ വികസിപ്പിച്ചെടുത്തതാണ് ഈ അപൂർവ ഹാൻഡ്ബാഗ്. സസ്റ്റൈനബിൾ ലെതറിന്റെ ഭാവി സാധ്യതകൾ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം.
അത്ഭുത ബാഗിന്റെ നിർമാണം
മൂന്നു വമ്പൻ കമ്പനികൾ സഹകരിച്ചാണ് പ്രോജക്ട് നടപ്പാക്കിയത്. നേരത്തെ, മാമത്തിന്റെ ഡിഎൻഎ ഉപയോഗിച്ച് കൂറ്റൻ മീറ്റ്ബോൾ നിർമിച്ച് വാർത്തകളിൽ ഇടംപിടിച്ച ജനിതക എൻജിനീയറിംഗ് സ്ഥാപനമായ "ഓർഗനോയിഡും’ ഇതിനു പിന്നിലുണ്ട്. ദിനോസർ അവശിഷ്ടങ്ങളിൽനിന്ന് പുരാതന പ്രോട്ടീൻ കണികകൾ വേർതിരിച്ചെടുത്ത് അവ മറ്റൊരു ജീവിയുടെ കോശങ്ങളിലേക്കു സന്നിവേശിപ്പിച്ചാണ് കൊളാജൻ നിർമിച്ചത്. പിന്നീട് കൊളാജൻ ലെതർ ആയി മാറ്റിയെടുക്കുകയായിരുന്നു. ഇതിലൂടെ ലഭിച്ച ടീൽ നിറത്തിലുള്ള മനോഹരമായ ബാഗ് ഇപ്പോൾ ആംസ്റ്റർഡാമിലെ ആർട്ട് സൂ മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചിരിക്കുകയാണ്.
വെറുമൊരു ലെതർ ബാഗ് എന്നതിലുപരി ഇതൊരു സാങ്കേതിക വിദ്യയുടെ വലിയ കുതിച്ചുചാട്ടമാണെന്ന് നിർമാതാക്കൾ. മേയ് പതിനൊന്നിനുശേഷം ബാഗ് ലേലത്തിനു വയ്ക്കും. ഇതിന്റെ പ്രാരംഭവിലതന്നെ ഏകദേശം നാലു കോടിയിലധികം വരും. നിർമാണ വേളയിൽ ഒട്ടേറെ സാങ്കേതിക വെല്ലുവിളികൾ നേരിട്ടതായും വെറുമൊരു പരിസ്ഥിതി സൗഹൃദ ബാഗ് എന്നതിലുപരി ഇതൊരു ടെക്നോളജിക്കൽ അപ്ഗ്രേഡാണെന്നും കമ്പനി അധികൃതർ പറഞ്ഞു.
ശാസ്ത്രലോകത്തിനു യോജിപ്പില്ല
എന്നാൽ ശാസ്ത്രലോകം ഇതിനോടു പൂർണമായും യോജിക്കുന്നില്ല. ദിനോസറുകളുടെ എല്ലുകളിൽനിന്നു ലഭിക്കുന്ന കൊളാജൻ അവശിഷ്ടങ്ങൾ മാത്രം ഉപയോഗിച്ച് അവയുടെ തൊലി പുനർനിർമിക്കുക അസാധ്യമാണെന്നു ചില പാലിയന്റോളജിസ്റ്റുകൾ വാദിക്കുന്നു. ബാഗിന് മൃഗങ്ങളുടെ സ്വാഭാവികമായ ചർമഘടന ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണെന്നും, ലോകത്ത് ആദ്യമായി പുതിയൊരു കാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന തർക്കങ്ങൾ ശാസ്ത്രീയ പുരോഗതിയുടെ ഭാഗമാണെന്നുമാണ് നിർമാതാക്കളുടെ നിലപാട്.
മ്യൂസിയത്തിലെ ടിറെക്സ് അസ്ഥികൂടത്തിനു താഴെ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ബാഗ് കാണാൻ വിവിധ ലോകരാജ്യങ്ങളിൽനിന്ന് നൂറുകണക്കിനു സഞ്ചാരികളാണ് എത്തുന്നത്.
Tags : Dinosaur leather bag Priced