National
പാറ്റ്ന: ബിഹാറിൽ വീണ്ടും പെൺകുട്ടിക്ക് നേരേ അതിക്രമം. ബിഹാറിലെ ബങ്ക ജില്ലയിലെ മന്തർപർവതിലാണ് പെൺകുട്ടിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ പരസ്യമായി ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
പെൺകുട്ടിയെ ചിലർ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിയുടെ സുഹൃത്തെന്ന് കരുതുന്നയാളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലിസ് കേസെടുക്കുകയും ദൃശ്യങ്ങളിൽ ഉള്ള ആറ് യുവാക്കളെ പ്രതികളാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ സമസ്തിപുർ, ജമുയി എന്നിവിടങ്ങളിലും പെൺകുട്ടികൾക്ക് നേരെ സമാനമായ ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയും പൊലിസിനെതിരെയും വ്യാപകമായ വിമർശനമാണ് ഉയരുന്നത്.
National
പാറ്റ്ന: സ്കൂൾ വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ നടന്ന ക്രൂരമായ സദാചാര ആക്രമണത്തെ അപലപിക്കുന്നതിനിടെ, വിവാദ പരാമർശവുമായി ബിഹാർ മന്ത്രിയും മുൻ ഷൂട്ടിംഗ് താരവുമായ ശ്രേയസി സിംഗ്. സദാചാര പൊലിസിംഗ് "കുറച്ചുകൂടി ഭംഗിയായിട്ടും മാന്യവുമായി ചെയ്യാമായിരുന്നു" എന്ന ബിജെപി നേതാവു കൂടിയായ മന്ത്രിയുടെ വാക്കുകളാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
ബിഹാറിലെ ജമുയി ജില്ലയിൽ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലിസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്.
ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കവേയാണ് മന്ത്രി വിവാദപരമായ പ്രസ്താവന നടത്തിയത്. നാട്ടുകാർ കുട്ടികളോട് പെരുമാറിയ രീതി അസഹനീയമാണെന്ന് മന്ത്രി പറഞ്ഞെങ്കിലും, മറ്റുള്ളവർ എങ്ങനെ ജീവിക്കണമെന്നും എന്തൊക്കെ ചെയ്യണമെന്നും ഉള്ളതിനെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും, എന്നാൽ അത് പ്രകടിപ്പിക്കാൻ കുറച്ചുകൂടി നല്ല രീതികൾ ഉണ്ടെന്നുമാണ്" മന്ത്രി പ്രതികരിച്ചത്.
ആക്രമണത്തെ തള്ളിപ്പറയുമ്പോഴും സദാചാര പൊലിസിംഗിനെ ഒരു പരിധി വരെ ന്യായീകരിക്കുന്ന രീതിയിൽ സംസാരിച്ചതിനെതിരെ പ്രതിപക്ഷവും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിലെ ജാമുയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ആക്രമിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. അക്രമിസംഘത്തിലെ മുഖ്യപ്രതി നന്ദൻ യാദവ് ആണ് പിടിയിലായത്.
നന്ദൻ യാദവിനെ ഏറ്റുമുട്ടിലിലൂടെയാണ് ചൊവ്വാഴ്ച പൊലിസ് പിടികൂടിയത്. ഏറ്റുമുട്ടലിൽ ഇയാളുടെ കാലിന് വെടിയേറ്റിട്ടുണ്ട്. ഒളിവിൽ കഴിയുകയായിരുന്ന ഹരേറാം യാദവിനും കാലിന് പരിക്കേറ്റിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.
സെപ്റ്റംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും ജാമുയിൽ വച്ച് ഒരു സംഘം അക്രമികൾ വഴിയിൽ തടഞ്ഞ് ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
National
പാറ്റ്ന: ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേർ പിടിയിൽ.
രാജ്യവ്യാപിയായി വലിയ പ്രതിഷേധത്തിന് ഇടയാക്കിയ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലിസ് അന്വേഷണം ഊർജിതമാക്കി പ്രതികളെ പിടികൂടിയത്.
ജാമുയി നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. ശനിയാഴ്ച വൈകുന്നേരം കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ജാമുയി-ലഖിസരായ് റോഡിലൂടെ സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കുട്ടികളെ അക്രമാസക്തരായ ഒരുസംഘം ആളുകൾ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ആൺകുട്ടിയെ ക്രൂരമായി മർദിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വന്നത്. കുട്ടികൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ദേശീയതലത്തിൽ തന്നെ വലിയ രീതിയിലുള്ള ചർച്ചകൾ നടന്ന പശ്ചാത്തലത്തിലാണ് പൊലീസ് അതിവേഗം നടപടികൾ സ്വീകരിച്ചത്.
National
പാറ്റ്ന: എൻഡിഎ ഭരിക്കുന്ന ബിഹാറിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കില്ലെന്നു മുതിർന്ന ജെഡി-യു നേതാവ് ശ്യാം രജക്.
യുസിസി ബില്ലിലെ പാർലമെന്റിൽ ജെഡി-യു പിന്തുണച്ചിരുന്നു. 2029 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് എൻഡിഎ ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ശ്യാം രജക്.
യുസിസി വിഷയത്തിൽ പാർട്ടിയുടെ നിലപാട് മുൻ മുഖ്യമന്ത്രി നിതീഷ്കുമാർ വ്യക്തമായി അറിയിച്ചിട്ടുണ്ടെന്ന് ജെഡി-യു മുൻ ദേശീയ ജനറൽ സെക്രട്ടറികൂടിയായ ശ്യാം രജക് പറഞ്ഞു.
അതേസമയം, യുസിസി വിഷയത്തിൽ പാർട്ടി വക്താക്കൾ പ്രതികരിക്കുമെന്നായിരുന്നു മന്ത്രിയും ജെഡി-യു നിയമസഭാ കക്ഷി നേതാവുമായ ശ്രാവൺകുമാർ പറഞ്ഞത്.
National
ഭഗൽപുർ: ബിഹാറിലുണ്ടായ പ്രളയത്തിൽ ഒരു കുടുംബത്തിലെ നാലു പേർ ഉൾപ്പെടെ അഞ്ചു മരണം.
ഭഗൽപുർ ജില്ലയിലെെ കൊയ്ലി ഖുടാഹ ഗ്രാമത്തിലായിരുന്നു അപകടം. നാലു കുട്ടികളും യുവതിയുമാണു മുങ്ങിമരിച്ചത്.
ബിഹാറിലെ 14 ജില്ലകളിലായി 44 ലക്ഷം പേരെ പ്രളയം ബാധിച്ചു. ഗംഗ ഉൾപ്പെടെ പല നദികളിലും ജലനിരപ്പ് അപകടരമാംവിധം ഉയർന്ന നിലയിലാണ്.
National
പാറ്റ്ന: ബിഹാറിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ഗംഗാനദി ഉൾപ്പടെയുള്ള നദികൾ കരകവിഞ്ഞു. 11 ജില്ലകളിലായി 19 ലക്ഷത്തിലധികം പേർ ദുരിതത്തിലായി. പാറ്റ്നയിലെ ഗാന്ധി ഘട്ടിൽ ഗംഗാനദി ഭീതിദമായി കരകവിഞ്ഞൊഴുകുകയാണ്. മുന്പെങ്ങുമില്ലാത്ത വിധം ഗംഗയിലെ ജലനിരപ്പ് 50.57 മീറ്ററായി ഉയർന്നതായി ദുരന്തനിവാരണ വകുപ്പ് പറഞ്ഞു.
പാറ്റ്ന, ഭോജ്പുർ, സരൺ, വൈശാലി, ഭഗൽപുർ, ബെഗുസാരായി, ബുക്സർ, സമഷ്ടിപുർ, മുംഗേർ, കതിഹാർ, അരിയ എന്നീ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ നദികൾ കവർന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് 330 ഗ്രാമപഞ്ചായത്തുകളെ വെള്ളപ്പൊക്കം ബാധിച്ചു. ഗംഗ, ഭാഗ്മതി, ഗന്ധക്, കോസി, ബുർഹി ഗന്ധക്, പുൻപുൻ, ഘാഗ്ര എന്നീ പ്രധാന നദികളെല്ലാം അപായരേഖയ്ക്കു മുകളിലാണ് ഒഴുകുന്നത്.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ 27 സംഘങ്ങളും ദേശീയ ദുരന്ത നിവാരണ സേനയുടെ 10 സംഘങ്ങളും രക്ഷാദൗത്യവുമായി മുന്നിലുണ്ട്. 1345 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ 76 ശതമാനം ഭാഗവും വെള്ളപ്പൊക്ക ദുരിതത്തിലായതിനാൽ ഇത് ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോട് ദുരന്തസ്ഥലം സന്ദർശിക്കാൻ ആവശ്യപ്പെടണമെന്ന് നിയമസഭാ പ്രതിപക്ഷ നേതാവും ആർജെഡി ദേശീയ വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ് പറഞ്ഞു.
Kerala
കൊച്ചി: പഴയ നാണയങ്ങളുടെ പേരിൽ ബിഹാർ സ്വദേശിയിൽ നിന്ന് 2.70 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പഴയ നാണയങ്ങൾക്കും കറൻസികൾക്കും പകരമായി 9.50 ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ബിഹാർ സ്വദേശി എം.ഡി. മിസ്തറാണ് മട്ടാഞ്ചേരി പൊലിസിൽ പരാതി നൽകിയത്. മിസ്തറിന്റെ കൈവശമുള്ള പഴയ നാണയങ്ങളും കറൻസികളും കൈമാറിയാൽ 9.50 ലക്ഷം രൂപ നൽകാമെന്നും തുക ഹോം ഡെലിവറിയായി എത്തിക്കാമെന്നും പറഞ്ഞാണ് പ്രതികൾ സമീപിച്ചത്.
തുടർന്ന് ഹോം ഡെലിവറി ചാർജിന്റെ പേരിൽ വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെട്ടു. ഓഗസ്റ്റ് 11 മുതൽ 20 വരെ അക്കൗണ്ട് വഴി മിസ്തറിൽ നിന്ന് ഏകദേശം 2.70 ലക്ഷം രൂപ പ്രതികൾ കൈപ്പറ്റിയെന്നാണ് പരാതി.
പിന്നീട് തുക തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പണം കൈമാറാൻ തയാറായില്ല. ഇതേതുടർന്നാണ് മിസ്തർ മട്ടാഞ്ചേരി പൊലിസിനെ സമീപിച്ചത്.
National
പാറ്റ്ന: ബിഹാറിലെ അധ്യാപക നിയമന പരീക്ഷാ ക്രമക്കേടുകൾക്കെതിരേയും തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനെതിരേയും ഉദ്യോഗാർഥികൾ നടത്തിയ ശക്തമായ പ്രതിഷേധത്തിൽ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന് ആറുവയസുകാരൻ. പാറ്റ്നയിലെ പുന്നൈചക് സ്വദേശിയും ഒന്നാം ക്ലാസ് വിദ്യാർഥിയുമായ ആദിത്യ കുമാറാണ് ഭരണകൂടത്തിനെതിരായ സമരമുഖത്തെ തരംഗമായി മാറിയത്.
പാറ്റ്നയിലെ പ്രമുഖ സമരകേന്ദ്രമായ ഡാക്ബംഗ്ലാവ് ചൗക്കിൽ കഴിഞ്ഞ 25ന് നടന്ന പ്രതിഷേധത്തിൽ ദേശീയപതാകയേന്തിയാണ് ആദിത്യ പങ്കെടുത്തത്. സമരവേദിയിലെത്തിയ പത്രപ്രവർത്തകർക്കു മുന്നിൽ ഭയലേശമന്യേ സർക്കാരിന്റെ തൊഴിൽ നയങ്ങളെ ചോദ്യം ചെയ്ത ആദിത്യയുടെ വീഡിയോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
സമാധാനപരമായി സമരം ചെയ്ത ഉദ്യോഗാർഥികൾക്കു നേരേ പോലീസ് നടപ്പിലാക്കിയ അടിച്ചമർത്തൽ നടപടികളെ ചോദ്യം ചെയ്ത ആറുവയസുകാരൻ, വരുംതലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ ഭരണാധികാരികൾക്ക് ബാധ്യതയുണ്ടെന്നും തുറന്നടിച്ചു. ലാത്തിച്ചാർജ് നടത്തിയ പോലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി രാജീവയ്ക്കണമെന്നും ആദിത്യ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധത്തിനിടെ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. വൻ ജനക്കൂട്ടവും സംഘർഷാവസ്ഥയും കണക്കിലെടുത്ത് കുട്ടിയുടെയും അമ്മയുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ സുരക്ഷിതമായി മാറ്റുക മാത്രമാണ് ചെയ്തതെന്നും അധികൃതർ അറിയിച്ചു.
ഉദ്യോഗാർഥികളുടെ സമരത്തിന് പുതിയ ഊർജം പകർന്ന ആദിത്യയുടെ പ്രതികരണങ്ങൾ ബിഹാറിലെ തൊഴിലില്ലായ്മയെക്കുറിച്ചും വിദ്യാഭ്യാസ രംഗത്തെ അഴിമതിയെക്കുറിച്ചുമുള്ള ചർച്ചകൾ ദേശീയതലത്തിൽ വീണ്ടും സജീവമാക്കിയിരിക്കുകയാണ്.
National
ന്യൂഡൽഹി: നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങൾ ചേർന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നേപ്പാളിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയെന്നാണ് വിവരം. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്.
National
ബിഹാർ: ബിഹാർ പിഎസ്സി പരീക്ഷകളിലെ ക്രമക്കേടിനെതിരേ ഉദ്യോഗാർഥികളും വിദ്യാർഥികളും നടത്തിയ മാർച്ച് ലാത്തിച്ചാർജിലും കല്ലേറിലും കലാശിച്ചു. നിരവധി ഉദ്യോഗാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റു.
ബിഹാർ പിഎസ്സി, എസ്എസ്സി പരീക്ഷകളിൽ ക്രമക്കേടുകൾ ആരോപിച്ച് ഉദ്യോഗാർഥികളും വിദ്യാർഥികളും ഗാർദാനിബാഗിൽ ആഴ്ചകളായി നടത്തിവന്ന സമരം ഇന്നലെ പ്രതിഷേധ മാർച്ചായി മുഖ്യമന്ത്രിയുടെ വസതിയിലേക്കു നീങ്ങിയതോടെയാണ് സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയത്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന മാർച്ച് പാറ്റ്നയിലെ ഗാന്ധി മൈതാനിൽ ആരംഭിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡാക് ബംഗ്ലാവ് ക്രോസിംഗിലേക്ക് എത്തിയപ്പോഴേക്കും പോലീസ് നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രിയെ ഘെരാവോ ചെയ്യാൻ ലക്ഷ്യമിട്ട് സമരക്കാർ ഡാക് ബംഗ്ലാവ് ക്രോസിംഗിലെ ബാരിക്കേഡുകൾ മറികടന്നതോടെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു.
സമരക്കാർ പോലീസിനു നേരേ കല്ലെറിയാൻ തുടങ്ങിയതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് ആരംഭിച്ചത്. നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാംതന്നെ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ്, ദ്രുതകർമ സേനയുമടക്കം മറ്റു സേനകളെയും വിന്യസിച്ചിട്ടുണ്ട്.
ബിപിഎസ്സി ടിആർഇ 4 പരീക്ഷകൾ ഒറ്റഘട്ടമായി നടത്തുക, നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കുക, ബിഹാർ സ്റ്റാഫ് സെലക്്ഷൻ കമ്മീഷൻ(ബിഎസ്എസ്സി) നടത്തുന്ന നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ഒഴിവാക്കുക, ഹിന്ദി മീഡിയം വിദ്യാർഥികൾക്ക് തുല്യ അവസരം ഉറപ്പാക്കുക തുടങ്ങിയവയാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങൾ.
മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടന്ന മാർച്ചിൽ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കുമൊപ്പം പ്ലക്കാർഡുകളുമായി വലിയ വിഭാഗം കർഷകരും പങ്കെടുത്തു.
സർക്കാരിന്റെ പുതിയ നഗരവത്കരണ നയത്തെ എതിർക്കുന്നതിന്റെ ഭാഗമായാണ് കർഷകർ അണിനിരന്നത്. ഏറ്റെടുക്കലുകളിൽനിന്നു തങ്ങളുടെ ഭൂമിക്ക് സുരക്ഷ വേണമെന്നതായിരുന്നു പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്. പാടലീപുത്ര ഗ്രീൻഫീൽഡ് സാറ്റലൈറ്റ് ടൗൺഷിപ്പിന്റെ ഭാഗമായി 81,730 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാൻ പദ്ധതിയിടുന്നത്.
National
പാറ്റ്ന: ബിഹാറിലെ പടിഞ്ഞാറന് ചമ്പാരണില് സംഗീതപരിപാടി കണ്ടു നിന്ന ജനക്കൂട്ടത്തിന് ഇടയിലേക്ക് ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേര് മരിച്ചു. സംഭവത്തില് ആറ് പേർക്ക് പരിക്കേറ്റു.
ലോരിയയ്ക്ക് സമീപമുള്ള ഗ്രാമത്തില് ഒരു കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
പരിപാടി നടക്കുന്നതിനിടെ വലിയ ജനക്കൂട്ടം റോഡില് തടിച്ചുകൂടിയിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ആള്ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറുകയാണ് ഉണ്ടായത്. ഗോരഖ്പൂരില് നിന്നും ബേത്തിയയിലേക്ക് വരികയായിരുന്നു ബസ്.
രണ്ട് പേര് സംഭവസ്ഥലത്തും ബാക്കി മൂന്ന് പേര് ആശുപത്രിയില് ചികിത്സയില് ഇരിക്കേയുമാണ് മരിച്ചതെന്ന് ലോരിയ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര് അറിയിച്ചു. അപകട ശേഷം ബസ് നിര്ത്താതെ പോയ ഡ്രൈവര്, പിന്നീട് ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിലെ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അലക്കുപൊടി കലർത്തിയതിനെത്തുടർന്ന് 34 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നളന്ദയിലെ പരാസിയിലുള്ള ഒരു മിഡിൽ സ്കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ഭക്ഷണം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സ്കൂളിലെ അടുക്കളയിൽ ഉപ്പിന്റെയും അലക്കുപൊടിയുടെയും കുപ്പികൾ അടുത്തടുത്തായാണു വച്ചിരുന്നത്. സോയാബീനും ഉരുളക്കിഴങ്ങും ചേർന്ന കറിയും ചോറും ഉൾപ്പെട്ട ഉച്ചഭക്ഷണത്തിൽ ഉപ്പ് കുറവാണെന്ന് ചില വിദ്യാർഥികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പാചകക്കാരൻ ഉപ്പാണെന്നു കരുതി ഭക്ഷണത്തിൽ അലക്കുപൊടി ചേർക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു.
ഇതിനെക്കാൾ ലജ്ജാകരമായി മറ്റെന്തുണ്ടെന്നാണ് സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രതികരിച്ചത്. ബിഹാറിലെ ഗ്രാമീണ വികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രിയിൽ വിദ്യാർഥികളെ സന്ദർശിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ബാങ്കിപുർ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ എൻഡിഎയിൽ അമർഷം പുകയുന്നു. തോൽവിക്ക് പിന്നാലെ ജെഡിയു നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, രാജ്യസഭാംഗവും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റുമായ സഞ്ജയ കുമാർ ഝാ എന്നിവരും നിതീഷ് കുമാറിനൊപ്പം ഒപ്പമുണ്ടായിരുന്നു.
ജെഡിയുവിൽ നിന്ന് മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുത്ത ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ബാങ്കിപുരിലേത്. ഇവിടെയുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയതിൽ ജനങ്ങൾ രോഷാകുലരാണെന്നും ഈ ജനരോഷമാണ് ബാങ്കിപുർ തോൽവിക്ക് കാരണമെന്നും ജെഡിയു എംഎൽഎയായ അനന്ത് സിംഗ് വ്യക്തമാക്കി.
തോൽവിയെക്കുറിച്ച് പാർട്ടി ഗൗരവമായി പഠിക്കുമെന്നും താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ആലോചിച്ച് ആവശ്യമായ തിരുത്തൽ നടപടികളെടുക്കുമെന്നും മുതിർന്ന ജെഡിയു നേതാവ് ശ്യാം രജക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം മുന്നണിക്കുള്ളിലെ ചർച്ചകളിൽ ശക്തമായി ഉന്നയിക്കാനാണ് ജെഡിയുവിന്റെ തീരുമാനം.
National
സഹർസ: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു തീപിടിച്ചു. സമഷ്ടിപുർ-സഹർസ മെമു ട്രെയിനിലെ രണ്ട് കോച്ചുകൾക്കാണു തീപിടിച്ചത്.
ട്രെയിൻ തിങ്കളാഴ്ച പുലർച്ചെ മൂന്നിന് സിമ്രി ബക്തിയാർപുർ സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷൻ മാസ്റ്ററാണ് മോട്ടോർ കോച്ചിൽനിന്ന് അടുത്ത കോച്ചിലേക്കതു തീ പടരുന്നതു കണ്ടത്. ആർക്കു പരിക്കില്ല.
യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ അഗ്നിരക്ഷാ സേനയുടെ സഹായം തേടി. ആറോടെ തീ പൂർണമായും അണച്ചതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സരസ്വതി ചന്ദ്ര അറിയിച്ചു.
National
പാറ്റ്ന: ബിജെപിയുടെ കോട്ട എന്നറിയപ്പെടുന്ന ബങ്കിപുരിൽ പാർട്ടിക്കുണ്ടായ തിരിച്ചടിക്കു പിന്നിൽ വിദ്യാർഥികളുടെയും യുവ വോട്ടർമാരുടെയും രോഷമാണെന്നു വിലയിരുത്തൽ.
തൊഴിലില്ലായ്മ, നീറ്റ് ചോദ്യപേപ്പർ ചോർച്ച, വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുനേരേ നടന്ന പോലീസ് നടപടികൾ എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയുണ്ടായ കടുത്ത അമർഷമാണ് തെരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിച്ചത്.
മണ്ഡലത്തിലെ 3.79 ലക്ഷം വോട്ടർമാരിൽ 1.25 ലക്ഷം പേർ (മൂന്നിലൊന്ന്) 30 വയസിൽ താഴെയുള്ളവരാണ്. ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ‘ജെൻ സി’ വോട്ടർമാരും സർവകലാശാലാ വിദ്യാർഥികളും കൂട്ടത്തോടെ ജൻ സുരാജ് പാർട്ടിക്ക് വോട്ട് ചെയ്തത് വിജയത്തിൽ നിർണായകമായി.
National
ഔംറഗാബാദ്: ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ മുനിസിപ്പൽ ഉദ്യോഗസ്ഥനെ അജ്ഞാതർ വെടിവച്ചു കൊന്നു. ദെഹ്റി-ഡാൽമിയ നഗർ കൗൺസിലിലെ എക്സ്ക്യൂട്ടീവ് ഓഫീസർ വിമൽ കുമാറാണു കൊല്ലപ്പെട്ടത്. ബാരുൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ധണൗട്ടി പാലത്തിനു സമീപമായിരുന്നു സംഭവം.
സൺ കനാൽ സർവീസ് റോഡിലൂടെ ദെഹ്റിയിൽനിന്നു പാറ്റ്നയിലേക്കു പോകുകയായിരുന്ന വിമൽ കുമാറിന്റെ വാഹനം തടഞ്ഞ അക്രമികൾ വടികൊണ്ട് മർദിച്ച് അവശനാക്കിയ ശേഷം വെടിവച്ചു കൊല്ലുകയായിരുന്നെന്ന് ഔറഗാബാദ് എസ്പി ഉപേന്ദ്രനാഥ് വർമ പറഞ്ഞു. ഉടനെ അദ്ദേഹത്തെ അടുത്തുള്ള ജമുഹാർ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്കു പിന്നിലെ കാരണമെന്തെന്ന് അറിവായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്നും എസ്പി വ്യക്തമാക്കി.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാതെ ആറുമാസത്തിലധികം മന്ത്രിയായി തുടരുന്നത് എന്തടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കാൻ ബിഹാർ സർക്കാരിനോടു സുപ്രീംകോടതി. മന്ത്രിയായശേഷം ആറു മാസത്തിനുള്ളിൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടണമെന്നാണു നിയമം. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും ബിഹാർ പഞ്ചായത്ത്രാജ് മന്ത്രി ദീപക് പ്രകാശ് രണ്ടു ഘട്ടങ്ങളിലായി ആറുമാസത്തിലധികം മന്ത്രിസ്ഥാനത്ത് തുടരുന്ന നടപടിയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
നിതീഷ് കുമാർ മന്ത്രിസഭയിൽ നാലു മാസവും 26 ദിവസവും മന്ത്രിയായിരുന്ന ദീപക് പ്രകാശ് ഏപ്രിൽ 15ന് നിതീഷ് കുമാർ രാജിവച്ചതിനെത്തുടർന്ന് പുറത്താകുകയും 22 ദിവസത്തെ ഇടവേളയ്ക്കുശേഷം മേയ് ഏഴിന് സമ്രാട്ട് ചൗധരി സർക്കാരിൽ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. ആറു മാസത്തിനിടെ രണ്ടു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചിട്ടില്ല.
ഭരണഘടനയുടെ 164(4) വകുപ്പ് പ്രകാരം തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കു മന്ത്രിയായി തുടരാൻ ലഭിക്കുന്ന ആറുമാസത്തെ ഇളവ് രാജിവച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് ആവർത്തിച്ച് ഉപയോഗിക്കാനാകുമോ എന്ന വിഷയമാണു സുപ്രീംകോടതി പരിശോധിക്കുന്നത്. ഇത്തരമൊരു രീതി ഭരണഘടനയോടുള്ള വഞ്ചനയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും കോടതി പരിഗണിക്കും.
National
പാറ്റ്ന: ബിഹാറിലെ ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ക്ഷേത്രം നിർമിക്കുന്നു.
ട്രാൻസ്ജൻഡർ സമൂഹത്തിനു നൽകിയ അവകാശങ്ങളും ആദരവും പരിഗണിച്ചാണ് അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം നിർമിച്ചുനൽകാൻ ബോർഡ് തീരുമാനിച്ചതെന്ന് ബോർഡംഗം രഞ്ജൻ സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.
ബിഹാറിലെ ട്രാൻസ്ജൻഡർ സമൂഹത്തിന് ഇന്നോളം സ്വന്തമായി ഒരു ക്ഷേത്രം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങളുടെ അവകാശങ്ങൾക്ക് അംഗീകാരം നൽകിയ മോദിക്കുവേണ്ടി ഒരു ക്ഷേത്രം നിർമിക്കണമെന്ന് ബോർഡിന്റെ പ്രഥമ യോഗത്തിൽ താൻ നിർദേശം വച്ചത്. എല്ലാ അംഗങ്ങളും ഇതിനെ പിന്തുണച്ചതോടെ ബോർഡ് ഇതിന് അംഗീകാരം നൽകിയതായും രഞ്ജൻ സിംഗ് വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശ സംരക്ഷണവും ക്ഷേമപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ് ബിഹാർ സർക്കാർ ട്രാൻസ്ജൻഡർ വെൽഫെയർ ബോർഡ് രൂപവത്കരിച്ചത്.
National
ന്യൂഡല്ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയ്ക്കെതിരേ ബിഹാറിലെ സിവാനില് പ്രതിഷേധിച്ചവര്ക്കു നേരേ എകെ-47 റൈഫിള് ഉപയോഗിച്ചു പോലീസ് വെടിവച്ചു. പ്രതിഷേധിച്ചസമരക്കാര്ക്കു നേരേ വെടിയുതിര്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് വൈറലായതോടെ വെടിവച്ച ബിഹാര് പോലീസ് കോണ്സ്റ്റബിള് അഭിഷേക് പട്ടേലിനെ സര്ക്കാര് ഇന്നലെ സസ്പെന്ഡ് ചെയ്തു.
പരീക്ഷാ പേപ്പര് ചോര്ച്ചയ്ക്കെതിരേ ശനിയാഴ്ച ബിഹാറില് പ്രതിഷേധിച്ച വിദ്യാര്ഥികള്ക്കു നേരേ പോലീസ് നടത്തിയ വെടിവയ്പില് മൂന്നു പേര്ക്കു പരിക്കേറ്റു. ഇവര് പാറ്റ്നയിലെ ആശുപത്രിയില് ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന് പോലീസ് കണ്ണീര്വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്ജ് നടത്തുകയും ചെയ്തു.
എകെ- 47 ഉപയോഗിച്ചു വിദ്യാര്ഥികളെ വെടിവച്ചെന്ന ആരോപണം തെറ്റാണെന്നു ബിജെപി അവകാശപ്പെട്ടതിനു പിന്നാലെയാണ് വെടിവച്ച പോലീസുകാരനെ ബിഹാര് സര്ക്കാര് സസ്പെന്ഡ് ചെയ്തത്. വെടിവയ്പില് മൂന്നു പേര്ക്കു പരിക്കേറ്റ കാര്യവും എസ്പി സ്ഥിരീകരിച്ചതോടെ സര്ക്കാരും ബിജെപിയും വെട്ടിലായി. ജെപി ചൗക്കില് ചില സാമൂഹ്യവിരുദ്ധര് പോലീസിനു നേരേ വെടിയുതിര്ത്തതിനെത്തുടര്ന്ന് സ്വയം പ്രതിരോധത്തിനായാണു വെടിവച്ചതെന്നാണു പോലീസിന്റെ ന്യായീകരണം.
ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (ഐസ) മറ്റ് ഇടതു വിദ്യാര്ഥി സംഘടനകളും ആഹ്വാനം ചെയ്ത ശനിയാഴ്ചത്തെ സംസ്ഥാനവ്യാപക ബന്ദിനിടെയാണു പലയിടത്തും വിദ്യാര്ഥികള്ക്കു നേരേ പോലീസ് ലാത്തിച്ചാര്ജും കണ്ണീര്വാതകവും പ്രയോഗിച്ചത്. സംഘര്ഷം രൂക്ഷമായപ്പോള് പോലീസ് വെടിവച്ചതോടെ പ്രശ്നം രൂക്ഷമായി. ഭീകരര്ക്കു നേരേ മാത്രം പ്രയോഗിക്കാറുള്ള എകെ-47 തോക്ക് ഉപയോഗിച്ചാണ് പ്രതിഷേധക്കാര്ക്കു നേരെ വെടിയുതിര്ത്തത്.
പരീക്ഷാ ചോദ്യപേപ്പര് ചോര് ച്ചയ്ക്കെതിരേയുള്ള പ്രതിഷേ ധത്തിൽ കസ്റ്റഡിയിലെടുത്ത വിദ്യാര്ഥികളെ 24 മണിക്കൂറിനകം വിട്ടയച്ചില്ലെങ്കില് സംസ്ഥാനവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കു പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എംഎല്എ മുന്നറിയിപ്പ് നൽകി.
ജനാധിപത്യത്തെ ബിജെപി ഒരു ഫയറിംഗ് റേഞ്ച് (വെടിവയ്പ് കേന്ദ്രം) ആക്കി മാറ്റിയെന്ന് ആം ആദ്മി പാര്ട്ടി ആരോപിച്ചു. ബിഹാറില് എകെ-47 തോക്കുപയോഗിച്ചു പോലീസ് വെടിവയ്ക്കുന്ന വീഡിയോ എക്സില് പങ്കുവച്ചുകൊണ്ടാണ് എഎപിയുടെ ആരോപണം.
വിദ്യാര്ഥികള് നീതി ആവശ്യപ്പെട്ടു. ലഭിച്ച മറുപടിയോ? വെടിയുണ്ടകള്. ബിഹാറിലെ സിവാന് ജില്ലയില് നിരായുധരായ പ്രതിഷേധക്കാര്ക്കു നേരേ ബിഹാര് പോലീസ് എകെ-47 ഉപയോഗിച്ച് വെടിയുതിര്ത്തു. ഇതല്ല ക്രമസമാധാനം. ഇതൊരു ഭരണകൂട ക്രൂരതയാണ്. വെടിവയ്പിന് ആര് ഉത്തരവിട്ടെന്നും ആര് ഉത്തരവാദികളായിരിക്കുമെന്നും വ്യക്തമാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.
National
പാറ്റ്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്ക്കെതിരായ പ്രതിഷേധത്തില് വിദ്യാര്ഥികൾക്ക് നേരെ എകെ 47 തോക്ക് ചൂണ്ടിയ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പാറ്റ്നയിലെ സിവാറില് നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ഐസയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്പെന്ഡ് ചെയ്തത്. തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങള് അടക്കം പുറത്തു വന്നിട്ടുണ്ട്. ഇയാള് എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിര്ക്കുന്നതും പിന്നാലെ വിദ്യാര്ത്ഥികള്ക്ക് നേരെ ആക്രോശിച്ച് പോകുന്നതും ദൃശ്യങ്ങളില് വ്യക്തമാണ്.
ആദ്യം ആകാശത്തേക്കും പിന്നാലെ പ്രതിഷേധക്കാര്ക്ക് നേരെയും ആറ് റൗണ്ട് വെടിയുതിര്ത്തതായാണ് വിവരം. പിന്നാലെ പ്രതിപക്ഷ വിദ്യാര്ഥി സംഘടനകള് അടക്കം വലിയ പ്രതിഷേധം ഉയര്ത്തിയിരുന്നു.
National
പാറ്റ്ന: സിജെപി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഇന്നു ബിഹാറിൽ നടന്ന പ്രതിഷേധം പലേടത്തും അക്രമാസക്തമായി. എട്ടു ജില്ലകളിലേക്കു പ്രതിഷേധം പടർന്നു. സംഘർഷം രൂക്ഷമായതോടെ സിവാനിൽ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവച്ചതായി റിപ്പോർട്ടുണ്ട്. പലേടത്തും ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു ബിഹാറിൽ പ്രതിഷേധക്കാർ ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പാറ്റ്ന, ഛപ്ര, സിവാനും, ഗയ, ആറ, സമസ്തിപ്പൂർ, സഹർസ, നവാദ തുടങ്ങിയ നിരവധി ജില്ലകളിൽ പ്രതിഷേധം, ഉപരോധം, തീവയ്പ്പ്, പോലീസുമായുള്ള ഏറ്റുമുട്ടൽ എന്നിവ റിപ്പോർട്ട് ചെയ്തു. പലേടത്തും പോലീസ് ലാത്തിച്ചാർജ് നടത്തി. ഛപ്രയിൽ പോലീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. നിരവധിയാളുകൾക്കു പരിക്കേറ്റു.
റെയ്ഡ്, സംഘർഷം
സംഘർഷം കനത്തതോടെ പാറ്റ്നയിലെ വിഐപി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലാണ്. പാറ്റ്നയിലെ ഡാക് ബംഗ്ലാവ് ചൗരാഹയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് ഒന്നിലേറെ തവണ ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പാറ്റ്നയിലെ ഗാന്ധി മൈതാനത്തിനടുത്തുള്ള ജെ.പി. ഗോലംബറിലും രാംഗുലാം ചൗക്കിലും സംഘടിച്ച വിദ്യാർഥികൾക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു.
പാറ്റ്നയിൽ ഒരു വിദ്യാർഥി നേതാവിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. 14 കമ്പനി അർധസൈനിക വിഭാഗത്തെയും 300 പിടിസി ജവാന്മാരെയും 500 അധിക ഹോം ഗാർഡുകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ബിഹാർ ബന്ദിന് ജനശക്തി ജനതാദൾ അധ്യക്ഷനും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവും പിന്തുണ പ്രഖ്യാപിച്ചെത്തി. വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധി മൈതാനത്തുള്ള രാംഗുലാമിന്റെ പ്രതിമയിൽ കയറി നിന്നു ബന്ദിന് പിന്തുണയറിച്ച് സംസാരിച്ചു.
ഛപ്രയിലെ ഥാനാ ചൗക്കിൽ പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസിനു നേരെ കനത്ത കല്ലേറുണ്ടായതിനെത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
കളക്ടറേറ്റിന് കല്ലേറ്
സമസ്തിപൂരിലും സിവാനിലും പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു റാലികൾ സംഘടിപ്പിച്ചു. പാറ്റ്ന മുതൽ ജഹാനാബാദ് വരെയുള്ള പ്രദേശങ്ങളിൽ പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സീതാമർഹിയിൽ കളക്ടറേറ്റിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി.
സിവാനിൽ ബന്ദിനിടെ പലലേടത്തും പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ അധിക സുരക്ഷാ സേനയെ വിന്യസിച്ചു.
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഐസ, ആർവൈഎ പ്രവർത്തകർ സമസ്തിപൂരിലും ഗയയിലും ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചു. സർക്കാർ വിദ്യാർഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ബിഹാർ ബന്ദിന് പിന്തുണ നൽകി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തണമെന്നും ഐസ ആഹ്വാനം ചെയ്തു.
National
പാറ്റ്ന: ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന്റെ തുടർച്ചയായി ബിഹാറിലും പ്രക്ഷോഭം അക്രമാസക്തമാകുന്നു.
കതിഹാർ, ദർഭംഗ, ബെഗുസരായ് ജില്ലകളിൽ ആയിരക്കണക്കിനു വിദ്യാർഥികൾ തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധക്കാർക്കുനേരേ പോലീസ് ലാത്തിച്ചാർജും വാട്ടർ പീരങ്കിയും പ്രയോഗിച്ചു.
മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേയായിരുന്നു വിദ്യാർഥികളുടെ മാർച്ച്. കതിഹാറിൽ കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ പോലീസിനുനേരേ കല്ലെറിഞ്ഞു. തുടർന്നാണ് പോലീസ് ലാത്തി വീശിയത്.
ദർഭംഗയിലും ബെഗുസരായിയിലും സമാനമായ രീതിയിൽ പോലീസും വിദ്യാർഥികളും ഏറ്റുമുട്ടി.
National
പാറ്റ്ന: തൊഴിലാളികളുമായി പോയ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. ബിഹാറിലെ അരാരിയ ജില്ലയിലുണ്ടായ സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു.
ഞാറുനടീൽ ജോലികൾക്കായി 27 വനിതാ തൊഴിലാളികളുമായി പോയ ട്രാക്ടർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ മീരാ ദേവി (45), നയ്യാ ദേവി (55), രഞ്ജു ദേവി (40) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. നയ്യാ ദേവിയുടെ മകന്റെ ഭാര്യയാണ് രഞ്ജു ദേവി.
അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
National
ബദോഹി: ഹരിയാനയിൽനിന്നും പഞ്ചാബിൽനിന്നും മദ്യനിരോധിത സംസ്ഥാനമായ ബിഹാറിലേക്കു വാട്ടർ ടാങ്കറുകളിൽ മദ്യം ഒഴുകുന്നു.
കർഷകരുടെ ട്രാക്ടറുകളിൽ കയറ്റിയ വാട്ടർ ടാങ്കറുകളാണ് ഇന്ത്യൻ നിർമിത വിദേശമദ്യങ്ങൾ കടത്താൻ ഉപയോഗിക്കുന്നതെന്നു പോലീസ് അറിയിച്ചു.
തങ്ങളുടെ ട്രാക്ടറുകളിൽ മദ്യംക്കടത്തുന്നതിന് കർഷകർക്കും ഇവർ പണം നൽകുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ കടത്തുന്ന മദ്യം കൊള്ളലാഭത്തിലാണ് ബിഹാറിൽ വിറ്റഴിക്കുന്നത്.
National
പാറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ, പ്രശാന്ത് കിഷോർ താൻ രൂപീകരിച്ച 'ജൻ സൂരജ് പാർട്ടി'യുടെ സ്ഥാനാർത്ഥിയായി മത്സരിക്കും. ബിഹാർ രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് നേരിട്ട് ഇറങ്ങാനുള്ള പ്രശാന്ത് കിഷോറിന്റെ തീരുമാനം.
ബിജെപിയുടെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മണ്ഡലമാണ് ബങ്കിപ്പൂർ. ഇവിടെ സിറ്റിംഗ് എംഎൽഎ ബിജെപിയുടെ നിതിൻ നബിനാണ്. 2025-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ രേഖാ കുമാരിയെ 51,000-ത്തിലധികം വോട്ടുകൾക്കാണ് നിതിൻ നബിൻ പരാജയപ്പെടുത്തിയത്. അന്ന് ജൻ സൂരജ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച വന്ദന കുമാരി 7,717 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഔദ്യോഗിക തുടക്കമാകും ഈ മത്സരം. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് ബദലായി ജൻ സൂരജ് പാർട്ടിയെ ഉയർത്തിക്കാട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യുവാക്കൾക്കും തൊഴിലില്ലായ്മയ്ക്കും മുൻഗണന നൽകുന്ന പ്രചാരണമായിരിക്കും തന്റേതെന്ന് അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു.
മുൻപ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവർത്തിച്ച പ്രശാന്ത് കിഷോർ, ഇപ്പോൾ സ്വന്തം പാർട്ടിയിലൂടെ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ്. ബങ്കിപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ അടിത്തറ വിപുലീകരിക്കാനും, ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാനും സഹായിക്കുമെന്നാണ് ജൻ സൂരജ് പാർട്ടിയുടെ കണക്കുകൂട്ടൽ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർത്ഥിത്വം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാർട്ടി പുറത്തുവിടും. ബിഹാറിലെ രാഷ്ട്രീയ മണ്ഡലങ്ങളിൽ ഈ പ്രഖ്യാപനം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
National
ന്യൂഡല്ഹി: ചോദ്യപേപ്പര് ചോര്ച്ചയെത്തുടര്ന്നു റദ്ദാക്കിയശേഷം പൂര്ണ സുരക്ഷയോടെ നടത്തിയ നീറ്റ് പുനഃപരീക്ഷയിലും തട്ടിപ്പ്. ബിഹാറില് ആള്മാറാട്ട തട്ടിപ്പു നടത്താനെത്തിയ ഒമ്പത് മെഡിക്കല് വിദ്യാര്ഥികളടക്കം 30 പേര് അറസ്റ്റിലായി.
പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കിയ ബയോമെട്രിക് സംവിധാനം പോലും അട്ടിമറിച്ചാണ് നീറ്റില് നീറ്റായുള്ള ആള്മാറാട്ടം. യുപിയിലെ ഒരു പരീക്ഷാര്ഥിയില്നിന്ന് അടിവസ്ത്രത്തില് ഒളിപ്പിച്ച സിം കാര്ഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി.
ഓരോ വിദ്യാര്ഥിക്കുംവേണ്ടി പകരം ആള്മാറാട്ട സംഘത്തിലെ ആള് പരീക്ഷയെഴുതുന്നതിന് 10 മുതല് 12 ലക്ഷം രൂപ വരെ വാങ്ങിയതായാണു പോലീസിനു ലഭിച്ച വിവരം. ചിലരില്നിന്ന് 30 മുതല് 40 ലക്ഷം രൂപ വരെ വാങ്ങിയതായും റിപ്പോര്ട്ടുകളുണ്ട്. 20 ലക്ഷം പേര് എഴുതിയ രാജ്യത്തെ ഏറ്റവും മത്സരക്ഷമമായ മെഡിക്കല് പ്രവേശന പരീക്ഷയിലാണ് "മുന്ന ഭായ് എംബിബിഎസ്' എന്ന ഹിന്ദി സിനിമയിലേതിനു സമാനമായ ആള്മാറാട്ട തട്ടിപ്പു റാക്കറ്റ് പിടിയിലായത്.
ലഖിസറായിയില് നടന്ന നീറ്റ്-യുജി പുനഃപരീക്ഷയ്ക്കെത്തിയ ആള്മാറാട്ട റാക്കറ്റിനെ ബിഹാര് പോലീസാണു പിടികൂടിയത്. ലഖിസറായി കേന്ദ്രീയ വിദ്യാലയം, ഹസന്പുര് സര്ക്കാര് ഹൈസ്കൂള്, കെആര്കെ ഹയര് സെക്കന്ഡറി സ്കൂള് തുടങ്ങിയ പരീക്ഷാകേന്ദ്രങ്ങളില് നടന്ന റെയ്ഡിലാണു പ്രതികള് വലയിലായത്.
പാറ്റ്ന മെഡിക്കല് കോളജ്, ഗയ എഎന്എം മെഡിക്കല് കോളജ്, റായ്ബറേലി എയിംസ്, ബിഎച്ച്യു എന്നിവിടങ്ങളിലെ മെഡിക്കല് വിദ്യാര്ഥികളാണ് അറസ്റ്റിലായവരില് പലരും. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് വെരിഫിക്കേഷന് ചുമതലയുണ്ടായിരുന്ന ഏജന്സിയിലെ 14 ജീവനക്കാരും അറസ്റ്റിലായവരിലുണ്ട്.
ഗയയിലെ എഎന്എം മെഡിക്കല് കോളജിലെ വിദ്യാര്ഥി അര്പിത് രാജാണ് ആള്മാറാട്ട ശൃംഖലയുടെ മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്നു. 2024ലെ നീറ്റ് പേപ്പര് ചോര്ച്ച കേസുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു. രാജ്ഗിറിലെ പവാപുരി മെഡിക്കല് കോളജ് വിദ്യാര്ഥി രവിശങ്കറാണ് ഈ ഓപ്പറേഷന് ഏകോപിപ്പിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകള് സൂചിപ്പിക്കുന്നു. കുടുതല് പേര് റാക്കറ്റില് പങ്കാളികളായിരിക്കാമെന്നും സൂചനയുണ്ട്.
പാറ്റ്ന മെഡിക്കല് കോളജില് (പിഎംസിഎച്ച്) നാലാം വര്ഷ എംബിബിഎസ് വിദ്യാര്ഥിയായ മായങ്ക് കശ്യപും അറസ്റ്റിലായിട്ടുണ്ട്. മായങ്കിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഹസന്പുര് ഹൈസ്കൂള് പരീക്ഷാകേന്ദ്രത്തില് ബയോമെട്രിക് കമ്പനി ജീവനക്കാരനായി മായങ്ക് കശ്യപ് വേഷം മാറി പ്രവേശിച്ചതായാണു വിവരം.
പരീക്ഷാ പ്രക്രിയയില് ഉള്പ്പെട്ട ബയോമെട്രിക് കമ്പനിയിലെ 14 ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ബയോമെട്രിക് ഐഡന്റിറ്റി വെരിഫിക്കേഷന് നടപടിക്രമങ്ങളെ മറികടന്നാണു രജിസ്റ്റര് ചെയ്ത പരീക്ഷാര്ഥികള്ക്കു പകരം പരിശീലനം ലഭിച്ച പ്രോക്സികളെ പരീക്ഷയെഴുതാന് അനുവദിച്ചത്.
ബിഹാറിലെ സംശയാസ്പദമായ പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് ലോഗുകള്, ഹാജര് രേഖകള്, ഡിജിറ്റല് രേഖകള്, പരീക്ഷാപ്രക്രിയയുമായി ബന്ധപ്പെട്ട മറ്റു സാങ്കേതികവിവരങ്ങള് എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
National
ന്യൂഡൽഹി: നീറ്റ് പുനപരീക്ഷയ്ക്കിടെ ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർഥ വിദ്യാർഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പോലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് ചോദ്യം ചെയ്തു.
യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽനിന്ന് സിം കാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തുകയായിരുന്നു. ബല്ലിയ സ്വദേശി പ്രിൻസ് ദുബെയാണ് കസ്റ്റഡിയിലായത്.
അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള് തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം.
National
പാറ്റ്ന: അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിലും കോളജുകളിലും യോഗ പഠിപ്പിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. ആരോഗ്യകരമായ ശരീരവും ശാന്തമായ മനസും യോഗ ലഭ്യമാക്കുമെന്നും പാറ്റ്നയിലെ പാടലിപുത്ര സ്പോർട്സ് കോംപ്ലക്സിൽ യോഗദിനാഘോഷത്തിൽ അദ്ദേഹം പറഞ്ഞു.
പൊതുജനാരോഗ്യത്തിനു സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ടെങ്കിലും പല രോഗങ്ങളെയും തടയാൻ കഴിയുന്നില്ല. ആരോഗ്യമേഖലയിലെ ചെലവു കൂടുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ യുവജനങ്ങളെ യോഗയിലേക്കു കൂടുതലായി ആകർഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
National
മുസാഫർപുർ: നീറ്റ് ഉൾപ്പെടെ വിവിധ പ്രഫഷണൽ കോഴ്സുകളുടെ വ്യാജ ചോദ്യപേപ്പർ വിറ്റഴിച്ച നാലംഗ സംഘം ബിഹാറിലെ മുസാഫർപൂരിൽ പിടിയിൽ.
ഹർഷ, അമൻ കുമാർ, കനയ്യ കമാർ, ഹർഷ് കൊണ്ടയ്യ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച അറസ്റ്റിലായ ഇവരിൽനിന്ന് മൂന്ന് മൊബൈൽഫോണുകളും പിടിച്ചെടുത്തു.
പ്രവേശന പരീക്ഷയ്ക്കു തയ്യാറെടുക്കുന്ന വിദ്യാർഥികളടെ രക്ഷിതാക്കൾക്കു സമൂഹമാധ്യമം വഴി ഇവർ ചോദ്യപേപ്പറുകൾ വിറ്റഴിക്കുകയായിരുന്നു.
National
പാറ്റ്ന: മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനു വിവിധ നഗരങ്ങളിലേക്കു ട്രെയിൻ സർവീസ് ഇല്ലെന്നാരോപിച്ച് ബിഹാറിലെ പാറ്റ്നയിൽ ഉദ്യോഗാർഥികളുടെ കലാപം.
ട്രെയിൻ ഗതാഗതം തടയുകയും കല്ലേറ് നടത്തുകയും ചെയ്ത യുവാക്കളെ ആകാശത്തേക്കു വെടിവച്ചാണ് പോലീസ് തുരത്തിയത്. ഇതിനൊപ്പം ലാത്തിച്ചാർജും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
കല്ലേറിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആറ് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിനുശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
പാറ്റ്നയ്ക്കു സമീപം പാടലിപുത്ര സ്റ്റേഷനിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് സംഘർഷം തുടങ്ങിയത്. ബിഹാര് പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി വിവിധ നഗരങ്ങളിലേക്കു പോകാനെത്തിയതായിരുന്നു ഉദ്യോഗാർഥികൾ. ട്രെയിനുകൾ വൈകിയതോടെ പ്രതിഷേധം രൂപപ്പെട്ടു. ഉദ്യോഗാര്ഥികള് പ്രതിഷേധവുമായി റെയില്വേ പാളങ്ങളിലേക്ക് ഇറങ്ങി.
പുലർച്ചെ രണ്ടിന് പ്രത്യേക ട്രെയിൻ എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയാറായില്ല. ഇവരെ ബലമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്പോഴാണ് കല്ലേറുണ്ടായത്. മൂന്നുമണിയോടെയാണ് മുഴുവൻ പ്രതിഷേധക്കാരെയും ട്രാക്കിൽനിന്ന് മാറ്റിയത്. ഇതിനിടെ എട്ടു റൗണ്ട് ആകാശത്തേക്ക് വെടിവച്ചുവെന്നും പോലീസ് പറഞ്ഞു.
സംഘർഷം രൂക്ഷമായതിനിടെ ഇരുഭാഗത്തുനിന്നുമുള്ള ട്രെയിൻ ഗതാഗതം നിലച്ചു. നിരവധി ട്രെയിനുകൾ സമീപസ്റ്റേഷനുകളിൽ പിടിച്ചിട്ടു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാർ വലഞ്ഞു.
റെയില്വേ അധികൃതരും ഡാനാപുര് സബ് ഡിവിഷനല് മജിസ്ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉദ്യോഗാര്ഥികള്ക്കായി പ്രത്യേക ട്രെയിന് സര്വിസുകള് ഏര്പ്പെടുത്തുകയായി രുന്നു.
National
പാറ്റ്ന: ബിഹാറിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മർദിച്ച് മാതാപിതാക്കൾ. മധേപുര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ഒന്നര വർഷം മുൻപ് ബിട്ടു കുമാർ എന്നയാളെ പൂജ കുമാരി(22) വിവാഹം കഴിച്ചിരുന്നു. ഇരുവരും ബന്ധുക്കളായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കായി.
പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് വിളിച്ചുചേർത്തു. യോഗത്തിൽ ദമ്പതികളെ വേർപിരിക്കാൻ തീരുമാനിച്ചു. ആൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.
തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ മാതാപിതാക്കൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ എത്തിയതിന് പിന്നാലെ തന്നെ സാഹചര്യം വീണ്ടും രൂക്ഷമായി. യുവതിയെ മാതാവ് മുടിയിൽ വലിച്ച് നിലത്തിടുകയും പിതാവ് അടിക്കുകയും കാൽ മകളുടെ കഴുത്തിൽ ചവിട്ടുകയും ചെയ്തു. ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷയത്തിൽ പോലീസ് ഇടപെടുകയും യുവതിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയിൽ നിന്നും രേഖാമൂലം പരാതി ലഭിച്ചതായി ശങ്കർപുർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാർ പ്രതികരിച്ചു.
National
പാറ്റ്ന: ബിഹാറിലെ ബേട്ടിയയിൽ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. ധനൗചി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. റൂറൽ വർക്ക്സ് വകുപ്പിലെ ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി. ബേട്ടിയയിലെ ലാൽ സരയ്യ പഞ്ചായത്തിലാണ് അപകടമുണ്ടായത്.
പാലം ഒരു മാസം മുന്പ് തന്നെ തകർന്ന് തുടങ്ങിയിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് പാലത്തിൽ നിന്നു നദിയിലേക്ക് വീണിരുന്നതായും പ്രദേശവാസി കൂട്ടിച്ചേർത്തു.
National
മുസാഫർപുർ: ബിഹാറിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചു.
മുസാഫർപുരിലെ ബ്രഹ്മപുരയിൽ പ്രവർത്തിക്കുന്ന പ്രസാദ് ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.
ഐസിയു ഭാഗത്തുനിന്നാണു തീപടർന്നത്. സംഭവസമയം പതിനഞ്ചു രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിലെ രോഗികളെ ബന്ധുക്കൾ ഉടൻതന്നെ അടുത്ത ആശുപത്രികളിലേക്കു മാറ്റി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം, മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു.
National
പാട്ന: ബിഹാറിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസഫർപുർ ജില്ലയിലുള്ള പ്രസാദ് എന്ന സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ പതിനഞ്ചിലധികം പേർക്കു ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റുന്നതു തുടരുകയാണ്.
National
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് ബംഗളൂരുവിൽ മരിച്ചത്.
ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്. തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അര്ധരാത്രിയില് വിവാഹിതയായ കാമുകിയെ കാണാന് അവരുടെ വീട്ടില് എത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള് തല്ലിക്കൊന്നു. 23കാരനായ ബാദല് സിംഗാണ് മരിച്ചത്.
കാജല് കുമാരിയുടെ ബന്ധുക്കള് യുവാവിനെ പിടികൂടി ക്രൂരമായി മര്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതിയുമായി ബാദല് ദീര്ഘകാലമായി പ്രണയത്തിലായിരുന്നു.
ഈസ്റ്റ് ചമ്പാരന് ജില്ലയിലെ മോത്തിഹാരിയിലുള്ള ജാഖ്റ ഗ്രാമത്തില് താമസിക്കുന്ന ബാദല് ഗോപാല്ഗഞ്ചിലെത്തിയത് ശനിയാഴ്ച രാത്രിയാണ്. കാജല് കുമാരി ഭര്ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്ന്ന് സ്വന്തം വീട്ടിലായിരുന്നു താമസം.
വിവരം ലഭിച്ചതിനെ തുടര്ന്ന് പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയില് എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ബാദൽ മരിച്ചത്. നിലവില് മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ടൗണ് ഹോസ്പിറ്റലിലേക്ക് മാറ്റി.
National
പാറ്റ്ന: ബിഹാറിലെ സസാറം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. സസാറമിൽ നിന്നും പാറ്റ്നയിലേക്ക് പുറപ്പെടാനിരുന്ന സസാറം- പാറ്റ്ന ഫാസ്റ്റ് പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറിനുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല.
ട്രെയിൻ പുറപ്പെടുന്നതിനായി പ്ലാറ്റ്ഫോം നമ്പർ ആറിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ജനറൽ കോച്ചുകളിലൊന്നിൽ പെട്ടെന്ന് തീപിടിത്തമുണ്ടായത്. രാവിലെ 6.45 ന് പാറ്റനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആയതിനാൽ ആ സമയത്ത് നിരവധി യാത്രക്കാർ കോച്ചിനുള്ളിലുണ്ടായിരുന്നു.
സ്റ്റേഷനിൽ ഒരു ഉന്തും തള്ളും ഉണ്ടായെങ്കിലും റെയിൽവേ ജീവനക്കാരുടെ ഇടപെടലിൽ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. അപകടത്തിൽ ട്രെയിനിന്റെ ഒരു ജനറൽ കോച്ച് പൂർണ്ണമായും കത്തിയമർന്നു. സമീപത്തുള്ള മറ്റൊരു കോച്ചിന്റെ പിൻഭാഗത്തിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
National
പാറ്റ്ന: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്ക്കത്തിനിടെ നവവധുവിനെ ചുട്ടുകൊന്നു. ബിഹാറിലെ അറായിൽ നടന്ന ദാരുണ സംഭവത്തിൽ സഞ്ജുകുമാരി (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് വിനോദ് പാലിനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഏഴിനായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഒരു മാലകൂടി നൽകണമെന്ന് വിനോദിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് നൽകാമെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. എന്നാൽ ഇത് അംഗീകരിക്കാൻ വിനോദിന്റെ വീട്ടുകാർ തയാറായിരുന്നില്ല.
കഴിഞ്ഞ ദിവസം ഇരു വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. സ്ഥിതി വഷളാണെന്ന് മനസിലായതോടെ സഞ്ജുവിന്റെ വീട്ടുകാർ വിനോദിന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചിരുന്നപ്പോഴാണ് സഞ്ജുകുമാരി കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. വിവരം പുറത്തറിഞ്ഞെന്ന് മനസിലായതോടെ വീട് പൂട്ടി ഭർതൃവീട്ടുകാർ ഒളിവിൽ പോയിരുന്നു.
തുടർന്ന് കേസെടുത്ത പോലീസ് വിനോദ്, വിനോദിന്റെ മാതാവ്, സഹോദരൻ, സഹോദരി എന്നിവരെ അറസ്റ്റ് ചെയ്തു. ഭര്തൃമാതാവും വീട്ടുകാരും ചേര്ന്ന് ശാരീരികമായും മാനസികമായും സഞ്ജുകുമാരിയെ പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
National
കോൽക്കത്ത: എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പശ്ചിമ ബംഗാൾ, ബിഹാർ സർക്കാരുകളുടെ തീരുമാനം. റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് നിഷേധിക്കുക.
ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നേതൃത്വം നൽകുന്ന സർക്കാർ എസ്ഐആറിൽ നിന്ന് പുറത്തായവർക്ക് റേഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം ബിഹാറിൽ സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ പട്ടികയിൽ ഇല്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകളും പാസ്ബുക്കുകളും റദ്ദാക്കാനാണ് ആലോചനയുണ്ട്. എന്നാൽ ഇതിനെതിരെ ട്രിബ്യൂണലിൽ അപ്പീൽ പോയവർക്ക് താത്കാലികമായി ഇളവ് ലഭിച്ചേക്കും.
National
പാറ്റ്ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ അനാവശ്യമെന്ന് വിശേഷിപ്പിച്ച് ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കുന്നതിനേക്കാൾ നല്ലത് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നതാണെന്ന മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തിങ്കളാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. പെൺകുട്ടികൾ പൊതുപ്രതിഷേധങ്ങൾക്കോ മറ്റോ പുറത്തിറങ്ങുന്നതിന് പകരം വീട്ടിലിരിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന് അവർക്ക് അവകാശമില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, "പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ താനേ ലഭിച്ചുകൊള്ളും" എന്നായിരുന്നു മന്ത്രിയുടെ വിചിത്രമായ മറുപടി.
രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ മിഥിലേഷ് തിവാരി ഒരു അധ്യാപകനായിരുന്നു. പാറ്റ്നയിൽ സ്വന്തമായി ഒരു കോച്ചിംഗ് സെന്ററും അദ്ദേഹം നടത്തിയിരുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ വൈകുണ്ഠ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ അദ്ദേഹം 2025-ലെ തെരഞ്ഞെടുപ്പിലാണ് വിജയിച്ചത്. 1990 മുതൽ ബിജെപിയിൽ സജീവമാണ്.
മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൈക്കിളും യൂണിഫോമും നൽകുന്ന പദ്ധതികൾ നടപ്പിലാക്കിയ സംസ്ഥാനത്താണ് ഒരു വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ഇത്തരം പിന്നോക്ക ചിന്താഗതി ഉണ്ടാകുന്നത്. മന്ത്രിയുടെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്.
National
കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായിയുടെ കൊലപാതകത്തിൽ മൂന്നുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ആക്രമികൾ കോൽക്കത്തയ്ക്കടുത്തുള്ള ബാലിയിലെ ഒരു ടോൾ ബൂത്തിൽ യുപിഐ വഴി പണമടച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കാറിലിരിക്കുകയായിരുന്ന ചന്ദ്രനാഥിനെ വെടിവയ്ക്കുകയായിരുന്നു.
National
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ 45 വയസുള്ള മകൻ നിഷാന്ത് കുമാർ ഉൾപ്പെടെ 32 മന്ത്രിമാരെ ഉൾപ്പെടുത്തി ബിഹാറിൽ സാമ്രാട്ട് ചൗധരി മന്ത്രിസഭ വികസിപ്പിച്ചു.
പാറ്റ്നയിലെ ഗാന്ധി മൈതാനിയിൽ ഇന്നലെ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.
രാജ്യസഭാംഗമായി പോകുന്നതിനും ബിജെപിക്ക് മുഖ്യമന്ത്രിസ്ഥാനം കൈമാറുന്നതിനുമായി കഴിഞ്ഞ മാസം രാജിവച്ച നിതീഷിന്റെ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും പുതിയ മന്ത്രിസഭയിലും അംഗങ്ങളാണ്.
നിഷാന്ത് അടക്കം മൂന്നു മന്ത്രിമാർ നേതാക്കളുടെ മക്കളാണ്. വിജയ് കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയോടൊപ്പം കഴിഞ്ഞമാസം ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. സാമ്രാട്ട് മന്ത്രിസഭ കഴിഞ്ഞ മാസം 243 അംഗ നിയമസഭയിൽ വിശ്വാസവോട്ട് നേടുകയും ചെയ്തു.
ഏറ്റവും വലിയ ഒറ്റകക്ഷിയായ (89 എംഎൽഎമാർ) ബിജെപിയിൽനിന്ന് 15 മന്ത്രിമാരും ജെഡിയുവിൽനിന്ന് 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയുടെ സഞ്ജയ് കുമാർ സിംഗും സഞ്ജയ് കുമാർ പാസ്വാനും വീണ്ടും മന്ത്രിമാരായി. ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമനും രാഷ്ട്രീയ ലോക് മോർച്ചയിലെ ഉപേന്ദ്ര കുശ്വാഹയുടെയും മകൻ ദീപക് പ്രകാശും മന്ത്രിമാരായി.
ദീർഘകാലമായി രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നിരുന്ന എൻജിനിയറിംഗ് ബിരുദധാരിയായ നിഷാന്ത് കുമാർ പിതാവ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ മാർച്ചിലാണ് ജെഡിയുവിൽ ചേർന്നു രാഷ്ട്രീയത്തിലെത്തിയത്. രാഷ്ട്രീയപാർട്ടിയിൽ അംഗത്വമെടുത്ത് രണ്ടു മാസത്തിനകം മന്ത്രിയായെന്ന അപൂർവത നിഷാന്തിനു സ്വന്തം.
മെഡിക്കൽ ഡോക്ടറായ ശ്വേത ഗുപ്തയാണ് അപ്രതീക്ഷിതമായി മന്ത്രിയായ മറ്റൊരു പുതുമുഖം. കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പു മാത്രം ജെഡിയുവിൽ ചേർന്നു രാഷ്ട്രീയത്തിലെത്തിയ 44 വയസുകാരിയായ ഡോ. ശ്വേത മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പിൽ ശിവഹാർ മണ്ഡലത്തിൽനിന്നു നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
National
പാറ്റ്ന: ബിഹാറിലെ സഹർസ ജില്ലയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണത്തിൽ പാമ്പിൻ കുഞ്ഞ്. ഇതേതുടർന്ന് നൂറുകണക്കിന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹർസയിലെ മഹിഷി ബ്ലോക്കിലുള്ള മിഡിൽ സ്കൂൾ ബലുവാഹയിലാണ് സംഭവം. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഒരു വിദ്യാർഥിക്ക് ഭക്ഷണത്തിൽ നിന്നും പാമ്പിൻ കുഞ്ഞിനെ ലഭിച്ചു. തുടർന്ന് നിരവധി കുട്ടികൾ വയറുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പരാതിപ്പെട്ടു.
സംഭവമറിഞ്ഞെത്തിയ പോലീസും സ്കൂൾ അധികൃതരും കുട്ടികളെ ആംബുലൻസിലും സ്വന്തം വാഹനത്തിലുമായി ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായ ചില കുട്ടികളെ സദർ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
National
പാറ്റ്ന: ജെഡി-യു അധ്യക്ഷനും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറിന്റെ മകൻ നിഷാന്ത് (45) ബിഹാറിൽ മന്ത്രിയാകും. ഇന്നു ബിഹാർ മന്ത്രിസഭാ വികസനം നടക്കും. ഏതാനും മാസം മുന്പാണ് നിഷാന്ത് ജെഡി-യുവിൽ ചേർന്നത്.
നിതീഷ്കുമാർ മുഖ്യമന്ത്രിസ്ഥാനം ഒഴിയാൻ തീരുമാനിച്ചതിനെത്തുടർന്നായിരുന്നു നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഒരു ഡസൻ പാർട്ടി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ജെഡി-യു നേതാക്കൾ അറിയിച്ചു. ബിജെപി, ജെഡി-യു, എൽജെപി, എച്ച്എഎം പാർട്ടി പ്രതിനിധികൾ മന്ത്രിമാരാകും.
മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കൊപ്പം ജെഡി-യുവിലെ വിജയ്കുമാർ ചൗധരിയും ബിജേന്ദ്ര പ്രസാദ് യാദവും മാത്രമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ചൗധരിയും യാദവും ഉപമുഖ്യമന്ത്രിമാരാണ്.
Kerala
കോഴിക്കോട്: കുന്നമംഗലത്ത് വിവിധ തരം രാസലഹരികളുമായി ബിഹാർ സ്വദേശി അറസ്റ്റിൽ. കത്തിഹാർ ജില്ലയിലെ ഹജിപുർ മഡ്നി ടോല സ്വദേശി അക്ബർ ഹുസൈന്റെ മകൻ ഷമിറുൾ ഇസ്ലാമാണ് അറസ്റ്റിലായത്.
കുന്നമംഗലം റേഞ്ച് എക്സൈസാണ് ഇയാളെ പിടികൂടിയത്. 13 ഗ്രാം ഹെറോയിൻ, മൂന്ന് ഗ്രാം ബ്യൂപ്രെനോർഫിൻ, രണ്ട് ഗ്രാം നലോക്സോൺ, ഗുളികകൾ എന്നിവ ഇയാളുടെ പക്കൽ നിന്ന് എക്സൈസ് കണ്ടെത്തി.
പ്രിവന്റീവ് ഓഫീസർ എൻ. ജലാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ പി. വിപിൻ, എം.കെ. നിഷാന്ത്, എൻ. സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.കെ. രജിത , സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മുബസിർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണർ സ്ക്വാഡ് അംഗങ്ങളായ സി.പി. ഷാജു , അജിത്ത്. പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
National
പാറ്റ്ന: ബിഹാർ രാഷ്ട്രീയത്തിൽ നിർണായക മാറ്റം കുറിച്ചുകൊണ്ട് ബിജെപി നേതാവ് സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ സമ്രാട്ട് ചൗധരിക്കൊപ്പം വിജയ് ചൗധരിയും ബിജേന്ദ്ര യാദവും ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു. അതേസമയം, നീതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ മന്ത്രിസഭയുടെ ഭാഗമായില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല.
ബിഹാറിന്റെ ചരിത്രത്തിൽ ബിജെപിയിൽ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് സമ്രാട്ട് ചൗധരി. ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ കഴിഞ്ഞ ദിവസം രാജിവെച്ചതിനെ തുടർന്നാണ് ഈ സ്ഥാനമാറ്റം.
കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഏപ്രിൽ 14-നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് യുഗത്തിന് ബിഹാറിൽ വിരാമമായി. പാറ്റ്നയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ സാമ്രാട്ട് ചൗധരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു.
ബിഹാറിലെ ബിജെപിയുടെ ശക്തനായ ഒബിസി മുഖമായ സാമ്രാട്ട് ചൗധരി, നേരത്തെ നിതീഷ് കുമാർ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാറിൽ ഇതുവരെ ജെഡിയുവിനൊപ്പമോ ആർജെഡിക്കൊപ്പമോ സഖ്യകക്ഷിയായി മാത്രം ഭരിച്ചിരുന്ന ബിജെപി, ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
2025ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് ഈ നീക്കം രാഷ്ട്രീയമായി വലിയ നേട്ടമാണ്.
National
പാറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം. സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാരാണ് അധികാരത്തിലെത്തുന്നത്.
കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിജെപി നിയമസഭാ കക്ഷിയോഗത്തിൽ കേന്ദ്ര നിരീക്ഷകനായി പങ്കെടുക്കും. 89 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി നിതീഷ്കുമാർ രാജിവയ്ക്കുമെന്നാണ് റിപ്പോർട്ട്.
ഇദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ പേരിനാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കു മുൻതൂക്കം. ഇദ്ദേഹത്തിനു വലിയ പദവി നല്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാർ തെരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ചിരുന്നു.
ആർജെഡി, ജെഡിയു പാർട്ടികളിൽ പ്രവർത്തിച്ചശേഷമാണ് സമ്രാട്ട് ചൗധരി ബിജെപിയിലെത്തിയത്. സംഘപരിവാർ പശ്ചാത്തലമില്ലാത്തതാണ് ചൗധരിക്കുള്ള അയോഗ്യത. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയെയും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.
സംഘപരിവാറിന് താത്പര്യമുള്ളയാളാണ് യാദവ വിഭാഗക്കാരനായ റായി. നിതീഷ്കുമാറിന്റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുണ്ട്. നാൽപ്പത്തിനാലുകാരനായ നിഷാന്ത് കഴിഞ്ഞ മാസമാണ് ജെഡിയുവിൽ ചേർന്നത്.
National
പാറ്റ്ന: ബിഹാറിലെ കതിഹാർ ജില്ലയിൽ ബസും ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.
കതിഹാറിലെ കോധ ബ്ലോക്കിലെ എൻഎച്ച് -31 ൽ വൈകുന്നേരം 6:30 ന് ആയിരുന്നു അപകടം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ശിഖർ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിക്കപ്പ് വാനിൽ യാത്ര ചെയ്തിരുന്നവർ പൂർണിയ ജില്ലയിൽ നിന്നുള്ളവരാണ്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്നും ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും ശിഖർ ചൗധരി പറഞ്ഞു.
National
പറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് അനിവാര്യമായത്. പുതിയ മുഖ്യമന്ത്രി ബിജെപിയിൽനിന്നെന്നാണ് പുറത്തുവരുന്ന വിവരം.
ബിഹാറിലെ ബിജെപി നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചർച്ചകളൊന്നും നടന്നില്ല. ഡൽഹിയിൽ ചേരാനിരുന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് പെട്ടെന്ന് റദ്ദാക്കിയത്. ഇതിനുള്ള കാരണം ബിജെപി നേതൃത്വം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ബിഹാറിൽ ജെഡിയു നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കാൻ ബിജെപിക്കായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ശനിയാഴ്ച പട്നയിലെ നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി. രണ്ടരമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രി, മന്ത്രിസഭയിലെ ജെഡിയു പ്രാതിനിധ്യം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും ബിഹാർ പാർലമെന്റ് കാര്യ മന്ത്രി വിജയ് കുമാർ ചൗധരിയും നിതീഷ്കുമാറുമായി ചർച്ച നടത്തിയിരുന്നു.
നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന വിജയകുമാർ ചൗധരി നേരത്തേ മുഖ്യമന്ത്രിയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം സർക്കാരിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നണിയിലെ മറ്റൊരു പാർട്ടിയായ ലോക്ശക്തിയുടെ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ, സർക്കാരിന്റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണഫോർമുല അതേപടി തുടരുമെന്നും വ്യക്തമാക്കി. ഏതൊരു പുതിയ നേതാവു വന്നാലും നിതീഷിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ പാറ്റനയിൽ യോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
Kerala
പൊന്നാനി: ബിഹാർ ഒരുനാൾ കേരളം പോലെയാകാൻ ആഗ്രഹിക്കുന്നുവെന്ന് ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവും രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റുമായ തേജസ്വി യാദവ്. പൊന്നാനിയിൽ നടന്ന എൽഡിഎഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
മോദി സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തമുണ്ടായപ്പോഴും കേന്ദ്രം കേരളത്തിന് ഒന്നും നൽകിയില്ലെങ്കിലും അതിനെയെല്ലാം ധൈര്യമായി എൽഡിഎഫ് സർക്കാർ നേരിട്ടതായും തേജസ്വി യാദവ് പറഞ്ഞു.
ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി സർവമേഖലയിലും വികസനം നടപ്പാക്കിയും കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചും പിണറായി സർക്കാർ കേരളത്തെ മുന്നോട്ടുകൊണ്ടുപോയി. സംഘപരിവാർ ഭരണഘടനപോലും മാറ്റിയെഴുതാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിക്കെതിരെയുള്ള പോരാട്ടത്തിൽ സംവരണം പ്രധാനമാണ്. ആ പോരാട്ടം സാംസ്കാരിക വിപ്ലവമാണെന്നും തേജസ്വി യാദവ് കൂട്ടിച്ചേർത്തു.
National
പാറ്റ്ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർക്ക് ദാരുണാന്ത്യം. നളന്ദയിലെ ശീതളാഷ്ടമി ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്ത്രീകളാണ്.
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. അനിയന്ത്രിതമായ ജനത്തിരക്കാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ഏർപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
National
പാറ്റ്ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം രാജിവെച്ചു. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ഉടൻ തന്നെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുള്ള പ്രഖ്യാപനം വരുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും.
പത്താമൂഴത്തില് മുഖ്യമന്ത്രി കസേരയില് നാലു മാസം മാത്രമാണ് നിതീഷ് ഇരുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയ അതികായന് ഉചിതമായ പടിയിറക്കം നൽകിയില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
National
പാറ്റ്ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനവും നിയമസഭാ കൗൺസിൽ അംഗത്വവും തിങ്കളാഴ്ച രാജിവെക്കും. നിതിഷ് തിങ്കളാഴ്ച മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് ജെഡിയു നേതൃത്വം സ്ഥിരീകരിച്ചു.
നിതീഷിന്റെ പകരക്കാരനായി ജെഡിയുവിനെ നയിക്കാനെത്തുക മകനായിരിക്കും. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും. പത്താമൂഴത്തില് മുഖ്യമന്ത്രി കസേരയില് വെറും നാലു മാസത്തോളം ചെലവഴിച്ച ശേഷമാണ് നിതീഷ് കുമാര് രാജ്യസഭയിലേക്ക് തിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ബിഹാര് രാഷ്ട്രീയത്തെയും ദേശീയ രാഷ്ട്രീയത്തേയും നിയന്ത്രിച്ച അതികായന് ഉചിതമല്ലാത്ത പടിയിറക്കമെന്ന വിമർശനം ജെഡിയു പ്രവർത്തകർ ആദ്യം മുതലേ ഉയർത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയു 85 സീറ്റും ബിജെപി 89 സീറ്റുമാണ് നേടിയത്.
National
ന്യൂഡൽഹി: ഗിരിധരി യാദവിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ജെഡി-യു ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസയച്ചു. ലോക്സഭയിലെ ജെഡി-യു പാർലമെന്ററി പാർട്ടി നേതാവ് ദിലേശ്വർ കാമെയ്ത്താണ് നോട്ടീസ് നൽകിയത്.
ബിഹാറിലെ ബങ്ക ലോക്സഭാ സീറ്റിൽനിന്നുള്ള എംപിയാണ് ഗിരിധരി യാദവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബങ്കയിലെ ബെൽഹാർ മണ്ഡലത്തിൽനിന്നു ഗിരിധരി യാദവിന്റെ മകൻ ചാണക്യ പ്രകാശ് രഞ്ജൻ ആർജെഡി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ജെഡി-യു നോട്ടീസ് നൽകിയത്.
National
ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ജെഡിയു ദേശീയ അധ്യക്ഷനാകും.
ദേശീയ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ പത്രിക ഡൽഹി ജന്തർ മന്തറിലെ പാർട്ടി ആസ്ഥാനത്തു സമർപ്പിച്ചിട്ടുണ്ട്. മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധ്യതയില്ലാത്തതിനാൽ നിതീഷ് എതിരില്ലാതെ അഞ്ചാം തവണയും പാർട്ടിയുടെ തലപ്പത്തേക്കെത്തും.
ഞായറാഴ്ച വരെ നാമനിർദേശ പ്രക്രിയ തുടരുമെന്നും ഈ കാലയളവിൽ മറ്റു സ്ഥാനാർഥികളാരും പത്രിക സമർപ്പിച്ചില്ലെങ്കിൽ നിതീഷ് കുമാർ ദേശീയ അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അനിൽ ഹെഗ്ഡെ പറഞ്ഞു.
ബിഹാറിൽനിന്നു രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട നിതീഷ്കുമാർ വൈകാതെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നും പകരം ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ട്.
പുതിയ മന്ത്രിസഭയിൽ നിതീഷിന്റെ മകൻ നിഷാന്ത്കുമാർ ഉപമുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്. 37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാലുവരെ ആണ് വെട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ചോടെ വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.
എന്സിപി അധ്യക്ഷൻ ശരദ് പവാര് ഉൾപ്പെടെ 26 പേര് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെ 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിഹാറിലെ അഞ്ചും ഒഡീഷയിലെ നാലും ഹരിയാനയിലെ രണ്ടും സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
ബിഹാറിലെ നാല് സീറ്റുകളിൽ എൻഡിഎ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്, ബിജെപി ദേശീയ അധ്യക്ഷന് നിതിന് നവീന് എന്നിവര് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും.
എന്നാൽ ഒരു സീറ്റില് ഇന്ത്യ മുന്നണിയും എന്ഡിഎയും തമ്മില് കനത്ത മത്സരമുണ്ടാകും.
ഒഡീഷയിലെ രണ്ടു സീറ്റിലും ഹരിയാനയിലെ ഒരു സീറ്റിലും മത്സരം നടക്കും. ഹരിയാനയിലെ നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് വിജയം ഉറപ്പാണെന്നാണ് വിലയിരുത്തൽ.
National
പാറ്റ്ന: ബിഹാറിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബിഹാറിലെ സരണ് ജില്ലയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു ക്രൂരകൃത്യം. അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതികളില് ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പെണ്കുട്ടിയുടെ പഴയ വീട്ടിലെ ശുചിമുറിയിലേക്ക് പ്രതികള് പെണ്കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
സഹായത്തിനായി ബഹളമുണ്ടാക്കിയ പെൺകുട്ടിയെ പ്രതികൾ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാൾ നേരത്തെയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി കുടുംബം ആരോപിക്കുന്നു.
ഛപ്ര സദാര് ആശുപത്രിയില് നിന്നും പോസ്റ്റ്മോര്ട്ടത്തിന് ശേഷം പെണ്കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
National
പറ്റ്ന: രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ സംസ്ഥാന യാത്രയ്ക്കൊരുങ്ങി ജെഡിയു നേതാവും നിതീഷ് കുമാറിന്റെ മകനുമായ നിശാന്ത് കുമാർ. ഇന്നലെ പറ്റ്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിഹാറിലെ 38 ജില്ലകളിലൂടെയും യാത്ര നടത്താൻ താൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും-നിശാന്ത് കുമാർ പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാ സ്ഥാനാർഥിയായതിനു പിന്നാലെയാണ് നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം.
നിശാന്ത് കുമാറിനെ ബിഹാറിന്റെ ഉപമുഖ്യമന്ത്രിയായി ഉടൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് സംസ്ഥാന യാത്ര സംബന്ധിച്ചുള്ള പ്രഖ്യാപനം.
National
പാറ്റ്ന: നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ജെഡിയുവിൽ ചേർന്നു. നിതീഷ് കുമാർ രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നൽകിയതിന്റെ പിന്നാലെയാണ് മകന്റെ രാഷ്ട്രീയ പ്രവേശനം.
ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായിൽ നിന്നാണ് നിഷാന്ത് കുമാർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി ലാലൻ സിംഗ്, ബിഹാർ ഉപമുഖ്യമന്ത്രി വിജയ് ചൗധരി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
എന്നാൽ മകന്റെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശന വേളയിൽ നിതീഷ് കുമാർ സന്നിഹിതനായിരുന്നില്ല. എൻജിനീയറിംഗ് ബിരുദധാരിയായ നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ ജെഡിയു നേതാക്കൾ സ്വാഗതം ചെയ്തു.
പാർട്ടിയിൽ സജീവ പ്രവർത്തകനായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനാണ് തന്റെ തീരുമാനമെന്ന് നിഷാന്ത് പറഞ്ഞു. പിതാവ് രാജ്യസഭയിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ താൽപര്യമാണ്. ഞാൻ അത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കും. തുടർന്ന് ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിഷാന്ത് കുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും.