മാങ്കാംകുഴി: തുടർച്ചയായി മൂന്നാം തവണയും ജില്ലയിൽ ആദ്യം വാർഷിക ബജറ്റ് അവതരിപ്പിക്കുന്ന ഗ്രാമപഞ്ചായത്തായി തഴക്കര. 2026-27 വര്ഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ജി. അജിമോൻ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല രവീന്ദ്രൻ ഉണ്ണിത്താൻ അധ്യക്ഷയായി.
42,52,05,900 രൂപ വരവും 41,71,19,000 രൂപ ചെലവും 80,86,900 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് 2026-27ലെ ബജറ്റ്.എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിനായി സുജലം പദ്ധതി, മാലിന്യനിർമാർജനത്തിനായി നിർമലഗ്രാമം പദ്ധതി, എള്ളു കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തൊടിയിൽ ഒരുപിടി എള്ള് പദ്ധതി, വെട്ടിയാർ തഴക്കര പുഞ്ചകളും അച്ചൻകോവിലാറും ഉൾപ്പെടുത്തി ടൂറിസം പദ്ധതി, സ്കൂൾ കുട്ടികൾക്കു സ്റ്റീൽ വാട്ടർബോട്ടിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി എന്നിവയ്ക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.
സേവന മേഖലയ്ക്ക് ഊന്നൽ നൽകി അഞ്ചു കോടിയും പശ്ചാത്തല മേഖലയിൽ റോഡുകളുടെ നവീകരണത്തിനായി മൂന്നു കോടിയും ഉത്പാദന മേഖലയിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട് .
മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയ്ക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട് . ലൈഫ് ഭവന നിർമാണ പുനരുദ്ധാന മേഖലയിൽ ഹഡ്കോ വായ്പ. പട്ടികജാതി വിഭാഗങ്ങൾ, വൃദ്ധർ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം ഉൾപ്പെടെ ആരോഗ്യമേഖലയിൽ ഒരുകോടിയിലധികം തുക വനീക്കിവച്ചു.അർബുദ രോഗബാധിതർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ ബജറ്റിൽ പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ട്.
കിടപ്പുരോഗികളും കുട്ടികളും ഉപയോഗിക്കുന്ന ഡയപ്പർ ഉറവിടത്തിൽനിന്ന് ശേഖരിച്ച് സംസ്കരിക്കുന്നതിനുവേണ്ടി ഡയപ്പർ വേസ്റ്റ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നതുൾപ്പെടെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപയിലധികം വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് സ്റ്റേഡിയ നവീകരണം ഓപ്പൺ ഹാപ്പിനസ് പാർക്ക് സ്ഥാപിക്കൽ എന്നിവയ്ക്കും പ്രത്യേക പരിഗണന നല്കിയിട്ടുണ്ട്.ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവർക്കും വീട്, മാലിന്യ നിർമാർജനത്തിനായി നിർമലഗ്രാമം പദ്ധതി, ടൂറിസം പദ്ധതി എന്നിവയ്ക്ക് പ്രാധാന്യം നല്കിയിട്ടുണ്ട്.