Kerala
കൊച്ചി: സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് അവതരിപ്പിച്ച 2026 - 27 വര്‍ഷത്തെ പുതുക്കിയ ബജറ്റില്‍ കൊച്ചിക്കു നേട്ടം. കൊച്ചിയില്‍ ജെ.സി. ഡാനിയലിന്റെ പേരില്‍ അന്താരാഷ്ട്ര ഫിലിം സിറ്റി- ചിത്രനഗരം, കൊച്ചി ഉള്‍പ്പെടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷന്‍ ലോജിസ്റ്റിക്സ് ഹബ്, ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്, ഗ്ലോബല്‍ ഗോള്‍ഡ് ഹബ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്.
ആര്ബിട്രേഷന് കോടതി, കൊച്ചി വിമാനത്താവളത്തിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്വന്ഷന് സെന്റര്‍, നടൻ സലിംകുമാറിന് ഒരു കോടി രൂപ ചെലവിൽ സ്മാരകം, ഫോര്‍ട്ട് കൊച്ചിയില്‍ ഗ്രീന്‍ മാര്‍ഷല്‍സ് പദ്ധതി, ഗോശ്രീ- ബോള്‍ഗാട്ടി സമാന്തര പാലം, കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം തുടങ്ങിയ പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു.
District News
തൃശൂർ: ബജറ്റിൽ ജീവനക്കാരെയും അധ്യാപകരെയും പൂർണമായും അവഗണിച്ചിരിക്കുകയാണെന്ന് എഫ്എസ്ഇടിഒ.
2024 ൽ പ്രാബല്യത്തിൽ ലഭ്യമാകേണ്ട ശമ്പളപരിഷ്കരണം, അഷ്വേർഡ് പെൻഷൻ, ലീവ് സറണ്ടർ തുടങ്ങി ഉടനെ തന്നെ ലഭ്യമാകേണ്ടതും തുടർനടപടി കൈക്കൊള്ളേണ്ടതുമായ വിഷയങ്ങളിലെല്ലാം ജീവനക്കാരെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാർ ബജറ്റിലൂടെ സ്വീകരിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
കളക്ടറേറ്റിനു മുന്നിൽ പ്രകടനത്തിനുശേഷം നടന്ന യോഗം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂർ താലൂക്കിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ, ഇരിങ്ങാലക്കുടയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ പി. രാജേഷ്, ചാവക്കാട് എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി. വിമോദ്, ചാലക്കുടിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം. മഞ്ചേഷ്, വടക്കാഞ്ചേരിയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി. സുനിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.
District News
പാലക്കാട്: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യബജറ്റിൽ പാലക്കാട് ഗവ. മെഡിക്കൽ കോളജിനു വികസന പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ അനുവദിച്ചത് ഏറെ സ്വാഗതാർഹവും വലിയ നേട്ടവുമാണെന്ന് പിന്നോക്കക്ഷേമ മന്ത്രി കെ.എ. തുളസി.
കഴിഞ്ഞ പത്തുവർഷക്കാലമായി ഒന്നുംരണ്ടും പിണറായി സർക്കാരുകളുടെ കാലയളവിൽ ബജറ്റിൽ കടുത്ത അവഗണന നേരിട്ട മെഡിക്കൽ കോളജിന് പുതിയ ബജറ്റ് വിഹിതം വലിയ ആശ്വാസമാണ്. വർഷങ്ങളായി മുടങ്ങിക്കിടന്ന വികസന പദ്ധതികൾക്ക് വേഗം കൂട്ടാനും കോളജിന്റെ തുടർവികസനത്തിനു പുതിയ ഊർജം പകരാനും ഈ തുക സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിലൂടെ പാലക്കാട് മെഡിക്കൽ കോളജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ബജറ്റിൽ പട്ടികജാതിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സർക്കാർ വലിയ പരിഗണനയാണ് നൽകിയിട്ടുള്ളത്.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ പുരോഗതിക്ക് പുതിയ ബജറ്റിൽ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആദിവാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്കാരിക പൈതൃക സംരക്ഷണത്തിനുമായി വയനാട്ടിൽ ട്രൈബൽ സർവകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടികജാതി ഉപപദ്ധതികൾക്കായി 2,979.32 കോടി രൂപയും ഇതിന് പുറമെ അധികമായി 527.68 കോടി രൂപയും അനുവദിച്ചു. പട്ടികവർഗ ഉപപദ്ധതികൾക്കായി 859.48 കോടി രൂപയും അധികമായി 152.52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഈ തുക പൂർണമായും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഭവന നിർമാണം, വിദ്യാഭ്യാസം, സാമൂഹിക വികസനം എന്നിവയ്ക്കായാണ് വിനിയോഗിക്കുകയെന്നും മന്ത്രി അറിയിച്ചു.
District News
ചെമ്പേരി: കേരള ബജറ്റിന്റെ പശ്ചാത്തലത്തിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി 2026-27 കേരള ബജറ്റിലെ ജനക്ഷേമ-വികസന നിർദേശങ്ങളെ സ്വാഗതം ചെയ്തു. എന്നാൽ സാധാരണക്കാരുടെയും കർഷകരുടെയും കാഴ്ചപ്പാടിൽ ബജറ്റിനെ വിലയിരുത്തുമ്പോൾ മലയോര മേഖലയിലെ കർഷകർ വർഷങ്ങളായി നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ വ്യക്തവും ശക്തവുമായ ഇടപെടലുകൾ ആവശ്യമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കൽ, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം, കാർഷിക കടബാധ്യതകളിൽ ആശ്വാസം, മലയോര റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
മലബാർ മേഖലയുടെയും പ്രത്യേകിച്ച് മലയോര ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം ഉറപ്പാക്കുന്നതിനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രിമാരെയും ജനപ്രതിനിധികളെയും അടിയന്തരമായി നേരിൽ കണ്ട് നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. മാർട്ടിൻ തുറക്കൽ, ജിമ്മി ഐത്തമറ്റം, പീയൂസ് പറേടം, സുരേഷ് കാഞ്ഞിരത്തിങ്കൽ, ബിജു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു.
District News
ചേന്നങ്കരി: നിവാസികളുടെ ദീർഘനാളത്തെ കാത്തിരിപ്പി നൊടുവിൽ ചേന്നങ്കരിയിൽ പമ്പയാറിന് കുറുകെ പാലം നിർമാണത്തിനായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി.വള്ളവും, ബോട്ടും ആയിരുന്നു ചേന്നങ്കരികാരുടെ ഏക ആശ്രയം. പാലം യാഥാർഥ്യകുന്നതോടെ ഒരു പ്രദേശത്തെ ജനതയുടെ ചിരകാല സ്വപ്നമാണ്സാക്ഷാത്ക്കരിക്കപ്പെടുന്നത്.
പാതിരാമണലിൽ റോപ്വേ
മുഹമ്മ: പാതിരാമണൽ ദ്വീപിൽ റോപ്വേയും ഇക്കോ ടൂറിസം പദ്ധതിയും നടപ്പാക്കും. ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിയിൽനിന്നാണ് ദീപിലേക്ക് റോപ്പ് വേ നിർമിക്കുക. ആലപ്പുഴ, കോട്ടയം, എറണാകുളം മേഖലകളിൽനിന്നുള്ള ടൂറിസ്റ്റുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്നതും കായിപ്പുറത്തിന്റെ മെച്ചമാണ്.
ചേർത്തലയ്ക്ക് നഷ്ടകണക്കുകൾ
ചേര്‍ത്തല: സംസ്ഥാനത്തെ ഭരണം എല്‍ഡിഎഫില്‍നിന്നും യുഡിഎഫിലേക്ക് മാറിയപ്പോള്‍ ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിന് ലഭിച്ചത് നഷ്ടക്കണക്കുകള്‍. കഴിഞ്ഞ എൽഡിഎഫ് ബജറ്റിൽ ഭരണാനുമതി ലഭിച്ച തുകയുടെ 45 ശതമാനത്തോളം തുക പുതിയ ബജറ്റില്‍ വെട്ടിക്കുറച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ചേര്‍ത്തല നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 26.2 കോടി നീക്കിവച്ചിരുന്ന സ്ഥാനത്ത് യുഡിഎഫ് ബജറ്റിൽ 14.5 കോടി രൂപയായി കുറഞ്ഞു. ഏകദേശം 11.7 കോടിയുടെ പ്രവൃത്തികളാണ് പുതിയ ബജറ്റില്‍ ഒഴിവാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ അനുമതിയുണ്ടായിരുന്ന പദ്ധതികളില്‍ ചിലത് അപ്രത്യക്ഷമാകുകയും അതിനു പകരം പുതിയ ചില പദ്ധതികള്‍ ഉള്‍പ്പെടുത്തിയതും ശ്രദ്ധേയമായി.
മാവേലിക്കര മണ്ഡലത്തിൽ
കെട്ടിട നിർമാണത്തിന് 13 കോടി
ചാരുംമൂട്: മാവേലിക്കര മണ്ഡലത്തിൽ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഫയർസ്റ്റേഷൻ നവീകരണത്തിനും ഉൾപ്പടെ 13 കോടി അനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു. മാവേലിക്കര ഐഎച്ച്ആർഡി കോളജ് കെട്ടിടം -രണ്ടു കോടി, രാജാരവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് കെട്ടിട നിർമാണം -രണ്ടു കോടി, മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിട നവീകരണം -രണ്ടുകോടി, ഗവ. എൽപിഎസ് മുള്ളിക്കുളങ്ങര കെട്ടിട നിർമാണം- ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് ചുനക്കര കെട്ടിട നിർമാണം-ഒരു കോടി, ഗവ. വെൽഫെയർ എൽപിഎസ് താമരക്കുളം കെട്ടിടനിർമാണം-ഒരു കോടി, ഗവ. എൽപിഎസ്, കുറത്തികാട്, മാലിമേൽ കെട്ടിട നിർമാണം-ഒരു കോടി, ഗവൺമെന്റ് യുപിഎസ് വരേണിക്കൽ കെട്ടിട നിർമാണം-ഒരു കോടി, ഗവ. മുഹമ്മദൻസ് എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരു കോടി, ഗവ. എൽപിഎസ് വെട്ടിയാർ കെട്ടിട നിർമാണം-ഒരുകോടി എന്നിങ്ങനെ വിവിധ നിർമാണം പ്രവൃത്തികൾക്കാണ് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചത്.
അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്
അമ്പലപ്പുഴ: അമ്പലപ്പുഴക്ക് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ട്. അര്‍ത്തുങ്കല്‍ ബസലിക്ക, കാക്കാഴം മുഹ് യദ്ദീന്‍ ജുമാമസ്ജിത്, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വമി ക്ഷേത്രം, ഓച്ചിറ പരബ്രഹ്മ ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ് തീര്‍ഥാടന ട്യൂറിസം സര്‍ക്യൂട്ടായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കാക്കാഴം പള്ളിയും അമ്പലപ്പുഴ ക്ഷേത്രവുമാണ് അമ്പലപ്പുഴ മണ്ഡലത്തില്പ്പെടുന്നത്.
തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് നടപ്പിലാകുന്നതോടെ തദ്ദേശ-വിദേശിയരടക്കമുള്ള തീര്‍ഥാടകര്‍ ജാതിമതഭേതമന്യെ ഇവിടെ എത്തി പ്രാര്‍ഥനകളില്‍ പങ്കെടുക്കാനും പഠനം നടത്താനും അവസരം ഒരുങ്ങും.
District News
ഹരിപ്പാട്: വികസനക്കുതിപ്പിന്റെ വൻ വിസ്മയമൊരുക്കി സംസ്ഥാന ബജറ്റിൽ ഹരിപ്പാട് മണ്ഡലത്തിന് 500 കോടി രൂപയുടെ ചരിത്ര വിഹിതം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനായി ബജറ്റ് പ്രസംഗത്തിൽ 100 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു.
ഇതിനുപുറമേ, മണ്ഡലത്തിലെ വിവിധ പ്രാദേശിക വികസന പ്രവൃത്തികൾക്കായി 380 കോടി രൂപയുടെ പദ്ധതികളും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 20 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതോടെ ആരോഗ്യമേഖലയ്ക്കും പ്രാദേശിക വികസനത്തിനുമായി ആകെ 500 കോടി രൂപയുടെ പദ്ധതികളാണ് ഹരിപ്പാട്ടേക്ക് ഒഴുകിയെത്തുന്നത്.
സ്വപ്നങ്ങൾക്ക് ചിറകുമുളച്ച് കരുവാറ്റ മെഡിക്കൽ കോളജ്
2015 മേയ് 12ന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരുവാറ്റയിൽ തറക്കല്ലിട്ട ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി, പിന്നീട് വന്ന ഭരണമാറ്റത്തോടെ വഴിമുട്ടുകയായിരുന്നു. പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഇപ്പോൾ ബജറ്റിലെ 100 കോടി രൂപയുടെ പ്രഖ്യാപനത്തോടെ യാഥാർഥ്യമാകുന്നത്.
മണ്ഡലത്തില്‍ 380 കോടി രൂപയുടെ വിവിധ വികസന പ്രവൃത്തികളും ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 20 കോടി രൂപയും അനുവദിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും സാധാരണക്കാരുടെ ജീവിത പ്രതിസന്ധികൾക്കും യാതൊരു പരിഹാരവും നിർദേശിക്കാത്ത ബജറ്റാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിച്ചത്.
തെരഞ്ഞെടുപ്പു സമയത്ത് യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടികളിൽ പ്രധാനപ്പെട്ട കോളജ് വിദ്യാർഥിനികൾക്കു പ്രതിമാസം 1000 രൂപ ധനസഹായവും യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ ഈടില്ലാ വായ്പയും ബജറ്റിൽ എവിടെയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തെ പരിസഹസിച്ച് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്. സ്വപ്ന പദ്ധതികളുടെ പ്രഖ്യാപനങ്ങളുടെ പരമ്പരയിൽ മയങ്ങിയ ഒട്ടേറെ പേരെ ടെലിവിഷൻ ചർച്ചകളിൽ കണ്ടുവെന്ന് തോമസ് ഐസക് പറഞ്ഞു.
ബജറ്റിന്റെ അടിസ്ഥാന ധർമ്മം ഈ സ്വപ്ന പദ്ധതികൾക്ക് പണം കണ്ടുപിടിക്കുകയാണ്. പണം തികഞ്ഞില്ലെങ്കിൽ മുൻഗണനകൾ പുതുക്കി നിശ്ചയിക്കുകയാണ്. അല്ലാതെ രാമേശ്വരത്തെ ക്ഷൗരം പോലെ ഓരോ പ്രഖ്യാപനത്തിനും ടോക്കൺ പ്രൊവിഷൻ നൽകി സായൂജ്യമടയൽ അല്ല.
ഭൂരിപക്ഷം പ്രൊജക്ടുകളോടും ഒരു വിയോജിപ്പുമില്ല. വികസന ആശയങ്ങളുടെ നീണ്ട വിഷ്-ലിസ്റ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ബജറ്റ് പ്രസംഗം. പക്ഷേ, അതിനൊന്നുമുള്ള പണം ബജറ്റിൽ ഇല്ല. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ മൊത്തം ചെലവ് 2.18 ലക്ഷം കോടി രൂപയാണ്. പുതുക്കിയ ബജറ്റിൽ ഇത് 2.05 ലക്ഷം കോടി രൂപയായി കുറഞ്ഞു- ഏതാണ്ട് 13000 കോടി രൂപ.
ബജറ്റ് പ്രഖ്യാപനങ്ങൾക്ക് അധികച്ചെലവായി വകയിരുത്തിയിട്ടുള്ളത് 1080 കോടി രൂപ മാത്രമാണ്. പണം ഇല്ലാത്തതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾക്ക് പലതിനും ടോക്കൺ പ്രൊവിഷനാണ് വച്ചിട്ടുള്ളത്. എന്നിട്ടും 100 കോടി രൂപയേക്കാൾ കൂടുതൽ വകയിരുത്തിയിട്ടുള്ള ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങൾ എടുത്താൽ 1700 കോടി രൂപ വരും. ഇത് ബജറ്റ് ടൈയിൽ പ്രതിഫലിക്കാത്തതിന്റെ മറിമായം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.
ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വച്ച് നൽകാൻ ഉദ്ദേശിക്കുന്ന ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 7500 കോടി രൂപയെങ്കിലും ഇതിനുവേണ്ടിവരും. തിരുവനന്തപുരത്തും ഹരിപ്പാടും പുതിയ മെഡിക്കൽ കോളജുകൾക്ക് 100 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കോട്ടയം മെഡിക്കൽ കോളജിൽ ഈയിടെ ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്കിന്റെ ചെലവ് 375 കോടി രൂപയാണെന്ന് ഓർക്കണം. ഇങ്ങനെയാണ് പലതും.
രാമേശ്വരത്തെ ക്ഷൗരം പോലെ വൻകിട പദ്ധതികൾ ടോക്കൺ പ്രൊവിഷൻ നൽകി പ്രഖ്യാപിക്കുന്ന സമ്പ്രദായം പത്ത് വർഷം എൽഡിഎഫ് സർക്കാർ അവസാനിപ്പിച്ചതാണ്. ആ സമ്പ്രദായം പുതിയ ബജറ്റിലൂടെ യുഡിഎഫ് വീണ്ടും കൊണ്ടുവന്നിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
Kerala
തിരുവനന്തപുരം: പുതിയ ബജറ്റിൽ രജിസ്ട്രേഷൻ വകുപ്പിന് 27.7 കോടി രൂപ അനുവദിച്ചെന്നും ജനസൗഹൃദ പരിഷ്കരണങ്ങളിലൂടെ വരുമാന വർധനവിനും സുതാര്യതയ്ക്കും മുൻഗണന നൽകിയെന്നും മന്ത്രി ഒ.ജെ. ജനീഷ്.
ജനസൗഹൃദപരവും സുതാര്യവുമായ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്കരിക്കുവാനും നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ 2026 ഒക്ടോബർ 31-നകം സമയബന്ധിതമായി തീർപ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.
ഡിജിറ്റൽ സ്റ്റാമ്പിംഗ് സംവിധാനം കൂടുതൽ മേഖലകളിലേക്കും സ്വകാര്യ ഇൻഷുറൻസ്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ പേപ്പർ രഹിത ഇടപാടുകളും വ്യവസായ സൗഹൃദാന്തരീക്ഷവും ശക്തമാകും. ദീർഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടർ വാലുവേഷൻ കേസുകൾ പരിഹരിക്കാൻ ആകർഷകമായ ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്കരിച്ചതിനൊപ്പം, 2010 മാർച്ച് 31 വരെയുള്ള പതിനായിരം രൂപയിൽ താഴെയുള്ള ചെറുകിട കുടിശികകൾ പൂർണ്ണമായും എഴുതിത്തള്ളിയത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായി മാറും.
കൂടാതെ ലൈസൻസുള്ള വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വിൽപ്പന പരിധി ഒരു ലക്ഷത്തിൽ നിന്നും മൂന്ന് ലക്ഷം രൂപയായി ഉയർത്തിയതും, കെ-ആർഇആർഎയിൽ രജിസ്റ്റർ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകൾക്ക് മുദ്രവില നിരക്ക് നാല് ശതമാനമായി കുറച്ചതും നിർമ്മാണ-ധനകാര്യ മേഖലകൾക്ക് വലിയ ഉത്തേജനം നൽകും; ഒപ്പം അണ്ടർവാല്യുവേഷൻ കേസുകളിൽ അന്തിമ ഉത്തരവിന് ശേഷവും കുടിശിക വരുത്തുന്ന തുക വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കാനുമുള്ള വ്യവസ്ഥകൾ സർക്കാരിന്റെ റവന്യൂ വരുമാനം കാര്യക്ഷമമായി സംരക്ഷിക്കുന്നതോടൊപ്പം ഭാവിയിൽ വസ്തു വാങ്ങുന്നവർക്ക് പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്ന് ജനീഷ് പത്രക്കുറിപ്പിൽ അറിയിച്ചു.
Movies
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിന് പൃഥ്വിരാജിന്റെ കൈയടി. മലയാള സിനിമയ്ക്കു നൽകിയ പരിഗണനകൾക്ക് നന്ദി പറഞ്ഞ നടൻ അഭിമാനവും ആത്മവിശ്വാസവും നൽകുന്ന പ്രഖ്യാപനം ആണിതെന്നും വ്യക്തമാക്കി.
‘‘മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ശ്രീ.ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനിൽക്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നു.
ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം. രാജ്യാന്തര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നൽകിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി.’’പൃഥ്വിരാജിന്റെ വാക്കുകൾ.
നേരത്തേ സർക്കാരിന്റെ പ്രഖ്യാപനത്തെ മോഹൻലാലും ആന്റോ ജോസഫും സ്വാഗതം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. ജൂലൈ ഒന്നിനുശേഷം ഓടാൻ കഴിയാത്ത അവസ്ഥ വരും. ഉദ്ദേശിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഉണ്ടായില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
പ്രൈവറ്റ് ബസുകൾക്കുള്ള 50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ല. 106.50 - 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവിൽ നിന്ന് കുറയുന്നത്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസിൽ വളരെ കുറവാണ്. പലരും ബസ് സർവീസ് നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കണം. അതിന്റെ പണം സർക്കാരിൽ നിന്ന് ലഭിക്കണം. അല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിശ്ചലമാകും. പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് 1000 മുതൽ 6000 രൂപയുടെ നഷ്ടം പ്രതിദിനം ഉണ്ടായിട്ടുണ്ടെന്ന് ഗോപിനാഥൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ഭാവി കേരളത്തിനുള്ള ബ്ലൂപ്രിന്റ് ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ നടത്തിയ പദ്ധതികളിൽ പലതിന്റെയും പേരുമാറ്റി പ്രഖ്യാപിക്കുകയാണ് ചെയ്തതെന്ന് പിണറായി വിമർശിച്ചു.
കേരളം എന്തോ സാമ്പത്തിക അപകടാവസ്ഥയിൽ എന്ന സന്ദേശമാണ് ആമുഖത്തിലും മുഖ്യമന്ത്രി പറഞ്ഞത്. ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രം. 2000 കോടിയുടെ അധിക വിഹിതം നൽകാൻ കഴിഞ്ഞു. സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും 6000 കോടി ട്രഷറിയിൽ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയതെന്നും പിണറായി പറഞ്ഞു.
സാമ്പത്തിക സ്ഥിതി മോശമ്മല്ലാതിരുന്നിട്ടും ബജറ്റിൽ പിൻവാങ്ങലാണ് കണ്ടത്. ജനക്ഷേമ കാര്യത്തിൽ നേരത്തെയുള്ള ബജറ്റ് വിഹിതം പല കാര്യങ്ങളിലും വെട്ടി കുറച്ചു. കാർഷിക മേഖലയിൽ ആശ്വാസ നടപടിയില്ല. കേന്ദ്രനയ നിലപാടുകൾ കാരണം സംസ്ഥാനത്തിന് ഉണ്ടാകുന്ന ധന നഷ്ടം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിൽ രാഷ്ട്രീയം ഉണ്ട്. മുൻകൂർ ജാമ്യം എടുക്കലായിരുന്നു ധവളപത്രമെന്നും പിണറായി കുറ്റപ്പെടുത്തി.
വൻ കിട കോർപ്പറേറ്റ് താത്പര്യങ്ങൾ ആണ് കാണുന്നത്. സ്വകാര്യ മേഖലയ്ക്ക് അവസരം നൽകുന്നതാണ് ബജറ്റും. ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്. എൽഡിഎഫ് സർക്കാർ ആശയം അട്ടിമറിക്കുന്നു. കേരളത്തിന്റെ തീരത്തെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണോ മാരിടൈം പോളിസി എന്ന് ആശങ്കയുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
ഡീസൽ വില വർധനവിലും പ്രിയദർശനി സൗജന്യ യാത്രയും മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ തിരിച്ചടി മറികടക്കാൻ ഇതിലൂടെ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. സ്റ്റേജ് ക്യാരേജ് ബസുകൾക്ക് നൽകിയ ഇളവുകൾക്ക് പുറമെ, കേരളത്തിലേക്ക് രജിസ്ട്രേഷനായി കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ എത്തുന്നതിനും അന്തർ സംസ്ഥാന യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കുമെന്നും ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
ഇത്തരം ബസുകളുടെ നിലവിലെ ത്രൈമാസ നികുതിയായ സീറ്റൊന്നിന് 2000 രൂപ എന്നത് 900 രൂപയായും സ്ലീപ്പർ ബർത്തിന് 3000 രൂപയെന്നത് 1500 രൂപയായും കുറയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Movies
അന്തരിച്ച നടൻ സലിം കുമാറിനായി കൊച്ചിയിൽ സ്മാരക മന്ദിരം നിർമിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ ഇതിനായി ഒരുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഈ സ്മാരകം നിർമിക്കുക.
സലിം കുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു വി.ഡി. സതീശൻ. അദ്ദേത്തിന്റെ വിയോഗത്തിന് പിന്നാലെ സതീശൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും ഏറെ വൈകാരികമായിരുന്നു. സലിം കുമാർ തനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ലായിരുന്നെന്നും, സ്വന്തം കൂടപ്പിറപ്പും കുടുംബാംഗവുമായിരുന്നുവെന്നുമാണ് അദ്ദേഹം അനുസ്മരിച്ചത്.
ജൂൺ ആറിനാണ് സലിം കുമാർ വിടവാങ്ങിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. നിലവിലുള്ള നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് വർധിച്ചുവരുന്ന വ്യോമയാന ആവശ്യകതകൾ, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദസഞ്ചാര മേഖലയിലെ വലിയ സാധ്യതകൾ എന്നിവ കണക്കിലെടുത്താണ് ഈ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഡി.ജി.സി.എ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പൈലറ്റ് പരിശീലന കേന്ദ്രങ്ങളും വിമാന പരിപാലന എഞ്ചിനീയറിങ് പരിശീലന കേന്ദ്രങ്ങളും സംസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി വിമാനത്താവളത്തോട് അനുബന്ധമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബൽ കൺവൻഷൻ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രകൃതി ദുരന്തം നേരിടാൻ ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം നടപ്പിലാക്കും. ഇതിനായി പ്രാരംഭഘട്ടത്തിൽ രണ്ട് കോടി രൂപ വകയിരുത്തിയെന്ന് ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
മുണ്ടക്കൈ-ചൂരൽമല ദുരന്തം അടക്കം നിരവധി പ്രപകൃതി ദുരന്തങ്ങൾ സമീപകാലത്ത് കേരളം നേരിട്ടു.ഓരോ ദുരന്തവും ശാസ്ത്രീയമായ മുൻകരുതലിന്റെ അനിവാര്യത വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കോഴിക്കോട് എംടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. കഥകളി, കൂത്ത്, മാർഗംകളി, ചവിട്ടുനാടകം, മറ്റ് ക്ഷേത്ര ഗോത്രകലകൾ എന്നിവയുടെ അവതരണത്തിനും പരിശീലനത്തിനുമൊക്കെ ഇവിടെ സൗകര്യങ്ങളുണ്ടാകും.
ജെൻസികൾക്കായി ഷോർട്ട്ഫിലിം അവതരണത്തിന് ഇവിടെ സൗകര്യം ലഭിക്കും. സിനിമ തിയറ്ററുകൾ, ഭാഷാ മ്യൂസിയം, ശബ്ദമ്യൂസിയം, ഡോർമിറ്ററികൾ, ഭക്ഷണശാലകൾ, വിനോദ ഇടങ്ങൾ തുടങ്ങി സമഗ്ര വിനോദ പാർക്ക് ആയി ഇതിനെ മാറ്റും. ഇതിന്റെ നടത്തിപ്പിനായി കൾച്ചറൽ ടൂറിസം ട്രസ്റ്റ് രൂപീകരിക്കും.
ഇതോടെ, സിനിമാമേഖലയ്ക്കായി കൊച്ചിയിൽ ഫിലിം സിറ്റി വരുന്നു. ചിത്രനഗരം എന്ന പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ജെ.സി ഡാനിയലിന്റെ പേരിലാണ് ഇതു സ്ഥാപിക്കുന്നത്. ഇതുവഴി സിനിമ നിർമാണത്തിനു വേണ്ടി വലിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കേരളത്തിലുള്ളവർക്കു മാത്രമല്ല, മറ്റു സ്ഥലങ്ങളിൽനിന്നും ഇവിടേക്ക് സിനിമ പ്രവർത്തകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Kerala
തിരുവനന്തപുരം: കായിക കേരളത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകാനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും മലബാറിൽ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം സ്ഥാപിക്കും. ഇതിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു.
ലോകകപ്പ് മത്സരം നടക്കുന്ന സമയത്താണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. അടുത്ത അഞ്ച് വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി 100 കോടി വിലയിരുത്തി. വിദേശ സർവകലാശാലകളുമായി സഹകരണം ശക്തമാക്കും.
വിദേശ സർവകലാശാലകളിലേക്ക് പോകാതെ തന്നെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.
ലോകത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും വിദേശ സർവകലാശാലകളുമായും സഹകരിച്ച് ഏറ്റവും മികച്ച അക്കാഡമിക് പ്രോഗ്രാമുകൾ കേരളത്തിൽ കൊണ്ടുവരും. ആധുനിക കാലത്തിനനുസരിച്ചുള്ള കോഴ്സുകളും മികച്ച തൊഴിലവസരങ്ങളും മുൻനിര സ്ഥാപനങ്ങളുടെ പങ്കാളിത്തവും വഴി കേരളത്തെ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങളും വികസനവും സാധ്യമാക്കുന്നതിനായി സ്വകാര്യ സർവകലാശാല ബില്ലിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ വികസനത്തിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കാൻ ബജറ്റിൽ 2 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസ നൈപുണ്യസംവിധാനങ്ങൾ ഭാവിയിലെ തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണിതെന്ന് ധനമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
രാജ്യത്തിന് അകത്തും പുറത്തുമുള്ള പുതിയ തൊഴിൽ അവസരങ്ങളഅ് നിരീക്ഷിക്കും. പാഠ്യപദ്ധതി പരിഷ്കരണത്തിന് ഇതനുസരിച്ച് നടപ്പാക്കും. പ്രധാനമേഖലകളിലെ തൊഴിൽ ശക്തി ആസൂത്രണത്തിന് മിഷൻ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ചു. കരയിലും കടലിലും വികസനത്തിനായി 400 കോടിയാണ് വകയിരുത്തിയത്. മാരിടൈം നയം നടപ്പാക്കും. കപ്പൽ നിർമാണ ശാല ആരംഭിക്കും. വിഴിഞ്ഞം കേരളത്തിന്റെ മുഖമായി വളർത്തിയെടുക്കും. വിഴിഞ്ഞം തുറമുഖ റെയിൽ പൂർത്തിയാക്കും.
കേരളത്തെ പോർട്ട് സിറ്റിയാക്കി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കടൽ, തീരദേശമേഖയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. വിഴിഞ്ഞത്ത് തുറമുഖ റെയിൽ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇപ്പോഴും വിഴിഞ്ഞം പോർട്ടിന്റെ പ്രയോജനം കേരളത്തിനു ലഭിച്ചുതുടങ്ങിയിട്ടില്ല. മറ്റു പോർട്ടുകളിൽനിന്ന് ചരക്കുകൾ ഇവിടെ കൊണ്ടിറക്കി മറ്റു കപ്പലുകളിൽ കയറ്റിവിടുക എന്ന പ്രവർത്തനം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക് സ്ഥാപനങ്ങളും മറ്റ് അനുബന്ധസൗകര്യങ്ങളും വളരണമെങ്കിൽ റോഡ്, റെയിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം. ഇതു കണക്കിലെടുത്താണ് വിഴിഞ്ഞത്തിന്റെ വികസനത്തിനു പദ്ധതി പ്രഖ്യാപിച്ചത്.
Kerala
എൽഡിഎഫ് സർക്കാർ രൂപീകരിച്ച ധനകാര്യ സ്ഥാപനമായ കിഫ്ബി പരിഷ്കരിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്.
കേന്ദ്ര വിഹിതത്തില്‍ 20,500 കോടിയുടെ കുറവുണ്ടായി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും കൃത്യമായ ചട്ടക്കൂടാണ് ഈ ബജറ്റിലൂടെ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. ബജറ്റിലൂടെ ലക്ഷ്യമിടുന്നത് പുതുയുഗ കേരള സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണ്. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്. പ്രത്യേക സമിതിയെ നിയോഗിച്ച് കിഫ്ബി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
ഇരിക്കൂർ: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഇരിക്കൂറിൽ പുതിയ പാലം പ്രഖ്യാപനമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ഇരിക്കൂർ ജനത. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലുള്ള പാലം കാലപ്പഴക്കത്താൽ അപകടാവസ്ഥ നേരിടുന്നുണ്ട്. പാലത്തിലൂടെ അമിതഭാരമുള്ള വാഹനങ്ങളുടെ സഞ്ചാരം ഒഴിവാക്കാനായി സ്ഥാപിച്ച ‘ഹൈറ്റ് ഗേജ്' തകർന്നിട്ട് ഒന്നര വർഷമായിട്ടും പുതിയതു സ്ഥാപിച്ചിട്ടില്ല.
സ്ലാബുകളും ബീമുകളും തകർച്ച നേരിട്ടതോടെയായിരുന്നു ഹൈറ്റ് ഗേറ്റ് സ്ഥാപിച്ചത്. ഇത് സ്ഥാപിച്ച് മാസങ്ങൾക്കകമായിരുന്നു വാഹനം ഇടിച്ചു തകർന്നത്. പാലത്തിലെ ടാറിംഗും പൂർണമായും തകർന്ന നിലയിലാണ്. മലയോരത്തിന്റെ കവാടം കൂടിയായ ഇരിക്കൂറിലെ പാലത്തിൽ ചെറിയ മഴയിൽ പോലും വെള്ളക്കെട്ടും പതിവാണ്.
ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം മട്ടന്നൂർ നിയോജക മണ്ഡലം പരിധിയിലാണ്.പു തിയപാലം നിർമിക്കുന്നതിനു പിഡബ്ല്യൂഡി രണ്ടു വർഷം മുന്‍പ് പരിശോധന നടത്തി12 കോടിയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനിയർക്കു സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞബജറ്റിൽ പുതിയപാലം പ്രതീക്ഷിച്ചെങ്കിലും ടോക്കൺ മാത്രം അനുവദിച്ച് തഴയുകയായിരുന്നു.
District News
ആലപ്പുഴ: കുട്ടനാടന്‍ ജനതയുടെ ദീര്‍ഘകാല ആവശ്യമായ കൃഷി ഏകോപനത്തിന് ഒരു നോഡല്‍ ഓഫീസര്‍ എന്നത് ബജറ്റില്‍ ഇടം നേടുമോ എന്ന ആകാംക്ഷയിലാണ് കുട്ടനാടന്‍ ജനത. കുട്ടനാടിന്റെ വികസനത്തിനായി കുട്ടനാട് ഡവലപ്മെന്റ് അഥോറിട്ടി രൂപീകരിക്കുമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. ഇതില്‍ പുഞ്ച സ്പെഷല്‍ ഓഫീസ്, വൈദ്യുത ഓഫീസ്, കൃഷിഭവന്, സപ്ലൈകോ എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ഒരു നോഡല്‍ ഓഫീസറുണ്ടാകുമോ എന്നാണ് കര്‍ഷകര്‍ ഉറ്റുനോക്കുന്നത്.
കുട്ടനാടിലെ പാടങ്ങളില്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കര്‍ഷകര്‍തന്നെയാണ് വൈദ്യുത ഓഫീസിലെത്തി ഇതു പരിഹരിക്കേണ്ടത്. വിത്തു വരണമെങ്കില്‍ കര്‍ഷകര്‍തന്നെ കൃഷി ഓഫീസിലെത്തണം, പണത്തിന്റെ പ്രശ്നമുണ്ടായാല്‍ പുഞ്ച സ്പെഷല്‍ ഓഫീസറെ വിളിക്കേണ്ടതും കര്‍ഷകര്‍തന്നെ. ഓരുമുട്ട് ഇടുന്നതിലോ തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവിടങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാലോ ജലസേചന വിഭാഗത്തിലെത്തി കര്‍ഷകര്‍ പരാതി നല്‍കണം. ഇവിടൊന്നും തീരുമാനമായില്ലെങ്കില്‍ കളക്ടറെ കാണേണ്ടതും കര്‍ഷകര്‍തന്നെ. ഇതെല്ലാം ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫീസറുണ്ടായാല് അദ്ദേഹത്തെ കണ്ട് വേഗത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കാമല്ലോ എന്നാണ് കുട്ടനാട്ടുകാര്‍ പറയുന്നത്.
നെല്ലുസംഭരണത്തിന്
റിവോള്‍വിംഗ് ഫണ്ട്
നെല്ലുസംഭരണത്തിന് 1000 കോടിയുടെ ഒരു റിവോള്‍വിംഗ് ഫണ്ട് അഥോറിട്ടിയുടെ ഭാഗമായി ബജറ്റില്‍ അനുവദിച്ചാല്‍ നെല്ലുവിലയ്ക്കായി ബാങ്കുകള്‍ കയറിയിറങ്ങുന്ന പ്രതിഭാസം അവസാനിപ്പിക്കാം. നെല്ലെടുത്തതിനു ശേഷം പണത്തിനായി സമരം നടത്തി ബാങ്കുകളെക്കൊണ്ട് സമ്മതിപ്പിക്കുന്നതാണ് നിലവില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.
കാര്‍ഷിക കലണ്ടര്‍
യാഥാര്‍ഥ്യമാകണമെങ്കിലും
നോഡല്‍ ഓഫീസര്‍ വേണം
രണ്ടു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന സമുദ്രനിരപ്പിനേക്കാള്‍ താഴെ കൃഷി നടക്കുന്ന ലോകത്തിലെ അപൂര്‍വ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 0.6 മുതല്‍ രണ്ടു മീറ്റര്‍ വരെ താഴെയുള്ള പാടങ്ങളില്‍ കൃഷി നടക്കുന്ന പ്രദേശം. നെല്ലു കൂടാതെ തെങ്ങ്, വാഴ, പച്ചക്കറികള്‍, താറാവ് വളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയെല്ലാമാണ് കുട്ടനാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങള്‍.
ഫുഡ് ആന്‍ഡ് അഗരിക്കള്ച്ചര് ഓര്ഗനൈസേഷന് ആഗോള കാര്‍ഷിക പൈതൃക മേഖലയായി അംഗീകരിച്ച പ്രദേശം കൂടിയാണ് കുട്ടനാട്. പമ്പ, അച്ചന്‍കോവില്‍, മണിമല, മീനച്ചില്‍ എന്നീ നദികള്‍ ഒഴുകി കടലില്‍ ചേരുന്ന പ്രദേശം. കേരളത്തിലെ മൊത്തം നെല്ലുത്പാദനത്തിന്റെ ഏകദേശം 20- 25 ശതമാനം വരെ സംഭാവന ചെയ്യുന്ന കുട്ടനാട്ടില്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ വിപണി മൂല്യം ഏകദേശം 500 മുതല്‍ 600 കോടി വരെയാണ്. ഇത്രയധികം പ്രാധാന്യമുള്ള കുട്ടനാട് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കൃഷിക്കായി തീരുമാനിച്ചിട്ടുള്ള കാര്‍ഷിക കലണ്ടര്‍ താളം തെറ്റുന്നു എന്നതാണ്.
വിത്ത് സമയത്തു ലഭിക്കാത്തതു മുതല്‍ വിതയിലുണ്ടാകുന്നതാമസം, തണ്ണീര്‍മുക്കം, തോട്ടപ്പള്ളി സ്പില്‍വേകളുടെ പ്രവര്‍ത്തനം, ഷട്ടറുകള്‍ തകര്‍ന്ന തോട്ടപ്പള്ളി സ്പില്‍വേയുടെ പുനരുജ്ജീവനം, നെല്‍കൃഷിയെ ഉപ്പുവെള്ളത്തില്‍നിന്ന് രക്ഷിക്കാനിടുന്ന ഓരുമുട്ടുകള്‍ സ്ഥാപിക്കുന്നതും നീക്കുന്നതുമായ പ്രശ്നങ്ങള്‍, കൊയ്ത്തുയന്ത്രങ്ങളും വിത്തും വളവും ലഭ്യമാക്കല്‍, നല്കിയ നെല്ലിന്റെ വില കര്‍ഷകര്‍ക്കു നല്കല് തുടങ്ങി ഒരു നോഡല്‍ ഓഫീസിന് ചെയ്യാന്‍ ഏറെയുണ്ടിവിടെ.
വിത്തു ലഭിക്കാനെടുക്കുന്ന താമസം മൂലം പലപ്പോഴും വിത താമസിക്കുന്നതാണ് കാര്‍ഷിക കലണ്ടര്‍ താളംതെറ്റുന്നതിനുള്ള പ്രധാന കാരണം. ഇത്തവണയും ഇതു സംഭവിച്ചു. കാര്‍ഷിക കലണ്ടര്‍ അനുസരിച്ച് ജൂണ്‍ 20ന് വിത തീരണമെന്നാണ്. എന്നാല്‍, ഇത്തവണ വിത്തു ലഭിക്കാന്‍ താമസിച്ചതിനാല്‍ ജൂലൈ പകുതിയോടെയെ വിത തീരൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് അടുത്ത കൃഷിയായ പുഞ്ചയുടെ വിതയും വിളവെടുപ്പും താമസിപ്പിക്കും.
വര്‍ഷത്തില്‍ ഒരു കൃഷിമാത്രം നടക്കുന്ന (ഒരുപ്പൂ) കായല്‍ നിലങ്ങള്‍ നവംബര്‍ 15ന് വിതച്ച് മാര്‍ച്ച് അവസാനത്തോടെ കൊയ്ത്തിന് പാകമാകും. വര്‍ഷത്തില്‍ രണ്ടു പ്രവശ്യം നടക്കുന്ന ഇരുപ്പൂകൃഷിയും ഒരുപ്പൂ കൃഷിയും ഒരേസമയത്ത് വിളഞ്ഞാലേ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകളും കൃത്യസമയത്ത് തുറക്കാനാകൂ. ഷട്ടറുകള്‍ മാര്‍ച്ച് 31ന് തുറന്നാലെ കടലില്‍നിന്ന് ഉപ്പുജലമെത്തി കുട്ടനാട് ശുചീകരിക്കപ്പെടൂ. മത്സ്യങ്ങളുടെ പ്രജനനത്തിനും ഉപ്പുജലത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
എന്നാല്‍, രണ്ടാം കൃഷി വിത താമസിക്കുന്നതിനാല്‍ കഴിഞ്ഞ ഏപ്രില്‍ 21നാണ് തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിത്തുടങ്ങിയത്. ഉപ്പുജലം കുട്ടനാട്ടില്‍ ഒഴുകിയെത്താന്‍ 10- 15 ദിവസമെങ്കിലുമെടുക്കും. ഈ സമയത്ത് വേനല്‍മഴയും തുടര്‍ന്ന് കാലവർഷവും ശക്തിപ്രാപിച്ചാല്‍ കുട്ടനാട്ടല് ഉപ്പുജല സാന്നിധ്യം കാര്യമായുണ്ടാവില്ല. ഈ പ്രശ്നങ്ങളെല്ലാം പഠിച്ച് തീരുമാനമെടുക്കാൻ ഡവലപ്മെന്റ് അഥോറിട്ടിയും നോഡൽ ഓഫീസ് പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തണമെന്നതാണ് കുട്ടനാട്ടുകാരുടെ പ്രധാന ആവശ്യം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയാറാക്കുന്നതിന്റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്.
സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും, കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.
Kerala
തിരുവനന്തപുരം: കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കുകയാണെന്നും ആ നയങ്ങളുടെ പ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കും. വെല്ലുവിളികളെ ജനാധിപത്യ മാർഗത്തിലൂടെ അതിജീവിച്ചു പുതുയുഗയാത്ര തുടരും.
ഇന്ദിരാഗാരന്റിയിൽ രണ്ടെണ്ണത്തിൽ ഇതിനോടകം തീരുമാനമെടുത്തു. ബാക്കിയുള്ളവ പരിശോധിച്ച് ഉചിതമായ സമയത്ത് നടപ്പാക്കും.
കേരളത്തെ തുറമുഖ നഗരമാക്കുകയാണ് ലക്ഷ്യം. രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും ഒരു കണ്ടെയ്നർ തുറമുഖത്തെയും 17 മിനി തുറമുഖങ്ങളെയും ഏകോപിപ്പിച്ചു വലിയ പദ്ധതിക്ക് തുടക്കമിടുന്നു. മത്സ്യബന്ധനം, കയറ്റുമതി, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകൾക്ക് അതു മുതൽക്കൂട്ടാകും.
ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റും. അതിനാവശ്യമായ ഏവിയേഷൻ പദ്ധതി സർക്കാരിന്റെ പക്കലുണ്ട്. 10,000 ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് സർക്കാർ സഹായം നല്‍കും.
അവ ബജറ്റിൽ പ്രഖ്യാപിക്കും. നയപ്രഖ്യാപനത്തിന് അനുബന്ധമായ ബജറ്റ് പ്രഖ്യാപനങ്ങളുണ്ടാകും. വിസ്മയങ്ങൾ ബജറ്റിലുണ്ടാകുമെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന് അവതരിപ്പിക്കും. ധനവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കായതിനാൽ വി.ഡി. സതീശനായിരിക്കും ബജറ്റ് അവതരിപ്പിക്കുക. സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക.
നിയമസഭാ കലണ്ടർ പ്രകാരം ജൂൺ 19 നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിട്ടുള്ളത്. അവതരണത്തിനുശേഷം വിശദമായ ബജറ്റ് ചർച്ചകളോടെ നിയമസഭാ സമ്മേളനത്തിലേക്ക് കടക്കും. അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ ജൂൺ രണ്ടിന് ആരംഭിക്കും.
ജൂൺ ഒന്നിന് സ്കൂൾ പ്രവേശനത്തോത്സവം നടക്കുന്നതിനാൽ മന്ത്രിമാർക്ക് വിവിധ ജില്ലകളിലും എംഎൽഎമാർക്ക് മണ്ഡലങ്ങളിലും ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് നന്ദിപ്രമേയ ചർച്ച രണ്ടിലേക്ക് മാറ്റിയത്. ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ രണ്ടിന് നടക്കും. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷി നില അനുസരിച്ചു കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറാകും.
District News
എരുമേലിയിലും മുക്കൂട്ടുതറയിലും
വ്യാപാരസമുച്ചയങ്ങൾക്ക് എട്ടു കോടി
എരുമേലി: എട്ടു കോടി രൂപ ചെലവട്ട് എരുമേലിയിലും മുക്കൂട്ടുതറയിലും വ്യാപാര സമുച്ചയങ്ങൾ നിർമിക്കുന്നതിന് മുഖ്യ പരിഗണന നൽകി എരുമേലി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് സാറാമ്മ ഏബ്രഹാം അവതരിപ്പിച്ചു. പ്രസിഡന്റ് അമ്പിളി സജീവന് അധ്യക്ഷത വഹിച്ചു.
പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മൂന്ന് കോടി, പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അപകടാവസ്ഥയിലായ കെട്ടിടത്തിന്റെയും മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സിന്റെയും പുനർ നിർമാണത്തിന് എട്ട് കോടി, ലൈഫ് ഭവന നിർമാണ പദ്ധതികൾക്ക് 28 കോടി, അങ്കണവാടി പോഷകാഹാരം വിതരണത്തിനായി 50 ലക്ഷം, വനിതാ വികസന പദ്ധതികൾക്കായി 70 ലക്ഷം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
87,18,32,312 രൂപ വരവും 85,56,24,070 രൂപ ചെലവും16208242 രൂപ മിച്ചവും ബജറ്റിൽ പ്രതീക്ഷിക്കുന്നു.
പഞ്ചായത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, അങ്കണവാടികളുടെ നവീകരണം, ചെമ്പകപ്പാറയിലെ വൃദ്ധസദനം പ്രവർത്തിപ്പിക്കൽ, ഷീ ഹോസ്റ്റലിന്റെ വിപുലീകരണം, വയോജന സംരക്ഷണത്തിന് പദ്ധതികൾ എന്നിവ നടപ്പാക്കാന്‍ പദ്ധതികൾ വേണമെന്ന് ബജറ്റ് ചർച്ചയിൽ ആവശ്യമുയർന്നു.
District News
കോഴിക്കോട്: ഗ്രാമ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവക്ക് മുന്‍ഗണന നല്‍കിയുള്ള ബജറ്റ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് അവതരിപ്പിച്ചു.
പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ അധ്യക്ഷയായി. 2026-27 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ വിവിധ പദ്ധതികള്‍ക്ക് 140 കോടി രൂപ വകയിരുത്തി. ജില്ലയെ കാര്‍ബണ്‍ ന്യൂട്രല്‍ കാലാവസ്ഥ പ്രതിരോധശേഷിയിലേക്ക് നയിക്കുന്ന 'റേസ് ടു നെറ്റ് സീറോ' ആക്ഷന്‍ പ്ലാനിനായി 14 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
മലബാറിലെ ഏറ്റവും വലിയ കാന്‍സര്‍ പ്രതിരോധ കേന്ദ്രമാക്കി തെങ്ങിലക്കടവിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയെ മാറ്റുന്നതിന് അഞ്ചു കോടി രൂപയും ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റാന്‍ മൂന്ന് കോടി രൂപയും വകയിരുത്തി.
ജില്ലാ ആശുപത്രി വികസനത്തിന് 10 കോടി രൂപ, പാലിയേറ്റീവ് പരിചരണത്തിലൂടെ വിദേശത്ത് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കെയര്‍ ഹുഡ് കോഴിക്കോട് പദ്ധതിക്ക് അഞ്ചു കോടി രൂപ, വിദ്യാഭ്യാസ രംഗത്തെ ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ എ ഐ ലാബ് പദ്ധതിക്ക് രണ്ടുകോടി രൂപ, സമഗ്ര ടൂറിസം വികസന പദ്ധതിക്ക് ഒരു കോടി രൂപ, സ്നേഹസ്പര്‍ശം പദ്ധതിക്ക് 75 ലക്ഷം രൂപ, ജെന്‍ നെക്സ്റ്റ് പദ്ധതിക്ക് 60 ലക്ഷം രൂപ, പിന്നാക്ക വിദ്യാര്‍ഥികള്‍ക്കുള്ള പ്രകാശതീരം പദ്ധതിക്ക് 25 ലക്ഷം രൂപ എന്നിങ്ങനെയും തുക മാറ്റിവെച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റീമ കുന്നുമ്മല്‍, ബല്‍ക്കീസ്, ബാലാമണി, മുനീര്‍ എരവത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ. അബ്ദുല്‍ മുനീര്‍, അംഗങ്ങളായ രാജേഷ് ജോസ്, അഞ്ജിത ഷനൂപ്, ടി.കെ. സിബി, സി.എം. യശോദ, പി.ജി. മുഹമ്മദ്, മിസ്ഹബ് കീഴരിയൂര്‍, ഇ. അനൂപ്, ടി.കെ. മുരളീധരന്, പി. ശാരുതി, കെ. സുബീന, മഞ്ജുള മോവിള്ളാരി, പി.കെ. ബാബു, കെ.കെ. ശോഭ, കെ.കെ. ദിനേശന്, ഡോ. കെ.കെ. ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു.
District News
ചങ്ങനാശേരി: സമഗ്രവികസന നിര്‍ദേശങ്ങളടങ്ങിയതാണ് ചങ്ങനാശേരി നഗരസഭാ ബജറ്റെന്ന് ഭരണപക്ഷം. കണക്കിലെ കളികള്‍കൊണ്ട് നിറഞ്ഞ നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് പ്രതിപക്ഷം.
മുനിസിപ്പല്‍ ഓഫീസ് നിര്‍മാണം, ളായിക്കാട് വനിതാ വിശ്രമകേന്ദ്രം, വണ്ടിപ്പേട്ട ഷോപ്പിംഗ് കോംപ്ലക്സ്, പെരുന്ന ഷോപ്പിംഗ് കോംപ്ലക്സ്, ളായിക്കാട് സ്പോര്‍ട്സ് കോംപ്ലക്സ്, ശതാബ്ദി സ്മാരക ടവര്‍, സ്കാവഞ്ചര്‍ യന്ത്രം, സസ്യമാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ്, മാലിന്യസംസ്കരണം തുടങ്ങിയ പദ്ധതികള്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് ഭരണപക്ഷം അഭിപ്രായപ്പെട്ടു. നഗരസഭയുടെ റവന്യു വരുമാനവര്‍ധനയ്ക്ക് ഉപകരിക്കുന്ന പദ്ധതികള്‍ ബജറ്റ് നിര്‍ദേശങ്ങളില്‍ കാണുന്നില്ലെന്ന് പ്രതിപക്ഷത്തെ സിപിഎം അംഗങ്ങള്‍ ആരോപിച്ചു. എല്ലാ മേഖലകളിലും വികസനം എത്തിക്കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടെന്ന് എന്‍ഡിഎ അംഗങ്ങള്‍ പ്രതികരിച്ചു.
മൂന്നുമണിക്കൂര്‍ നീണ്ട ഭരണ-പ്രതിപക്ഷ കൗണ്‍സിൽ അംഗങ്ങളുടെ വാഗ്വാദങ്ങളെത്തുടര്ന്ന് അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ബജറ്റ് പാസാക്കി. യുഡിഎഫ് ഭരണസമിതിയുടെ ബജറ്റ് നിര്‍ദേശങ്ങളെ എന്‍ഡിഎ അംഗങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ പ്രതിക്ഷാംഗങ്ങള്‍ പൂര്‍ണമായി എതിര്‍ത്തു.
ബജറ്റ് ചര്‍ച്ച നീണ്ടുപോകാതിരിക്കാന്‍ ഒരംഗത്തിന് ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള സമയം അഞ്ചു മിനിറ്റ് മാത്രമായിരിക്കുമെന്ന് അധ്യക്ഷത വഹിച്ച ചെയര്മാന് ജോമി ജോസഫ് യോഗത്തിന്റെ് തുടക്കത്തില്‍ നിര്‍ദേശം നല്കി. ഇതിനോട് സിപിഎം അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ഭരണപക്ഷത്തെ കോണ്‍ഗ്രസ് അംഗം ഷൈനി വര്‍ഗീസാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ടി.പി. അജികുമാര്‍, ശക്തി റെജി, വി.കെ. സത്യന്, മാര്ട്ടിന് സ്കറിയ, എല്‍സമ്മ ജോബ്, ബീന സലിം, എ.പി. സിയാദ്, അംബിക വിജയന്, പ്രസന്നകുമാരി ടീച്ചര്‍, അജീഷ് കൊച്ചുകൊട്ടാരം, എസ്.എച്ച്. ആര്യാമോള്‍, ബിനു, മോഹനന്, ബീനാ ജോബി, ജിനിമോള്‍ ഷാജി, രേഖ ശിവകുമാര്‍, ശാന്തി മുരളീധരന് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഫാത്തിമാപുരത്തെ സിഎന്‍ജി പ്ലാന്റ്: ആശങ്കകൾ അകറ്റണം
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഫാത്തിമാപുരത്തു നിര്‍ദേശിക്കപ്പെട്ട സിഎന്‍ജി പ്ലാന്റ് സംബന്ധിച്ചു നാട്ടുകാരില്‍ നിലനില്‍ക്കുന്ന ആശങ്ക ചർച്ചകളിലൂടെ പരിഹരിക്കണം. കഴിഞ്ഞ എൽഡിഎഫ് നഗരസഭാ കൗണ്‍സിൽ നിർദേശിച്ച പദ്ധതിയെ യുഡിഎഫ് എതിര്‍ത്തിരുന്നു. 24 കോടി രൂപയുടെ പദ്ധതിയാണ് ഇത്. ദിനംപ്രതി മുപ്പത് ടണ്‍ ജൈവമാലിന്യം വേണം. അതിനു മറ്റു പഞ്ചായത്തുകളില്നിന്നുൾപ്പെടെ മാലിന്യം എത്തിക്കേണ്ടിവരും. നല്ല ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ പദ്ധതി നടപ്പാക്കാവൂ.
വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. നെജിയ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോസഫ് ചാക്കോ, സ്വതന്ത്രാംഗം അന്നമ്മ രാജു ചാക്കോ എന്നിവരാണ് വിഷയം ഉന്നയിച്ചത്.
District News
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിൽ മിനി ബൈപാസിനും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും മുൻഗണന നൽകി 48.35 കോടി രൂപയുടെ ബജറ്റ് വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ അവതരിപ്പിച്ചു. 48,35,08,521 രൂപ വരവും 46,40,02,011 രൂപ ചെലവും 1,95,06,510 രൂപ നീക്കിയിരിപ്പുമാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.5 കോടി രൂപ വകയിരുത്തി. മിനി ബൈപാസിന് 1.50 കോടിയും മിനി ബൈപാസിന് സ്ഥലം വാങ്ങുന്നതിന് 10 ലക്ഷവും നീക്കിവച്ചു. ടൗൺ ഹാൾ പരിസരത്ത് കുട്ടികൾക്കു പാർക്കിന് 50 ലക്ഷവും ടൗൺ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് 10 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസ് നിർമാണം പൂർത്തീകരണത്തിന് ഒരുകോടി, ഇ-ടോയ്ലറ്റിന് അഞ്ച് ലക്ഷം, സഹൃദയ വായനശാല നിർമാണം പൂർത്തീകരണത്തിന് 20 ലക്ഷം, വട്ടകപ്പാറ, കരിമ്പുകയം, മേലരുവി ടൂറിസം പദ്ധതിക്ക് 25 ലക്ഷം, ബസ് സ്റ്റാൻഡിൽ സെപ്റ്റേജ് പ്ലാന്റിന് 50 ലക്ഷം, ചിറ്റാർ പുഴ ടൗൺ ഹാൾ സംരക്ഷണഭിത്തി നിർമാണത്തിന് ഒരുകോടി, എംസിഎഫ് പൂർത്തീകരണത്തിന് 50 ലക്ഷം, ടൗൺ ഹാൾ നവീകരണത്തിന് 35 ലക്ഷം, പകൽ വീട് പൂർത്തീകരണത്തിന് 10 ലക്ഷം, പുഴ ശുചീകരണത്തിന് 25 ലക്ഷം, പേട്ടക്കവലയിൽ ഓപ്പൺ സ്റ്റേജിനും ടാക്സി സ്റ്റാൻഡിനുമായി ഒരുകോടി, പേട്ടക്കവല പാലം വീതി കൂട്ടലിന് 50 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആശാ ജോയി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല: ദേശീയ ശാസ്ത്ര ദിനാചരണത്തോടനുബന്ധിച്ചു കേരള അക്കാദമി ഓഫ് സയൻസിന്റെ സഹകരണത്തോടെ പുഷ്പഗിരി കോളജ് ഓഫ് ഫാർമസി, ഔഷധ നിർമാണത്തിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഐഐസി ചെയർമാനും പ്രോഗ്രാം ജനറൽ കൺവീനറുമായ ഡോ. എം,എൻ. അഞ്ജന അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജീനു ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഡോ. ഗ്രേസ് മേരി ജോൺ, ഡോ. ജയചന്ദ്രൻ നായർ എന്നിവർ വിഷയാവതരണം നടത്തി. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ നവീന സാങ്കേതിക വിദ്യകളും ഗവേഷണ സാധ്യതകളും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. പ്രോഗ്രാം കോഓർഡിനേറ്റർ റോബിൻ ബിജു, ഐഐസി കൺവീനർ ബി. ജിഷ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
District News
കാക്കനാട്: കാര്‍ഷിക, വിദ്യാഭ്യാസ, പാര്‍പ്പിട മേഖലകള്‍ക്ക് ഊന്നല്‍ നല്കി ജില്ലാ പഞ്ചായത്ത് പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് 177.88 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു. പുതിയ ഭരണസമിതിയുടെ കന്നി ബജറ്റ് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ഇന്നലെ രാവിലെ 11ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് അധ്യക്ഷനായി.
177,88,20,344 രൂപ വരവും 163,13,02,500 രൂപ ചെലവും 14,75,17,844 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മുന്‍ ഭരണസമിതികളുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ മാതൃകയാക്കി സമസ്ത മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണനും വൈസ് പ്രസിഡന്റ് സിന്റ ജേക്കബും പത്രസമ്മേളനത്തില്‍ അറിയിച്ചു.
5000 സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍
ജില്ലയിലെ 5,000ത്തോളം വനിതകള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള ജോബ് പോര്‍ട്ടല്‍ സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ കരുത്തുപകരും. വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഷീ ഫിറ്റ്നസ് സെന്ററുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
കൃഷിക്കും ഫാം ടൂറിസത്തിനും 18 കോടി
കാര്‍ഷിക മേഖലയുടെ സമഗ്ര പുരോഗതിക്കായി 18 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൃഷി ഫാമുകളുടെ നവീകരണത്തിലൂടെ ഫാം ടൂറിസം, അക്വാ ടൂറിസം, വയലോര ടൂറിസം എന്നിവയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും.
ഫാമുകളില്‍ ആധുനീക കൃഷിരീതികള്‍ പരീക്ഷിക്കും. നെല്‍കൃഷിയില്‍ പൊക്കാളി പാടശേഖരങ്ങളിലും കരിനിലങ്ങളിലും കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാനും, പച്ചക്കറി, വാഴ എന്നീ പരമ്പരാഗത കൃഷികളെ പ്രോല്‍സാഹിപ്പിക്കാനും തുക വിനിയോഗിക്കും.
വിദ്യാഭ്യാസ മേഖലയ്ക്ക് 15.60 കോടി; പാര്‍പ്പിട പദ്ധതികള്‍ക്ക് 18 കോടി
വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ഹൈസ്കൂളുകളിലും, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുകളിലും കംപ്യൂട്ടര്‍ ലാബിനു പുറമെ സയന്‍സ് ലാബുകളുടെയും ആധുനികവത്കരണത്തിന് 15.60 കോടി രൂപയും ബജറ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനുതകുന്ന പദ്ധതികളും ബജറ്റിലുണ്ട്. സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതികള്‍ക്കു പുറമെ ജില്ലയില്‍ സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന പാര്‍പ്പിട പദ്ധതികള്‍ക്കായി ജില്ലാ പഞ്ചായത്ത് 18 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് 16 കോടി; കുടിവെള്ള പദ്ധതിക്ക് 11 കോടി
ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മെച്ചപെടുത്തുന്നതിനും ഈ മേഖലയിലെ മറ്റു പദ്ധതികള്‍ക്കുമായി 18 കോടി രൂപയ്ക്കു പുറമെ പ്രത്യേക തുകയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ കുടിവെള്ള പ്രശ്നപരിഹാരത്തിനും, ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി 11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തലമേഖലയില്‍ നിലവിലെ ആസ്തികള്‍ സംരക്ഷിക്കുന്നതിനും പുതിയവ നിര്‍മിക്കുന്നതിനുമായി 29 കോടി രൂപയും ഉള്‍പെടുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വികസനത്തിനായി 13 കോടിയും വകയിരുത്തി.
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 കോടി രൂപയും, ഗ്രൗണ്ടുകളടെ നവീകരണത്തിന് ഒരു കോടിയും, ക്ലീന്‍ എറണാകുളം പദ്ധതിക്കായി ആറുകോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് നിരാശാജനകമെന്ന് എൽഡിഎഫ്
കാക്കനാട്: ജില്ലാ പഞ്ചായത്ത് ബജറ്റ് നിരാശാജനകമെന്ന് എൽഡിഎഫ്. മുൻ കാലങ്ങളിൽ നടത്തിയ പ്രഖ്യാപനങ്ങൾ ആവർത്തിക്കുക മാത്രമാണ് പുതിയ ബജറ്റിൽ ചെയ്തതെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജൂബിൾ ജോർജ് പറഞ്ഞു. ക്ഷീരകർഷകരെയും തീരദേശ മേഖലയേയും ബജറ്റിൽ അഗണിച്ചു. തെരുവുനായശല്യം ഇല്ലാതാക്കാൻ ബജറ്റിൽ നിർദേശങ്ങളില്ല. വന്യജീവി, മനുഷ്യ സംഘർഷം നടക്കുന്ന അതിർത്തി വനമേഖലകളിലെ പ്രശ്നങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയില്ല. ഡയാലിസ് രോഗികൾക്കായി വകയിരുത്തിയ 10 ലക്ഷം 25 ലക്ഷമായി വർധിപ്പിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.
ജില്ലയിലെ പാടശേഖരങ്ങളേയും, പൊക്കാളി പാടശേഖരങ്ങളെയും ഉൾപെടുത്തിയുള്ള ടൂറിസം മാപ്പ് തയാറാക്കണം. ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നത ഇതര സംസ്ഥാന വിദ്യാർഥികളുമായി സംവദിക്കാൻ അധ്യാപകർക്ക് സാംസ്കാരിക വിനിമയ പദ്ധതികൾ രൂപീകരിക്കണമെന്നും എൽഡിഎഫ് ബജറ്റ് ചർച്ചയിൽ ആവശ്യപ്പെട്ടു. കെ.എസ്. നിബിൻ, മേരി വിൻസെന്റ് എന്നിവർ പങ്കെടുത്തു.
District News
നെടുമങ്ങാട് : വെള്ളനാട് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.പ്രതീജ അവതരിപ്പിച്ചു. 59,57,61397 രൂപ വരവും 58,72,95397 രൂപ ചിലവും 84,66000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി അധ്യക്ഷത വഹിച്ചു.
മുൻ വർഷങ്ങളിൽ തയ്യാറാക്കിയിട്ടുള്ളതിനെക്കാൾ വ്യത്യസ്തമായി കെ സ്മാർട്ട് മുഖേനയാണ് ഈ വർഷം മുതൽ ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
കാർഷിക മേഖലയെ ആശ്രയിച്ചു നിൽക്കുന്ന പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി ഉത്പാദന മേഖലയിൽ പദ്ധതികൾക്കായി 1,54,84427 രൂപ വകയിരിത്തിയിട്ടുണ്ട്. ആയുർവേദ ഹോമിയോ ആശുപത്രികൾക്ക് മരുന്ന് വാങ്ങലിനായി 14 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായും തുക വകയിരുത്തിയിട്ടുണ്ട്. വീടില്ലാത്ത മുഴുവൻ പേർക്കും വീട് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനനിർമാണത്തിന് 7,66,78000 രൂപ ഉൾപ്പെടെ ഹൗസിംഗ് മേഖലയിൽ 8,46,78000 രൂപ വകയിരിത്തിയിട്ടുണ്ട്. റോഡുകളുടെ നവീകരണത്തിനായി 2,75,52000 രൂപയും ബജറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ശുചിത്വ മാലിന്യ സംസ്ക്കരണ മേഖലകളിലായും ശുചിത്വമിഷൻ വിഹിതം 13368000 രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടിക ജാതി വികസന പദ്ധതികൾക്കായി 6021000 രൂപയും പട്ടിക വർഗ വികസന പദ്ധതികൾക്കായി 623000 രൂപയും വകയിരുത്തി. വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി ആകെ 21,92,68000 രൂപയാണ് വകയിരുത്തിയത്. ശിശുവികസനം ഭിന്നശേഷി വയോജനങ്ങൾ തുടങ്ങി പ്രത്യേക പരിഗണിന അർഹിക്കുന്നവരുടെ പദ്ധതികൾക്കായി 5325880 രൂപയും പാലിയേറ്റീവ് കെയർ പദ്ധതിയ്ക്കായി 15ലക്ഷം രൂപയും ബഡ്ജറ്റിന്റെ ഭാഗമാക്കിയിട്ടുണ്ട്. ദാരിദ്ര നിർമാർജനം ലക്ഷ്യമാക്കി എംജിഎൻആർഇജിഎസ്. മുഖേന 9,52,22000 രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
District News
മാങ്കാംകുഴി: തുടർച്ചയായി മൂന്നാം തവണയും ജില്ലയിൽ ആദ്യം വാർഷിക ബജറ്റ് അവതരിപ്പിക്കുന്ന ഗ്രാമപഞ്ചായത്തായി തഴക്കര. 2026-27 വര്‍ഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ജി. അജിമോൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ അധ്യക്ഷയായി.
42,52,05,900 രൂപ വരവും 41,71,19,000 രൂപ ചെലവും 80,86,900 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2026-27ലെ ബജറ്റ്.എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിനായി സുജലം പദ്ധതി, മാലിന്യനിർമാർജനത്തിനായി നിർമലഗ്രാമം പദ്ധതി, എള്ളു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തൊടിയിൽ ഒരുപിടി എള്ള് പദ്ധതി, വെട്ടിയാർ തഴക്കര പുഞ്ചകളും അച്ചൻകോവിലാറും ഉൾപ്പെടുത്തി ടൂറിസം പദ്ധതി, സ്കൂൾ കുട്ടികൾക്കു സ്റ്റീൽ വാട്ടർബോട്ടിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
സേവന മേഖലയ്ക്ക് ഊന്നൽ നൽകി അഞ്ചു കോടിയും പശ്ചാത്തല മേഖലയിൽ റോഡുകളുടെ നവീകരണത്തിനായി മൂന്നു കോടിയും ഉത്പാദന മേഖലയിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട് .
മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട് . ലൈഫ് ഭവന നിർമാണ പുനരുദ്ധാന മേഖലയിൽ ഹഡ്കോ വായ്പ. പട്ടികജാതി വിഭാഗങ്ങൾ, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉൾപ്പെടെ ആരോഗ്യമേഖലയിൽ ഒരുകോടിയിലധികം തുക വനീക്കിവച്ചു.അർബുദ രോഗബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ബജറ്റിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.
കിടപ്പുരോഗികളും കുട്ടികളും ഉപയോഗിക്കുന്ന ഡയപ്പർ ഉറവിടത്തിൽനിന്ന് ശേഖരിച്ച് സംസ്കരിക്കുന്നതിനുവേണ്ടി ഡയപ്പർ വേസ്റ്റ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതുൾപ്പെടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് സ്റ്റേഡിയ നവീകരണം ഓപ്പൺ ഹാപ്പിനസ് പാർക്ക് സ്ഥാപിക്കൽ എന്നിവയ്ക്കും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവർക്കും വീട്, മാലിന്യ നിർമാർജനത്തിനായി നിർമലഗ്രാമം പദ്ധതി, ടൂറിസം പദ്ധതി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ട്.
District News
കൊച്ചി: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, മൂലധനം ഉറപ്പാക്കാന്‍ മുനിസിപ്പല്‍ ബോണ്ട്, കൊച്ചിക്കു സ്ഥിരം തലവേദനയായ കൊതുകുശല്യപരിഹാരത്തിന് ജിപിഎസ് മാപ്പിംഗും ഡ്രോണ്‍ നിരീക്ഷണവും...
കൊച്ചിയെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സമ്പൂര്‍ണ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുകയെന്ന പ്രഖ്യാപനത്തോടെ കൊച്ചി കോര്പറേഷന് 2026-27 ബജറ്റ്. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് അവതരിപ്പിച്ച യുഡിഎഫ് ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ സാമൂഹ്യക്ഷേമം, പരിസ്ഥിതി, സുസ്ഥിര വികസനം, സംസ്കാരം, സാമ്പത്തികരംഗം മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
13,56,49,91,401 രൂപ വരവും 11,36,20,45,999 രൂപ ചെലവും 2,20,29,45,402 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന്മേല് നാളെ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം 27ന് അംഗീകാരം നല്‍കും.
കൊച്ചിയെ നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി ലക്ഷ്യമിടുന്ന നഗരമായി മാറ്റാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റില്‍ കൊച്ചി കോര്പറേഷന് പ്രദേശവും സമീപ മേഖലകളും കൂട്ടിച്ചേര്‍ത്തുകൊണ്ട് ലിവബിള്‍ സിറ്റി എന്ന സങ്കല്പ്പത്തോടെ നഗരവികസന നയം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശക സമിതി, സാമ്പത്തിക ഉപദേശക സമിതി തുടങ്ങിയ ആശയങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ചെന്നൈ, ചണ്ഡിഗഡ്, ഗാന്ധിനഗര്‍, നവി മുംബൈ നഗരങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആദ്യമായി ഒരു നഗരത്തിന് നഗരനയവും ബജറ്റില്‍ ഉള്‍പ്പെടുത്തി. വമ്പന്‍ പദ്ധതികള്‍ക്കുള്ള സാമ്പത്തികത്തിനായി മുനിസിപ്പല്‍ ബോണ്ട്, ഗ്രീന്‍ ബോണ്ട്, ടെക്നോളജിക്കല്‍ ഇന്നോവേഷന്‍ ഉപയോഗിച്ച് നികുതി വര്‍ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു. തനത് വരുമാനം 10 ശതമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ബജറ്റില്‍ നികുതി ചോര്‍ച്ച തടയാനുള്ള പദ്ധതികളുമുണ്ട്.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നടപ്പാക്കിയ വിജയകരമായ വികസന മാതൃകകള്‍ നേരിട്ട് കാണാനും പഠിക്കാനും കൗണ്‍സിലര്‍മാര്‍ക്ക് വിദേശയാത്രകള്‍, കണ്ടല്‍കാടുകളുടെ പുനരുജ്ജീവനം, ബജറ്റ് മോണിട്ടറിംഗിനായി ഡിജിറ്റല്‍ പ്രോജക്ട് ട്രാക്കിംഗ് സിസ്റ്റം തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുന്നതാണ് ബജറ്റ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചായിരുന്നു ഡെപ്യുട്ടി മേയര്‍ കന്നി ബജറ്റ് അവതരിപ്പിച്ചത്.
ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍; എഐ പഠിക്കാന്‍ കൊച്ചി
നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി നഗരമാകാന്‍ കൊച്ചിയെ പ്രാപ്തമാക്കുന്ന എഐ ലിറ്ററസി മിഷന് പദ്ധതിക്കായി കോര്പറേഷന് 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. എഐ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം . സാധാരണക്കാര്‍ക്കും തൊഴില്‍ മേഖലയിലും പദ്ധതി എത്തിക്കും.
മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്
കൊച്ചിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ ഇറക്കാന്‍ കൗണ്‍സില്‍ നടപടിയെടുക്കും. സര്‍ക്കാര്‍ ഗ്രാന്റുകളെ മാത്രം ആശ്രയിക്കാതെ ഓഹരി വിപണിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ച് വലിയ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. സെബി നിബന്ധനകള്‍ പാലിച്ച് ബോണ്ടുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇതിനായി ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കും.
കൊച്ചിയെ പുഷ്പിക്കാന്‍ സിറ്റി ബ്ലൂം
കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ നഗരത്തിലുടനീളം വൃഷ്യത്തൈകളും ചെടികളും നട്ടുപിടിപ്പിക്കുന്ന പദ്ധതി. റോഡ് മീഡിയനുകള്‍, വശങ്ങള്, പൊതുസ്ഥലങ്ങള്‍, ഫ്ളൈഓവറുകള്‍, കെട്ടിടങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പദ്ധതി. കുടുംബശ്രീ യൂണിറ്റുകള്‍ക്കും വനിതാ കൂട്ടായ്മകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഒരു കോടി രൂപയാകും ഇതിനായി ചെലവഴിക്കുക.
പി.ടി. തോമസിന് സ്മാരകം; കെ.ജെ. യേശുദാസിന് ആദരം
കോണ്‍ഗ്രസ് നേതാവും എംഎല്‍എയും എംപിയുമായിരുന്ന പി.ടി. തോമസിന്റെ സ്മരണാർഥം പനമ്പിള്ളിനഗറില്‍ രവിപുരം ശ്മശാനത്തിനോട് ചേര്‍ന്നുള്ള കോര്‍പറേഷന്റെ സ്ഥലത്ത് ‘ഈ മനോഹരതീരത്ത് ഓര്‍മയില്‍ പി.ടി’ എന്ന പേരില്‍ ഉദ്യാനവും ഓപ്പണ്‍ ലൈബ്രറിയും സ്ഥാപിക്കും. പദ്ധതിക്കായി രണ്ട് കോടി രൂപ ചെലവഴിക്കും. ഗായകന് കെ.ജെ. യേശുദാസിനോടുള്ള ആദര സൂചകമായി അദ്ദേഹം ജനിച്ചു വളര്‍ന്ന ഇപ്പോള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ വീട് ഏറ്റെടുത്ത് മ്യൂസിയമാക്കും. ആറ് കോടി രൂപ ചെലവഴിച്ചാകും പദ്ധതി നടപ്പിലാക്കുക.
സീറോ വേസ്റ്റ് നഗരം
സീറോ വേസ്റ്റ് കൊച്ചിക്കായി ഡിവിഷനുകളെ ഘട്ടംഘട്ടമായി മാറ്റിയെടുക്കും. ഏഴ് സോണുകള്‍ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിന് പ്രത്യേക മോണിട്ടറിംഗ് സംവിധാനമൊരുക്കും.
ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബ്
ഫോര്‍ട്ടുകൊച്ചിയിലെത്തുന്ന വിനോദസഞ്ചരികളെ റോ റോ, ബസ് എന്നീ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശം ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബായി വികസിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കുന്നതിന് ഒരു കോടി രൂപ നഗരസഭ ചെലവഴിക്കും.
ഗോശ്രീ പാലത്തിന് സമാന്തരമായി പുതിയ പാലം
കൊച്ചിയിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനും വൈപ്പിന്‍ മുളവുകാട് ദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കോര്പറേഷന് ജംഗ്ഷനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിച്ച് നിലവിലെ ഗോശ്രീ പാലത്തിന് സമാന്തരമായി രണ്ടാമതൊരു പാലം നിര്‍മിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ജിഡയുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ 40 കോടിയുടെ പദ്ധതി
നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ കലൂര്‍ ബസ് സ്റ്റാന്‍ഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സമഗ്ര രൂപരേഖ തയാറാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറമേ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബഹുനിലമന്ദിരം അടങ്ങുന്നതായിരിക്കും രൂപ രേഖ. പ്രത്യേക ബസ് ബേകള്‍, ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാകും.
സാമ്പത്തിക ഉപദേശക സമിതി
സാമ്പത്തിക സ്രോതസുകള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാകും സമിതി. വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രത്യേക കര്‍മ പദ്ധതികള്‍ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും.
ഇന്ദിരാ കാന്റീന്
നഗരത്തില്‍ സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഇന്ദിരാ കാന്റീന് പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ഇടപ്പള്ളിയിലും ഫോർട്ടു കൊച്ചിയിലും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രഭാത ഭക്ഷണത്തിന് 10 രൂപ, ഉച്ച ഭക്ഷണത്തിന് 30 രൂപ. സമൃദ്ധിക്കായി ഒരുക്കുന്ന സെന്‍ട്രലൈസ്ഡ് കിച്ചണില്‍ നിന്നാകും ഭക്ഷണം എത്തിക്കുക. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്.
ബജറ്റ് ചോര്‍ന്നു; പ്രതിഷേധിച്ച് പ്രതിപക്ഷം
അവതരിപ്പിക്കുന്നതിനു മുമ്പേ ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണത്തിലുടനീളം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. 2.46 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ ആരംഭിത്തിൽ തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യം വിളി, ബജറ്റ് അവതരണത്തിനൊടുവിൽ ഡെപ്യൂട്ടി മേയര്‍ ബജറ്റ് മേശപ്പുറത്ത് വച്ചതോടെയാണ് അവസാനിപ്പിച്ചത്. കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.
സര്‍വ മേഖലയുടെയും വികസനത്തിന് ഉതകുന്ന ബജറ്റ്: മേയര്‍
നഗര വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതിനും സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്കാരിക രംഗം സജീവമാക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉതകുന്ന ബജറ്റാണിതെന്ന് മേയര്‍ വി.കെ. മിനിമോള്‍ അവകാശപ്പെട്ടു.
ബജറ്റ് നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിനുളള ഒരു പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഈ ബജറ്റിന്റെ ഭാഗമാണ്. മാലിന്യ നീക്കവും സംസ്കരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സമഗ്ര പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാലുകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗതാഗത രംഗത്ത് സമൂലമായ പരിഷ്കാരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു പ്രാദേശിക സര്‍ക്കാര്‍ നടത്തേണ്ട എല്ലാ പദ്ധതികളും ഉള്‍പ്പെടുത്തികൊണ്ടുളള ബജറ്റാണിതെന്നും അവർ പറഞ്ഞു.
കൊച്ചിയെ പിന്നോട്ടടിക്കുന്നത്: സിപിഎം
അത്യാധുനിക നഗരമായി അനുദിനം വികസിക്കുന്ന കൊച്ചിയുടെ ഭാവിവളര്‍ച്ച മുന്നില്‍ കണ്ടുള്ള പദ്ധതിയോ നയമോ ഇല്ലാത്ത ബജറ്റാണെന്ന് സിപിഎം ജില്ലാസെക്രട്ടറി എസ്. സതീഷ് നഗരം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയും കൊച്ചിയെ പിന്നോട്ടടിപ്പിക്കുന്നതുമാണ് ഈ ബജറ്റ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നിര്‍ദേശങ്ങളോ കൊണ്ടുവരാന്‍ യുഡിഎഫ് ഭരണസമിതിക്കായില്ല. കൗണ്‍സിലില്‍ അവതരിപ്പിക്കും മുമ്പേ ബജറ്റ് വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും സതീഷ് പ്രസ്താവനയില്‍ പറഞ്ഞു.
നിരാശപ്പെടുത്തുന്നത്: എൽഡിഎഫ്
നിരാശപ്പെടുത്തുന്ന ബജറ്റാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അവതരിപ്പിച്ചിരിക്കുന്നതെതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു. കൊച്ചിയുടെ അഭിമാനമായ സമൃദ്ധിയെ തകര്‍ക്കാനും കോര്‍പറേഷന്റെ സ്വത്തുവകകള്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും വിട്ടുകൊടുക്കാനുമുള്ള ഗൂഢനീക്കങ്ങൾ ബജറ്റില്‍ ഒളിഞ്ഞിരിക്കുന്നു.
ബ്രഹ്മപുരത്ത് ശാസ്ത്രീയമായി ക്യാപ്പിംഗ് നടത്തിയ സ്ഥലത്ത് വീണ്ടും ബയോമൈനിംഗ് നടത്താനുള്ള നീക്കവും സംശയാസ്പദമാണ്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികളില്‍ സുതാര്യതയും വ്യക്തതയും ആവശ്യമാണ്.
ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്ന പലപദ്ധതികളും മുന്‍ഭരണസമിതി കാലയളവില്‍ ആരംഭിച്ചതോ, പ്രാരംഭ നടപടികള്‍ സ്വീകരിച്ചതോ ആണെന്നും ശ്രീജിത്ത് പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവേ ഹൈക്കോടതി റദ്ദാക്കി. പരിപാടി നിയമവിരുദ്ധമെന്നാണ് ഹൈക്കോടതി നിരീക്ഷണം. പരിപാടിക്ക് ബജറ്റ് വകയിരുത്തലോ ധനകാര്യ അനുമതിയോ ഇല്ല എന്നും കോടതി വ്യക്തമാക്കി. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്.
ഈ സർവേക്ക് വേണ്ടി നിരവധിയായ പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തുകയും ചെയ്തു. ശേഷം, വീടുകൾ കയറി പരിപാടി നടത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറഞ്ഞത്.
കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് നൽകിയ ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. അതിനുശേഷമാണ് ഇതിൽ ബജറ്റ് അലോക്കെഷനോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.
2026 ജനുവരി 1 മുതൽ 2026 ഫെബ്രുവരി 28 വരെ 80 ലക്ഷത്തോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. കോളജ് വിദ്യാർഥികളെ സർവേക്ക് ഉപയോഗിക്കാനും ഉത്തരവ് ഇറക്കിയിരുന്നു.
National
ന്യൂഡൽഹി: കേന്ദ്രബജറ്റിൽ കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിച്ച സമീപനത്തെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരളം ഇന്ത്യയുടെ ഭാഗമാണോ എന്നുപോലും സംശയിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ബജറ്റിൽ പെരുമാറിയതെന്നും ഈ വിവേചനം അവസാനിപ്പിക്കണമെന്നും ബജറ്റിന്മേൽ ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് കെ.സി. വേണുഗോപാൽ പറഞ്ഞു.
12 വർഷം മുന്‍പ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തതാണ്. എന്നാൽ കേരളത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല. ഏഴ് അതിവേഗ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടും അതിൽ കേരളമില്ല. കേരളത്തിലെ ജനങ്ങളെക്കുറിച്ച് ഓർമിച്ചില്ലെങ്കിലും ആമകളെക്കുറിച്ച് ഓർത്തതിൽ നന്ദിയുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളത്തോടുള്ള ഈ വിവചനം അവസാനിപ്പിച്ച മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ’ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരന്പുകളിൽ’ എന്ന വള്ളത്തോളിന്റെ വരികൾ ഉദ്ധരിച്ചാണ് വേണുഗോപാൽ ബജറ്റിൽ കേരളം നേരിട്ട അവഗണന ചൂണ്ടിക്കാട്ടിയത്.
വ്യാപാരക്കരാറിൽ അമേരിക്കയ്ക്കു മുന്നിൽ ഇന്ത്യ കീഴടങ്ങി. സമാനമായ രീതിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറിനു മുന്നിൽ കീഴടങ്ങിയതായും വേണുഗോപാൽ പറഞ്ഞു.
രാജ്യത്തെ 34 ശതമാനത്തോളം പേരുടെയും ദിവസവരുമാനം 100 രൂപ മാത്രമാണ്. ഇതാണ് മോദി യുഗമെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തു തൊഴിലില്ലായ്മ വലിയതോതിൽ ഉയർന്നതായും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: അമേരിക്കയുമായുണ്ടാക്കിയതു വ്യാപാര കരാറിനെക്കാൾ അവരുടെ സാധനങ്ങൾ വാങ്ങാൻ മുൻകൂട്ടി സമ്മതിക്കുന്ന കച്ചവട ക്രമീകരണം (പ്രീ കമ്മിറ്റഡ് പർച്ചേസ്) ആണെന്ന് ലോക്സഭയിൽ ഡോ. ശശി തരൂർ എംപി. പരസ്പര സഹകരണത്തിന്റെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്ന കരാറിലൂടെ ഇന്ത്യക്കു നിലവിലുള്ള മുൻതൂക്കം ഇല്ലാതാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ തരൂർ കുറ്റപ്പെടുത്തി. എയിംസും അതിവേഗ റെയിൽപാതയുമടക്കം നൽകാതെ ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും തരൂർ രൂക്ഷ വിമർശനം നടത്തി.
സ്വപ്നങ്ങൾ മാത്രം വിൽക്കുന്നതും മിഥ്യാധാരണകൾ സൃഷ്ടിക്കുന്നതും അവസരങ്ങൾ പാഴാക്കിയതുമാണ് കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗമായ തരൂർ ആരോപിച്ചു. രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും കഠിനദാരിദ്ര്യവും സ്തംഭനാവസ്ഥയിലായ ശന്പളം അടക്കമുള്ള പ്രശ്നങ്ങളെ അവഗണിച്ചതുമായ കേന്ദ്രബജറ്റ് നിരാശാജനകവും അസ്വസ്ഥയുണ്ടാക്കുന്നതുമാണ്. എട്ടു ദിവസമായി തുടർന്ന സ്തംഭനം അവസാനിപ്പിച്ച് ലോക്സഭയിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ബജറ്റ് ചർച്ചയിലാണു ധനമന്ത്രി നിർമലാ സീതാരാമനെ മുന്നിലിരുത്തി തരൂർ കടുത്ത വിമർശനം നടത്തിയത്. ബജറ്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ നടപടികളില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ കർഷകർക്കും ചെറുകിട വ്യവസായങ്ങൾക്കും (എംഎസ്എംഇകൾ) ഉള്ള സംരക്ഷണത്തെക്കുറിച്ച് പാർലമെന്റിന് അറിവില്ല. കർഷകർക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്താണെന്നു വ്യക്തമല്ല. അമേരിക്കൻ കാർഷികോത്പന്നങ്ങൾക്കായി ഇന്ത്യൻ വിപണികൾ തുറന്നുകൊടുക്കുമെന്നുള്ള അവകാശവാദങ്ങൾ ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു. കരാറിന്റെ മുഴുവൻ വിവരങ്ങളും പാർലമെന്റിൽ വയ്ക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.
കാലിലെ പൊട്ടലിനെത്തുടർന്ന് വീൽചെയറിലെത്തി സീറ്റിലിരുന്നാണ് തരൂർ പ്രസംഗിച്ചത്. കേരളത്തിലെ കർഷകർ, തീരവാസികൾ തുടങ്ങിയവർക്കുവേണ്ടിയും എയിംസ്, അതിവേഗ പാത അടക്കമുള്ളവയ്ക്കുവേണ്ടിയും തരൂർ ശക്തമായി വാദിച്ചു. പ്രസംഗം പൂർത്തിയാക്കിയയുടൻ കെ.സി. വേണുഗോപാലും എൻ.കെ. പ്രേമചന്ദ്രനും അടക്കമുള്ളവർ തരൂരിന്റെ അടുത്തെത്തി അഭിനന്ദിച്ചു. അര മണിക്കൂർ നീണ്ട തരൂരിന്റെ പ്രസംഗം ധനമന്ത്രിയടക്കം ലോക്സഭാംഗങ്ങളാകെ പൂർണ ശ്രദ്ധയോടെ കേട്ടിരുന്നു.
കോർപറേറ്റ് വമ്പന്മാർക്ക് ആശ്വാസം
കോർപറേറ്റ് വന്പന്മാരേക്കാൾ ഇടത്തരക്കാരുടെ നികുതിഭാരം കൂട്ടുകയാണ് കേന്ദ്രസർക്കാരെന്ന് തരൂർ കുറ്റപ്പെടുത്തി. പത്തു വർഷം മുന്‍പ് കോർപറേറ്റുകളുടെ നികുതി വരുമാനം കൂടുതലും സാധാരണക്കാരുടെ വിഹിതം കുറവുമായിരുന്നു. ഇപ്പോഴതു മാറി. വ്യക്തികളുടെ നികുതിഭാരം കൂടിയത് അസ്വസ്ഥത സൃഷ്ടിക്കുന്നു. കോർപറേറ്റ് കന്പനികളുടേത് കുറഞ്ഞിട്ടുമുണ്ട്.
കേന്ദ്രബജറ്റിലെ അനുമാനങ്ങൾക്കു വ്യക്തത, സുതാര്യത, ഉത്തരവാദിത്വം എന്നിവയില്ലെന്നും തരൂർ ആരോപിച്ചു. അമേരിക്കയുമായുള്ള വ്യാപാരത്തിൽ പരിമിതമായെങ്കിലും ഇന്ത്യക്കുണ്ടായിരുന്ന വ്യാപാരമിച്ചം കമ്മിയാക്കി മാറ്റുന്നതാണു പുതിയ കരാർ. അഞ്ചു വർഷത്തിനുള്ളിൽ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കൻ സാധനങ്ങൾ വാങ്ങുമെന്ന ഇന്ത്യയുടെ ഉറപ്പ് ദോഷകരമാണ്. നിലവിലെ മിച്ചത്തെ ദീർഘകാല കമ്മിയാക്കി മാറ്റുന്നതാണിത്. അയൽരാജ്യങ്ങളേക്കാൾ ഒരു ശതമാനം തീരുവ കുറവാണെന്നു പറയുന്പോഴും ആ രാജ്യങ്ങൾക്കൊന്നും ഇത്തരത്തിലൊരു വാങ്ങൽനിബന്ധനയില്ലെന്നു മുൻ കേന്ദ്രമന്ത്രികൂടിയായ തരൂർ ചൂണ്ടിക്കാട്ടി.
തീരുവ കുറയ്ക്കൽ, കൃഷിതുറക്കൽ, ഡാറ്റ ലോക്കലൈസേഷനും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും നേർപ്പിക്കൽ, ഊർജ ഇറക്കുമതി വഴിതിരിച്ചുവിടൽ എന്നിവയെല്ലാം ആശങ്കകൾ ഉയർത്തുന്നവയാണെന്ന് തരൂർ പറഞ്ഞു. വ്യാപാര കരാർ പ്രധാനമാണെന്ന് അംഗീകരിക്കുന്പോൾത്തന്നെ, ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ ഉയരുന്നുണ്ട്. വ്യക്തത ആവശ്യമാണ്. പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റുകളും പത്രക്കുറിപ്പുകളും മാത്രമാണ് ഇതുവരെ ലഭ്യമായ വിവരങ്ങൾ. വിശദാംശങ്ങളൊന്നുമില്ല.
ഈ ബജറ്റ് വിവേകത്തിന് പ്രശംസിക്കപ്പെടുന്നു. എന്നാൽ കാഴ്ചപ്പാടോ നീതിയോ ഇല്ലാത്ത വിവേകം പൊള്ളയാണ്. ഫലങ്ങളിൽ അധിഷ്ഠിതമായ നയങ്ങളല്ല, മറിച്ച് ശ്രദ്ധാപൂർവം തയാറാക്കിയ മിഥ്യാധാരണകളാണ്. ഇന്ത്യയിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതം മാറ്റമില്ലാതെ തുടരുന്നു. തൊഴിലില്ലായ്മ, വർധിച്ചുവരുന്ന ജീവിതച്ചെലവ്, അസമത്വം എന്നിവയെ ഇത് അവഗണിക്കുന്നു. സാധാരണക്കാരുടെ പോരാട്ടങ്ങളെയും അഭിലാഷങ്ങളെയും അഭിസംബോധന ചെയ്യുന്നില്ല. ക്ഷേമപദ്ധതികൾക്കു വകയിരുത്തിയ തുകപോലും മുൻവർഷങ്ങളിൽ ഉപയോഗിച്ചിട്ടില്ല. ഭരണപരമായ പരാജയമാണിത്.
കഴിഞ്ഞ വർഷം 53 പ്രധാന ക്ഷേമ, അടിസ്ഥാനസൗകര്യ പദ്ധതികൾക്കായി ബജറ്റിൽ വകയിരുത്തിയ അഞ്ചു ലക്ഷം കോടിയിലധികം രൂപയിൽ സാന്പത്തിക വർഷത്തിലെ ആദ്യ ഒന്‍പത് മാസങ്ങളിൽ 41 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.
67,000 കോടി രൂപ അനുവദിച്ച ജൽ ജീവൻ മിഷനിൽ ഒന്‍പതു മാസത്തിനുള്ളിൽ 31 കോടി രൂപ മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പിഎം സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതിയുടെ 7,500 കോടി രൂപയിൽ 473 കോടി മാത്രമേ ചെലവഴിച്ചുള്ളൂ. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രി അനുശുചിത് ജാതി അഭ്യുദയ യോജനയ്ക്ക് 2,140 കോടി രൂപ വകയിരുത്തിയതിൽ 40 കോടി രൂപ മാത്രമേ വിനിയോഗിച്ചുള്ളൂവെന്നും തരൂർ ഓർമപ്പെടുത്തി.
ഒരിക്കൽ കറുത്ത സ്വർണമായി ആഘോഷിക്കപ്പെട്ട കുരുമുളക് അവഗണനയിൽ വാടിപ്പോകുന്നു. ബജറ്റിലൂടെ പ്രതീക്ഷ ആവർത്തിച്ച് വിൽക്കപ്പെടുന്നു. 2047ൽ വികസിത ഭാരതമെന്ന അഭിലാഷം നേടാനും വിശ്വസനീയമായ ഒരു മാർഗവും ബജറ്റിലില്ല. വിദ്യാഭ്യാസം വികസിപ്പിക്കേണ്ട സമയത്ത് കൃത്യമായി വെട്ടിക്കുറയ്ക്കപ്പെടുന്നു. ഒന്നര ലക്ഷം സ്കൂളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്നു. എന്നിട്ടും വികസിത ഭാരതമെന്ന് അവകാശപ്പെടുന്നു. വെറും മിഥ്യയായി മാറുകയാണു പലതുമെന്ന് തരൂർ ആരോപിച്ചു.
ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതുപോലെയാണ് പുതിയ കേന്ദ്രബജറ്റെന്ന് ഡോ. ശശി തരൂരിന്റെ പരിഹാസം. ബ്രേക്ക് ശരിയാക്കാൻ കഴിഞ്ഞില്ല, അതിനാൽ ഹോണ്‍ കൂടുതൽ ഉച്ചത്തിലാക്കി എന്നു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെ ഓർമിപ്പിക്കുന്നതാണ് 2025ലെ ധനകാര്യ ബില്ലെന്നും തരൂർ കളിയാക്കി.
നവകാലത്തെ പ്രണയങ്ങൾ പോലെയാണു കാർഷികമേഖലയിലെ ബജറ്റ് വാഗ്ദാനങ്ങളെന്നും തരൂർ പറഞ്ഞു. വലിയ വാഗ്ദാനങ്ങളുണ്ട്. പക്ഷേ അതൊന്നും പാലിക്കാൻ സംവിധാനമോ പ്രതിജ്ഞാബദ്ധതയോ ഇല്ല. വാഗ്ദാനങ്ങൾ ഫലങ്ങളാക്കി മാറ്റുന്നത് ഔദാര്യമല്ല. അതൊരു തെരഞ്ഞെടുപ്പല്ല. അതു കർത്തവ്യമാണെന്നും ധനമന്ത്രി നിർമലാ സീതാരാമനോട് തരൂർ ഓർമിപ്പിച്ചു.
ഹോണ്‍ നിശബ്ദമാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ചലനമുണ്ടാക്കിയിട്ടില്ലെന്നു കാണുന്പോൾ സങ്കടമുണ്ട്. കാരണം ഈ ബജറ്റും പാഴാക്കിയ അവസരമായി. ഇടിക്കുന്ന കാറിന്റെ എയർബാഗുകൾ പുനഃക്രമീകരിക്കുന്നതിന് തുല്യമാണ്. അതേസമയം, ഷാസി ഉറപ്പുള്ളതാണെന്നും പിന്നീട് അവർക്ക് സുഖം തോന്നുമെന്നും യാത്രക്കാർക്ക് ഉറപ്പുനൽകുകയാണെന്നും തരൂർ അഭിപ്രായപ്പെട്ടു.
District News
പാലാ: പാലായ്ക്ക് വീണ്ടും കൂടുതല്‍ ബജറ്റ് വിഹിതം അനുവദിച്ചതായി ജോസ് കെ. മാണി എംപി നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിലാണ് ധനമന്ത്രി കെ.എം. ബാലഗോപാല്‍ കൂടുതല്‍ തുക അനുവദിക്കുന്നതായി പ്രഖ്യാപിച്ചത്.
നിര്‍ദിഷ്ട പാലാ ഇന്‍ഫോസിറ്റിക്ക് ഏഴു കോടി രൂപയും പാലാ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ആറു കോടി രൂപയുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്.
വലവൂര്‍ ട്രിപ്പിള്‍ ഐടിയോടനുബന്ധിച്ച് ഇന്‍ഫോസിറ്റി കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് ജോസ് കെ. മാണി എംപി അറിയിച്ചിരുന്നു. ഇതിനായി ഐടി വകുപ്പ് സ്ഥലപരിശോധന നടത്തുകയും സമ്മതപത്രങ്ങള്‍ സ്വീകരിക്കുകയും റവന്യുരേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
പുലിയന്നൂരില്‍ സ്ഥാപിക്കുന്ന ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവശേഷിക്കുന്ന പണികള്‍ക്കായാണ് പുതുതായി തുക അനുവദിച്ചിരിക്കുന്നത്.
District News
മൂവാറ്റുപുഴ : കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചെന്നാരോപിച്ച് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. അതിവേഗ റെയില്‍പാത, എയിംസ് ഉള്‍പ്പെടെ കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വികസന പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് ഗുരുതരമായ അനീതിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി സെക്രട്ടറി കെ.എം. സലിം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുള്‍ സലാം, ഡിസിസി ജനറല്‍ സെക്രട്ടറി പി.പി. എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക്, ഏബ്രഹാം തൃക്കളത്തൂര്‍, വി.എസ്. ഷെഫാന്‍, കബീര്‍ പൂക്കടശേരി, കെ.കെ. നിഷാദ്, നഗരസഭാംഗങ്ങളായ ജിനു ആന്റണി, ജെയ്സണ്‍ തോട്ടത്തില്‍, എസ്. മജീദ്, പി.പി. ജോളി, അമല്‍ ബാബു എന്നിവര്‍ പങ്കെടുത്തു
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ അവഗണനയെന്ന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . റെയിൽവേ വിഹിതത്തിൽ കേരളത്തിന് വൻ വർധനവാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
3795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തെക്കാൾ പത്തിരട്ടി തുകയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഇ. ശ്രീധരന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ റെയിൽ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചർച്ച നടത്തിയിരുന്നു. കേരളത്തിൽ ഹൈ സ്പീഡ് റെയിൽവേ വരുമെന്നും അശ്വിനി വൈഷ്ണവ് ഉറപ്പ് പറഞ്ഞു.
എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ റെയിൽവേ മന്ത്രി തയാറായില്ല. കേരളത്തിൽ അതിവേഗ റെയിൽ പാത എപ്പോൾ വരുമെന്ന ചോദ്യത്തിനും മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയ്ക്കെതിരേ സംസ്ഥാനം ഒന്നടങ്കം പ്രതിഷേധിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏറെ പ്രതീക്ഷയോടെയാണ് കേരളം കേന്ദ്ര ബജറ്റിനായി കാത്തിരുന്നത്. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട് പകതീർക്കുകയാണ് ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല.
അതിവേഗ പാത, നിലന്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂർ, കാഞ്ഞങ്ങാട്-കാണിപ്പയ്യൂർ റെയിൽപ്പാതകൾ, വർഷങ്ങളായി സ്ഥലമേറ്റെടുത്ത് കാത്തിരിക്കുന്ന എയിംസ്, റബറിനും പരന്പരാഗത മേഖലയ്ക്കുമുള്ള സഹായങ്ങൾ, നെല്ലിന് സംഭരണ വിലയുയർത്തൽ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ പലതവണ ഈ ആവശ്യങ്ങൾ നേരിട്ട് ഉന്നയിച്ചതാണ്. ബജറ്റിന് മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകിയിരുന്നു.
ഫിനാൻസ് കമ്മീഷൻ വിഹിതം ഉയർത്തണമെന്ന ആവശ്യം പരിഗണിക്കാത്തത് കടുത്ത നിരാശയാണുണ്ടാക്കുന്നത്. റവന്യു ഡഫിസിറ്റ് ഗ്രാന്റ് ഉപേക്ഷിക്കുന്നത് കേരളത്തിന്റെ സാന്പത്തിക അടിത്തറയെ കാര്യമായി ദുർബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ് കേന്ദ്രം.
കേരളം ചരിത്രത്തിൽ നേരിടാത്തത്ര അവഗണനയാണ് അനുഭവിക്കുന്നത്. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു.
National
ന്യൂഡൽഹി: ഇന്ത്യയുടെ യഥാർഥ പ്രതിസന്ധികൾക്ക് മുന്നിൽ കണ്ണടച്ച ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൊഴിലില്ലാത്ത യുവാക്കളെയും മൂലധനം പിൻവലിക്കുന്ന നിക്ഷേപകരെയും അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. എന്നാൽ എല്ലാവരെയും അവഗണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിര്‍മല സീതാരാമനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ് ബജറ്റ് സൃഷ്ടിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വർധനവിനോ ഊന്നൽ നൽകാത്ത ഒരു ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ബജറ്റിലെ വിദ്യാഭ്യാസ നിർദേശങ്ങൾ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെയും നൈപുണ്യ വികസനത്തെയും ലക്ഷ്യം വച്ചുള്ളതാണ്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറപാകുന്ന സ്കൂൾ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്എസ്കെ ഫണ്ടിൽ നാമമാത്രമായ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഉച്ചഭക്ഷണ പദ്ധതി ഫണ്ടും തൊഴിലാളി വർഗത്തെയും പൂർണമായും അവഗണിക്കുകയാണ് ഉണ്ടായത് ശിവൻകുട്ടി വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മല എലിയെ പ്രസവിച്ചു എന്ന് പറയുന്നത് പോലെയാണ് ബജറ്റെന്നും കേരളത്തെ പൂർണമായും അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റേത് പൊള്ളയായ ന്യായീകരണമാണ്. തിരുത്തലുകൾ നടത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം പദ്ധതികൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിലാണോ ബജറ്റിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചതെന്നും കെ.സി ചോദിച്ചു.
കേരളം പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്. അല്ലാതെ ബജറ്റിൽ അവഗണിക്കുകയല്ല വേണ്ടത്. കേരളത്തെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ധാതുഖനന ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതിയിൽ വ്യക്തത വേണമെന്നും പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ ഗൂഢോദ്ദേശ്യമുണ്ടോ എന്നത് വ്യക്തമാകുവെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്രമന്ത്രി ഇന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റിൽ സ്പോർട്സ് ഉപകരണങ്ങൾ നിർമിക്കുന്ന പദ്ധതികൾ പ്രോത്സാഹിക്കുമെന്നു പ്രഖ്യാപനം. കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. സ്പോർട്സ് ഉപകരണ നിർമാണത്തിന്റെ ആഗോള ഹബ് ആക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യം. സ്പോർട്സ് ഉപകരണ നിർമാണം, ഗവേഷണം, ഡിസൈനിംഗ് എന്നീ മേഖലകളെ പ്രോത്സാഹിപ്പിക്കും.
Business
കേന്ദ്ര ബജറ്റ് ദിവസം പാർലമെന്റിലെ അക്കങ്ങളേക്കാൾ മാധ്യമങ്ങൾ ആദ്യം തിരയുന്നത് മറ്റൊരു കാര്യമാണ്; ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ഏതു സാരിയാകും ധരിക്കുക? ഓരോ ബജറ്റ് അവതരണത്തിലും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ തനതായ കൈത്തറി വൈവിധ്യങ്ങളെ നെഞ്ചോടു ചേർത്താണ് അവർ സഭയിലെത്തുന്നത്. വെറുമൊരു വസ്ത്രധാരണമെന്നതിലുപരി, ഇന്ത്യയുടെ ഗ്രാമീണ നെയ്ത്തുകാരുടെ കലയെ ആഗോളതലത്തിൽ അടയാളപ്പെടുത്താനുള്ള ഒരു വേദി കൂടിയായി അവർ ബജറ്റ് ദിനത്തെ മാറ്റുന്നു. ചിലപ്പോൾ ബജറ്റ് സൂചനകളും അടയാളപ്പെടുത്തുന്നു
ബജറ്റ് ദിവസങ്ങളിൽ നിർമല സീതാരാമൻ ധരിച്ച സാരിയുടെ വിശേഷങ്ങൾ ഇങ്ങനെ:
കേന്ദ്ര ബജറ്റ് 2019: പിങ്ക് മംഗൾഗിരിയിലെ ചരിത്രപ്രവേശനം.
2019ൽ തന്റെ ആദ്യ കേന്ദ്ര ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത് സ്വർണ ബോർഡറുള്ള കടും പിങ്ക് നിറത്തിലുള്ള മംഗൾഗിരി സാരിയായിരുന്നു.
കേന്ദ്ര ബജറ്റ് 2020: മഞ്ഞ സിൽക്ക് സാരി
2020ലെ ബജറ്റിനായി തിരഞ്ഞെടുത്തത് നീല ബോർഡറുള്ള മഞ്ഞ സിൽക്ക് സാരിയായിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ വളരെയധികം പ്രാധാന്യമുള്ള നിറങ്ങളുടെ സംയോജനമാണിത്.
കേന്ദ്ര ബജറ്റ് 2021: തെലങ്കാനയിലെ പോച്ചമ്പള്ളി ഇക്കാത്ത് തുന്നലുകൾ
2021ൽ തെലങ്കാനയിലെ പരമ്പരാഗത കൈത്തറി നിർമിതിയായ പോച്ചമ്പള്ളി ഇക്കാത്ത് സാരിയാണ് തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2022: ഒഡീഷയുടെ കൈത്തറി വൈഭവം
2022ൽ ഒഡീഷയിൽനിന്നുള്ള മനോഹരമായ തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയാണ് അവർ ധരിച്ചത്. വെള്ളി കസവുകളും ബോർഡറിൽ സങ്കീർണമായ രൂപങ്ങളുമുള്ളതായിരുന്നു ഈ സാരി.
കേന്ദ്ര ബജറ്റ് 2023: ചുവന്ന സിൽക്കും ക്ഷേത്രരൂപങ്ങളും (ദക്ഷിണേന്ത്യൻ വസ്ത്രശൈലി)
2023ൽ കറുപ്പും സ്വർണനിറവും കലർന്ന 'ടെമ്പിൾ ബോർഡർ' (ക്ഷേത്രരൂപങ്ങൾ) ഉള്ള കടും ചുവപ്പ് സിൽക്ക് സാരിയിലാണ് സീതാരാമൻ എത്തിയത്. ഇത് ദക്ഷിണേന്ത്യൻ വസ്ത്രശൈലിയുടെ ഒരു പ്രത്യേകതയാണ്.
ഇടക്കാല ബജറ്റ് 2024:
പശ്ചിമ ബംഗാളിലെ പരമ്പരാഗത കാന്താ എംബ്രോയ്ഡറി ചെയ്ത നീല സാരിയാണ് 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനായി ധനമന്ത്രി തിരഞ്ഞെടുത്തത്.
കേന്ദ്ര ബജറ്റ് 2024: മംഗൾഗിരി സാരി
2024-25 ബജറ്റിനായി മജന്ത ബോർഡറുള്ള ഓഫ് വൈറ്റ് മംഗൾഗിരി സാരിയാണ് അവർ തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽനിന്നുള്ളതാണ് ഈ മംഗൾഗിരി സാരികൾ.
മായ
കേന്ദ്ര ബജറ്റ് 2025: ബിഹാറിൽനിന്നുള്ള മധുബാനി സാരി
ബിഹാറിലെ മധുബാനി എംബ്രോയ്ഡറി ഉൾപ്പെടുത്തിയതും സ്വർണബോർഡറുള്ളതുമായ സാരിയാണ് 2025ൽ ധരിച്ചത്.
Kerala
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനങ്ങൾ കൈയടിയോടെ സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാന ബജറ്റിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യ വിദ്യാർഥികളിലേക്കെത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബജറ്റ് നടപ്പിലാകുന്നത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടുമെന്നും ശിവൻകുട്ടി പറഞ്ഞു.
വിദ്യാർഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നേരത്തെ പരിഗണനയിലുള്ളതാണ്. തുക പൂർണമായും സർക്കാരിന്റെത്. വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്ന് തുക ഈടാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കില്ല. പൂച്ച പ്രസവിച്ചാൽ എന്താണ് പ്രശ്നം. ഇതുപോലുള്ള പരാമർശങ്ങളായാണ് വി.ഡി. സതീശന്റെ നിലവാരം വ്യക്തമാക്കുന്നത്.
ഖജനാവ് കാലിയാണെന്ന് പറയുന്നവര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുതെന്നും ശിവൻകുട്ടി പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലബാർ കാൻസർ സെന്ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.
കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.
ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
കോട്ടയം: പതിവുപോലെ കഴിഞ്ഞ ബജറ്റിലും പദ്ധതികളും പ്രഖ്യാപനങ്ങളും പലതുണ്ടായെങ്കിലും പകുതിയും ഫയലില്‍ കുരുങ്ങി. ജില്ലയുടെ സ്വപ്ന പദ്ധതിയായിരുന്ന ശബരി എയര്‍പോര്‍ട്ട് സര്‍ക്കാരിന്റെ പിടിപ്പുകേടും അനാസ്ഥയുംമൂലം എയറിലായി. ആറു വര്‍ഷം ആവര്‍ത്തിച്ചു പ്രഖ്യാപനങ്ങളും ലക്ഷങ്ങള്‍ മുടക്കി സര്‍വേകളും നടത്തിയതല്ലാതെ എരുമേലിയിലെ വിമാന ചിറകടി ഏറെക്കുറെ നിലച്ചു.
അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതി നിര്‍മാണത്തിനുണ്ടായിരുന്ന സ്റ്റേ കഴിഞ്ഞ കഴിഞ്ഞ ദിവസം റെയില്‍വേ നീക്കം ചെയ്തിട്ടുണ്ട്. കാലടി മുതല്‍ പിഴക് വരെ പാതയ്ക്ക് അളന്നുതിരിച്ച സ്ഥലം വില കൊടുത്തു വാങ്ങി റെയില്‍വേയെ ഏല്‍പ്പിച്ചാല്‍ മാത്രമേ പണി മുന്നോട്ടുപോകൂ.
പിഴകു മുതല്‍ എരുമേലി വരെ അന്തിമ അലൈന്മെന്റും ആഘാത പഠനവും നടന്നിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിടങ്ങളും സംവിധാനങ്ങളും വന്നതാണ് ഏക നേട്ടം. റബര്‍, നെല്ല് താങ്ങുവില തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ധിപ്പിച്ചെങ്കിലും കര്‍ഷകര്‍ക്ക് നേട്ടമുണ്ടായില്ല.
കിടങ്ങൂര്‍ റൈസ് മില്ല് നിര്‍മാണവും കാഞ്ഞിരപ്പള്ളി ബൈപാസും വെള്ളൂര്‍ റബര്‍ പാര്‍ക്കും കഞ്ഞിക്കുഴി മേല്‍പ്പാലവും നടപ്പായില്ല. വൈക്കം സത്യഗ്രഹസ്മാരകത്തിന് അഞ്ചു കോടി രൂപ വകയിരുത്തിയെങ്കിലും സ്ഥലം വാങ്ങാന്‍പോലും സാധിച്ചില്ല. മലയോരഗ്രാമങ്ങളില്‍ വന്യമൃഗഭീഷണി ചെറുക്കാനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
National
ന്യൂഡൽഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർഥ്യമാക്കിയ കേന്ദ്രസർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു.
രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാർക്ക് ഇപ്പോൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും മുർമു പറഞ്ഞു. "തന്റെ സർക്കാർ യഥാർഥ സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്," കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അവർ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ മൂന്നാം ടേമിൽ, ദരിദ്രരെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്.
National
ന്യൂഡൽഹി: ബുധനാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി നാളെ സർവകക്ഷി യോഗം ചേരും. പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് യോഗം വിളിച്ചത്.
രാവിലെ 11ന് പാർലമെന്റ് അനക്സിൽ നടക്കുന്ന യോഗത്തിൽ ഇരുസഭകളുടെയും സുഗമമായ പ്രവർത്തനത്തിന് എല്ലാ പാർട്ടികളുടെ സഹകരണം തേടും.
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയോടെയാണ് ബുധനാഴ്ച സമ്മേളനം ആരംഭിക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാംഘട്ടം മാർച്ച് ഒന്‍പതിന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കും. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഴയ രീതിയിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു സമ്മേളനത്തിൽ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Business
ബജറ്റ് പ്രഖ്യാപനത്തെ നിക്ഷേപകർ ഉറ്റുനോക്കുന്നു. ഫെബ്രുവരി ഒന്നാം തിയതി ഞായറാഴ്ച നടക്കുന്ന ബജറ്റ് പ്രഖ്യാപന ദിനത്തിൽ ഇന്ത്യൻ ഓഹരിവിപണി തുറന്നു പ്രവർത്തിക്കുമെന്നതു ഫണ്ടുകളെ രംഗത്തു സജീവമാക്കാം. മുന്നിലുള്ള രണ്ടാഴ്ച മുൻനിര ഇൻഡക്സുകൾ താഴ്ന്ന തലങ്ങളിലേക്ക് ചാഞ്ചാടിയാൽ പുതിയ നിക്ഷേപത്തിന് അവർ അവസരം കണ്ടെത്താം.
ബോംബെ സെൻസെക്സ് അഞ്ച് പോയിന്റ് നഷ്ടത്തിലും നിഫ്റ്റി സൂചിക 11 പോയിന്റ് നേട്ടത്തിലുമാണു പിന്നിട്ടവാരം.
വിപണി പുതിയ ദിശ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിദേശ ഓപ്പറേറ്റർമാർ വില്പനക്കാരാണെങ്കിലും കനത്ത നിക്ഷേപം വഴി വിപണിയുടെ അടിയൊഴുക്ക് ആഭ്യന്തര ഫണ്ടുകൾ ശക്തമാക്കുന്നു. സാങ്കേതികമായി നിഫ്റ്റി സെല്ലർമാർക്ക് അനുകൂലയെങ്കിലും സൂചികകയെ 25,280നു മുകളിൽ പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ബുൾ ഓപ്പറേറ്റർമാർ.
രൂപ അഭിമുഖീകരിക്കുന്ന സമ്മർദങ്ങളും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചയിലെ കാലതാമസവും വിദേശ ഇടപാടുകാരെ പുതിയ ബാധ്യതകളിൽനിന്നും അകറ്റുന്നു. ഒരു വർഷത്തിൽ രൂപയ്ക്കു നേരിട്ട അഞ്ച് ശതമാനം മൂല്യ തകർച്ച തടയാൻ കേന്ദ്ര ബാങ്കിനു കഴിഞ്ഞില്ല. അമേരിക്കൻ ഭീഷണികളെ മറികടക്കാനും സാന്പത്തിക -വ്യവസായിക മേഖലയുടെ പുരോഗതിക്ക് ഊന്നൽ നൽക്കുന്നതുമായ ബജറ്റ് പുറത്ത് വരുമെന്ന നിഗമനത്തിലാണു പ്രദേശിക നിക്ഷേപകർ.
നിഫ്റ്റിയിലെ നീക്കം
സാങ്കേതികമായി ബുള്ളിഷ് മനോഭാവത്തിൽനിന്നും ദുർബലാവസ്ഥയിലേക്ക് വിപണി താത്കാലികമായി മുഖം തിരിക്കുമെന്നു കഴിഞ്ഞ വാരം സൂചന നൽകിയതാണ്. നിഫ്റ്റി 25,683നിന്നും 26,872 പോയിന്റ് വരെ കയറിയ വേളയിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ സൂചിക 25,472ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 25,694 പോയിന്റിലാണ്.
നിഫ്റ്റിക്ക് ആദ്യ താങ്ങ് 25,486 പോയിന്റിലാണ്, വില്പന സമ്മർദത്തിൽ ഇതു നഷ്ടപ്പെട്ടാൽ 25,279ലേക്ക് പരീക്ഷണം നടത്താം. തിരിച്ചുവരവിനു ശ്രമിച്ചാൽ 25,896 - 26,079 നെ ലക്ഷ്യമാക്കും. ബജറ്റ് വിപണിക്ക് അനുകൂലമായാൽ മാർച്ച് ഒന്നിനു നിഫ്റ്റി 26,479നു മുകളിൽ ഇടംപിടിക്കും.
നിഫ്റ്റിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പാരാബോളിക് എസ്എആറും എംഎസിഡിയും സെല്ലർമാർ നേട്ടമാക്കാം. അതേസമയം, ഇൻഡിക്കേറ്ററുകൾ പലതും ഓവർ സോൾഡായത് വാരത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചുവരവിന് അവസരമൊരുക്കാം.
നിഫ്റ്റി ജനുവരി ഫ്യൂച്ചേഴ്സ് 25,788ൽനിന്നും 25,694ലേക്ക് താഴ്ന്നു. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ മുൻവാരം സൂചിപ്പിച്ച 25,550 - 25,250ലേക്ക് ദുർബലമാകാം. അതേസമയം, ഒരു പുൾ ബാക്ക് റാലിക്കു മുതിർന്നാൽ 26,500 - 26,750നെ ലക്ഷ്യമാക്കും. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 169 ലക്ഷം കരാറുകളിൽനിന്ന് 166 ലക്ഷമായി.
സെൻസെക്സിന്റെ ലക്ഷ്യം
സെൻസെക്സ് 83,576ൽനിന്നും കൂടുതൽ മുന്നേറാനാവാതെ 84,117 വരെ എത്തിയ ഘട്ടത്തിലെ വില്പന സമ്മർദത്തിൽ 82,858ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 83,570 പോയിന്റിലാണ്. വിപണിക്ക് ഈ വാരം 84,174ലാണ് ആദ്യ പ്രതിരോധം, ഇതു മറികടന്നാൽ 84,778നെ ലക്ഷ്യമാക്കും. അതേസമയം, വില്പന സമ്മർദം തുടർന്നാൽ 82,909 – 82,248ലെ താങ്ങ് പ്രതീക്ഷിക്കാം.
ആഭ്യന്തര ഫണ്ടുകൾ നിക്ഷേപകരായി മൊത്തം 16,173.69 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. രണ്ടാഴ്ചകളിലെ അവരുടെ വാങ്ങൽ 33,768.27 കോടി രൂപയാണ്. വിദേശ ഓപ്പറേറ്റർമാർ വില്പനയ്ക്കുതന്നെ മുൻതൂക്കം നൽകി, 14,265.58 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്കു തകർച്ച, സ്വർണ വിലയിൽ മുന്നേറ്റം
രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. രൂപ 90.21ൽനിന്നും 91.09ലേക്ക് ദുർബലമായ ശേഷം വാരാന്ത്യം അല്പം മികവിൽ 90.66ലാണ്. നിലവിലെ സ്ഥിതിയിൽ 91.34 വരെ ദുർബലമാകാം, കരുത്തിനു ശ്രമിച്ചാൽ 90.25 - 89.94ൽ തടസമുണ്ട്. രാജ്യാന്തര സ്വർണ വിലയിൽ മുന്നേറ്റം.
ന്യൂയോർക്കിൽ ട്രോയ് ഔൺസിനു 4509 ഡോളറിൽനിന്നും 4549 ഡോളറിലെ റിക്കാർഡ് തകർത്ത് 4639 വരെ സഞ്ചരിച്ചു. ബുൾ ഓപ്പറേറ്റർമാരുടെ ശക്തമായ സ്വാധീനത്തിൽ റിക്കാർഡിനു മുകളിൽ ഔൺസിനു 90 ഡോളറിന്റെ കുതിപ്പ് നടത്തി വാരാന്ത്യം 4595 ഡോളറിലാണ്. ബുള്ളിഷ് മനോഭാവം കണക്കിലെടുത്താൽ 4724 ഡോളർ വരെ റാലി തുടരാം. ഡെയ്ലി, വീക്കിലി ചാർട്ടുകൾ വിലയിരുത്തിയാൽ വീണ്ടും ഒരു 750 ഡോളർ റാലിക്കുള്ള കരുത്ത് കണ്ടെത്താനാവും.
Kerala
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. ശബരിമല സ്വർണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ചർച്ചയാകും.
ജനുവരി 29ന് ആണ് ബജറ്റ് അവതരണം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റാണിത്. നിയമസഭാ സമ്മേളനം വിളിക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്യും.
Movies
കിംഗ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റ് എന്ന് ദുൽഖർ സൽമാൻ. ഈ സിനിമയ്ക്കായി ചെലവഴിച്ച ഒരു പൈസ പോലും വെറുതെ പാഴാക്കിയിട്ടില്ലെന്നും തങ്ങൾക്ക് ഇതൊരു വലിയ ബജറ്റ് തന്നെയാണെന്നും നടൻ പറഞ്ഞു.
ഹൈദരാബാദിൽ നടന്ന ലോകയുടെ സക്സസ് ചടങ്ങിലാണ് ദുൽഖർ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയുടെ രണ്ടാം ഭാഗം ഇതിലും വലിയ ബജറ്റിലാണ് ഒരുങ്ങുന്നതെന്നും താരം വ്യക്തമാക്കി.
‘‘വേഫെറർ ഫിലിംസിന്റെ ഏഴാമത്തെ പ്രൊഡക്ഷനാണ് ലോക. ഇത്രയും പോസിറ്റിവിറ്റിയും സന്തോഷവും നിറഞ്ഞ ക്രൂവും കാസ്റ്റും അണിനിരന്ന മറ്റൊരു സിനിമ ഉണ്ടാകില്ല. ഹൃദയത്തിൽ നിന്നും വളരെ സ്പെഷലായുള്ള സിനിമ ഉണ്ടാകണം എന്ന സ്വപ്നമായിരുന്നു ഇതിൽ ഓരോരുത്തർക്കും ഉണ്ടായിരുന്നത്.
അതിനായി മികച്ച സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഒരുമിച്ചു വന്നു. നിർമാതാവെന്ന നിലയിൽ എനിക്കൊരു ടെൻഷനും ഉണ്ടായിട്ടില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്നുള്ള കൃത്യമായ ധാരണ ഇവർക്കെല്ലാം ഉണ്ടായിരുന്നു.
ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ സെറ്റ് സന്ദർശിക്കാനെത്തിയത്. എഡിറ്റും രണ്ട് തവണയാണ് കണ്ടത്. അത്രത്തോളം വിശ്വാസം ഈ ടീമിൽ ഉണ്ടായിരുന്നു.
ഞങ്ങളുടെ ആദ്യ പ്രൊഡക്ഷനായ വരനെ ആവശ്യമുണ്ട് സിനിമയിലും നസ്ലിൻ ഉണ്ടായിരുന്നു. അന്ന് തൊട്ട് വലിയ ഇഷ്ടമാണ്. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാൽ ഇത്രത്തോളം ക്യൂട്ട് ആയിട്ടുള്ളൊരു ആളുണ്ടോ എന്നു തോന്നിപ്പോകും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടിൽ കൊണ്ടുപോകാൻ തോന്നും.
ചന്തുവിനെയും വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അച്ഛനൊരു ഇതിഹാസമാണ്. ചന്തുവിന്റെ അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്, ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും. അരുൺ കുര്യൻ എന്റെ സഹോദരനായി യമണ്ടൻ പ്രേമകഥയിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിൽ ഞാൻ പോലും റെക്കമന്റ് ചെയ്യാതെ സ്വന്തം കഴിവിലൂടെ ഇവിടെ വരെ എത്തിയ നടനാണ് അരുൺ.
നിമിഷും ഞാനും തമ്മിൽ വളരെ കാലത്തെ പരിചയമുണ്ട്. എന്റെ ഏറ്റവും അടുത്ത ടെക്നീഷ്യൻ ഫ്രണ്ട് എന്നു വേണമെങ്കിൽ നിമിഷിനെ വിളിക്കാം. ലോകയിലേക്ക് എന്നെ കൊണ്ടുവന്നത് നിമിഷ് ആണ്. കിംഗ് ഓഫ് കൊത്തയുടെ സമയത്ത് ആണ് ഇങ്ങനെയൊരു ഐഡിയയെക്കുറിച്ച് നിമിഷ് പറയുന്നത്. അവർ ഈ കഥ ഒരുപാട് നിർമാതാക്കളുടെ അടുത്ത് പറഞ്ഞെന്നും അവർക്കൊന്നും ഇതു മനസിലാകുന്നില്ലെന്നും പറഞ്ഞു.
നീ എന്നെ കാണുന്നില്ലേ, ഞാനും ഒരു നിർമാതാവല്ലേ? എന്നാണ് നിമിഷിനോടു ചോദിച്ചത്. അവൻ ഐഡിയ പറഞ്ഞു, കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഇതെങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല, പക്ഷേ നമ്മള് ചെയ്തിരിക്കുമെന്നു പറഞ്ഞു.
തീരെ ചെറിയ ബജറ്റിലാണ് ലോക നിർമിച്ചിരിക്കുന്നതെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. പക്ഷേ മലയാളത്തിൽ ‘കിംഗ് ഓഫ് കൊത്ത’യ്ക്കും ‘കുറുപ്പി’നും ചെലവാക്കിയ അതേ ബജറ്റ് തന്നെ ‘ലോക’യ്ക്കുമായി. ഞങ്ങളെ സംബന്ധിച്ചടത്തോളം അതു വലിയ ബജറ്റ് തന്നെയാണ്. എന്നാൽപോലും അതിലൊരു ചെറിയ തുക പോലും അനാവശ്യമായി ചെലവാക്കിയിട്ടില്ല.
നിമിഷും ഡൊമിനിക്കും തമ്മിൽ വലിയൊരു കണക്ഷനുണ്ടായിരുന്നു. അതു തന്നെയാണ് സിനിമയുടെ വലിയ വിജയത്തിനു കാരണം. ഒരു സ്ത്രീയുടെ ശബ്ദം ഈ ചിത്രത്തിൽ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ശാന്തിക്ക് അവകാശപ്പെട്ടതാണ്.
കല്യാണിയും ഞാനും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാർഥതയോടെ വേറെ ആരെങ്കിലും അവതരിപ്പിക്കുമോ എന്നത് സംശയമാണ്. അത്രത്തോളം ആ കഥാപാത്രത്തെ കല്യാണി മികച്ചതാക്കി.
ഞാൻ നായകനായി 40ലധികം സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു സിനിമയ്ക്കും ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചിട്ടില്ല. ലോക രാജ്യം മുഴുവൻ മാത്രമല്ല ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. ഇപ്പോൾ ചിത്രം ഒരു വലിയ വിജയമാക്കി മാറ്റിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി.’’ദുൽഖർ സൽമാൻ പറഞ്ഞു.