Kerala
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള് സമരത്തിലേക്ക്. ഡീസലിന് സബ്സിഡി വര്ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്ഥികളുടെ യാത്രാ നിരക്ക് വര്ധിപ്പിക്കണമെന്നുമാണ് ആവശ്യം. മറ്റന്നാള് ചേരുന്ന സംസ്ഥാന സമിതി യോഗത്തില് സമര പ്രഖ്യാപനമുണ്ടാകും.
പ്രിയദര്ശിനി സര്വീസുകള് മൂലം സ്വകാര്യ ബസ് ഉടമകള്ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്ട്ടിലെ ശിപാര്ശകള് അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം.
പ്രിയദര്ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന് റൂട്ടും സമയവും പുതുക്കണമെന്നത് ഉള്പ്പെടെയുള്ള ശിപാര്ശകളാണ് വിദഗ്ധ സമിതി റിപ്പോര്ട്ടിലുള്ളത്.
Kerala
പാലക്കാട്: ആവശ്യങ്ങൾ അംഗീകരിക്കാമെന്ന അധികൃതരുടെ ഉറപ്പു പാലിക്കാത്തതിനെത്തുടർന്ന് പാലക്കാട് മെഡിക്കൽ കോളജിലെ ഹൗസ് സർജന്മാർ വീണ്ടും സമരത്തിൽ.
അത്യാഹിത വിഭാഗത്തിൽ മരുന്നുകളും എക്സ്റേ, ലബോറട്ടറി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്നാണു സമരക്കാരുടെ പ്രധാന ആവശ്യം.
മെഡിക്കൽ കോളജ് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ അത്യാഹിത വിഭാഗത്തിലേക്ക് അവശ്യമരുന്നുകൾ ഉടൻ എത്തിക്കുമെന്നും എക്സ്റേ, ലബോറട്ടറി സംവിധാനങ്ങൾ സജ്ജമാക്കുമെന്നും ഉറപ്പുനൽകിയിരുന്നു.
അത്യാഹിതവിഭാഗത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജൻമാരുടെയും വിദ്യാർഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി മോണിട്ടറിംഗ് കമ്മിറ്റി രൂപവത്കരിക്കുമെന്നും ഡയറക്ടർ അറിയിച്ചിരുന്നു.ഇത് അംഗീകരിച്ച് സമരം പിൻവലിക്കാൻ തീരുമാനിച്ച ഹൗസ് സർജന്മാർ, ഉറപ്പുകൾ നടപ്പാകാത്തതിനെത്തുടർന്നാണു സമരം ശക്തമാക്കിയത്.
District News
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ ജാതിവിവേചനത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനുമെതിരേ ഗവേഷക വിദ്യാർഥി അനഘ ശശി അഞ്ചുമുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും
വിഷയത്തിൽ സർക്കാർ നിസംഗത തുടരുന്നതിനാലാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചതെന്ന് "ജസ്റ്റിസ് ഫോർ അനഘ’ സമരസമിതി അറിയിച്ചു.
പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാൻ പൊലിസ് ഇതുവരെ തയാറായിട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
അഞ്ചിനകം അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കും. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് തിരൂരിലെ സമരപ്പന്തലിൽ വിശാല ഐക്യദാർഢ്യ സമിതി രൂപീകരണ യോഗം ചേരും.
സാംസ്കാരിക,രാഷ്ട്രീയ പ്രവർത്തകരും അന്പതിലധികം സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ജാതിവിവേചനം, മാനസിക പീഡനം എന്നിവ നടത്തിയെന്ന പരാതിയിൽ എസ്-എസ്ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള അറസ്റ്റ് നടപടികൾ പൂർത്തിയാക്കുക, രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്ന ഡോക്ടറൽ കമ്മിറ്റി യോഗം ഉടൻ ചേർന്ന് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കുക, ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങളും അക്കാഡമിക് മാർഗനിർദേശങ്ങളും ലഭ്യമാക്കാൻ സർവകലാശാലയ്ക്ക് സർക്കാർ നിർദേശം നൽകുക, കുറ്റാരോപിതരായ അധ്യാപകർക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കും വരെ സമരം തുടരുമെന്നും സമിതി അറിയിച്ചു.
International
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രദേശത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടു. 17 പേർക്കു പരിക്കേറ്റു. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചതിന്റെ ഫോട്ടോകൾ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പുറത്തുവിട്ടു. ഖാർകീവിലെ ഗ്രാമപ്രദേശത്ത് രണ്ടു ക്രൂസ് മിസൈലുകൾ പതിച്ചെന്നാണു റിപ്പോർട്ട്. പോസ്റ്റ് ഓഫീസ്, റസ്റ്ററന്റ്, സ്വകാര്യ കെട്ടിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവ നശിച്ചു.
ഇതിനിടെ, യുക്രെയ്ൻ സേന വീണ്ടും റഷ്യക്കെതിരേ വൻ ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ തൊടുത്ത 791 ഡ്രോണുകളെ നിർവീര്യമാക്കിയെന്നു റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ മോസ്കോ മുതൽ അധിനിവേശ ക്രിമിയ വരെ റഷ്യയിലുടനീളം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടെന്നാണു റിപ്പോർട്ട്. അതേസമയം, ആളപായമോ നാശനഷ്ടമോ ഉള്ളതായി റഷ്യ വ്യക്തമാക്കിയിട്ടില്ല.
ഇതു രണ്ടാം തവണയാണു യുക്രെയ്ൻ സേന ഇത്ര വിപുലമായ ഡ്രോൺ ആക്രമണം നടത്തുന്നത്. ഏതാനും ദിവസം മുന്പ് 800നു മുകളിൽ ഡ്രോണുകൾ യുക്രെയ്ൻ സേന റഷ്യക്കെതിരേ തൊടുത്തിരുന്നു.
Kerala
കൊച്ചി: വിദ്യാര്ഥിയുടെ മരണത്തില് പ്രതിഷേധിച്ച് കോതമംഗലം എംഎ എന്ജിനിയറിംഗ് കോളേജില് നടന്ന സമരം പിന്വലിച്ചു. ചര്ച്ചകളില് അനുകൂല തീരുമാനം ഉണ്ടായതോടെയാണ് സമരം പിന്വലിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച് അന്വേഷണം നടത്താനമെന്നും വിദ്യാര്ഥികള് ഉന്നയിച്ച 12 ആവശ്യങ്ങളിലും നടപടി എടുക്കാമെന്നും കോളജ് മാനേജ്മെന്റ് ഉറപ്പു നല്കി.
അന്വേഷണ റിപ്പോര്ട്ട് വരുന്നത് വരെ എച്ച്ഒഡിയും കെടിയു കോര്ഡിനേറ്ററും കോളേജ് ക്യാമ്പസില് നിന്നും മാറി നില്ക്കും. കോളജ് അധികൃതരും വിദ്യാര്ഥികളും ഭാഗമാകുന്ന ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച ശേഷം ജീവനൊടുക്കിയ വിദ്യാര്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുന്നത് അടക്കമുള്ള കാര്യങ്ങള് പരിഗണിക്കും.
മിച്ചി മര്പ്പുവിന്റെ മരണത്തില് കോളജ് അധികൃതര് ഉത്തരവാദിത്തം ഏറ്റെടുക്കുക, ഉത്തരവാദികളായവര്ക്കെതിരെ നടപടികള് സ്വീകരിക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നല്കുക, തങ്ങള് ഉന്നയിക്കുന്ന വിഷയങ്ങള് ഗൗരവപൂര്വം പരിഗണിക്കുക എന്നീ ആവശ്യങ്ങള് ഉയര്ത്തിയാണ് വിദ്യാര്ഥികള് ഇന്ന് രാവിലെ എട്ടു മുതല് പ്രതിഷേധം ആരംഭിച്ചത്.
രാവിലെ കോളജിലേക്ക് ആരും പ്രവേശിക്കാതെ ഗേറ്റ് അടച്ച് വിദ്യാര്ഥികള് ഒന്നടങ്കം പ്രതിക്ഷേധിക്കുകയായിരുന്നു. കോളജിലേക്കുള്ള അധ്യാപകരുടെ വാഹനങ്ങള് കവാടത്തില് തടഞ്ഞു. കോളജ് അസോസിയേഷന് സെക്രട്ടറി ഡോ. വിന്നി വര്ഗീസ് വന്ന വാഹനം വിദ്യാര്ഥികള് തടഞ്ഞത് സംഘര്ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
പോലീസിന്റെ സഹായത്തോടെ വാഹനമില്ലാതെയാണ് ഒടുവില് സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കാനായത്. തുടര്ന്ന് ഗേറ്റ് തള്ളിത്തുറന്ന് വിദ്യാര്ഥികള് കോളജിന് അകത്തേക്ക് കടക്കുകയും പ്രിന്സിപ്പലിന്റെ റൂമിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കെഎസ്യു, എസ്എഫ്ഐ തുടങ്ങിയ വിദ്യാര്ഥി സംഘടനകളും കോളജില് വിദ്യാര്ഥികള്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കേരള സാങ്കേതിക സര്വകലാശാല നിഷ്കര്ഷിക്കുന്ന ക്രെഡിറ്റ് മാര്ക്ക് പരിധി 18 ആയിരിക്കെ, സ്വയംഭരണ സ്ഥാപനമായ എംഎ കോളജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിര്ബന്ധമാക്കിയതാണ് വിദ്യാര്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപാഠികള് ആരോപിക്കുന്നു. ഇത് നേടാന് കഴിയാത്ത വിദ്യാര്ഥികള് ഇയര് ബാക്ക് ആകുകയും പഠനവും ഹോസ്റ്റല് സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.
District News
മങ്കട: സ്കൂള് തുറന്ന് മൂന്നുമാസമായിട്ടും സ്കൂള് പാചക തൊഴിലാളികളുടെ വേതനം അനുവദിക്കാത്തതില് പ്രതിഷേധിച്ച് സ്കൂള് പാചക തൊഴിലാളി യൂണിയന് (സിഐടിയു) മങ്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് മങ്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില് പ്രതിഷേധ ധര്ണ നടത്തി. സിഐടിയു മങ്കട ഏരിയ കമ്മിറ്റി അംഗം സി. അരവിന്ദന് ഉദ്ഘാടനം ചെയ്തു.
യൂണിയന് ജില്ലാ പ്രസിഡന്റ് പി.എം. വിനോദ്കുമാര് അധ്യക്ഷത വഹിച്ചു. എല്ലാ മാസവും അഞ്ചിന് തന്നെ വേതനം നല്കണമെന്ന് ആവശ്യപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്ക്ക് നിവേദനവും നല്കി. യൂണിയന് ഏരിയ സെക്രട്ടറി സി.ടി. റജീന, സിഐടിയു മങ്കട ഏരിയ ട്രഷറര് പി. ജയരാജന്, പാചക തൊഴിലാളി യൂണിയന് ഏരിയ ട്രഷറര് പി. പ്രീത, എം. ഫാത്തിമ, കെ. ശങ്കരന്, കെ. ബിന്ദു, പി. സത്യവതി എന്നിവര് സംസാരിച്ചു.
District News
കാട്ടൂര്: കൃഷിയിറക്കി വിളവെടുത്ത ഉത്പന്നങ്ങള് നല്കിയിട്ടും പണം ലഭിക്കാതെ വന്നതോടെ കര്ഷകദിനത്തില് കര്ഷകനും കുടുംബവും നിരാഹാരസമരത്തില്. കാട്ടൂര് സ്വദേശി കടവില്വീട്ടില് അനില്കുമാറും ഭാര്യ നീതുവും 77 വയസുള്ള മാതാവ് തങ്കമണിയുമാണ് കര്ഷകദിനാഘോഷം നടക്കുന്ന വേദിക്കുമുന്നില് ഇന്നുരാവിലെ 10 മുതല് നിരാഹാരസമരം നടത്തുന്നത്.
കാട്ടൂര് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന് 200 കിലോയിലധികം തണ്ണിമത്തനും പൊട്ടുവെള്ളരിയും നല്കിയെങ്കിലും രണ്ടര വര്ഷമായിട്ടും പണം ലഭിച്ചില്ലെന്നാണ് അനില്കുമാറിന്റെ പരാതി. വിളകള് നല്കി ഒരാഴ്ചകഴിഞ്ഞ് പണം ആവശ്യപ്പെട്ടപ്പോള് സാധനങ്ങള് കൊണ്ടുപോയത് ആരാണെന്ന് ഓര്മയില്ല എന്ന മറുപടിയാണ് അധികൃതരില്നിന്ന് ലഭിച്ചത്.
സംഭവത്തില് പോലീസിനും പഞ്ചായത്ത് അധികൃതര്ക്കും പരാതിനല്കിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. നാല് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് അനില്കുമാര് കൃഷിചെയ്തിരുന്നത്.
പകല് വെല്ഡിംഗ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തിനൊപ്പം ഒഴിവുസമയങ്ങളില് കൃഷിയിടത്തില് പണിയെടുത്താണ് കുടുംബം മുന്നോട്ടുപോയിരുന്നത്. എന്നാല് കൃഷിയില്നിന്നുള്ള വരുമാനം ലഭിക്കാതെ വന്നതോടെ കൃഷിതന്നെ നിര്ത്തേണ്ടിവന്നിരിക്കുകയാണ്.
വിളവെടുത്ത് നല്കിയ ഉത്പന്നങ്ങളുടെ പണംലഭിക്കാതെ വന്നതിലുള്ള പ്രതിഷേധമാണ് കര്ഷകദിനത്തില് കുടുംബത്തെ നിരാഹാരത്തിലേക്ക് നയിച്ചത്. കര്ഷകദിനം ആഘോഷിക്കുമ്പോള് തന്നെ വിളവിന്റെ വിലയ്ക്കായി ഒരു കര്ഷകകുടുംബം സമരത്തിലിരിക്കേണ്ടിവരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നാണ് നാട്ടുകാ രുടെ ആരോപണം.
National
റാഞ്ചി: ജാർഖണ്ഡിലെ പിഎസ്സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ നിയമസഭ മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ബന്ദ് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ആരോഗ്യനില വഷളായതോടെ നിരാഹാരമിരിക്കുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തിങ്കളാഴ്ച നിയമസഭയിലേക്ക് നടന്ന മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. വിദ്യാർഥികൾക്ക് നേരെ ജലപീരങ്കിയും കണ്ണീവാതകവും പ്രയോഗിച്ച പോലീസ് ലാത്തിച്ചാർജും നടത്തി. നിരവധി വിദ്യാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച സഭ പിരിഞ്ഞിരുന്നു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകളിൽ നടന്ന ക്രമക്കേടുകൾക്കെതിരെയാണ് വിദ്യാർഥികളുടെ പ്രതിഷേധം നടക്കുന്നത്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ റദ്ദാക്കണം, ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണം, റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ പരിഷ്കരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. മൂന്ന് പരീക്ഷകൾ റദ്ദാക്കാമെന്ന സർക്കാർ വാഗ്ദാനം വിദ്യാർഥികൾ സ്വീകരിച്ചിട്ടില്ല. സിബിഐ അന്വേഷണം തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ.
Kerala
തൃശൂർ: ശമ്പള വർധനവിനായി ജൂബിലി മിഷൻ അശുപത്രിയിലെ യുഎൻഎ നഴ്സുമാർ നടത്തിയ സമരം അവസാനിച്ചു. നിലവിലെ സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചത്. അടിസ്ഥാന സേവന വേതനവുമായി ബന്ധപ്പെട്ടു ചർച്ചകൾ തുടരുമെന്നു ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുര്യൻ അറിയിച്ചു.
ജൂബിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ അതിരൂപത നേതൃത്വവും വിശ്വാസികളും കൈക്കൊണ്ട നിലപാടുകൾ ശരിയെന്നു തെളിഞ്ഞെന്ന് ആശുപത്രി സംരക്ഷണ സമിതി പ്രതികരിച്ചു . ഏറ്റവും കൂടുതൽ ശന്പളം നൽകുന്ന ജൂബിലിയിൽ മാത്രം സമരം തുടരുന്നതിനെയും സമരത്തിന്റെ മറവിൽ അതിരൂപത ആസ്ഥാനം രണ്ടുവട്ടം ഉപരോധിക്കുകയും അധ്യക്ഷനെ അവഹേളിക്കുകയും ചെയ്ത നടപടിയാണു സമിതി എതിർത്തത്.
നഴ്സുമാർക്ക് സംസ്ഥാന സർക്കാർ പുതുക്കിയ വേതന വർധന പ്രഖ്യാപിക്കാനിരിക്കേ സമരത്തിന്റെ ലക്ഷ്യം നിഗൂഢമാണെന്ന സമിതി നിലപാട് ശരിയെന്നു വ്യക്തമായി. കുറഞ്ഞ ചെലവിൽ മികച്ച സേവനം നൽകുന്ന ജൂബിലിയിൽ ആരോഗ്യ പരിപാലനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുകയെന്നതാണു സമിതി ലക്ഷ്യമിട്ടത്.
കൂടുതൽ ശമ്പളം നൽകിയിട്ടും വീണ്ടും ശന്പള വർധനയാവശ്യപ്പെട്ട യുഎൻഎ നേതൃത്വം യാഥാർഥ്യം ഉൾക്കൊള്ളണം. നിലവിലെ വേതന നിരക്കുകൾ അംഗീകരിച്ചാണു സമരം അവസാനിപ്പിച്ചത്. അതിരൂപതയുടെ വിശ്വാസ പ്രേഷിത സ്ഥാപനമായ ജൂബിലിയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊണ്ട നേതൃത്വത്തെയും വൈദിക - സന്യസ്ത - അൽമായ സമൂഹത്തെയും സമിതി അഭിനന്ദിച്ചു. ഭാവിയിലും കടന്നുകയറ്റങ്ങൾ ചെറുക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പറഞ്ഞു.
Kerala
കൊച്ചി: വീണ്ടും സമരവുമായി കൊച്ചിയിലെ ഓണ്ലൈന് ടാക്സി ഡ്രൈവര്മാര്. ഇന്നു മുതല് യൂബര് സര്വീസുകള് ബഹിഷ്കരിക്കും. നിരക്ക് വര്ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്നാലെ ഇന്നലെ ഡ്രൈവര്മാരെ യൂബര് ഓഫീസിലേക്ക് ചര്ച്ചക്ക് വിളിച്ചിരുന്നു. എന്നാല് ചര്ച്ചയ്ക്ക് എത്തിയപ്പോള് ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.
ജൂലൈ 21 മുതല് ആരംഭിച്ച ഓണ്ലൈന് ടാക്സി സമരം 25ന് ഭാഗികമായി പിന്വലിച്ചിരുന്നു. തങ്ങളുടെ പ്രധാന ആവശ്യങ്ങള് അംഗീകരിക്കാന് തയ്യാറായ കേരള സവാരി, റാപ്പിഡോ തുടങ്ങിയ കമ്പനികള്ക്കായി ഡ്രൈവര്മാര് സര്വീസ് പുനരാരംഭിച്ചിരുന്നു. എന്നാല് യൂബര്, ഒല കമ്പനികള് ഡിമാന്ഡുകള് അംഗീകരിച്ചിരുന്നില്ല.
യൂബര് പ്രതിനിധികളുമായി ഡ്രൈവര്മാര് ഓണ്ലൈനായി ചര്ച്ച നടത്തിയിരുന്നു. ചര്ച്ചയ്ക്കൊടുവില് നേരിട്ട് സംസാരിക്കാമെന്ന് യൂബര് പ്രതിധികള് അറിയിച്ചിരുന്നു. എന്നാല് ഡ്രൈവര്മാര് എത്തിപ്പോള് ഓഫീസുകള് അടഞ്ഞു കിടക്കുകയായിരുന്നു. ഇതേ തുടര്ന്നാണ് ഇന്നു മുതല് യൂബറിനെതിരെ ഓണ്ലൈന് ടാക്സി ഡ്രൈവേഴ്സ് യൂണിയന് സമരം പ്രഖ്യാപിച്ചത്.
11 ആവശ്യങ്ങള് ഉന്നയിച്ചായിരുന്നു ഓണ്ലൈന് ടാക്സി ഡ്രൈവര്മാര് സമരം ആരംഭിച്ചത്. കമ്പനി കമ്മീഷന് പിടിക്കുന്ന തുക, ഇന്ധന വിലയിലെ വര്ധനവിന് ആനുപാതികമായി നിരക്കില് വര്ധനവ് ഇല്ലാത്തത്, ബൈക്ക് ടാക്സിയുടെ നിരോധനം, തൊഴില് സുരക്ഷ ഉറപ്പുവരുത്തണം, മുന്കൂട്ടി നോട്ടീസ് നല്കാതെ ഡ്രൈവര്മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഡ്രൈവര്മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധന വില വര്ധനവിനിടയിലും ടാക്സി നിരക്ക് കുറയ്ക്കല്, ഏകീകൃത നിരക്ക് തുടങ്ങിയ ആവശ്യങ്ങളാണ് ടാക്സി ഡ്രൈവര്മാര് മുന്നോട്ടു വെച്ചിരുന്നത്.
International
വാഷിംഗ്ടൺ ഡിസി: മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ ശേഖരത്തിൽ കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനെത്തുടർന്ന് ഇറാനെതിരേയുള്ള സൈനിക ആക്രമണങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കം താത്കാലികമായി മാറ്റിവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.
മുതിർന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ പ്രതിരോധ സംവിധാനങ്ങളിലെ പേട്രിയറ്റ് മിസൈലുകൾ അടക്കമുള്ള ആയുധശേഖരം അതിവേഗം തീരുന്നതായി പെന്റഗണിലെ സൈനിക ഉപദേഷ്ടാക്കൾ ട്രംപിനു മുന്നറിയിപ്പു നൽകിയിരുന്നു.
ഈ ഘട്ടത്തിൽ ആക്രമണം കൂടുതൽ കടുപ്പിച്ചാൽ യുഎസ് സൈനികതാവളങ്ങളുടെയും ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെയും സുരക്ഷ അപകടത്തിലാകുമെന്നാണു വിലയിരുത്തൽ.
National
ന്യൂഡൽഹി: ഡല്ഹിയില് വിദ്യാർഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള് നീക്കി കേന്ദ്ര സര്ക്കാര്.
സിജെപി സമരത്തെ തുടര്ന്ന് നിര്ത്തിവച്ച ഡല്ഹി മെട്രോ സര്വീസ് പുനരാരംഭിച്ച് ഡല്ഹി മെട്രോ കോര്പ്പറേഷന്.
ദിവസങ്ങളായി ജന്തര് മന്തറില് നിരോധിച്ചിരുന്ന ഇന്റര്നെറ്റ് സര്വീസും പുനഃസ്ഥാപിച്ചു. കേന്ദ്ര സര്ക്കാര് വൃത്തങ്ങള് തന്നെയാണ് നിയന്ത്രണങ്ങള് നീക്കിയതായി അറിയിച്ചത്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിവന്ന ഒരു മാസം നീണ്ട സമരം അവസാനിച്ചു. സിജെപിയുടെ പ്രധാന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവർ സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുമായി നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് സമരം ഒത്തുതീർപ്പായത്.
സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രവർത്തകർക്കെതിരെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്രം ചർച്ചയിൽ ഉറപ്പുനൽകി. ഭാവിയിലും ഇവർക്കെതിരെ നിയമനടപടി ഉണ്ടാകില്ല. കൂടാതെ, ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ചട്ടങ്ങൾ പരിശോധിച്ച് പരമാവധി ധനസഹായം നൽകുമെന്നും സർക്കാർ അറിയിച്ചു.
പരീക്ഷാ സമ്പ്രദായങ്ങളിലെ പരിഷ്കരണങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനകം ഔദ്യോഗിക ചർച്ചകൾ നടത്തുമെന്നും, ഇക്കാര്യത്തിലുള്ള ഉറപ്പുകൾ ചൊവ്വാഴ്ചയ്ക്കകം എഴുതിനൽകുമെന്നും കേന്ദ്രസർക്കാർ സിജെപി പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്.
സർക്കാർ ഉറപ്പുകൾ അംഗീകരിച്ചതിനെ തുടർന്ന് ജന്തർമന്തറിലെ പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ സിജെപി നേതൃത്വം ആവശ്യപ്പെട്ടു. അതേസമയം പ്രതിഷേധങ്ങൾ ശക്തമായതോടെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ന് തന്റെ രാജി സമർപ്പിച്ചിരുന്നു. മന്ത്രിയുടെ രാജി കൂടി യാഥാർഥ്യമായതോടെയാണ് രാജ്യവ്യാപകമായി ശ്രദ്ധനേടിയ യുവജന പ്രക്ഷോഭം അവസാനിക്കുന്നത്.
National
ന്യൂഡൽഹി: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതംചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അഭിജിത് പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും അഭിജിത് അറിയിച്ചു.
സോനം സാർ 26 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചതിൽ അതിയായ ആശ്വാസവും നിങ്ങളോട് നന്ദിയുമുണ്ട്. അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. സ്വന്തം ജീവൻ പണയപ്പെടുത്തി അങ്ങ് മുഴുവൻ രാജ്യത്തിന്റെയും മനസാക്ഷിയെ ഉണർത്തി.
ഈ രാജ്യത്തിന് അങ്ങയുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്ദറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേർത്തു.
Movies
നീറ്റ്-യുജി ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ന്യൂഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിസ്മയ പ്രതികരിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ ശബ്ദത്തെ ഭരണകൂടം അടിച്ചമർത്തുന്ന രീതിയാണുള്ളതെന്ന് വിസ്മയ വിമർശിച്ചു.
‘ടിയർ ഗ്യാസ്, ലാത്തിച്ചാർജ്, വിദ്യാർത്ഥികൾക്ക് പരിക്ക്, റോഡുകൾ ഉപരോധിച്ചു, മെട്രോ സ്റ്റേഷനുകൾ അടച്ചു, നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. നിങ്ങൾ പ്രക്ഷോഭകരോട് യോജിക്കേണ്ടതില്ല.
അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.
കാരണം നാളെ, കേൾക്കപ്പെടേണ്ടത് നിങ്ങളുടെ ശബ്ദമായിരിക്കാം. നിങ്ങളുടെ നഗരത്തിലോ, അയൽപക്കത്തോ, സ്വന്തം കുടുംബത്തിലോ ആകാം ഇത് സംഭവിക്കുന്നത്. എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടോ?’ വിസ്മയ മോഹൻലാൽ കുറിച്ചു.
Kerala
തിരുവനന്തപുരം: നിരക്ക് വർധിപ്പിക്കണമെന്നും ബൈക്ക് ടാക്സിക്ക് അനുമതി നൽകുന്നത് അവസാനിപ്പിക്കണമെന്നും ഉൾപ്പെടെ 11 ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഓണ്ലൈൻ ടാക്സി, കാർ ഡ്രൈവർമാർ ഇന്നു മുതൽ അനിശ്ചിതകാല സമരത്തിൽ.
പണിമുടക്കിന്റെ ഭാഗമായി ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കന്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാക്സികൾ ഓഫ്ലൈൻ ആകുമെന്നാണ് പ്രഖ്യാപനം. ന്യായമായ നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി സേവനം അവസാനിപ്പിക്കൽ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
മുൻപ് പ്രതിഷേധത്തെ തുടർന്ന് വർധിപ്പിച്ച തുക പിന്നീട് കന്പനികൾ പിൻവലിച്ചതാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. രേഖാമൂലമുള്ള ഉറപ്പാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.
Kerala
കൊച്ചി: നിരക്കുവർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ 21 മുതൽ സമരത്തിലേക്ക്. ഊബർ, ഓല, റാപിഡോ, കേരള സവാരി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഡ്രൈവർമാരാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
നിരക്ക് പരിഷ്കരണത്തിനുപുറമെ ഡ്രൈവർമാരുടെ ക്ഷേമം, നിയമവിരുദ്ധ ബൈക്ക് ടാക്സി അവസാനിപ്പിക്കൽ ഉൾപ്പെടെ 11 ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉയർത്തിയിട്ടുണ്ട്. 1000 രൂപയ്ക്ക് ഓട്ടം കിട്ടിയാൽ 500 രൂപ കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ ആരോപിച്ചു. ഇന്ധനവില വർധനയോടെ ടാക്സി ഓടുന്നത് വലിയ നഷ്ടത്തിലുമാണ്. ഇതിനൊപ്പം ഇരട്ടി കമ്മീഷനും കൂടിയാകുമ്പോൾ ജീവിക്കാൻ വഴിയില്ലാത്ത സ്ഥിതിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: ഡ്യൂട്ടി ഡോക്ടറോട് എംഎല്എ മനോജ് മൂത്തേടന് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂര് താലൂക്ക് ആശുപത്രിയില് ഒപി ബഹിഷ്കരിച്ചജ് ഡോക്ടര്മാരുടെ പ്രതിഷേധം. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറില് വയ്ക്കുന്നതിനെ ചൊല്ലി എംഎല്എയും ഡോക്ടറും തമ്മില് നടന്ന തര്ക്കത്തെ തുടര്ന്നാണ് പ്രതിഷേധം.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടില് മരിച്ചയാളുടെ മൃതദേഹം മോര്ച്ചറിയില് ഫ്രീസറില് വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടാണ് എംഎല്എ എത്തിയത്. വീട്ടില് സ്വാഭാവിക മരണം സംഭവിച്ചാല് പോലീസിന്റെ എന്ഒസി വേണമെന്നും അല്ലാത്ത പക്ഷം പുറത്തു നിന്നുള്ള ഒരു മൃതദേഹം താലൂക്ക് ആശുപത്രിയില് സൂക്ഷിക്കാന് കഴിയില്ലെന്ന പ്രോട്ടോക്കോള് എംഎല്എയോട് വ്യക്തമായി പറഞ്ഞിരുന്നു.
എന്നാല് ഇത് കേള്ക്കാന് തയാറാകാതെ വാര്ഡ് അംഗത്തിന്റെ ലെറ്റര് കൊണ്ടുവന്ന് ഫ്രീസറില് വയ്ക്കണമെന്ന് നിര്ബന്ധിക്കുകയായിരുന്നു എന്നാണ് ഡോക്ടര് സജ്ന പറയുന്നത്. തുടര്ന്ന് മൃതദേഹം ഫ്രീസറില് സൂക്ഷിക്കേണ്ടി വന്നു. ഇത് ആശുപത്രി പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ഇവര് പറയുന്നത്.
ഇതുപോലുള്ള അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും അധിക്ഷേപങ്ങളും കാരണം ഇവിടെ ഡോക്ടര്മാര്ക്ക് പല ഡോക്ടര്മാര്ക്കും ജോലി എടുക്കാന് താത്പര്യമില്ല എന്നാണ് ഡോക്ടര്മാര് പറയുന്നത്.
Kerala
തൃശൂർ: അമല ആശുപതിയിലെ നഴ്സുമാരിൽ ഒരു വിഭാഗം നടത്തിവന്ന സമരം നഴ്സുമാർ അവസാനിപ്പിച്ചു. ഇന്നു രാവിലെ ജില്ലാ ലേബർ ഓഫീസറുമായി നടന്ന ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ആശുപതിയിൽ 4000 മുതൽ 6000 രൂപ വരെയുള്ള ശമ്പളപരിഷ്കരണം നടപ്പാക്കിയിരുന്നു.
ഇതു ഏപ്രിൽ മാസം മുതൽ ജോലിയിൽ തുടർന്നവർക്കു ലഭിച്ചിരുന്നു. ഇത് അംഗീകരിച്ചു തിരികെ ജോലിയിൽ കയറാമെന്നു അസോസിയേഷൻ വ്യക്തമാക്കിയതിനെത്തുടർന്നാണ് സമരം അവസാനിച്ചതെന്നും സമരക്കാർ ഉന്നയിച്ച രീതിയുള്ള മാറ്റം അല്ല നടപ്പാക്കിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി പ്രവർത്തനങ്ങളുടെ പുനക്രമീകരണങ്ങൾക്ക് അനുസരിച്ചു നഴ്സുമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്നും മാനേജ്മെന്റ് അറിയിച്ചു.
Kerala
തൃശൂർ: സംസ്ഥാനത്തെ ടോറസ് ടിപ്പർലോറികൾ ഏഴിനു സൂചനാസമരം നടത്തും. അന്യസംസ്ഥാന ടോറസ് ടിപ്പറുകൾക്കു നിയമവിരുദ്ധമായി സംസ്ഥാനത്ത് സർവീസ് നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ നടപടിയിൽ സർക്കാർ ഇടപെടുക, ചരക്കുകയറ്റുന്ന സ്ഥലങ്ങളിൽ തൂക്കം നോക്കി കയറ്റുന്നതിനുള്ള സംവിധാനം സർക്കാർ നടപ്പാക്കുക, സർക്കാർ അംഗീകരിച്ച സ്കൂൾസമയത്തിനു വിരുദ്ധമായി മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ച സമയക്രമം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക്.
ടിപ്പർ ലോറി ഓണേഴ്സ് അസോസിയേഷൻ, ടിപ്പർ ജെസിബി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ, ടിപ്പർ ലോറി വെൽഫെയർ അസോസിയേഷൻ, കേരള ടോറസ് ടിപ്പർ അസോസിയേഷൻ എന്നിവ സംയുക്തമായാണു പണിമുടക്ക് നടത്തുന്നത്.
ഒന്പതിനു ട്രാൻസ്പോർട്ട് മന്ത്രിയുമായി സംഘടന ചർച്ച നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ജോണ്സണ് പടമാടൻ, ഷിജു കാലായിൽ, വി.എസ്. സുബീഷ്, കെ.എച്ച്. സിയാദ്, സജുമോൻ എന്നിവർ പങ്കെടുത്തു.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണം. ബുധനാഴ്ച മുഴുരാത്രി ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
യുക്രെയ്ൻ തലസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്ന് സിറ്റി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. തലസ്ഥാനത്ത് വെള്ളിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മുൻ ആക്രമണങ്ങളിൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും, കൂടുതൽ ആയുധങ്ങൾ പ്രയോഗിക്കുന്നത് ഇതാദ്യമാണ്. കീവിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണമുണ്ടായി.
റഷ്യൻ എണ്ണകേന്ദ്രങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിനു തിരിച്ചടിയാണെന്ന് മോസ്കോ പറഞ്ഞു. യുക്രെയ്ൻ ആക്രമണത്തെത്തുടർന്ന് റഷ്യ വലിയ ഊർജ പ്രതിസന്ധി നേരിട്ടിരുന്നു. ബുധനാഴ്ച രാത്രി കീവ് വൻ സ്ഫോടനങ്ങളിൽ വിറച്ചു. നിരവധി കെട്ടിടങ്ങളാണു തകർന്നത്. ഏകദേശം 20 പാർപ്പിടസമുച്ചയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തരമന്ത്രി ഇഹോർ ക്ലിമെൻകോ പറഞ്ഞു.
റഷ്യ 74 മിസൈലുകളും 24 ബാലിസ്റ്റിക് മിസൈലുകളും 496 ഡ്രോണുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. മോസ്കോയ്ക്കു കിഴക്ക് നിഷ്നി നോവഗരോഡ് മേഖലയിലെ റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിനു നേർക്ക് യുക്രെയ്ൻ പ്രത്യാക്രമണം നടത്തി. ഇവിടെ തീപിടിത്തമുണ്ടായതായി യുക്രെയ്ന്റെ ജനറൽ സ്റ്റാഫ് പറഞ്ഞു.
കൂടാതെ, റഷ്യൻ അധിനിവേശ ലുഹാൻസ്ക് മേഖലയിലെ സിവർസ്കി ഡൊണെറ്റ്സ് നദിക്ക് കുറുകെയുള്ള റെയിൽവേ പാലം യുക്രെയ്ൻ സൈന്യം തകർത്തു. ആയുധങ്ങളും സൈനികരെയും സൈനിക സാമഗ്രികളും ആയുധങ്ങളും കൊണ്ടുപോകാൻ റഷ്യൻ സൈന്യം ഈ പാലം ഉപയോഗിച്ചിരുന്നു.
Kerala
കല്പ്പറ്റ: വയനാട്ടിൽ ബുധനാഴ്ച സ്വകാര്യ ബസുകൾ പണിമുടക്കില്ലെന്ന് ബസുടമകള്. എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പിലാണ് പണിമുടക്ക് പിൻവലിച്ചത്. മൂന്നാം തിയതി ജില്ലാ കളക്ടർ വിളിച്ച ഉന്നതതല യോഗത്തിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും.
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് ഉടമകള് പറഞ്ഞിരുന്നു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം.
വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.
District News
പുല്പ്പള്ളി: സ്വകാര്യ ബസ് പണിമുടക്കിനെ തുടര്ന്ന് യാത്രക്കാര് വലഞ്ഞു.
പുല്പ്പള്ളി-ബത്തേരി റൂട്ടില് കെഎസ്ആര്ടിസി ബസുകള് സര്വീസ് നാമമാത്രമായതിനാല് നൂറുകണക്കിന് യാത്രക്കാരാണ് ബസ് കിട്ടാതെ വലഞ്ഞത്
. ഇതിന് പുറമേ പുല്പ്പള്ളി-പെരിക്കല്ലൂര്, പുല്പ്പള്ളി-വണ്ടിക്കടവ്, പുല്പ്പള്ളി-സീതാമൗണ്ട്, മരക്കടവ് പ്രദേശങ്ങളിലേക്ക് കെഎസ്ആര്ടിസി സര്വീസ് ഇല്ലാത്തതിനാല് യാത്രക്കാര് പ്രയാസപ്പെട്ടു. രാവിലെ മുതല് പുല്പ്പള്ളിയില് നിന്ന് ബത്തേരിയിലേക്ക് വിവിധ ആവശ്യങ്ങള്ക്ക് പോകുന്നതിനായി എത്തിയ നിരവധി യാത്രക്കാരാണ് മണിക്കൂറുകളോളം ബസ് കിട്ടാത്തതിനെ തുടര്ന്ന് കുടങ്ങിയത്.
കെഎസ്ആര്ടിസി ഈ റൂട്ടില് പ്രത്യേക സര്വീസ് ഏര്പ്പെടുത്താത്തതാണ് ഇതിന് കാരണം. മുന്കാലങ്ങളില് സ്വകാര്യ ബസുകള് പണി മുടക്കുമ്പോള് കെഎസ്ആര്ടിസി പ്രത്യേക സര്വീസുകള് നടത്തിയിരുന്നു. എന്നാല് ഇത്തവണ കൂടുതല് സര്വീസ് നടത്താന് കെഎസ്ആര്ടിസി അധികൃതര് തയാറായില്ലെന്നാണ് യാത്രക്കാര് പറയുന്നത്. പുല്പ്പള്ളി മേഖലയില് നിന്നും രാവിലെ കോഴിക്കോട് ഭാഗത്തേക്കുള്ള ദീര്ഘദൂര സര്വീസ് മാത്രമാണ് ബത്തേരി റൂട്ടില് കെഎസ്ആര്ടിസിക്ക് ഉള്ളത്. യാത്രാ പ്രശ്നം പരിഹരിക്കാന് അടിയന്തിര നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
സുല്ത്താന് ബത്തേരി: സ്വകാര്യബസ് സമരം ബത്തേരി മേഖലയിലെ യാത്രയെ സാരമായി ബാധിച്ചു. സ്വകാര്യബസുകള് കൂടുതല് സര്വീസ് നടത്തുന്ന റൂട്ടുകളിലാണ് യാത്രക്കാര് ഏറെ വലഞ്ഞത്.
ബത്തേരി-പുല്പ്പള്ളി, വടുവഞ്ചാല്, താളൂര്, നമ്പ്യാര്കുന്ന് തുടങ്ങിയ റൂട്ടുകളിലും മറ്റ് ഗ്രാമീണ റൂട്ടുകളിലുള്ള യാത്രക്കാരാണ് ഏറെ വലഞ്ഞത്. രാവിലെ ഓഫീസുകളിലേക്ക് പോകുന്നവരും സ്കൂളുകളില് പോകുന്ന വിദ്യാര്ഥികളുമാണ് ഏറെ ബുദ്ധിമുട്ടിയത്.
ഇവര്ക്ക് ആശ്രയമായത് ജീപ്പ് ടാക്സികളും ഓട്ടോറിക്ഷകളുമാണ്. സ്വകാര്യബസുകള് സമരത്തിലായതോടെ സ്വകാര്യ വാഹനങ്ങള് കൂടുതല് ടൗണിലേക്ക് എത്തിയത് ഗതാഗത ഗുരുക്കിനും കാരണമായി. അതേസമയം കെഎസ്ആര്ടിസി മൂന്ന് സര്വീസുകള് മാത്രമാണ് കൂടുതലായി ഓപ്പറേറ്റ് ചെയ്തത്. പുല്പ്പള്ളി റൂട്ടിലാണ് സര്വീസ് നടത്തിയത്.
International
വാഷിംഗ്ടൺ: ഇറാന്റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ഇറാന്റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന.
ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്മുസില് വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു ഡൽഹി ജന്തർ മന്തറിൽ ഒരാഴ്ചയായി നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കാലാവസ്ഥാ-സാമൂഹ്യ പ്രവർത്തകനായ സോനം വാംഗ്ചുക്ക് നിരാഹാരമിരിക്കും.
ധർമേന്ദ്ര പ്രധാന്റെ രാജി, ലഡാക്കിനു കൂടുതൽ അധികാരം എന്നീ രണ്ട് ആവശ്യങ്ങളിൽ ഏതെങ്കിലുമൊന്ന് ശനിയാഴ്ചയ്ക്കകം നടന്നില്ലെങ്കിൽ ഞായറാഴ്ച മുതൽ ജന്തർ മന്തറിൽ നിരാഹാരമിരിക്കുമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തൃശൂർ: കെഎസ്ആർടിസി ബസുകളിലെ സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയുടെ നട്ടെല്ലൊടിക്കുമെന്നും പ്രത്യേക ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ സമരത്തിലേക്കു കടക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ. കഴിഞ്ഞവട്ടം ബസ് ചാർജ് വർധിപ്പിച്ചശേഷം ഡീസലിനു 10 രൂപയുടെ വർധനയുണ്ടായി.
തൊഴിലാളികളുടെ ശന്പളവർധനയുൾപ്പെടെ എല്ലാ മേഖലയിലും ചെലവുയർന്നു. 15 വർഷമായി വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചിട്ടില്ല. സൗജന്യയാത്ര അനുവദിക്കുന്നതോടെ 70 ശതമാനം വനിതകളെങ്കിലും കെഎസ്ആർടിസിയിലേക്കു മാറിയാൽ ഡീസലടിക്കാനും ശന്പളം നൽകാനുമുള്ള പണം പോലും ലഭിക്കില്ല.
പ്രവർത്തനച്ചെലവിന് ആനുപാതികമായി ടിക്കറ്റ് നിരക്കും കാലോചിതമായി വിദ്യാർഥികളുടെ യാത്രാ നിരക്കും വർധിപ്പിക്കണം. സർക്കാർ അനുകൂലനടപടിയെടുത്തില്ലെങ്കിൽ സർവീസ് നിർത്തേണ്ടിവരുമെന്നും മറ്റു സംഘടനകളുമായി ആലോചിച്ച് സമരമുൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പവിത്രൻ, ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ, കെ. രാധാകൃഷ്ണൻ, നൗഷാദ് ആറ്റുപറന്പത്ത്, വി.എസ്. പ്രദീപ്, എൻ. വിദ്യാധരൻ, ബിബിൻ ആലപ്പാട്ട്, ജോർജ് ജോസഫ്, എം.സി. കുഞ്ഞിപ്പ, ജോസ് കുട്ടി എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് മാറ്റിവച്ചതായി പ്രഖ്യാപിച്ചു. തിങ്കളും (24), ചൊവ്വയുമായി (25) പ്രഖ്യാപിച്ച പണിമുടക്കാണ് മാറ്റിവച്ചത്.
യൂണിയൻ പ്രതിനിധികളും ബാങ്ക് മാനേജ്മെന്റുമായി നടത്തിയ ചർച്ചയെത്തുടർന്നാണു പണിമുടക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
ആവശ്യത്തിനു ജീവനക്കാരെ റിക്രൂട്ട് ചെയ്യുക, സ്ഥിരം ജോലി പുറംകരാർ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
Kerala
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ദേശീയ പണിമുടക്കിന് ആഹ്വാനംചെയ്ത് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി).
സ്ഥിരംജോലികൾക്കു പുറംകരാർ നൽകരുത്, അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സ്വകാര്യവത്കരണനീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 25, 26 തീയതികളിലാണു പണിമുടക്ക് നടത്തുന്നത്.
നിലവിൽ 2.30 ലക്ഷം ജീവനക്കാരുള്ള ബാങ്കിൽ ഒന്നേകാൽ ലക്ഷം ജീവനക്കാരും കരാർജീവനക്കാരാണ്. ഹൗസ് കീപ്പിംഗ്, മെസഞ്ചർ, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിൽ വർഷങ്ങളായി സ്ഥിരംനിയമനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
ക്ലെറിക്കൽ വിഭാഗത്തിൽപോലും നിയമനങ്ങൾ നാമമാത്രമാണ്. ഈ ഒഴിവുകളിൽ ഉടനടി സ്ഥിരനിയമനം നടത്തണമെന്നും അർഹതയുള്ള താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ഭാരവാഹികളായ സി. ജയരാജ്, ജെറിൻ കെ. ജോണ്, വിനീത, ജയരാജ് എന്നിവർ ആവശ്യപ്പെട്ടു.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
Kerala
കൊച്ചി: ഓണ്ലൈന് മരുന്നുവ്യാപാരത്തിനും ചെറുകിട മരുന്നുവ്യാപാര മേഖലയെ തകര്ക്കുന്ന കോര്പറേറ്റ് ഇടപെടലുകള്ക്കുമെതിരേ ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ്സ് അന്ഡ് ഡ്രഗിസ്റ്റ്സ് 20ന് നടത്തുന്ന ദേശീയ പണിമുടക്കിനോട് സഹകരിക്കുമെങ്കിലും സംസ്ഥാനത്ത് മെഡിക്കല് ഷോപ്പുകള് തുറന്നുപ്രവര്ത്തിക്കുമെന്ന് ഓള് കേരള കെമിസ്റ്റ്സ് ആന്ഡ് ഡ്രഗിസ്റ്റ്സ് അസോയേഷന് (എകെസിഡിഎ).
സംസ്ഥാനത്ത് പുതിയ സര്ക്കാര് അധികാരമേല്ക്കുന്ന ഘട്ടത്തില് പ്രത്യക്ഷമായ സമരം ഉചിതമല്ലെന്ന സംസ്ഥാന കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കടകള് അടച്ചിട്ടുള്ള സമരം വേണ്ടെന്നു തീരുമാനിച്ചതെന്ന് അസോസിയേഷന് പ്രസിഡന്റ് എ.എന്. മോഹനന് പറഞ്ഞു.
കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തില് അനുവദിച്ച ഓണ്ലൈന് മരുന്ന് വ്യാപാരം നിയമവിരുദ്ധമായി തുടരുകയാണ്. മരുന്നു കുറിപ്പടികള് വ്യാജമായി നിര്മിച്ചുള്ള ദുരുപയോഗവും പതിവായി. ആരോഗ്യമേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള് സൃഷ്ടിച്ചേക്കാവുന്ന വലിയ അപകടങ്ങള്ക്ക് ഇതു കാരണമാകും. വ്യാജ മരുന്നുകളുടെ വ്യാപനത്തിനും ഇടയാക്കും.
മരുന്നു വ്യാപാര മേഖലയിലെ കോര്പറേറ്റുകളുടെ അശാസ്ത്രീയമായ വിലനിര്ണയം ചെറുകിട മരുന്നു വ്യാപാരമേഖലയുടെ നിലനില്പിനു ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: പാചകവാതകത്തിന്റെ വില കുറയ്ക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന് വിപണിയില് സര്ക്കാര് ഇടപെടലും ആവശ്യപ്പെട്ടു സമരപരിപാടികളിലേക്കിറങ്ങുമെന്ന് കേരള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന് (കെഎച്ച്ആര്എ) സംസ്ഥാന കമ്മിറ്റി.
ഗ്യാസിനും മറ്റു നിത്യോപയോഗ സാധനങ്ങള്ക്കെല്ലാം കുത്തനെ വിലകൂടി. പിടിച്ചുനില്ക്കാനാകാത്ത അവസ്ഥയിലാണ് ഹോട്ടല് മേഖല. രാജ്യത്ത് 85 ശതമാനം പാചകവാതകം ഉപയോഗിക്കുന്ന ഗാര്ഹിക മേഖലയുടെ ഭാരംകൂടി ഹോട്ടല് മേഖലയ്ക്കുമേല് കെട്ടിവച്ച നടപടി അംഗീകരിക്കാനാകില്ല.
ജൂണ് ഒന്നിനകം ഈ പ്രതിസന്ധിക്കു പരിഹാരം കാണാന് കേന്ദ്ര സര്ക്കാരിന്റെ ഇടപെടലുണ്ടായില്ലെങ്കില് പാര്ലമെന്റ് മാര്ച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികള് ആവിഷ്കരിക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജി. ജയപാലും ജനറല് സെക്രട്ടറി എന്. അബ്ദുള് റസാഖും അറിയിച്ചു.
Kerala
കൊച്ചി: വാണിജ്യ എല്പിജി സിലിണ്ടറിന് വില കൂട്ടിയതില് പ്രതിഷേധിച്ച് ഗ്യാസ് സിലിണ്ടര് വച്ചുള്ള ശവമഞ്ചവുമായി മൂവാറ്റുപുഴയില് പ്രതിഷേധം. മൂവാറ്റുപുഴ കേരള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്ച്ച് നടത്തിയത്.
വെള്ളൂര്കുന്നത്തെ കെഎച്ച്ആര്എ ഓഫീസിന് മുന്നില് നിന്നും കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡ് വരെയാണ് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര് വച്ചുള്ള ശവമഞ്ചവുമായി പ്രതിഷേധ മാര്ച്ച് നടത്തിയത്. തുടര്ന്ന് കെഎച്ച്ആര്എ സംസ്ഥാന സെക്രട്ടറി സി.കെ അനിലിന്റെ നേതൃത്വത്തില് പ്രതിഷേധ യോഗവും നടന്നു.
അതേസമയം, വാണിജ്യ ഗ്യാസ് വില വര്ധനവിനെതിരെ കെഎച്ച്ആര്എയുടെ നേതൃത്വത്തില് നടക്കുന്ന കടയടപ്പ് സമരത്തില് വലഞ്ഞിരിക്കുകയാണ് നഗരത്തിലെ ജനങ്ങള്. മൂവാറ്റുപുഴയില് കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കൊച്ചി നഗരത്തില് സമൃദ്ധി, ഇന്ദിര കാന്റീനുകള് അടക്കം അടച്ചിട്ടിരിക്കുകയാണ്. ഓണ്ലൈന് ഡെലിവറിയും നിര്ത്തി വച്ചിരിക്കുകയാണ്.
Kerala
കൊച്ചി: വാണിജ്യ ഗ്യാസ് വില വര്ധനവിനെതിരെ കേരളത്തിലെ ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന്റെ നേതൃത്വത്തില് നടക്കുന്ന കടയടപ്പ് സമരത്തില് വലഞ്ഞ് കൊച്ചിയിലെ ജനങ്ങള്. സാധാരണക്കാരുടെ സ്ഥിരം സ്പോട്ട് ആയ സമൃദ്ധി കിച്ചനും ഇന്ദിര കിച്ചനുമടക്കം അടഞ്ഞു കിടക്കുകയാണ്.
സമരം നടക്കുന്നത് അറിയാതെ നിരവധി പേര് രാവിലെ സമൃദ്ധിയില് എത്തിയിരുന്നു. എന്നാല് സമൃദ്ധിയും അടച്ചിട്ടതിനാല് സാധാരണക്കാര്ക്ക് തിരിച്ചടിയായി. കൊച്ചിയില് ഓണ്ലൈന് ഫുഡ് ഡെലിവറി സേവനങ്ങളും പൂര്ണമായും നിലച്ചു. എന്നാല് ചില കഫെകള് ഡെലിവറി നടത്തുന്നുണ്ട്.
ഹോട്ടലുകളും തട്ടുകടകളുമടക്കം അടഞ്ഞു കിടക്കുന്നതിനാല് കൊച്ചിയില് സമരം പൂര്ണമാണ്. 24 മണിക്കൂര് ആണ് കടയടപ്പ് സമരം നടക്കുന്നത്. എറണാകുളം പനമ്പിള്ളി നഗറിലെ ഇന്ത്യന് ഓയില് കോര്പ്പറേഷന്റെ ഓഫീസിലേക്ക് ഉച്ചയ്ക്ക് പ്രതിഷേധ മാര്ച്ചും കേരള ഹോട്ടല് ആന്ഡ് റസ്റ്ററന്റ് അസോസിയേഷന് നടത്തി.
Kerala
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകള് സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി ആറാം തീയതി സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടര് വില മൂവായിരം കടന്നു. ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. പ്രവര്ത്തനച്ചെലവിന്റെ പേരില് വിഭവങ്ങള്ക്ക് വില കൂട്ടിയാല് ഉപഭോക്താക്കള്ക്ക് അത് വലിയ തിരിച്ചടിയാകും.
അതിനാൽ വിലവർധന പിൻവലിക്കണം. എല്പിജി നിയന്ത്രണം കാരണം അടച്ചിട്ട ഹോട്ടലുകള് പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്.
Kerala
കോതമംഗലം: ഇടിമിന്നലിൽ പള്ളിയുടെ മുകൾഭാഗം അടർന്നുവീണു. കോതമംഗലത്ത് ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിന്റെ മുകൾഭാഗമാണ് അടർന്നുവീണത്.
പള്ളിയിലെ മിന്നൽ രക്ഷാചാലകത്തോട് ചേർന്നുള്ള കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗമാണ് തകർന്ന് താഴേക്ക് പതിച്ചത്. കെട്ടിടത്തിന്റെ ഭാഗങ്ങൾ പള്ളി അങ്കണത്തിൽ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ ചൊവ്വാഴ്ച.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കും.
കണ്ണൂരിൽ സ്വകാര്യ ബസ് സർവീസ് മുടങ്ങില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് അറിയിച്ചു. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചു.
52 ദളിത് സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ.
ജസ്റ്റീസ് ഫോർ നിധിൻരാജ് ആക്ഷൻ കൗൺസിലും ദളിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.
Kerala
കൊച്ചി: നഴ്സുമാരുടെ സമരത്തില് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഹൈക്കോടതി നീക്കി. സമരം നടത്തുന്നവര്ക്കെതിരേ അച്ചടക്കനടപടി പാടില്ലെന്നതടക്കമുള്ള നിയന്ത്രണങ്ങളാണു കോടതി നീക്കിയത്. മാനേജ്മെന്റും നഴ്സിംഗ് ജീവനക്കാരും തമ്മിലുള്ള തര്ക്കത്തില് നഴ്സുമാരുടെ അസോസിയേഷനും സ്വകാര്യ ആശുപത്രി മാനേജ്മെന്റും ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് നീക്കി ഇടക്കാല ഉത്തരവ് കോടതി പരിഷ്കരിച്ചു.
ജസ്റ്റീസ് ഹരിശങ്കര് വി. മേനോനാണ് മുന് ഉത്തരവ് ഭേദഗതി ചെയ്തത്. കക്ഷികള്ക്കിടയില് മധ്യസ്ഥത വഹിക്കാന് കോടതി നിര്ദേശിച്ചതിനാല് നഴ്സുമാരുടെ അസോസിയേഷന് അവരുടെ പണിമുടക്ക് മാറ്റിവയ്ക്കണമെന്നും അംഗങ്ങള് ജോലിയില്നിന്നു വിട്ടുനില്ക്കുകയോ ഏതെങ്കിലും തരത്തിലുള്ള പണിമുടക്കില് ഏര്പ്പെടുകയോ തടസപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിര്ദേശിച്ചിരുന്നു.
എന്നാല്, മധ്യസ്ഥത പരാജയപ്പെട്ടു. തുടര്ന്നാണ് മുന് ഉത്തരവില് ഭേദഗതി വരുത്തിയത്. നഴ്സുമാര്ക്ക് നിയമപരമായി സമരം പുനരാരംഭിക്കാം. അതോടൊപ്പം നഴ്സുമാര്ക്കെതിരേ ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്പ്പെടെ ആശുപത്രി മാനേജ്മെന്റിന് നിയമപ്രകാരം മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
National
ന്യൂഡൽഹി: നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ വേതന നിരക്ക് വർധിപ്പിച്ച് യുപി സർക്കാർ. തൊഴിലാളികളുടെ വേതനം 2,500 മുതൽ 3,000 രൂപ വരെ വർധിപ്പിച്ചു. സർക്കാർ നിയമിച്ച ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
നോയിഡ ഫെയ്സ് ടുവിലെ വിവിധ ഫാക്ടറികളിൽ നിന്നുള്ള ഏകദേശം 42,000 ത്തോളം തൊഴിലാളികൾ സംഘടിച്ച് ഇറങ്ങിയതോടെയാണ് സമരം അക്രമാസക്തമായി മാറിയത്. ഇതിനുപിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തിൽ ഇടപെടുകയായിരുന്നു.
തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി കൊടുക്കണമെന്നും തൊഴിൽ നിയമങ്ങൾ പിന്തുടരണമെന്നും ഫാക്ടറികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പിന്നാലെ രാത്രിയോടെ ഉന്നതാധികാര സമിതി സംസ്ഥാനത്ത് മിനിമം വേതന നിരക്ക് കൂട്ടി ഉത്തരവിറക്കുകയായിരുന്നു.
അവിദഗ്ധ തൊഴിലാളികൾക്ക് 13,690 രൂപയായും, അർധ വിദഗ്ധ തൊഴിലാളികൾക്ക് 15,059 രൂപയായും, വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് 16,868 രൂപയായുമാണ് വേതനം വർധിപ്പിച്ചത്. അതേസമയം സംഘർഷത്തിൽ പങ്കെടുത്ത 300 പേരെ പോലീസ് കസ്റ്റഡയിലെടുത്തു.
100 പേരെ നിലവിൽ ചോദ്യം ചെയ്യുകയാണ്. പ്രതിഷേധത്തിന് പിന്നിൽ അരാജകവാദം പടർത്താൻ ആഗ്രഹിച്ച സംഘടനകളെന്ന് യുപി തൊഴിൽ മന്ത്രി ആരോപിച്ചു.
National
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധന ആവശ്യപ്പെട്ട് ഫാക്ടറി ജീവനക്കാർ നടത്തിയ സമരം സംഘർഷത്തിൽ കലാശിച്ചു. നോയിഡ ഫേസ് രണ്ടിലെ വ്യവസായ മേഖലയിലാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ സമരക്കാർ പോലീസ് വാനിന് ഉൾപ്പെടെ തീയിടുകയും പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.
ശമ്പളം വർധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊഴിലാളികൾ പ്രതിഷേധത്തിലായിരുന്നു. അയൽസംസ്ഥാനമായ ഹരിയാനയിൽ അടുത്തിടെ മിനിമം വേതനത്തിൽ 35 ശതമാനം വർധന വരുത്തിയിരുന്നു. സമാനമായ രീതിയിൽ ഉത്തർപ്രദേശിലും വേതനം വർധിപ്പിക്കണമെന്നാണ് നോയിഡയിലെ തൊഴിലാളികളുടെ പ്രധാന ആവശ്യം.
തിങ്കളാഴ്ച രാവിലെ സമരക്കാർ തെരുവിലിറങ്ങിയതോടെയാണ് സ്ഥിതിഗതികൾ വഷളായത്. സെക്ടർ 84-ലെ ടെക്സ്റ്റൈൽ, ഇലക്ട്രോണിക് ഫാക്ടറികളിലെ ജീവനക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ രണ്ട് വാഹനങ്ങൾ സമരക്കാർ തീയിട്ടു. സ്വകാര്യ വസ്തുവകകൾക്കും ഫാക്ടറികൾക്കും നേരെയും ആക്രമണമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഹരിയാനയിൽ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 11,274 രൂപയിൽ നിന്ന് 15,220 രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ നോയിഡയിൽ ഇത് ഇപ്പോഴും കുറവാണെന്നും സമാന ജോലി ചെയ്യുന്നവർക്ക് തുല്യവേതനം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
District News
വണ്ടിത്താവളം: മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് ചിറ്റൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ ഏകദിന നിരാഹാര സമരം നടത്തി.
2018 ലെ മഹാപ്രളയം മനുഷ്യനിർമിതമാണെന്നറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയും അന്നത്തെ ജലസേചനമന്ത്രിയും നിലവിൽ എംഎൽഎയുമായ മാത്യു ടി. തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തിയത്. പുറത്തുവന്നിരിക്കുന്നത് വ്യാജ ശബ്ദരേഖയാണെങ്കിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ആരോപണ വിധേയർ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെയും പരാതി നൽകാൻ തയാറാകണമെന്നു സുമേഷ് അച്യുതൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കുറ്റക്കാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിത്താവളത്ത് രാവിലെ ഒന്പതിനു മുതിർന്ന കോൺഗ്രസ് നേതാവ് കെ. ഗോപാലസ്വാമി ഷാൾ അണിയിച്ചതോടെയാണ് നിരാഹാര സമരത്തിനു തുടക്കമായത്.
വൈകുന്നേരം അഞ്ചുവരെയായിരുന്നു സമരം. ചിറ്റൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ, പട്ടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. ശിവദാസ്, ശ്രീജിത്ത് തത്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.
International
വാഷിംഗ്ടൺ ഡിസി: ഇറാനിലെ ടെഹ്റനിൽ വീണ്ടും വ്യാപക ആക്രമണം നടത്തിയെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണത്തിൽ നിരവധി ഉന്നത സൈനിക നേതാക്കൾ കൊല്ലപ്പെട്ടുവെന്നും സാമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് വെളിപ്പെടുത്തി.
ആക്രമണത്തിന്റെ ഒരു മിനിറ്റ് ഏഴ് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സഹിതമുള്ള പോസ്റ്റാണ് ട്രംപ് പങ്കുവച്ചത്. 48 മണിക്കൂറിനുള്ളിൽ ഒരു കരാറിൽ ഏർപ്പെടുകയോ അല്ലെങ്കിൽ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നുനൽകുകയോ ചെയ്തില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന അന്ത്യശാസനത്തിന് പിന്നാലെയാണ് ഈ ആക്രമണം.
ആക്രമണത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരപരിപാടികൾ പൂർണമായും നിയമവിരുദ്ധവും നിലവിലുള്ള മാനദണ്ഡങ്ങളുടെ ലംഘനവുമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ.
2012-13 കാലഘട്ടത്തിലെ നഴ്സിംഗ് സമരങ്ങൾക്കുശേഷമുള്ള ഹൈക്കോടതി വിധികളനുസരിച്ച് ആരോഗ്യമേഖലയിൽ സമരം ആരംഭിക്കുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകേണ്ടതുണ്ട്.
എന്നാൽ ഏഴു ദിവസം മുമ്പ് മാത്രം നോട്ടീസ് നൽകിയും ഒരു ദിവസത്തെ സൂചനാപണിമുടക്കിനെ അനിശ്ചിതകാല സമരമാക്കി മാറ്റിയുമുള്ള സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതു നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണ്.
കൃത്യമായ അറിയിപ്പോടുകൂടിയ നിയമപരമായ പണിമുടക്കുകൾ സ്വീകാര്യമാണ്. എന്നാൽ മുൻകൂട്ടി അറിയിക്കാതെയുള്ള സമരം തീർത്തും നിയമവിരുദ്ധമാണ്.
ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം എന്നതിൽനിന്നു മാറി ഭീഷണികളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ തീവ്ര സ്വഭാവത്തിലുള്ള ഒന്നായി യുഎൻഎയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന സമരം മാറിയിരിക്കുന്നുവെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആരോപിച്ചു.
Kerala
കൊച്ചി: ചെയ്ത ജോലികളുടെ കുടിശിക ലഭിക്കാത്തതിനെത്തുടര്ന്ന് സംസ്ഥാനത്തെ റെയില്വേ മേഖലയിലെ കരാറുകാര് പ്രതിസന്ധിയിലാണെന്ന് സതേണ് റെയില്വേ കോണ്ട്രാക്ടേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികള്.
ഏറ്റെടുത്ത പ്രവൃത്തികൾപ്പോലും പൂര്ത്തീകരിക്കാന് കഴിയാത്ത സാഹചര്യമാണ്. ഈ നില തുടര്ന്നാല് ജോലികൾ നിര്ത്തിവയ്ക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് ഓര്ഗനൈസേഷന് പ്രസിഡന്റ് അലക്സ് പെരുമാലില്, ജനറല് സെക്രട്ടറി കെ.എ. ജോണ്സണ് എന്നിവര് പറഞ്ഞു.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്ക്കു കീഴിലായി 285 കോടിയാണ് കരാറുകാര്ക്കു നല്കാനുള്ളത്. കഴിഞ്ഞ ഡിസംബര്, ജനുവരി മാസങ്ങളില് നല്കേണ്ട തുകയാണിത്.
എറണാകുളത്ത് 150 കോടിയും തിരുവനന്തപുരം ഡിവിഷനു കീഴില് 52 കോടിയും പാലക്കാട് ഡിവിഷനു കീഴില് 82.85 കോടിയുമാണ് കരാര് കുടിശിക. ട്രാക്കിലെ ജോലികൾ ഉൾപ്പെടെ മഴയ്ക്കു മുന്പേ തീര്ക്കേണ്ട പ്രവൃത്തികൾ ഏറെയുണ്ട്.
പണം ലഭിച്ചാലേ ഇവ പൂര്ത്തീകരിക്കാനാകൂ. റെയില്വേ മന്ത്രാലയത്തെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കുടിശിക പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
Kerala
തൊടുപുഴ: ഇടുക്കി കരിങ്കുന്നം നെല്ലാപ്പാറ കുരിശുപള്ളി വളവിൽ നിരന്തരം അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധം. ഇന്നു രാവിലെ കരിങ്കുന്നം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ഇന്നലെ ഇവിടെ കാറിനു പിന്നിൽ ലോറിയിടിച്ച് അപകടമുണ്ടായി. കാറും ലോറിയും 35 അടി താഴ്ചയിലേക്കു മറിഞ്ഞു. രണ്ടു വാഹനങ്ങളും പൂർണമായി തകർന്നു. ഗർഭിണി അടക്കം അഞ്ചു പേർക്കു പരിക്കേറ്റു.
ഓട്ടത്തിനിടെ കാറിനു പിന്നില് ലോറിയിടിച്ച് ഇരുവാഹനങ്ങളും 35 അടി താഴ്ചയിലേക്കു മറിഞ്ഞ് നാല് എംജി യൂണിവഴ്സിറ്റി ഉദ്യോഗസ്ഥര് ഉള്പ്പെടെ അഞ്ചു പേര്ക്കാണ് പരിക്കേറ്റത്. ഇതില് രണ്ടു പേരുടെ പരിക്കു സാരമുള്ളതാണ്. പാലാ ഭാഗത്തുനിന്നു വന്ന ലോറി വളവില് നിയന്ത്രണംവിട്ടതിനെത്തുടര്ന്ന് മുന്പില് പോകുകയായിരുന്ന കാറിലിടിച്ചു രണ്ടു വാഹനങ്ങളും താഴേക്കു പതിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള് പറയുന്നു.
ഇന്നലെ വൈകുന്നേരം 6.15നായിരുന്നു അപകടം. എംജി യൂണിവഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാര്മാരായ കോലാനി ഇലവുംതടത്തില് ഇ.കെ. സജീവ് (54), അമയപ്ര തുരുത്തിപ്പള്ളില് ജിന്സണ് (53), യൂണിവേഴ്സിറ്റി ജീവനക്കാരായ ഏഴല്ലൂര് സ്വദേശിനി സിമി (32), ചിത്തിരപുരം സ്വദേശിനി ബിഞ്ചുമോള് തോമസ് (29) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാലു പേരും കോട്ടയത്തുനിന്നു ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടത്തില്പ്പെട്ടത്.
ലോറിയില് ഡ്രൈവര് തമിഴ്നാട് സ്വദേശി ജയകുമാര് മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചു പേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളില് പ്രവേശിപ്പിച്ചു. പരിക്കേറ്റ ബിഞ്ചുമോള് ഗര്ഭിണിയാണ്. ഇവരെ സാരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു.
നെല്ലാപ്പാറ കുരിശുപള്ളി വളവില് അപകടങ്ങള് തുടർക്കഥയാണ്. കഴിഞ്ഞ നവംബറില് ഇതേ സ്ഥലത്ത് കണ്ടെയ്നര് ലോറി മറിഞ്ഞ് ഒരാള് മരിച്ചിരുന്നു. അന്നു തകര്ന്ന ക്രാഷ് ബാരിയര് അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതിനു പിന്നാലെ നിരവധി അപകടങ്ങള് മേഖലയില് നടന്നു. ഇവിടെ റിബണ് കെട്ടിവച്ചതു മാത്രമാണ് ഏക സുരക്ഷാ സംവിധാനം. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി ഇന്നു റോഡ് ഉപരോധിച്ചത്.
Kerala
കൊച്ചി: നഴ്സുമാര് നടത്തുന്ന സമരം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയില് നടന്ന മധ്യസ്ഥ ചര്ച്ചയില് ഇന്നലെയും തീരുമാനമായില്ല.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് ചര്ച്ച തുടരും. പ്രശ്ന പരിഹാരത്തിനുള്ള സാധ്യത സംബന്ധിച്ച് ഒട്ടേറെ നിര്ദേശങ്ങളുയര്ന്നെങ്കിലും ചില കാര്യങ്ങളില് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ആശുപത്രി മാനേജ്മെന്റിന്റെയും നഴ്സുമാരുടെ സംഘടനയുടെയും പ്രതിനിധികള് അറിയിച്ചതിനെ തുടര്ന്ന് സമയം അനുവദിക്കുകയായിരുന്നു.
സംഘടനകള്ക്കകത്ത് വിഷയം അവതരിപ്പിച്ചശേഷം ചൊവാഴ്ച്ച നിലപാട് അറിയിക്കാമെന്നാണ് കക്ഷികള് അറിയിച്ചിട്ടുള്ളത്.
NRI
ബെർലിൻ: ജർമനിയിലെ ബെർലിൻ - ബ്രാൻഡൻബർഗ് വിമാനത്താവളത്തിൽ ബുധനാഴ്ച ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. ശമ്പള വർധനവുമായി ബന്ധപ്പെട്ട് വെർഡി യൂണിയനും മാനേജ്മെന്റും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതിഷേധം.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന പണിമുടക്ക് അർദ്ധരാത്രി വരെ നീണ്ടുനിൽക്കും. പണിമുടക്കിനെത്തുടർന്നുണ്ടാകുന്ന പ്രധാന തടസങ്ങൾ താഴെ പറയുന്നവയാണ്:
സർവീസുകൾ റദ്ദാക്കി: അന്നേ ദിവസം നിശ്ചയിച്ചിരുന്ന 445 വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി. യാത്രക്കാർ: ഏകദേശം 57,000 യാത്രക്കാരെ ഈ പണിമുടക്ക് നേരിട്ട് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
പ്രവർത്തനം തടസപ്പെടാൻ കാരണം വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ സുരക്ഷാ വിഭാഗങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ ഈ വിഭാഗങ്ങളുടെ സേവനമില്ലാതെ വിമാനങ്ങൾക്ക് സർവീസ് നടത്താൻ സാധിക്കില്ല എന്നതാണ് വിമാനത്താവളം പൂർണമായും അടച്ചിടാൻ കാരണമാകുന്നത്.
ആവശ്യങ്ങൾ
ജീവനക്കാരുടെ ശമ്പളത്തിൽ ആറ് ശതമാനം വർധനവ് വേണമെന്നാണ് വെർഡി യൂണിയന്റെ പ്രധാന ആവശ്യം. നിലവിലെ പണപ്പെരുപ്പവും ജീവിതച്ചെലവും കണക്കിലെടുത്താണ് ഈ ആവശ്യമെന്ന് യൂണിയൻ വ്യക്തമാക്കി.
എന്നാൽ മാനേജ്മെന്റുമായുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങിയത്.
യാത്രക്കാർ ശ്രദ്ധിക്കാൻ
ബുധനാഴ്ച യാത്ര നിശ്ചയിച്ചിട്ടുള്ളവർ തങ്ങളുടെ വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് യാത്രയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തേടേണ്ടതാണ്.
റദ്ദാക്കിയ വിമാനങ്ങൾക്ക് പകരമുള്ള ക്രമീകരണങ്ങളെക്കുറിച്ച് അറിയാൻ എയർലൈൻ വെബ്സൈറ്റുകളോ ആപ്പുകളോ പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.
Kerala
കൊച്ചി: ഹോട്ടലുകളെ അവശ്യസര്വീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകള്ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളിലേക്ക് കടന്ന് കേരള ഹോട്ടല് ആന്ഡ് റസ്റ്റോറന്റ് അസോസിയേഷന്(കെഎച്ച്ആര്എ).
വാണിജ്യ സിലിണ്ടറുകള് വിതരണം ചെയ്യാന് എണ്ണക്കമ്പനികള്ക്ക് നിര്ദേശം ലഭിച്ചിട്ടും മുന്ഗണനാപട്ടികയില് ഹോട്ടലുകളെ ഉള്പ്പെടുത്താത്തിനാല് ഹോട്ടലുകള്ക്ക് സിലിണ്ടറുകള് വിതരണം ചെയ്യുന്നില്ല.
സ്വകാര്യ കമ്പനികള് അവസരം മുതലാക്കി ഗ്യാസിന് വന് വിലവര്ധന വരുത്തിയിരിക്കുകയാണ്. ലക്ഷകണക്കിനാളുകളെ നേരിട്ട് ബാധിക്കുന്ന വിഷയമായിട്ടും കേന്ദ്രസംസ്ഥാന സര്ക്കാരുകള് ഇക്കാര്യത്തില് നിസംഗത പുലര്ത്തുകയാണ്.
ഹോട്ടലുകളെ മുന്ഗണനാപട്ടികയില് ഉള്പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച എണ്ണക്കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റിലേക്ക് മാര്ച്ച് നടത്തും. തുടര്ന്ന് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകള് അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്തുമെന്നും പ്രസിഡന്റ് ജി. ജയപാല്, ജനറല് സെക്രട്ടറി എന്. അബ്ദുള് റസാഖ് എന്നിവര് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹോട്ടൽ സംഘടന. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
ഹോട്ടലുകളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചതായി സംഘടന അറിയിച്ചു.
പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടർന്നാണ് സംഘടന സമരരംഗത്തേക്കിറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടൽ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷൻ അറിയിക്കുന്നത്.
Kerala
കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎന്എ) പ്രസിഡന്റായിരുന്ന ജാസ്മിന് ഷാ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും ഇഡി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പം. ജാസ്മിൻ ഷായ്ക്കെതിരേ കേന്ദ്ര ഏജൻസി നടപടികളെടുത്ത വാർത്ത പുറത്തുവന്നത് നഴ്സുമാർ ഇപ്പോൾ നടത്തുന്ന സമരത്തിന്റെ തന്നെ പ്രഭ കുറച്ചെന്നാണ് ഒരു വിഭാഗം നഴ്സുമാർ പറയുന്നത്. സംഘടനയുടെ പണം നേതാക്കൾ തന്നെ വെട്ടിച്ചെന്ന കണ്ടെത്തൽ സംഘടനയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഴ്സുമാർ സംഘടനയ്ക്കു വരിസംഖ്യയായും മറ്റും നൽകിയ പണമാണ് തിരിമറി നടത്തിയതായി ഇഡി കണ്ടെത്തിയിരിക്കുന്നത്.
തുക വകമാറ്റി
യുഎൻഎയുടെ ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി വക മാറ്റി ചെലവഴിച്ചെന്നു കണ്ടെത്തിയ ഇഡി കഴിഞ്ഞ ദിവസം ജാസ്മിൻഷായുടെയും കൂട്ടാളികളുടെയും സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഹവാലപ്പണം കടത്തിയെന്ന ആരോപണത്തിലും അന്വേഷണം തുടങ്ങിയിരിക്കുന്നത്. സർക്കാരിനെതിരേ സെക്രട്ടേയറ്റ് പടിക്കൽ നടത്തിവന്ന സമരം സർക്കാർ ശമ്പളം പരിഷ്കരണം നടത്തിയെന്ന പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിന്നാലെ അവസാനിപ്പിച്ചതിനെതിരെയും ഒരു വിഭാഗം നഴ്സുമാർക്ക് അതൃപ്തിയുണ്ട്.
എന്തിനു സമരം നിർത്തി?
സർക്കാർ വർധിപ്പിച്ച നിരക്കിനെ സംഘടന അംഗീകരിച്ചിട്ടില്ല. പിന്നെന്തിനാണ് സർക്കാരിനെതിരേയുള്ള സമരം നിർത്തിയെന്നാണ് ഇവർ ചോദിക്കുന്നത്. ജാസ്മിൻ ഷായ്ക്കെതിരേ കേസുകൾ നിലവിലുള്ളതിനാൽ അതിൽ പിടിവീഴുമെന്നതുകൊണ്ടാണ് സർക്കാരിനെതിരേയുള്ള സമരം പെട്ടെന്നു നിർത്തിയതെന്നാണ് ഉയരുന്ന ആരോപണം. സർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ റാലിയെ സമരക്കാർ കൂവി വിളിച്ചു പരിഹസിച്ചതിന്റെ പ്രശ്നം തീർക്കാൻ ഉടൻ റിയാസിനെ പുകഴ്ത്തി ജാസ്മിൻ ഷാ രംഗത്തുവന്നതും ഇതേ കാരണംകൊണ്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ചില സ്വകാര്യ ആശുപത്രിൽ മാത്രം തെരഞ്ഞുപിടിച്ചുസമരം നടക്കുന്നതിലും പലരും അതൃപ്തിയിലാണ്. ഇതിനിടെ, സമരത്തിലുണ്ടായിരുന്ന കൂടുതൽ പേർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയതും നേതൃത്വത്തെ അലോസരപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് കാലത്തു വിവിധ ഗള്ഫ് രാജ്യങ്ങളില് കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്റെ പേരില് കോടികള് സമാഹരിച്ചെന്നാണു ജാസ്മിൻ ഷായ്ക്കെതിരേയുള്ള ഒരു പരാതി. കൊച്ചി പറവൂര് സ്വദേശി എം.ആര്. അജയനാണു ജാസ്മിന് ഷായുടെ ഹവാല കള്ളപ്പണ ഇടപാടുകള് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്ക്കു പരാതി നല്കിയത്.
30 കോടിയെന്ന് പരാതി
സൗദി അറേബ്യ ഉള്പ്പെടെ ഗള്ഫ് രാജ്യങ്ങളില്നിന്നു സമാഹരിച്ച തുക ഉപയോഗിച്ചു ജാസ്മിന് ഷാ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില് 30 കോടിയുടെ വസ്തുവകകൾ വാങ്ങിയെന്നു പരാതിയില് പറയുന്നു. കൊച്ചി നെട്ടൂര് സ്വദേശി മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെയും മലപ്പുറം സ്വദേശികളായ ഷമീര്, അഷ്റഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രാവല്സിന്റെയും പേരുകളിലാണ് നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനുള്ള ഡോക്യുമെന്റേഷനുകള് നടത്തിയത്.
ഇതിലൂടെ കോടികളുടെ ഹവാല ഇടപാടുകള് നടന്നെന്നും അനധികൃത പണശേഖരണവും വിനിയോഗവും സംബന്ധിച്ചു വിശദമായ അന്വേഷണം വേണമെന്നും ഇഡിക്കു നല്കിയ പരാതിയില് ചൂണ്ടിക്കാട്ടുന്നു.
കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പില് ആരോപണം നേരിട്ട മുന് എംഎല്എ എം.കെ. കണ്ണനുമായി ജാസ്മിന് ഷായ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു. ജാസ്മിന് ഷായുടെ ഹവാല ഇടപാടില് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിലും എം.ആര്. അജയന് ഹര്ജി നല്കിയിട്ടുണ്ട്.
1.44 കോടി
യുഎന്എ ഫണ്ട് തട്ടിപ്പുകേസില് ജാസ്മിന് ഷായുടെയും കൂട്ടാളികളുടെയും സ്വത്തുക്കള് ഇഡി കണ്ടുകെട്ടിയിരുന്നു. ജാസ്മിന് ഷായ്ക്കു പുറമെ ഭാര്യ ഷബ്ന, അസോസിയേഷന് മുന് ഭാരവാഹികളായ ബിബിന് എന്. പോള്, ഷോബി ജോസഫ് എന്നിവരുടെ അഞ്ച് വസ്തുവകകളും നാല് ഫിക്സ്ഡ് ഡെപ്പോസിറ്റുകളും ഉള്പ്പെടെ ഏകദേശം 1.44 കോടിയുടെ സ്വത്തുക്കളാണു കണ്ടുകെട്ടിയത്. മലപ്പുറം, പാലക്കാട്, തൃശൂര്, ഇടുക്കി ജില്ലകളിലെ ഭൂമിയും ഫ്ലാറ്റുകളും കണ്ടുകെട്ടി.
അസോസിയേഷന്റെ പണം വ്യക്തിപരമായ ആവശ്യങ്ങള്ക്കും ആഡംബരവസ്തുക്കള് വാങ്ങാനും ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടി. ഈ കേസില് ഇഡിയുടെ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അതേസമയം, ഇഡിയെ ഉപയോഗിച്ചു തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്ന് ജാസ്മിൻ ഷാ പ്രതികരിച്ചു.
NRI
ബെർലിൻ: പെൻഷനുകളെച്ചൊല്ലിയുള്ള ദീർഘകാല തർക്കം രൂക്ഷമാക്കിക്കൊണ്ട് ലുഫ്താൻസ പൈലറ്റുമാർ വ്യാഴാഴ്ച പുലർച്ചെ മുതൽ രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിക്കും.
വിസി പൈലറ്റുമാരുടെ യൂണിയൻ ആഹ്വാനം ചെയ്ത വാക്ക്ഔട്ട് വ്യാഴാഴ്ച ഒന്ന് മുതൽ വെള്ളിയാഴ്ച രാത്രി 11.59 വരെ ജർമൻ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന ലുഫ്താൻസ പാസഞ്ചർ, കാർഗോ വിമാനങ്ങളെ ബാധിക്കും.
ചർച്ചകൾ പുരോഗതിയില്ലാതെ നീണ്ടുപോയെന്നും മെച്ചപ്പെട്ട ഓഫറുകളൊന്നും മേശപ്പുറത്തില്ലെന്നും യൂണിയൻ പറയുന്നു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈജിപ്ത്, ഇസ്രയേൽ, ജോർദാൻ, ഖത്തർ, യുഎഇ എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിന്റെ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങളെ ഒഴിവാക്കും.
യാത്രക്കാരെ അങ്ങേയറ്റം കഠിനമായി ബാധിച്ചതായി കഴിഞ്ഞ മാസം ലുഫ്താൻസ പറഞ്ഞ നടപടിയെ തുടർന്നാണ് പണിമുടക്ക്.
National
ന്യൂഡൽഹി: കോർപറേറ്റ് അനുകൂല നടപടികൾ വെടിഞ്ഞില്ലെങ്കിൽ അഖിലേന്ത്യാ തലത്തിൽ പ്രതിഷേധമുയരുമെന്ന് കേന്ദ്ര സർക്കാരിനോട് മസ്ദൂർ കിസാൻ പാർലമെന്റ്.
ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ കർഷകരും തൊഴിലാളികളും പ്രക്ഷോഭങ്ങൾക്ക് ഭാഗഭാക്കാകണമെന്നും കിസാൻ പാർലമെന്റ് ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ആരംഭിച്ചു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം.
നഴ്സുമാരുടെ സംഘടനയായ യുഎൻഎയുമായി ശമ്പള വർധനയിൽ ധാരണയിലെത്താത്ത എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികൾ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചു.
ശമ്പള വർധനവ് അംഗീകരിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് സമരം പുനഃരാരംഭിച്ചത്.
സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ ഉയർന്ന തുക മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്. അതേസമയം സമരം തുടരുന്ന ആശുപത്രികളിലെ മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തി വന്ന സമരം താത്കാലിമായി നിർത്തിവച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ച സമരം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കെജിഎംസിടിഎ അറിയിച്ചു.
നാളെ മുതൽ അധ്യയനം, ഒപി, ശസ്ത്രിക്രികള് തുടങ്ങിയവ ആരംഭിക്കും. 18 മാസത്തെ കുടിശിക ഉടൻ അനുവദിക്കാനുള്ള നടപടികൾ ആരംഭിക്കാമെന്നും ബാക്കി 39 മാസത്തെ കുടിശിക നിയമപരമായ പരിശോധനകള്ക്ക് ശേഷം നൽകാമെന്നും സർക്കാർ ഉറപ്പ് നൽകിയിരുന്നു.
ആരോഗ്യസെക്രട്ടറിയും സംഘടനയുമായി നടത്തിയ ചർച്ചയിൽ രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. അടിസ്ഥാന സൗകര്യങ്ങള് വർധിപ്പിക്കാനും തസ്തികള് കൂട്ടാനും അടിയന്തിര നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടത്താത്തതില് പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യാശുപത്രിയിലെ നഴ്സുമാര് പണിമുടക്കി പ്രതിഷേധത്തില്. യുഎന്എയുടെ നേതൃത്വത്തിലാണ് നഴ്സുമാര് പണിമുടക്കി സെക്രട്ടറിയേറ്റിന് മുന്നില് പ്രതിഷേധിക്കുന്നത്.
മാസശമ്പളം നാല്പ്പതിനായിരം രൂപയാക്കി വര്ധിപ്പിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. നിലവില് ഇരുപതിനായിരം രൂപമാത്രമാണ് ശമ്പളമായി ലഭിക്കുന്നത്. കുടുംബ ചെലവുകള് നടത്താന് ഈ തുക കൊണ്ട് സാധിക്കുന്നില്ലെന്നും വിദ്യാഭ്യാസ ലോണും മറ്റ് ലോണുകളും അടയ്ക്കാന് തന്നെ സാധിക്കാത്ത അവസ്ഥയാണെന്നുമാണ് നഴ്സുമാര് വ്യക്തമാക്കുന്നത്.
പതിനാല് മണിക്കൂറിലേറെ സമയം ജോലി നോക്കിയിട്ടും മതിയായ പ്രതിഫലം ലഭിക്കുന്നില്ലെന്നും നീതി ലഭിക്കണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം. സ്വകാര്യാശുപത്രിയില് ഇന്ന് അത്യാഹിത വിഭാഗത്തില് മാത്രമാണ് നഴ്സുമാരുടെ സേവനമുള്ളത്.
ഇന്ന് രാവിലെയോടെ കേരളത്തിലെ വിവിധ ജില്ലകളില് നിന്നുളള നഴ്സുമാര് തിരുവനന്തപുരത്തെത്തി. പാളയം ചന്ദ്രശേഖരന് നായര് സ്റ്റേഡിയത്തില് നിന്നുമാണ് നഴ്സുമാര് സെക്രട്ടറിയേറ്റിലേക്ക് മാര്ച്ചും ധര്ണയും നടത്തിയത്.
International
ദുബായ്: ദുബായിലെ അമേരിക്കന് കോണ്സുലേറ്റിന് നേര്ക്ക് ഇറാന്റെ ഡ്രോണ് ആക്രമണം. ചൊവ്വാഴ്ച അര്ധരാത്രിയോടെയായിരുന്നു സംഭവം.
ഡ്രോണ് ആക്രമണത്തില് കോണ്സുലേറ്റിന് സമീപത്ത് ചെറിയ തോതില് തീപിടിത്തം ഉണ്ടായതായാണ് റിപ്പോര്ട്ട്. വിവരമറിഞ്ഞ് ഉടന് സ്ഥലത്തെത്തിയ ദുബായ് സിവില് ഡിഫന്സ് വിഭാഗം തീ അണച്ചു.
സംഭവത്തില് ആര്ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ആക്രമണത്തെ പ്രതിരോധിച്ചെന്ന് യുഎഇ സര്ക്കാര് വ്യക്തമാക്കി.
കെട്ടിടത്തില് ഡ്രോണ് പതിച്ചെന്നും എന്നാല് യുഎസ് ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക് റൂബിയോ വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച പുലർച്ചെ റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ കെട്ടിടത്തിന് തീപിടിച്ചിരുന്നെങ്കിലും അധികൃതർ ഉടൻ തന്നെ തീ അണച്ചു.
NRI
ബര്ലിന്: ലഫ്ത്താന്സാ പൈലറ്റുമാര് പ്രഖ്യാപിച്ച പണിമുടക്ക് പിന്വലിച്ചു. മിഡില് ഈസ്റ്റിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിലാണ് പൈലറ്റുമാരുടെ സംഘടനയായ 'യൂണിയന് കോക്പിറ്റ്' (Vereiningung Cockpit) ഈ തീരുമാനമെടുത്തത്.
മിഡില് ഈസ്റ്റിലെ സംഘര്ഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ലഫ്താന്സ വിമാനക്കമ്പനിയിലെ പൈലറ്റുമാര് ഈ ആഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. നിലവിലെ പ്രത്യേക സാഹചര്യത്തില് യാത്രക്കാരുടെ സുരക്ഷയ്ക്കും ചരക്ക് നീക്കത്തിനുമാണ് മുന്ഗണന നല്കേണ്ടതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു.
തിരിച്ചെത്തിക്കല് ദൗത്യങ്ങള് യുദ്ധമേഖലകളില് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിന് വിമാന സര്വീസുകള് അത്യാവശ്യമാണ്.
നിലവിലെ സാഹചര്യത്തില് വിമാന സര്വീസുകള് തടസമില്ലാതെ നടത്തുന്നതിനാണ് ഞങ്ങള് മുന്ഗണന നല്കുന്നത്. എങ്കിലും മാനേജ്മെന്റുമായുള്ള വേതന തര്ക്കങ്ങള് പരിഹരിക്കപ്പെട്ടിട്ടില്ല," എന്ന് യൂണിയന് വ്യക്തമാക്കി.
സാഹചര്യങ്ങള് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളില് സ്ഥിതിഗതികള് വിലയിരുത്തി തുടര്നടപടികള് സ്വീകരിക്കുമെന്നും യൂണിയന് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആരോഗ്യമേഖലയിലെ നഴ്സുമാർ സമരത്തിലേക്ക്. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച മുതൽ നഴ്സുമാർ സമരത്തിലേക്ക് നീങ്ങുന്നത്. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കും.
നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. സർക്കാർ മെല്ലെപ്പോക്ക് നയം തുടരുകയാണെന്നും അനിശ്ചിതകാല സമരമല്ലാതെ മറ്റ് വഴികളില്ലെന്നും യുഎൻഎ നേതൃത്വം വ്യക്തമാക്കി.
ചെറുകിട ക്ലിനിക്കുകൾ മുതൽ വൻകിട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള 490 സ്ഥാപനങ്ങളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുക്കും. നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം.
International
ടെഹ്റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോപ്സ്(ഐആർജിസി) ആണ് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കമ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തെന്ന് അവകാശപ്പെട്ടത്.
ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രയേൽ പ്രതിരോധസേനയുടെ സിഫോർഐ (കമാൻഡ്, കൺട്രോൾ, കമ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്സ്. ഇതിനുപുറമേ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ ഐടി കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
District News
എഴുമാന്തുരുത്ത്: തൊഴിലുറപ്പു പദ്ധതി അട്ടിമറിച്ച കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ നയം തിരുത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില് എഴുമാന്തുരുത്ത് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. മോന്സ് ജോസഫ് എംഎല്എ ഉദ്ഘാടനം ചെയ്തു. എം.കെ. സാംബുജി, ജയിംസ് പുല്ലാപ്പള്ളി, പി.ഡി. ബാബു, ടോമി പ്രാലടി, നോബി മുണ്ടയ്ക്കല്, എം.കെ. ഇന്ദുചൂഡന്, പ്രേംജി, എം.ഡി. ജോണ്, പി.ജി. തങ്കച്ചന് തുടങ്ങിയവര് പ്രസംഗിച്ചു.
International
ടെഹ്റാൻ: ഇറാനുമേൽ അമേരിക്ക, ഇസ്രയേൽ സംയുക്ത സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 57 ആയി. 60 പേർക്ക് പരിക്കേറ്റു.
പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ മിസൈൽ വീണെന്നും മരണ സംഖ്യ ഉയർന്നേക്കുമെന്നും ഇറാൻ നേരത്തെ അറിയിച്ചിരുന്നു. പെൺകുട്ടികളുടെ പ്രാഥമിക വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടി ലഭിക്കാതെ പോകില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, സിറിയയുടെ തെക്കൻ നഗരമായ സ്വീഡയിൽ ഒരു കെട്ടിടത്തിൽ ഇറാനിയൻ മിസൈൽ പതിച്ച് നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ സിറിയയിലെ ദാര പ്രവിശ്യയിലെ ഖുനൈത്ര നഗരത്തിലും യർമൂക്ക് ബേസിനിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി സംസ്ഥാന വാർത്താ ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.