കുട്ടിക്കുറുമ്പന്മാരും കുറുന്പികളും വീണ്ടും സ്കൂളിലേക്ക്. പുതിയ ബാഗും ഉടുപ്പും ടിഫിൻ ബോക്സുമെല്ലാം കൗതുകമാണെങ്കിലും രക്ഷിതാക്കൾക്കു ടെൻഷൻ സമ്മാനിക്കുന്ന ഒരു കാര്യമുണ്ട്- ഈ ടിഫിൻ ബോക്സിൽ കൊടുത്തയയ്ക്കുന്നതൊന്നും മിക്കപ്പോഴും മുഴുവൻ കഴിക്കില്ല. കൊണ്ടുപോയപോലെ തിരികെ കൊണ്ടുവരുന്ന മിടുക്കന്മാരുമുണ്ട്. കുട്ടികളുടെ ഭക്ഷണശീലത്തിൽ കാര്യമായ മാറ്റം വന്നുകഴിഞ്ഞു. ചോറും കറിയുമൊന്നും പൊതുവേ ഇഷ്ടമല്ല അവർക്ക്. സ്കൂളിലേക്കു കൊടുത്തയച്ചാൽ കഴിക്കുമെന്നുറപ്പുള്ള ഏതാനും വിഭവങ്ങൾ നോക്കാം...
1. പാലക് പറാത്ത
ചേരുവകൾ: ഗോതന്പുപൊടി- രണ്ടു കപ്പ്, പാലക് ചീര- 200 ഗ്രാം, പച്ചമുളക് ചെറുതായി അരിഞ്ഞത്- രണ്ടെണ്ണം, ഓമം- കാൽ ടീസ്പൂണ്, നെയ്യ്- രണ്ടു ടീസ്പൂണ് (കുഴയ്ക്കാൻ), എണ്ണ- നാലു ടീസ്പൂണ് (പറാത്ത തയാറാക്കാൻ), ഉപ്പ്- പാകത്തിന്.
തയാറാക്കുന്ന വിധം:
പാലക് ചീര വൃത്തിയായി കഴുകുക. വെള്ളം തോരാനായി വയ്ക്കുക. തിളച്ച വെള്ളത്തിൽ പാലക് ചീര ഇട്ട് ആറു മിനിറ്റോളം വാട്ടി അരിച്ചു വയ്ക്കുക. ഇത് മിക്സിയിൽ നന്നായി അരയ്ക്കുക.
ഒരു വലിയ ബൗളിൽ ഗോതന്പുപൊടി, ഉപ്പ്, ഓമം, പച്ചമുളക് അരിഞ്ഞത് എന്നിവ എടുത്ത് രണ്ടു ടീസ്പൂണ് നെയ്യൊഴിച്ച് ആവശ്യത്തിനു വെള്ളവും ചേർത്ത് കുഴച്ച് മയമുള്ള മാവ് തയാറാക്കുക. ഇടത്തരം വലിപ്പമുള്ള ഉരുളകളായി മാറ്റുക. ഇവ ചെറു വൃത്തങ്ങളായി പരത്തി വയ്ക്കുക. മീതേ അല്പം എണ്ണ തടവുക. രണ്ടു വശങ്ങൾ മധ്യത്തേക്കു മടക്കിവയ്ക്കുക. മടക്കിയ വശങ്ങൾക്കു മീതേ എണ്ണ പുരട്ടുക. ഇനി മറ്റേ വശം മടക്കുക. ഇപ്പോൾ സമചതുരാകൃതിയിലാകും. ഇനി പരത്തി ഇടത്തരം വലിപ്പമുള്ള പറാത്തകൾ തയാറാക്കുക.
ചപ്പാത്തിക്കല്ല് ചൂടാക്കി, എണ്ണ തടവി പറാത്തയിടുക. മീതേയും എണ്ണ തേക്കുക. ചട്ടുകംകൊണ്ട് ഒന്നമർത്തി മറിച്ചിടുക. അവിടെയും എണ്ണ തേക്കുക. ബ്രൗണ് നിറമാക്കി കോരുക. അധികമുള്ള എണ്ണ പേപ്പർ ടവൽകൊണ്ട് ചെറുതായൊന്നമർത്തിയാൽ മാറ്റാവുന്നതാണ്. മീതേ സവാളയും തക്കാളിയും വട്ടത്തിലരിഞ്ഞ് ഉപ്പു വിതറിയതുവച്ച് ടിഫിൻ ബോക്സിൽവച്ച് കൊടുത്തയയ്ക്കുക. നിറമുള്ള ഭക്ഷണം ആരോഗ്യപ്രദമാണ്.
2. സ്വീറ്റ് ആൻഡ് സവർ ദോശ
ചേരുവകൾ: ദോശമാവ്- മൂന്നു കപ്പ്, കാപ്സിക്കം- ചെറുതായരിഞ്ഞത്, ഒരു കപ്പിന്റെ മൂന്നിലൊന്നു ഭാഗം, സവാള- ചെറുതായരിഞ്ഞത്, കപ്പിന്റെ മൂന്നിലൊന്ന്, കാരറ്റ്- ചെറുതായരിഞ്ഞത്, അര കപ്പ്, കാബേജ്- ചെറുതായരിഞ്ഞത്, അര കപ്പ്, തക്കാളി- ചെറുതായരിഞ്ഞത്, മുക്കാൽ കപ്പ്, മല്ലിയില- ചെറുതായരിഞ്ഞത്, ഒന്നര കപ്പ്, ടൊമാറ്റോ കെച്ചപ്പ്- കാൽ കപ്പ്, ഉപ്പ്- അല്പം, ഷെഷുവൻ സോസ്- കാൽ കപ്പ്, ഗരം മസാല പൗഡർ- നാലു ടീസ്പൂണ്, ബട്ടർ, എണ്ണ, ചീസ്- ആവശ്യത്തിന്.
തയാറാക്കുന്നവിധം:
പച്ചക്കറികൾ അരിഞ്ഞത് എടുത്തുവയ്ക്കുക. ദോശക്കല്ല് ചൂടാക്കി എണ്ണ തേക്കുക. ചെറു തീയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഒരു തവി മാവ് കല്ലിൽ ഒഴിച്ച് വൃത്താകൃതിയിൽ വ്യാപിപ്പിക്കുക. മുകൾവശം വെന്തു എന്നുറപ്പായാൽ കാബേജ്, കാപ്സിക്കം, കാരറ്റ്, സവാള, തക്കാളി, മല്ലിയില എന്നിവയിൽനിന്ന് ഓരോ ടേബിൾ സ്പൂണ് വീതം ഒരു ബൗളിൽ എടുത്ത് ഒരു ടേബിൾ സ്പൂണ് ബട്ടർ മീതേ ഒഴിക്കുക. അര ടേബിൾ സ്പൂണ് ഷെഷുവൻ സോസ്, അര ടേബിൾ സ്പൂണ് ടൊമാറ്റോ കെച്ചപ്പ് എന്നിവ ഒഴിക്കുക. കാൽ ടീസ്പൂണ് ഗരംമസാലപ്പൊടി വിതറാം. ഇവയെല്ലാം കൂടി നന്നായി ഉടയ്ക്കുക. ഈ കൂട്ട് ദോശയ്ക്കു മധ്യത്തിലായി വിളന്പി വ്യാപിപ്പിക്കുക. ഇത് അടച്ച് അരമിനിറ്റ് വയ്ക്കുക. ചെറുതീയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. ഇനി തുറന്ന് ഈ കൂട്ട് ദോശയിൽ ആകമാനം വ്യാപിപ്പിക്കുക.
ദോശക്കല്ലിൽ വച്ചുതന്നെ ദോശ നാലു സമഭാഗങ്ങളായി മുറിക്കുക. ഇത് സ്റ്റീൽ പ്ലേറ്റുകളിലേക്കു മാറ്റുക. ചീസ് ഗ്രേറ്റ് ചെയ്ത് മല്ലിയില ഓരോ ദോശത്തുണ്ടുകൾക്കും മീതേ ഇടുക. ഇനി ഓരോന്നും ഓരോ റോൾ ആക്കുക.
കുറിപ്പ്: പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിനു ഗുണമാണ്. സോസുകളിൽ ഉപ്പ് അടങ്ങിയിട്ടുള്ളതിനാൽ വളരെ കുറച്ചേ ചേർക്കാവൂ.
3. കാരറ്റ് ഊത്തപ്പം
ചേരുവകൾ: ദോശമാവ്- ഒരു ബൗൾ, കാരറ്റ്- ഒരെണ്ണം, ഗ്രേറ്റ് ചെയ്തത്, പച്ചമുളക്- ഒന്ന്, ചെറുതായി അരിഞ്ഞത്, കറിവേപ്പില- ഒരു തണ്ട്, ചെറുതായി അരിഞ്ഞത്, ഉള്ളി- നാലെണ്ണം, ചെറുതായി അരിഞ്ഞത്, എണ്ണ- ആവശ്യത്തിന്, ഉപ്പ്- പാകത്തിന്.
മീതേ വിതറാൻ: പച്ചമുളക്- ഒരെണ്ണം, വട്ടത്തിൽ അരിഞ്ഞത്, കറിവേപ്പില- ഒരു തണ്ട്, ഉതിർത്തത്.
തയാറാക്കുന്നവിധം:
ദോശമാവ് ഒരു ബൗളിൽ എടുക്കുക. ഇതിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഉള്ളി അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
ദോശക്കല്ല് ചൂടാക്കി എണ്ണ തേച്ച് മാവ് ചെറുവൃത്തമായി ഒഴിക്കുക. മീതേ പച്ചമുളക് അരിഞ്ഞതും കറിവേപ്പില ഉതിർത്തതും വിതറുക. ചുറ്റിനും എണ്ണയൊഴിച്ച് അടച്ച് അല്പനേരം വയ്ക്കുക. ഇനി തുറന്ന് ഊത്തപ്പം മറിച്ചിടുക.
കുറിപ്പ്: കുട്ടികൾക്കായതിനാൽ എണ്ണയുടെ സ്ഥാനത്ത് നെയ്യു ചേർക്കുന്നതു നല്ലതാണ്.
4. ഡ്രൈഫ്രൂട്സ് കൊഴുക്കട്ട
ചേരുവകൾ: പച്ചരി- അര കപ്പ്, എണ്ണ- ഒരു ടീസ്പൂണ്, ഈന്തപ്പഴം- 10 എണ്ണം, ഏലയ്ക്കാപ്പൊടി- കാൽ ടീസ്പൂണ്, ബദാം പൊടിച്ചത്- കാൽ കപ്പ്, വാൽനട്ട്- രണ്ടെണ്ണം, പൊടിച്ചത്, നെയ്യ്- ഒരു ടീസ്പൂണ്, ഉപ്പ്- ഒരു നുള്ള്, ജീരകം- ഒരു നുള്ള്.
തയാറാക്കുന്നവിധം:
പച്ചരി നന്നായി കുതിർത്ത് അരിച്ചുവാരുക. ഒരുകപ്പ് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. ഒരു നോണ്സ്റ്റിക് പാൻ അടുപ്പത്തുവച്ച് ഒരു ടീസ്പൂണ് എണ്ണ ഒഴിച്ച് മാവും ഒഴിച്ച് തുടരെ ഇളക്കുക. മാവ് കൈയിൽ ഒട്ടിപ്പിടിക്കാത്ത പരുവമായാൽ വാങ്ങുക. ഒരു നുള്ള് ജീരകം ചേർത്ത് ഇളക്കുക. നന്നായി കുഴച്ചുവയ്ക്കുക. ഒരു പേപ്പർ ടവൽകൊണ്ട് മൂടിവയ്ക്കുക. ഈന്തപ്പഴം ആവിയിൽ വേവിച്ച് മയമാക്കുക. കുരു നീക്കി നന്നായി അരയ്ക്കുക. ഇതിൽ ഏലയ്ക്കാപ്പൊടി, ബദാംപൊടി, വാൽനട്ട് പൊടിച്ചത്, ഒരു ടീസ്പൂണ് നെയ്യ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. സ്റ്റഫിംഗ് തയാർ. കൈയിൽ അല്പം എണ്ണ തടവി അരിമാവ് കുറച്ചെടുത്ത് ഉരുളയാക്കി കൈവെള്ളയിൽവച്ച് അല്പമൊന്നു പരത്തുക. ഇതിന്റെ നടുവിലായി സ്റ്റഫിംഗ് കുറച്ചുവച്ച് വീണ്ടും ഉരുളയാക്കി ആവിയിൽ വേവിച്ചെടുക്കുക.
കുറിപ്പ്: ആവിയിൽ വേവിച്ചെടുക്കുന്ന ആഹാരം ആരോഗ്യത്തിനു യോജിച്ചതാണ്. കുട്ടികൾ ആരോഗ്യത്തോടെ വളർന്നു പഠിക്കട്ടെ.