Sports
നാഗോയ : ഏഷ്യൻ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരക്രമമായി. തിങ്കളാഴ്ച നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് എയിലെ നേപ്പാൾ - അഫ്ഗാനിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഇതോടെയാണ് അഫ്ഗാൻ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പിൽ ഒന്നാമതെത്തിയ നേപ്പാൾ ക്വാർട്ടറിൽ ശ്രീലങ്കയെ നേരിടും. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾക്ക് റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ നേരിട്ട് ക്വാർട്ടർ ഫൈനൽ പ്രവേശനം ലഭിച്ചിരുന്നു.
ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളിൽ ഇന്ത്യയും ബംഗ്ലാദേശും മാത്രമാണ് തങ്ങളുടെ പ്രധാന ടീമിനെത്തന്നെ മത്സരത്തിനായി അയച്ചിരിക്കുന്നത്. ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, അഭിഷേക് ശർമ്മ, വൈസ് ക്യാപ്റ്റൻ തിലക് വർമ്മ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം. ആവേശം അവസാന നിമിഷംവരെ നീണ്ട മത്സരത്തിൽ ഇറാനെ 37-34ന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി.
20-19ന് ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രപരമായ മുന്നേറ്റങ്ങളുമായി കളം പിടിച്ച ഇന്ത്യൻ താരങ്ങൾ നിർണായക ഓൾഔട്ടുകളിലൂടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവസാന നിമിഷങ്ങളിലെ മിന്നും നീക്കങ്ങൾ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
ക്യാപ്റ്റൻ പുഷ്പ റാണയുടെ നേതൃത്വത്തിൽ റെയ്ഡർമാരും പ്രതിരോധ താരങ്ങളും ഒത്തൊരുമിച്ച് നടത്തിയ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്. കബഡിയിൽ പുരുഷ ടീമും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങുന്നുണ്ട്. ഇറാന് തന്നെയാണ് എതിരാളികള്‍. അതേസമയം പുരുഷന്മാരുടെ മാരത്തണിലും ഇന്ത്യക്ക് അഭിമാനനേട്ടം സ്വന്തമാക്കി.
വ്യക്തിഗത മികച്ച സമയമായ രണ്ടു മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാവൻ ബർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ പുരുഷ മാരത്തണിൽ 44 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലും ഇന്ത്യവെള്ളി നേടി.
പോയിന്റ് പട്ടികയിൽ 105 സ്വര്‍ണവും 39 വെള്ളിയും 25 വെങ്കലവുമടക്കം169 മെഡലുമായി ചൈനയാണ് ഒന്നാമത്. 30 സ്വര്‍ണമടക്കം 120 മെഡലുമായി ജപ്പാൻ രണ്ടാമതും 13 സ്വര്‍ണമടക്കം 69 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമാണ്. മൂന്ന് സ്വര്‍ണവും 11 വെള്ളിയും 13 വെങ്കലവുമടക്കം 27 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ 12-ാം സ്ഥാനത്താണ്.
Sports
ഐച്ചി-നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം വിദര്‍ശ വിനോദിന് വീണ്ടും മെഡല്‍. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്സി എന്നിവരടങ്ങിയ ടീമാണ് 1763 പോയിന്റോടെ വെള്ളി മെഡൽ നേടിയത്.
മത്സരത്തിൽ 1773 പോയിന്റോടെ ചൈന സ്വർണം നേടിയപ്പോൾ, 1754 പോയിന്റോടെ കസാക്കിസ്ഥാൻ വെങ്കലം സ്വന്തമാക്കി. നീലിംഗ്, പ്രോൺ, സ്റ്റാൻഡിംഗ് എന്നീ മൂന്ന് പൊസിഷനുകളിലും തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്.
അതേസമയം, വ്യക്തിഗത യോഗ്യതാ റൗണ്ടിൽ തിലോത്തമ സെൻ 590 പോയിന്റോടെ മൂന്നാം സ്ഥാനത്തും വിദർശ വിനോദ് 588 പോയിന്റോടെ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്ത് എട്ടംഗ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി.
എന്നാൽ ആഷി ചൗക്സിക്ക് (585 പോയിന്റ്, 15-ാം സ്ഥാനം) വ്യക്തിഗത ഫൈനലിലേക്ക് മുന്നേറാനായില്ലെങ്കിലും ടീം മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ഇതോടെ നാഗോയയിൽ വ്യക്തിഗത ഇനത്തിലും ഒരു മെഡൽ കൂടി ലക്ഷ്യമിട്ടാകും വിദർശയും തിലോത്തമയും ഫൈനൽ പോരാട്ടത്തിനിറങ്ങുക.
നേരത്തെ ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം വിദര്‍ശ സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് വിദര്‍ശയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ടി20 ക്രിക്കറ്റിൽ കരുത്തരായ അഫ്ഗാനിസ്ഥാനെ അട്ടിമറിച്ച് നേപ്പാൾ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഏഴുവിക്കറ്റ് നഷ്ടത്തിൽ 102 റൺസാണ് നേടിയത്. നേപ്പാളിനായി കുഷാൽ ഭുർട്ടൽ 21 റൺസിന് നാലു വിക്കറ്റും, ലളിത് രാജ്ബൻഷി 13 റൺസിന് മൂന്നു വിക്കറ്റും വീഴ്ത്തി.
സ്കോർ: അഫ്ഗാനിസ്ഥാൻ 102/7, നേപ്പാൾ 103/5 (17.2). മറുപടി ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ 31 റൺസിന് മൂന്നു വിക്കറ്റ് എന്ന നിലയിൽ പതറിയ നേപ്പാളിനെ സുന്ദീപ് ജോറയുടെയും (34), ക്യാപ്റ്റൻ രോഹിത് പൗഡലിന്റെയും ( 33) മികച്ച ബാറ്റിംഗ് പ്രകടനമാണ് വിജയതീരത്ത് എത്തിച്ചത്. ഒടുവിൽ 16 പന്തുകൾ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്ത് നേപ്പാൾ ചരിത്ര വിജയം കുറിക്കുകയും ക്വാർട്ടർ ഫൈനൽ സാധ്യതകൾ സജീവമാക്കുകയും ചെയ്തു.
രണ്ട് മത്സരങ്ങളിൽ ഒരു ജയവും തോൽവിയുമടക്കം രണ്ട് പോയിന്റാണ് അഫ്ഗാനുള്ളത്. നേപ്പാളിനും രണ്ട് പോയിന്റുണ്ട്. അവസാനമത്സരത്തിൽ ജപ്പാനെ തോൽപ്പിക്കാനായാൽ ഗ്രൂപ്പ് ജേതാക്കളായി നേപ്പാളിന് ക്വാർട്ടറിലേക്ക് മുന്നേറാം. അതേസമയം രണ്ടാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് കടക്കാമെന്നതിനാൽ അഫ്ഗാനും സാധ്യതയുണ്ട്.
Sports
നാഗോയ: ഏഷ്യൻ ഗെയിംസിൽ മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ സഖ്യം വെള്ളി മെഡൽ സ്വന്തമാക്കി. എം.ആർ. പൂവമ്മ, ടി.കെ. വിശാൽ, വിത്യ രാംരാജ്, ടി.എസ്. മനു എന്നിവരടങ്ങിയ സംഘം 3:14.46 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. ഈ ഇനത്തിൽ ബഹ്റിൻ സ്വർണവും വിയറ്റ്നാം വെങ്കലവും നേടി.
അതേസമയം, വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ സീമ വെങ്കല മെഡൽ കരസ്ഥമാക്കി. 32:50.05 മിനിറ്റിൽ ദൂരം പിന്നിട്ടാണ് സീമ മൂന്നാമതെത്തിയത്. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വിഭാഗത്തിൽ ഇന്ത്യ ഒരു മെഡൽ സ്വന്തമാക്കുന്നത്.
Sports
നഗോയ: ഇരുപതാമത് ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യക്കു നിരാശദിനം. അഞ്ചാംദിനം ഇന്ത്യന്‍ അക്കൗണ്ടിലേക്കു നാലു വെങ്കലവും ഒരു വെള്ളിയും മാത്രമാണ് എത്തിയത്. സുവര്‍ണ വെടിമുഴക്കം പ്രതീക്ഷിച്ച ഷൂട്ടിംഗ് റേഞ്ചില്‍ നിരാശ മാത്രം ബാക്കി.
ഒളിമ്പിക്സില്‍ ഇരട്ട വെങ്കലം നേടിയ മനു ഭാകര്‍ അടക്കം വെറുംകൈയോടെ തോക്ക് താഴെവച്ചു. ഷൂട്ടിംഗ് റേഞ്ചില്‍ ഏറ്റവും നിരാശാജനകം, വനിതാ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പോരാട്ടമായിരുന്നു. 2022 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും ലഭിച്ച ഇനമാണിത്. ഹ്വാങ്ഷൂവില് വെള്ളി നേടിയ ഇഷ സിംഗ് ഇന്നലെ യോഗ്യതാ റൗണ്ടില്‍ 15-ാം സ്ഥാനത്തായി.
സുരുചി സിംഗ് 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെ മനു ഭാകര്‍ ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയെങ്കിലും മെഡല്‍ പോരാട്ടത്തില്‍ അഞ്ചാമതു മാത്രം ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. മനു ഭാകര്‍ അടങ്ങിയ വനിതാ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. ഷൂട്ടിംഗ് റേഞ്ചില്‍നിന്ന് ഇതുവരെ ഒരു സ്വര്‍ണംപോലും ലഭിച്ചില്ല. 2022ല്‍ ഏഴു സ്വര്‍ണം ഒമ്പതു വെള്ളി ആറു വെങ്കലം എന്നിങ്ങനെ 22 മെഡല്‍ ഷൂട്ടിംഗില്‍നിന്ന് ഇന്ത്യക്കു ലഭിച്ചിരുന്നു.
►ടീമിന് ഇരട്ടവെങ്കലം
നിരാശയ്ക്കിടയില്‍ ആശ്വാസമായി ഷൂട്ടിംഗ് റേഞ്ചില്‍നിന്നു രണ്ടു വെങ്കലം ഇന്ത്യന്‍ അക്കൗണ്ടിലെത്തി. പുരുഷ-വനിതാ സ്കീറ്റ് ടീം ഇനത്തിലായിരുന്നു ഇരട്ടവെങ്കല നേട്ടം. വനിതാ ഇനത്തില്‍ മഹേശ്വരി ചൗഹാന്, റൈസ ഡിലോണ്‍, പരിനാസ് ധാലിവാള്‍ എന്നിവരുടെ ടീമാണ് വെങ്കലം സ്വന്തമാക്കിയത്. അനന്ജീത് സിംഗ്, ഭാവ്തേഹ് സിംഗ് ഗില്‍, നരൂക, മൈരാജ് അഹമ്മദ് ഖാന് എന്നിവരുടെ ടീമും വെങ്കലം നേടി.
►ഒരു വെള്ളി, രണ്ടു വെങ്കലം
വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവിന്റെ വകയായിരുന്നു അഞ്ചാംദിനത്തിലെ ഏക വെള്ളി. സോഫ്റ്റ് ടെന്നീസില്‍ ജയ് മീനയുടെ വകയായി ഒരു വെങ്കലമെത്തി. പുരുഷ ടീം ബാഡ്മിന്റണിലായിരുന്നു മറ്റൊരു വെങ്കലം.
ഒരു സ്വര്‍ണം, അഞ്ചു വെള്ളി, ആറു വെങ്കലം എന്നിങ്ങനെ 12 മെഡലുമായി 13-ാം സ്ഥാനത്താണ് ഇന്ത്യ. 48 സ്വര്‍ണം, 20 വെള്ളി, 10 വെങ്കലം എന്നിങ്ങനെ 78 മെഡലുമായി ചൈനയാണ് ഒന്നാമത്.
അത്ലറ്റിക്സ് ആവേശം
നഗോയ: 20-ാമത് ഏഷ്യന്‍ ഗെയിംസിന്റെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് പോരാട്ടത്തിന്റെ രണ്ടാംദിനം മലയാളികള്‍ അടക്കം കളത്തില്‍. ഇന്നലെ പുരുഷ-വനിതാ റേസ് വോക്കിംഗിലൂടെയാണ് അത്ലറ്റിക്സ് പോരാട്ടങ്ങള്‍ക്കു തുടക്കമായത്.
അത്ലറ്റിക്സില് ഇന്നു നടക്കുന്ന ആദ്യപോരാട്ടത്തില്‍ ഇന്ത്യക്കായി മലയാളി താരം അനാമിക ഇറങ്ങും. വനിതാ ഹെപ്റ്റാത്തലണ്‍ 100 മീറ്റര്‍ പോരാട്ടത്തിനാണ് അനാമിക ട്രാക്കിലെത്തുന്നത്. പൂജയാണ് രാവിലെ 6.30നു നടക്കുന്ന ഈയിനത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം. ഹെപ്റ്റയിലെ ഹൈജംപ് (7.10 am), ഷോട്ട്പുട്ട് (3.35 pm), 200 മീറ്റര്‍ (5.30 pm) ഇനങ്ങളും ഇന്നു നടക്കും.
രാവിലെ 7.01 മുതല്‍ 4x400 മിക്സഡ് റിലേ ഹീറ്റ്സ് ആരംഭിക്കും. അന്‍സ ബാബു, മനു സജി എന്നിവരാണ് ഈയിനത്തിലെ മലയാളികള്‍. വൈകുന്നേരം 4.14 മുതല്‍ വനിതാ ട്രിപ്പിള്‍ ജംപ്, വൈകുന്നേരം 4.38 മുതല്‍ പുരുഷ 100 മീറ്റര്‍ ഹീറ്റ്സ്, വൈകുന്നേരം 5.55ന് വനിതാ 10,000 മീറ്റര്‍ ഫൈനല്‍ എന്നിവയും അരങ്ങേറും. വൈകുന്നേരം 6.45ന് ആരംഭിക്കുന്ന 4x400 മീറ്റര്‍ മിക്സഡ് റിലേ ഫൈനലാണ് (യോഗ്യത ലഭിച്ചാല്‍) അത്ലറ്റിക്സ് ഇന്ന് ഇന്ത്യയുടെ അവസാന മത്സരം.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ടീം ബാഡ്മിന്റണില്‍ ഇന്ത്യക്കു വെങ്കലം. 2022 എഡിഷനില്‍ ഇന്ത്യക്ക് ഈയിനത്തില്‍ വെള്ളി ലഭിച്ചിരുന്നു.
സെമിയില്‍ ചൈനയോടു 3-1നു പരാജയപ്പെട്ടാണ് ഇന്ത്യന്‍ ടീം വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടത്. 2022 ഫൈനലിലും ഇന്ത്യ ചൈനയ്ക്കു മുന്നില്‍ പരാജയപ്പെട്ടു.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ആധികാരിക ജയം. പൂള് ബിയില്‍ ഇന്ത്യ 20-1നു തായ്ലന്‍ഡിനെ തകര്‍ത്തു. പൂളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വമ്പന്‍ ജയമാണ്.
ആദ്യമത്സരത്തില്‍ 19-0ന് ഉസ്ബക്കിസ്ഥാനെയും രണ്ടാം മത്സരത്തില്‍ 17-1ന് ഇന്തോനേഷ്യയെയും ഇന്ത്യന്‍ വനിതകള്‍ നിലംപരിശാക്കിയിരുന്നു. തായ്ലന്‍ഡിന് എതിരേ ഇന്ത്യക്കായി ദീപിക് സെഹ്റാവത്ത് ഒമ്പതു ഗോള്‍ നേടി.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ വുഷുവില്‍ മെഡല്‍ ഉറപ്പാക്കി ഇന്ത്യയുടെ റോഷിബിന ദേവി. വനിതകളുടെ 60 കിലോഗ്രാം സാന്റ വുഷുവിലാണ് റോഷിബിന ദേവി ഫൈനലില്‍ പ്രവേശിച്ചത്.
സെമി ഫൈനലില്‍ ഇന്തോനേഷ്യയുടെ താനിയ കുസുമാനിംഗ്യാസിനെ കീഴടക്കിയാണ് (2-0) റോഷിബിനയുടെ ഫൈനല്‍ പ്രവേശം.
ചൈനയുടെ സാങ് ഷിയൊയുവാണ് ഇന്നു നടക്കുന്ന ഫൈനലില്‍ റോഷിബിനയുടെ എതിരാളി. ജയിച്ചാല്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ സ്വര്‍ണമെത്തും.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീം സ്വർണമണിഞ്ഞത്. ഇന്ത്യയുയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 15.4 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 216 റൺസെടുത്തു. വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥന അർധ സെഞ്ചുറിയുമായി തിളങ്ങി. 45 പന്തുകൾ നേരിട്ട സ്മൃതി ഏഴു സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 79 റൺസാണ് അടിച്ചെടുത്തത്. 22 പന്തിൽ 49 റൺസുമായി റിച്ച ഘോഷും 29 പന്തിൽ 48 റൺസുമായി ഓപ്പണർ ഷെഫാലി വർമയും ബാറ്റിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഒരു ഘട്ടത്തിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 21 പന്തിൽ 29 റൺസടിച്ച ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. കവിഷ ദിൽഹരി (11), കൗശിനി നുത്യാംഗന (14) എന്നിവരും ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നു. ഏഴു ശ്രീലങ്കൻ ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായി.
ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും ശ്രേയാങ്ക പാട്ടീൽ, ശ്രീചരണി, ഷെഫാലി വർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മറ്റൊരു മത്സരത്തിൽ ബംഗ്ലദേശിനെ തോൽപിച്ച് പാക്കിസ്ഥാൻ വെങ്കലം സ്വന്തമാക്കി.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു. ഷൂട്ടിംഗിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കി. ഹിമാൻഷു ധില്ലൻ, പാർത്ത് മാനെ, രുദ്രാൻക്ഷ് പാട്ടിൽ എന്നിവരടങ്ങിയ സംഘം തകർപ്പൻ പോരാട്ടത്തിനൊടുവിൽ ചൈനയ്ക്കു പിന്നിൽ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
1890.1 ആണ് ഇന്ത്യയുടെ സ്കോർ. ഈ ഗെയിംസിൽ ഷൂട്ടിംഗിൽ മാത്രം ഇന്ത്യ നേടുന്ന മൂന്നാം വെള്ളിയാണിത്. ടൂർണമെന്റിന്റെ ആദ്യ ദിനത്തിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലും, വനിതാ വിഭാഗം 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിലും ഇന്ത്യൻ താരം എളവേനിൽ വാളറിവൻ വെള്ളി മെഡലുകൾ നേടിയിരുന്നു.
ഇതിനുപുറമേ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും രുദ്രാൻക്ഷ്, ഹിമാൻഷു എന്നിവർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. ഷൂട്ടിംഗിന് പുറമെ മിക്സഡ് മാർഷ്യൽ ആർട്സിലും (എംഎംഎ) ഇന്ത്യ മെഡൽ നേട്ടം ആവർത്തിച്ചു. സെമിഫൈനലിൽ പരാജയപ്പെട്ടെങ്കിലും സുചിത തരിയൽ വെള്ളി മെഡൽ കരസ്ഥമാക്കി.
Sports
തമ്പലമണ്ണയിലെ കൊച്ചുഗ്രാമത്തിൽ നിന്ന് ജപ്പാനിലെ ഏഷ്യൻ ഗെയിംസ് വേദിയിലേക്ക്. അവിടെ ഇന്ത്യയുടെ കുപ്പായമണിഞ്ഞ് ലക്ഷ്യത്തിലേക്ക് ഉന്നംപിടിച്ചപ്പോൾ ചരിത്രത്തിലേക്കു പതിഞ്ഞത് തിരുവമ്പാടിയുടെ പേരും.
വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ വിദർശ കെ. വിനോദ്, ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയായി. വിദർശ, ഇളവേനില്‍ വാളറിവേന്‍, സോനം മസ്കർ എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് വെള്ളി നേടിയത്.
1898 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ചൈന സ്വർണവും ജപ്പാൻ വെങ്കലവും നേടി. ഈ വെള്ളിയാണ് 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡലും. കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് 27-കാരിയായ വിദർശ. കുടുംബത്തിന്റെയും പരിശീലകരുടെയും ഭർത്താവിന്റെയും പിന്തുണയാണ് ഈ നേട്ടത്തിനു പിന്നിലെന്നു താരം പ്രതികരിച്ചു. വെള്ളി മെഡൽ നേട്ടം അടുത്ത മത്സരത്തിനുള്ള ആത്മവിശ്വാസം വർധിപ്പിച്ചതായും വിദർശ പറഞ്ഞു. 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് ഇനി മത്സരിക്കാനുള്ളത്. 26-നാണ് മത്സരം.
2018ൽ കോളജ് പഠനകാലത്ത് എൻസിസി ട്രയൽസിലൂടെയാണ് വിദർശ ആദ്യമായി റൈഫിൾ കൈയിലെടുത്തത്. പ്രത്യേക പരിശീലനമില്ലാതെ ട്രയൽസിനെത്തിയ താരം മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഷൂട്ടിംഗിന്റെ ലോകത്തേക്ക് കടന്നു. 2019ൽ ഷൂട്ടിംഗ് പ്രൊഫഷനായി സ്വീകരിച്ചു.
എട്ടു വർഷത്തെ പരിശീലനത്തിനൊടുവിലാണ് ഏഷ്യൻ ഗെയിംസ് വേദിയിലെ ചരിത്രനേട്ടം.
തുടക്കകാലത്ത് സ്വന്തമായി റൈഫിളോ ഷൂട്ടിംഗ് ജാക്കറ്റോ പോലുമുണ്ടായിരുന്നില്ല. മറ്റുള്ളവരുടെ റൈഫിളുകളും അസോസിയേഷന്റെ ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു പരിശീലനം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും പരിശീലനം തുടർന്നു. കളി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിച്ച ഘട്ടത്തിൽ ഭർത്താവും നിലവിൽ പരിശീലകനുമായ മനു എസ്. രവിയുടെ പിന്തുണയും പ്രോത്സാഹനവും നിർണായകമായി.
പിന്നീട് കുടുംബം ബാങ്ക് വായ്പയെടുത്താണു വിദർശയ്ക്ക് സ്വന്തമായി റൈഫിൾ വാങ്ങിനൽകിയത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈ പെർഫോമൻസ് കോച്ച് മനോജ് കുമാറിന്റെ കീഴിലെ പരിശീലനവും വിദർശയുടെ കരിയറിൽ വഴിത്തിരിവായി. ലൈറ്റ് വെയ്റ്റ് റൈഫിളിലേക്ക് മാറിയതോടെ പ്രകടനത്തിൽ മുന്നേറ്റമുണ്ടായി.
2024ൽ എസ്എഐ നാഷണൽ സെന്റർ ഓഫ് എക്സലൻസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനത്തിനുള്ള അവസരവും ലഭിച്ചു. ഡൽഹിയിലാണ് പ്രധാന പരിശീലനം. കേരളത്തിൽ തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും വിദർശ പരിശീലനം നടത്തുന്നുണ്ട്.
Sports
2026 ഏഷ്യൻ ഗെയിംസിൽ ഭാവിയുടെ താരമെന്ന ശ്രദ്ധനേടി ചൈനയുടെ 13കാരി യു സിദ്ധി.
വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ 2:05.08 വ്യക്തിഗത മികച്ച സമയത്തോടെ ഒന്നാമതെത്തി സ്വർണ മെഡൽ നേട്ടമാണ് ഈ കൗമാര താരം സ്വന്തമാക്കിയത്.
2:08.44 സമയത്തോടെ അവരുടെ സഹതാരം ചാങ് മോഹൻ വെള്ളിയും 2:09.97 സമയത്തോടെ ജപ്പാന്റെ മിസ ഒകുസോനോ വെങ്കലവും നേടി.
ഈ വർഷം ആദ്യം കുറിച്ച 2:05.71 എന്ന തന്റെ മികച്ച വ്യക്തിഗത സമയം മെച്ചപ്പെടുത്താൻ ഈ വിജയത്തിലൂടെ യുവിന് സാധിച്ചു. 2024ലെ പാരീസ് ഒളിന്പിക്സിൽ ഇതേ ഇനത്തിൽ കാനഡയുടെ സമ്മർ മക്കിന്േറാഷിന് പിന്നിലായി സ്മിത്ത് വെള്ളി മെഡൽ നേടിയിരുന്നു.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎംഎ താരം മത്സരത്തിൽ നിന്ന് പിൻമാറി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ ആണ് പിൻമാറിയത്.
ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് മാർഷ്യൽ ആർട്സിലായിരുന്നു വരുൺ മത്സരിക്കേണ്ടിയിരുന്നത്. ഞായറാഴ്ച നടന്ന പുരുഷൻമാരുടെ ട്രഡീഷണൽ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്.
മത്സരത്തിന് മുമ്പായി ഭാരം 77 കിലോഗ്രാമിലെത്തിക്കാൻ 'സോന' ഉപയോഗിക്കുന്നതിനിടെയായിരുന്നു വരുൺ ബോധരഹിതനായത്. ഉടൻതന്നെ വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വരുൺ അപകടനില തരണം ചെയ്തെങ്കിലും മത്സരത്തിൽ നിന്ന് പിൻമാറിയതായി എംഎംഎ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര പ്രതികരിച്ചു.
Sports
ഹാംഗ്ചോ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്കു കൂറ്റൻ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ മറുപടിയില്ലാത്ത 19 ഗോളുകൾക്ക് ഇന്ത്യ തകർത്തു.
ഇന്ത്യയ്ക്കായി എട്ടു ഗോളുകൾ നേടിയ ദീപിക, ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഒറ്റ വനിതാ ഹോക്കി മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര റിക്കാർഡും സ്വന്തമാക്കി.
ടൂർണമെന്റിലെ രണ്ടാം റാങ്കുകാരായ ഇന്ത്യ ആദ്യ പകുതിയിൽ തന്നെ എട്ടു ഗോളുകൾ ഉസ്ബെക്ക് വലയിലെത്തിച്ചിരുന്നു. ദീപികയ്ക്കു (എട്ട്, 22, 25, 33, 36, 38, 41, 54 മിനിറ്റുകളിൽ) പുറമെ ഇഷിക (11, 42, 54), നവ്നീത് കൗർ (23, 45), ലാൽതന്ത്ലുവാംഗി (43, 51), ലാൽറെംസിയാമി (ഏഴ്), ബൽജീത് കൗർ (12), നേഹ (18), സാക്ഷി റാണ (43) എന്നിവരാണ് മറ്റു ഗോൾ വേട്ടക്കാർ.
മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ സവിതാ പുനിയ തന്റെ 320-ാം അന്താരാഷ്ട്ര മത്സരം പൂർത്തിയാക്കി. ഇതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഇന്ത്യൻ വനിതാ ഹോക്കി താരം എന്ന വന്ദന കതാരിയയുടെ റിക്കാർഡിനൊപ്പം സവിതയുമെത്തി. തിങ്കളാഴ്ച ഇന്തോനേഷ്യക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
Sports
7.14 am: പുരുഷ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തല്‍
7.35 am: പുരുഷ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് നീന്തല്‍
2.23 pm: പുരുഷ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഫൈനല്‍
2.43 pm: പുരുഷ 100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഫൈനല്‍
8.00 am: മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ്
11.30 am: വനിതാ ടീം ബാഡ്മിന്റണ്‍
10.30 am: വനിതാ ട്വന്റി-20 ക്രിക്കറ്റ് സെമി
7.30 am: ഇന്ത്യ x ഉസ്ബക്കിസ്ഥാന് വനിതാ ഹോക്കി
11.30 am: ഇന്ത്യ x ഇന്തോനേഷ്യ പുരുഷ ഹോക്കി
6.15 am: 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ യോഗ്യത & ടീം ഫൈനല്‍
11.00 am: 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ഫൈനല്‍
6.30 am: വനിതാ ടീം ടിടി Vs ഇന്തോനേഷ്യ
9.00 am: പുരുഷ ടീം ടിടി Vs ഇന്തോനേഷ്യ
12.30 pm: വനിതാ ടീം ടിടി Vs സിംഗപ്പുര്‍
3.00 pm: പുരുഷ ടീം ടിടി Vs ഇറാന്
6.30 am: ടെക്ബോള്‍ വനിതാ വെങ്കല പോരാട്ടം
7.00 am: ടെക്ബോള്‍ മിക്സഡ് ഡബിള്‍ വെങ്കല പോരാട്ടം
5.35 am: പുരുഷ വുഷു
2.30 pm: വനിതാ 52 കിലോ വുഷു
2.30 pm: പുരുഷ 75 കിലോ വുഷു
5.30 am: പുരുഷ ടീം സെപാക് തക്രൊ
Sports
നഗോയ: ജപ്പാന്റെ സാംസ്കാരിക പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിച്ച ഉദ്ഘാടനച്ചടങ്ങുകൾക്കാണ് നഗോയയിലെ പലോമ മിസുഹോ പാർക്ക് അത്ലറ്റിക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
രണ്ടു മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ ജപ്പാൻ ചക്രവർത്തി നറുഹിതോ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചക്രവർത്തിയുടെ ഭാര്യ മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കി കോ, ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യ (ഒസിഎ) പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി, ഐഒസി തലവൻ കിർസ്റ്റി കോവെൻട്രി എന്നിവരുൾപ്പടെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
‘ഹൃദയംകൊണ്ട് ബന്ധപ്പെടുന്നു’ എന്നർഥമാക്കുന്ന ‘വൺ ഏഷ്യ’ (ഏക ഏഷ്യ) എന്ന സന്ദേശമുയർത്തി ഹൃദയാകൃതിയിലാണു പ്രധാന വേദി സജ്ജീകരിച്ചത്. സാങ്കേതികമികവുകൊണ്ട് കായികലോകത്തെ അദ്ഭുതപ്പെടുത്തിയ ഉദ്ഘാടനസന്ധ്യയിൽ എഐ, ഡ്രോൺ ടെക്നോളജി, ത്രീഡി പ്രൊജക്ഷൻ മാപ്പിംഗ് എന്നിവ ഉപയോഗിച്ചുള്ള ഡിജിറ്റൽ ലൈറ്റ് ഷോകൾ വിസ്മയം തീർത്തു. പൂർണമായും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന ഹരിത സാങ്കേതികവിദ്യയാണ് വേദിയിലും ദീപശിഖാ പ്രയാണത്തിലും ഉപയോഗിച്ചത്.
അതിഥികളെ സ്വീകരിക്കുന്നതിലും മാർച്ച് പാസ്റ്റിന് നേതൃത്വം നൽകുന്നതിലും ജാപ്പനീസ് നിർമിത അത്യാധുനിക റോബോട്ടുകളുടെ സാന്നിധ്യം ശ്രദ്ധേയമായി. പത്തു മീറ്റർ ഉയരമുള്ള പതാക ഉയർന്ന വേളയിൽ ഹൃദയാകൃതിയിലുള്ള ചിറകുകളുള്ള ‘എയ്ഞ്ചൽ ഡ്രോണുകൾ’ സ്റ്റേഡിയത്തിനു മുകളിൽ പ്രകാശം ചൊരിഞ്ഞ് പറന്നുയർന്നു.
►പാരമ്പര്യ കലകളും റോബോട്ടിക്സും◄
ജാപ്പനീസ് ക്ലാസിക്കൽ കലാരൂപമായ ‘കബുകി’ തിയേറ്റർ വേദിയുടെ സജ്ജീകരണങ്ങളും ഭീമാകാരമായ വ്യാവസായിക റോബോട്ട് കരങ്ങൾ പതാക വീശിയതും ഐച്ചി പ്രവിശ്യയുടെ വ്യവസായ-സാംസ്കാരിക മഹിമ വിളിച്ചോതി. വാഹനനിർമാണ ലോകത്തെ ആഗോളഭീമനായ ടൊയോട്ടയുടെ കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന ‘ആക്സസിബിൾ പീപ്പിൾ മൂവർ’ വാഹനങ്ങളും ചടങ്ങിലെ പ്രധാന ആകർഷണമായിരുന്നു.
‘അവേക്കനിംഗ് ഓഫ് ദ സ്പേസ് ആൻഡ് ദ റെസൊണേറ്റിംഗ് ഹാർട്ട് ബീറ്റ്’ എന്ന സ്വാഗത കലാപ്രകടനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ താറോ ഹകാസെയുടെ വയലിൻ നാദത്തിനൊപ്പം നാഗോയയിൽനിന്നുള്ള 240 പ്രാദേശിക നർത്തകർ വേദിയിൽ ‘വെൽകം’ എന്ന് അണിനിരന്ന് അതിഥികളെ സ്വീകരിച്ചു.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് ട്വന്റി-20 വനിതാ ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ ഇന്നു ബംഗ്ലാദേശിനെ നേരിടും. കൊറോജി സ്പോര്‍ട്സ് പാര്‍ക്കില്‍ രാവിലെ 10.30നാണ് മത്സരം.
ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സെമിഫൈനലില്‍ പ്രവേശിച്ചത്.
രാജ്യാന്തര വനിതാ ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന സ്വന്തമാക്കുമോ എന്നതും മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. ഒന്നാം സ്ഥാനത്തുള്ള സൂസി ബേറ്റ്സിനെ മറികടക്കാന്‍ ഒമ്പത് റണ്‍സാണ് സ്മൃതിക്കു വേണ്ടത്.
Sports
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് കൃത്യമായ വലിപ്പത്തിലുള്ള ജഴ്സികള്‍ ലഭിച്ചില്ല.
ടീം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍നിന്ന് ജപ്പാനിലേക്ക് തിരിക്കാനാരിക്കെയായിരുന്നു വീഴ്ച സംഭവിച്ചത്. പിന്നീടു ബിസിസിഐ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
Sports
നഗോയ: ഇരുപതാം ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ വർണാഭമായ തുടക്കം. ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് നടന്ന ഗാംഭീര്യമുള്ള ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്.
ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷേഖ് ജൊവാൻ ബിൻ ഹമദ് അൽ ഥാനി ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിന് സാക്ഷിയാകാൻ എത്തിയിരുന്നു.
മാർച്ച് പാസ്റ്റിൽ 158 അംഗങ്ങളുള്ള വലിയ ഇന്ത്യൻ സംഘത്തെ വനിതാ ഷൂട്ടിംഗ് താരവും ഒളിമ്പിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്റാവത്തും ചേർന്ന് നയിച്ചു. ഇത്തവണത്തെ ഗെയിംസിൽ 29 മലയാളി താരങ്ങൾ ഉൾപ്പെടെ ആകെ 499 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരയ്ക്കുന്നത്. രാജ്യത്തിനായി മികച്ച നേട്ടങ്ങൾ കൊയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം കളത്തിലിറങ്ങുന്നത്.
Sports
നഗോയ: ഇരുപതാമത് ഏഷ്യന്‍ ഗെയിംസ് ഇന്നു മിഴി തുറക്കും... ഒക്ടോബര്‍ നാലു വരെയാണ് 2026 ഏഷ്യന്‍ ഗെയിംസ്. ഇന്ത്യയുടെ ടെക്ബോള്‍, വനിതാ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഇതിനോടകം ആരംഭിച്ചു.
ഇന്ത്യന്‍ താരങ്ങളുടെ താമസം, ഇന്നലെ നടന്ന ഔദ്യോഗിക സ്വീകരണം, പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ ആതിഥേയര്‍ക്കു ഗുരുതര പിഴവുകള്‍ സംഭവിച്ചതായുള്ള ആക്ഷേപം ഉയര്‍ന്നു.
പതാക ഉയര്‍ത്തലും ഔദ്യോഗിക സ്വീകരണവും മുന്‍ നിശ്ചയപ്രകാരം നടക്കാതിരിക്കുകയും അനന്തമായി വൈകുകയും ചെയ്തതോടെ ചടങ്ങു പൂര്‍ത്തിയാക്കാതെ ഇന്ത്യന്‍ പ്രതിനിധികള്‍ മടങ്ങിയതാണ് വിവരം. ഇന്ത്യയുടെ അടക്കം താരങ്ങളുടെ താമസസൗകര്യങ്ങളില്‍ വീഴ്ചപറ്റിയതിനു പിന്നാലെയാണിതെന്നതും ജപ്പാന്റെ ആതിഥേയത്വത്തിനുമേല് കറുത്ത പാടായി.
ഉഷ, ലിജോ, അഞ്ജലി
ഇന്നലെ നടന്ന ടീമുകളുടെ ദേശീയ പതാക ഉയര്‍ത്തലും ഔദ്യോഗിക സ്വീകരണത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ച് സ്റ്റേജില്‍ എത്തിയത് മലയാളി ഒളിമ്പ്യന്‍ ലിജോ ഡേവിഡ് തോട്ടാനും അഞ്ജലി ഭാവതുമാണ്. 2000 ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 4x400 മീറ്റര്‍ റിലേയില്‍ ലിജോ ഡേവിഡ് തോട്ടാന്‍ പങ്കെടുത്തു.
2000 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 4x400 മീറ്ററില്‍ വെള്ളി നേടിയ ഇന്ത്യന്‍ റിലേ ടീം അംഗവുമായിരുന്നു ലിജോ.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രസിഡന്റും മലയാളി ഇതിഹാസ അത് ലറ്റുമായ പി.ടി. ഉഷ, ദേശീയ കായികമന്ത്രി മന്‍സുഖ് മാണ്ഡ്യവ്യ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
താളാത്മക ഹൃദയമിടിപ്പ്
ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് ആരംഭിക്കുന്നത്. 4.30വരെ ചടങ്ങ് അരങ്ങേറും. താളാത്മക ഹൃദയമിടിപ്പ് എന്ന തീമിലാണ് പരിപാടികള്‍.
ഐച്ചി-നഗോയയിലെ പലോമ മിസുഹോ സ്റ്റേഡിയമാണ് ഉദ്ഘാടനവേദി. ജാപ്പനീസ് സിനിമാ സംവിധായകനായ യുകിഹിക്കോ സുത്സുമിയാണ് പരിപാടികള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സമാപന ചടങ്ങ് സംവിധാനം ചെയ്യുന്നതും സുത്സുമിയാണ്.
മനു ഭാകര്‍, തജീന്ദര്‍ പതാകയേന്തും
ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ദേശീയപതാകയേന്തി ഇന്ത്യയെ നയിക്കുക വനിതാ ഷൂട്ടിംഗ് താരം മനു ഭാകറും പുരുഷ ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിംഗും. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ചീഫ് ഡി മിഷനായ സഹ്ദേവ് യാദവും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുമാണ് ഇക്കാര്യം അറിയിച്ചത്.
മുപ്പത്തൊന്നുകാരനായ തജീന്ദര്‍പാല്‍ സിംഗ് 2022 ഗാങ്ഷൂ ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ട് സ്വര്‍ണ ജേതാവാണ്. 2018ലും സ്വര്‍ണം നേടിയിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ രണ്ടു വെങ്കലം നേടി ചരിത്രം സൃഷ്ടിച്ച താരമാണ് ഇരുപത്തിനാലുകാരിയായ മനു ഭാകര്‍. 2022 ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് ടെക്ബോളില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷ. വനിതാ സിംഗിള്‍സില്‍ ഖ്വംസി ഡിസൂസ സെമി ഫൈനലില്‍ പ്രവേശിച്ചു.
സെമിയില്‍ ജയിച്ചാല്‍ ചുരുങ്ങിയതു വെള്ളിമെഡല്‍ ഉറപ്പിക്കാം. മിക്സഡ് ഡബിള്‍സില്‍ ഖ്വംസി ഡിസൂസ - മുഹമ്മദ് അനസ് സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തിനു യോഗ്യത നേടി.
ക്വാര്‍ട്ടറില്‍ വിയറ്റ്നാം കൂട്ടുകെട്ടിനോട് 7-12, 10-12ന് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടു. എന്നാല്‍, റെപ്പഷെ റൗണ്ടില്‍ ഫിലിപ്പീന്‍സിനെ 12-3, 12-6നു കീഴടക്കി ഇന്ത്യന്‍ ടീം വെങ്കലമെഡല്‍ പോരാട്ടത്തിനു യോഗ്യത നേടുകയായിരുന്നു.
Sports
നഗോയ: 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പോരാട്ടത്തിനു തുടക്കമായി. ഇന്നലെ പുരുഷ ഡബിള്‍സ് ടെക്ബോള്‍ പോരാട്ടത്തോടെയാണ് ഇന്ത്യയുടെ ഷെഡ്യൂള്‍ ആരംഭിച്ചത്.
ഗെയിംസിലെ ആദ്യപോരാട്ടങ്ങളില് പരാജയപ്പെട്ടത് ഇന്ത്യക്കു ക്ഷീണമായി. പുരുഷ ഡബിള്‍സ് ടെക്ബോളില്‍ ഇന്ത്യയുടെ ഡെക്ലാന് ഗോണ്‍സാല്‍വസ് - മുഹമ്മദ് അനസ് ബെഗ് കൂട്ടുകെട്ട് ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പുറത്ത്. ഗ്രൂപ്പ് ബിയില്‍ ഇന്നലെ നടന്ന രണ്ടുമത്സരങ്ങളിലും ഗോണ്‍സാല്‍വസ് - മുഹമ്മദ് അനസ് സഖ്യം പരാജയപ്പെട്ടു.
വിയറ്റ്നാമിന് എതിരേയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ആദ്യ മത്സരം. 10-12, 8-12ന് ഗോണ്‍സാല്‍വസ് - മുഹമ്മദ് അനസ് തോല്‍വി വഴങ്ങി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണകൊറിയന്‍ സഖ്യത്തോട് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടു. 4-12, 7-12നായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വി.
ഇന്നു രണ്ടു മത്സരങ്ങള്‍
ടെക്ബോളില്‍ ഇന്ത്യക്ക് ഇന്നു രണ്ടു മത്സരങ്ങളുണ്ട്. വനിതാ സിംഗിള്‍സില്‍ ഖ്വിംസി ഡിസൂസയും മിക്സഡ് ഡബിള്‍സില്‍ ഖ്വിംസി ഡിസൂസ - മുഹമ്മദ് അനസ് സഖ്യവും ഇന്നിറങ്ങും. ഇന്നു രാവിലെ 6.30നാണ് ഖ്വിംസി ഡിസൂസയുടെ സിംഗിള്‍സ് പോരാട്ടം. രാവിലെ ഒമ്പതിനാണ് മിക്സഡ് ഡബിള്‍ മത്സരം. ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെയാണ്.
Sports
നിഷിന് (ജപ്പാന്): ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ടീം ഇന്ത്യ ആദ്യമത്സരത്തിനായി ഇന്നിറങ്ങും. ഏഷ്യ കപ്പ് ട്വന്റി-20 കിരീട ജയത്തിനുശേഷമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ ഏഷ്യന്‍ ഗെയിംസിനായി ജപ്പാനില്‍ എത്തിയിരിക്കുന്നത്.
ക്വാര്‍ട്ടര്‍ ഘട്ടം മുതലാണ് ഇന്ത്യക്കു മത്സരം. ഇന്ത്യന്‍ സമയം രാവിലെ 10.30നു നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആതിഥേയരായ ജപ്പാനാണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും എതിരാളികള്‍. മയ് യനാഗിഡയാണ് ജപ്പാന്റെ ക്യാപ്റ്റന്‍.
സ്മൃതി മന്ദാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, രേണുക സിംഗ്, ശ്രേയങ്ക പാട്ടീല്‍, ക്രാന്തി ഗൗഡ് തുടങ്ങിയ മുന്‍നിരതാരങ്ങളെല്ലാം ഇന്ത്യക്കൊപ്പമുണ്ട്. സ്വര്‍ണം നിലനിര്‍ത്തുക എന്നതു മാത്രമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
ഇന്നു നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ഏഷ്യ കപ്പ് ഫൈനലിസ്റ്റുകളായ ശ്രീലങ്ക, മലേഷ്യയെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ 5.30നാണു മത്സരം.
ബംഗ്ല, പാക് സെമിയില്‍
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പാക്കിസ്ഥാനും ബംഗ്ലാദേശിനും ജയം. ബംഗ്ലാദേശ് ഒരു പന്തുപോലും എറിയാതെയാണ് സെമിയിലേക്കു മാര്‍ച്ച് ചെയ്തതെങ്കില്‍ പാക്കിസ്ഥാന് മൂന്നു വിക്കറ്റിനു തായ്ലന്‍ഡിനെ കീഴടക്കിയാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
ചൈനയ്ക്കെതിരേയായിരുന്നു ബംഗ്ലാദേശിന്റെ ക്വാര്‍ട്ടര്‍ മത്സരം. എന്നാല്‍, ഔട്ട് ഫീല്‍ഡ് ഉണങ്ങാത്തതിനെത്തുടര്ന്നു മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. റാങ്കിംഗിലെ മികവിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് സെമി ടിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ചൈന പുറത്ത്.
തായ്ലന്ഡ് മുന്നോട്ടുവച്ച 92 റണ്‍സ് എന്ന ലക്ഷ്യം പാക്കിസ്ഥാന് രണ്ടു പന്ത് മാത്രം ബാക്കിവച്ചാണ് നേടിയത്. മഴയെത്തുടര്‍ന്നു മത്സരം 11 ഓവറിലേക്കു ചുരുക്കിയിരുന്നു. സ്കോര്‍: തായ്ലന്ഡ് 11 ഓവറില്‍ 91/4. പാക്കിസ്ഥാന് 10.4 ഓവറില്‍ 92/7.
Sports
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ നിന്ന് ചൈന പുറത്ത്. കനത്ത മഴയും ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും കാരണം ടോസ് പോലും ഇടാനാവാതെ മത്സരം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് സെമിഫൈനലിലേക്ക് മുന്നേറി.
ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. വനിതാ ടി20 റാങ്കിംഗിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്. ഈ റാങ്ക് വ്യത്യാസമാണ് ബംഗ്ലാദേശിന് തുണയായത്. അതേസമയം ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തിനായി 20ന് ഇറങ്ങും.
ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുന്നവരാണ് സെമിഫൈനലിൽ ബംഗ്ലാദേശിനെ നേരിടുക. ആകെ എട്ടു ടീമുകൾ മാത്രമാണ് ഗെയിംസിൽ മാറ്റുരയ്ക്കുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ. മറ്റൊരു ക്വാർട്ടറിൽ തായ്ലൻഡിനെ വീഴ്ത്തി പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചു.
നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാക് വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത തായ്ലൻഡ് 11 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 91 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി.
36-1 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 77-6 എന്ന നിലയിലേക്ക് കൂപ്പുകൂത്തി. അവസാനം കഷ്ടിച്ചാണ് പാക്കിസ്ഥാൻ ജയത്തിലേക്ക് കടക്കുന്നത്. രണ്ട് പന്ത് മാത്രം ശേഷിക്കേയാണ് ടീമിന്റെ ജയം.
Sports
നഗോയ: 2026 ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ ഐച്ചി-നഗോയയില്‍ എത്തിയ ഇന്ത്യന്‍ കായികതാരങ്ങള്‍ പെരുവഴിയില്‍... കോസ്റ്റ സെറീന എന്ന ഇറ്റാലിയന്‍ വിനോദസഞ്ചാര കപ്പലില്‍ താമസമൊരുക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍, നഗോയയില്‍ എത്തി 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ താരങ്ങള്‍ക്കു താമസസൗകര്യം ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നു. കോസ്റ്റ സെറീന കപ്പലില്‍ ഏകദേശം 4000 ആളുകള്‍ക്കാണ് താമസിക്കാവുന്നത്.
വെള്ളം മാത്രം നല്കി
ഇന്ത്യയുടെ തുഴച്ചില്‍, ഷൂട്ടിംഗ് ടീം അംഗങ്ങളാണ് താമസസൗകര്യം ലഭിക്കാന്‍ വൈകിയതിന്റെ പേരില്‍ 12 മണിക്കൂറിലധികം പെരുവഴിയിലായത്. സംഘടകര്‍ വെള്ളം മാത്രമേ നല്കിയുള്ളൂ എന്ന ആക്ഷേപവും ഇതിനിടെ ഉയര്‍ന്നു.
ചെന്നൈ, ന്യൂഡല്‍ഹി വിമാനത്താവളങ്ങളില്‍നിന്ന് ബാങ്കോക്ക് വഴിയാണ് ഇന്ത്യന്‍ ടീം നഗോയയില്‍ എത്തിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ഗെയിംസ് നഗരത്തില്‍ എത്തി. 12 മണിക്കൂറില്‍ അധികം നീണ്ട യാത്രയ്ക്കുശേഷം കോസ്റ്റ സെറീനയ്ക്കു മുന്നില്‍ എത്തിയെങ്കിലും താമസസൗകര്യം ലഭിച്ചില്ല. ഇന്ത്യന്‍ തുഴച്ചില്‍ സംഘത്തില്‍ 17 പുരുഷന്മാരും അഞ്ചു സ്ത്രീകളും എട്ട് ഒഫീഷ്യല്‍സും അടക്കം 30 അംഗങ്ങളാണുള്ളത്.
തറയില്‍ ഉറക്കം
ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമല്ല, വിയറ്റ്നാം, ചൈന, കൊറിയ, തായ്ലന്ഡ് താരങ്ങള്‍ക്കും താമസസൗകര്യം ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. വിശ്രമിക്കാനുള്ള സൗകര്യം ലഭിക്കാതിരുന്നതോടെ താരങ്ങള്‍ തറയില്‍ കിടന്നുറങ്ങി.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും അംഗസംഖ്യ ക്രമാതീതമായി വര്‍ധിച്ചതാണ് സംഘാടകരെ പ്രതിസന്ധിയിലാക്കിയത്.
തടികൊണ്ടു നിര്‍മിച്ച താത്കാലിക കണ്ടെയ്നര്‍ സ്റ്റൈലിലുള്ള താമസസൗകര്യവും അധികൃതര്‍ ഒരുക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ചയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിനു താരങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു.
താമസസൗകര്യ പ്രശ്നം ക്രമാതീതമായി ഉയരുന്നതിനിടെയായിരുന്നു ചൊവ്വാഴ്ച നഗോയ തീരത്ത് കോസ്റ്റ സെറീന കപ്പല്‍ എത്തിയത്. എന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന വാര്‍ത്തയാണ് നഗോയയില്നിന്നു പുറത്തുവരുന്നതെന്നതാണ് ശ്രദ്ധേയം.
Sports
ന്യൂഡല്‍ഹി: 2026 ഏഷ്യന്‍ ഗെയിംസ് മുന്നൊരുക്കത്തിനായി 702 കോടി രൂപ മുടക്കിയതായി കേന്ദ്ര കായിക മന്ത്രാലയം.
ഈ മാസം 19 മുതല്‍ ഒക്ടോബര്‍ നാലു വരെ അരങ്ങേറുന്ന ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന താരങ്ങളുടെ മുന്നൊരുക്കത്തിനായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും തുക മുടക്കിയത്.
കായിക ഉപകരണങ്ങള്‍, പരിശീലനം, കോച്ചുമാര്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് പണം മുടക്കിയതെന്നും കായിക മന്ത്രാലയം അറിയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് 501 താരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കും. 267 പുരുഷന്മാരും 234 സ്ത്രീകളും ഉള്‍പ്പെടെയാണിത്.
2022 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 106 മെഡല്‍ നേടിയിരുന്നു. ഇത്തവണ ഈ നേട്ടം മറികടക്കുകയാണു ലക്ഷ്യം.
Sports
പട്യാല: 2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്ലറ്റിക്സ് ടീമില്‍ അഴിച്ചുപണി. ഗെയിംസിനു തിരിതെളിയാന്‍ വെറും അഞ്ചു ദിനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെയാണ് ആദ്യം പ്രഖ്യാപിച്ച 77 അംഗ അത്ലറ്റിക്സ് സംഘത്തില്‍നിന്നു മൂന്നു താരങ്ങളെ ഒഴിവാക്കിയത്. ജപ്പാനിലെ ഐച്ചി-നഗോയയില്‍ ഈ മാസം 19 മുതല്‍ ഒക്ടോബര്‍ നാലു വരെയാണ് 2026 ഏഷ്യന്‍ ഗെയിംസ്.
മൂന്നു മാറ്റങ്ങള്‍
വനിതാ ജാവലിന്‍ത്രോ താരം അന്നു റാണി, സ്പ്രിന്റര്‍ നിത്യ ഗാന്ധെ, പുരുഷ ലോംഗ്ജംപ് താരം ഷാഹ് നവാസ് ഖാന് എന്നിവരെയാണ് അവസാന സംഘത്തില്‍നിന്ന് ഒഴിവാക്കിയത്. ഇതോടെ അത്ലറ്റിക്സ് ടീം അംഗങ്ങളുടെ എണ്ണം 74ലേക്കു ചുരുങ്ങി. മോശം പ്രകടനം, ഫിറ്റ്നസ് പ്രശ്നം എന്നീ കാരണങ്ങളാണ് ഇവരെ ഒഴിക്കാനുള്ള കാരണം.
വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ അത്ലറ്റിക്സ് ഫൈനല്‍ സീരീസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്നു റാണിയെ ഒഴിവാക്കിയത്. 57.62 മീറ്റര്‍ എന്ന ക്വാളിഫിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് കടക്കാന്‍ അന്നു റാണിക്കു സാധിച്ചില്ല. 57.50 മീറ്റര്‍ മാത്രമാണ് അന്നു എറിഞ്ഞത്. 12 സെന്റിമീറ്ററിന്റെ കുറവില്‍ അന്നുവിന് ഏഷ്യന്‍ ഗെയിംസ് യോഗ്യത നഷ്ടപ്പെട്ടതായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ അറിയിച്ചു. 2022 ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ 62.92 മീറ്ററുമായി അന്നു റാണി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
വനിതാ സ്പ്രിന്റ് റിലേ ടീമിലായിരുന്നു നിത്യ ഉണ്ടായിരുന്നത്. ഇന്ത്യന്‍ അത്ലറ്റിക്സ് ഫൈനല്‍ സീരീസില്‍ 100 മീറ്ററില്‍ 11.93 സെക്കന്‍ഡുമായി ഒമ്പതാം സ്ഥാനത്തു മാത്രമാണ് നിത്യ ഫിനിഷ് ചെയ്തത്. അതേസമയം, പുരുഷ ലോംഗ്ജംപില് 7.43 മീറ്റര്‍ ക്ലിയര്‍ ചെയ്യാനേ ഷാഹ് നവാസിനു സാധിച്ചുള്ളൂ. ആറാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു.
ജപ്പാനില്‍ ഇന്ത്യന്‍ ക്യാമ്പ്
23 മുതലാണ് ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ശനിയാഴ്ച പുറപ്പെട്ട ഇന്ത്യന്‍ സംഘം ജപ്പാനില്‍ എത്തിച്ചേര്‍ന്നു. നിലവില്‍ ടോക്കിയോയ്ക്ക് സമീപമുള്ള സുകുബ യൂണിവേഴ്സിറ്റി ക്യാമ്പില്‍ അവസാനവട്ട പരിശീലനത്തിലാണ് ഇന്ത്യന്‍ സംഘം. 21നു ഗെയിംസ് വേദിയായ ഐച്ചി-നഗോയയില്‍ എത്തിച്ചേരും.
10 മലയാളി താരങ്ങളാണ് ഇന്ത്യന്‍ അത്ലറ്റിക്സ് സംഘത്തില്‍ ഉള്ളത്. ലോംഗ്ജംപില് മുരളി ശ്രീശങ്കര്‍, ഡെക്കാത്തലണില്‍ തൗഫീഖ്, 800 മീറ്ററില്‍ മുഹമ്മദ് അഫ്സല്, 4x400 മീറ്റര്‍ റിലേ, മിക്സഡ് റിലേയില്‍ ടി.എസ്. മനു, ട്രിപ്പിള്‍ജംപില്‍ യു. കാര്‍ത്തിക്, 4x400 മീറ്റര്‍ റിലേ, മിക്സഡ് റിലേയില്‍ അന്‍സ ബാബു, ഹെപ്റ്റാത്തലണില്‍ കെ. അനാമിക, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്. അനു, ലോംഗ്ജംപില് ആന്‍സി സോജന്, 4x400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അഷ്ഫാഖ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യങ്ങള്‍.
2022ല്‍ പുരുഷ-വനിതാ ലോംഗ്ജംപില് വെള്ളി നേടിയ താരങ്ങളാണ് ശ്രീശങ്കറും ആന്‍സി സോജനും. ഇത്തവണയും ഇരുവരും മെഡല്‍ പ്രതീക്ഷയാണ്.
Sports
നഗോയ: ഏഷ്യൻ ഗെയിംസ് ആരംഭിക്കാൻ ഒന്‍പതു ദിവസം മാത്രം ശേഷിക്കേ ആതിഥേയനഗരമായ ജപ്പാനിലെ നഗോയയിൽ കനത്ത വെള്ളപ്പൊക്കം.
ചൊവ്വാഴ്ച പെയ്ത റിക്കാർഡ് മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളും വീടുകളും മെട്രോ സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. മേളയ്ക്കായി എത്തിയ മുന്നൂറിലധികം വിദേശ കായികതാരങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പടെ നാനൂറോളം പേരെ താത്കാലികമായി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
നഗരത്തിൽ ചൊവ്വാഴ്ച ഏകദേശം 104 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഗെയിംസിനായി ഒരുക്കിയ ചില ഇൻഡോർ സ്റ്റേഡിയങ്ങളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂര ചോർന്ന് ഉള്ളിലേക്ക് വെള്ളം ഇറങ്ങി.
നഗോയ പോർട്ട് ഏരിയയിലെ ഗാർഡൻ പിയറിൽ ഒരുക്കിയ താത്കാലിക വുഡൻ കണ്ടെയ്നറുകളിൽ താമസിച്ചിരുന്ന താരങ്ങളെയാണ് മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചത്. എന്നാൽ രണ്ടു മണിക്കൂറിനുശേഷം ഒഴിപ്പിക്കൽ മുന്നറിയിപ്പ് പിൻവലിച്ചതോടെ ഇവർ താമസസ്ഥലങ്ങളിലേക്കു മടങ്ങി.
പ്രതികൂല കാലാവസ്ഥ മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് നഗോയ മേയർ ഇച്ചിറോ ഹിറോസാവ അറിയിച്ചു. ചില കെട്ടിടങ്ങളുടെ മേൽക്കൂര ചോർന്നതൊഴിച്ചാൽ സ്റ്റേഡിയങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ 19ന് നടക്കാനിരിക്കുന്ന ഉദ്ഘാടനച്ചടങ്ങിനോ തുടർന്നുള്ള മത്സരങ്ങൾക്കോ യാതൊരു തടസവുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
19 മുതൽ ഒക്ടോബർ നാലുവരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. 45 രാജ്യങ്ങളിൽനിന്നായി 11,000ത്തിലധികം കായികതാരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
വില്ലേജിന് പകരം കണ്ടെയ്നർ, ആഡംബര കപ്പൽ
ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇത്തവണത്തെ ഏഷ്യൻ ഗെയിംസിന് പരമ്പരാഗതരീതിയിലുള്ള ‘അത്ലറ്റ്സ് വില്ലേജ്’ നിർമിച്ചിട്ടില്ല. പകരം കായികതാരങ്ങൾക്കും ഉദ്യോഗസ്ഥർക്കും താമസസൗകര്യമൊരുക്കാൻ പ്രത്യേക വുഡൻ കണ്ടെയ്നറുകൾ, ഹോട്ടൽ മുറികൾ, ക്രൂയിസ് ഷിപ്പ് (ആഡംബര കപ്പൽ) എന്നിവയാണ് സംഘാടകർ സജ്ജമാക്കിയിരിക്കുന്നത്.
19നു ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെങ്കിലും ബാസ്കറ്റ്ബോൾ അടക്കമുള്ള ചില പ്രധാന മത്സരങ്ങൾ ഇന്ന് ആരംഭിക്കും. 43 കായിക ഇനങ്ങളിലായി 71 ഡിസിപ്ലിനുകളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. 2024 പാരിസ് ഒളിംപിക്സിനേക്കാൾ കൂടുതൽ താരങ്ങൾ പങ്കെടുന്നുവെന്ന പ്രത്യേകതയും 2026 എയ്ച്ചി-നഗോയ ഏഷ്യൻ ഗെയിംസിനുണ്ട്.
Sports
ന്യൂഡൽഹി: ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ യാഷ് വീർ സിംഗിനെ ഉൾപ്പെടുത്തി.
2026ലെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യയുടെ 77 അംഗ അത്ലറ്റിക്സ് ടീമിൽ പരിക്കേറ്റ ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് പകരമാണ് കോമണ്‍വെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവായ യാഷ് വീർ സിംഗിനെ പരിഗണിച്ചത്.
19 മുതൽ ഒക്്ടോബർ നാലു വരെ ഐച്ചി-നഗോയയിലാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
Sports
നഗോയ (ജപ്പാൻ): ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിനു മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിനു പ്രൗഢഗംഭീരമായ തുടക്കം.
നേരത്തേ ഗെയിംസിന് ആതിഥ്യം വഹിച്ച ജാപ്പനീസ് നഗരങ്ങളായ ടോക്കിയോയിലും ഹിരോഷിമയിലും തെളിച്ച ദീപങ്ങൾക്കൊപ്പം നഗോയയിൽ തെളിച്ച ദീപവും ചേർന്നാണ് ഐച്ചി നഗോയ ഏഷ്യൻ ഗെയിംസിന്റെ ഒൗദ്യോഗിക ദീപമായി മാറിയത്.
2011ലെ ബലോൻ ദ്യോര്‍ ജേതാവായ വനിതാ ഫുട്ബോൾ താരം ഹോമാരേ സോവാ, മുൻ ലോക നാലാം നന്പർ ടെന്നീസ് താരം കിമികോ ഡാറ്റെ എന്നിവരും ഗോതോയും ചേർന്ന് ഒൗദ്യോഗിക ഗെയിംസ് ദീപത്തിലേക്ക് അഗ്നി പകർന്നു.
സെപ്റ്റംബർ 19 മുതൽ ഒക്്ടോബർ നാല് വരെയാണ് 20-മത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്.
Sports
ന്യൂഡൽഹി: യോഗ്യത നേടിയിട്ടും ഈ വർഷം ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ, വനിതാ ഫുട്ബോൾ ടീമുകൾ പങ്കെടുക്കില്ല.
മെഡൽ നേടാൻ യഥാർഥ സാധ്യതയുള്ള കായികതാരങ്ങളെ മാത്രമാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് പരിഗണിക്കുന്നതെന്ന കേന്ദ്ര കായിക മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരമാണ് ഒഴിവാക്കലെന്നു കേന്ദ്രം പാർലമെന്റിൽ അറിയിച്ചു.
ലോക്സഭയിൽ കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ ഉന്നയിച്ച ചോദ്യത്തിനാണ് മറുപടി.
ഈ വർഷം സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയാണ് ഏഷ്യൻ ഗെയിംസ്.
Sports
അയ്ചി-നഗോയ: അയ്ചി-നഗോയയിൽ നടക്കുന്ന 2026ലെ ഏഷ്യൻ ഗെയിംസ് പുരുഷ-വനിതാ ക്രിക്കറ്റ് ടൂർണമെന്റുകളുടെ സമയക്രമം പ്രഖ്യാപിച്ചു. വനിതകളുടെ മത്സരം സെപ്റ്റംബർ 17 മുതൽ 22 വരെയും പുരുഷന്മാരു
ടെ ടൂർണമെന്റ് സെപ്റ്റംബർ 24 മുതൽ ഒക്ടോബർ ഒന്ന് വരെയും നടക്കും.
ഇന്ത്യയുടെ ഇരു ടീമുകൾക്കും സീഡിംഗ് ലഭിക്കും. ഇതോടെ ടീമുകൾ ക്വാർട്ടർ ഫൈനലിൽ നിന്നാകും മത്സരങ്ങൾ ആരംഭിക്കുക. ഇന്ത്യ രണ്ട് വിഭാഗങ്ങളിലും സ്വർണ മെഡൽ ജേതാക്കളാണ്.