വിനീത്
കുത്താന്‍ ഉപയോഗിച്ചതു മുനയന്‍
ബാറിലെ വാക്കുതര്‍ക്കവും ഫോണ്‍ തിരിച്ചു കൊടുക്കാത്തതും പ്രകോപനമായി
കോട്ടയം: നഗരമധ്യത്തില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ കൊലപാതകം മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍. പാമ്പാടി കോത്തല തടത്തില്‍ പുത്തന്‍പുരയിടത്തില്‍ വിനീത് (30) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ടു മാങ്ങാനം പുത്തന്‍പറമ്പില്‍ ശ്രീകാന്തി (39) നെ കണ്ട്രോള് റൂം പോലീസ് സംഭവസ്ഥലത്തുനിന്നു രാത്രിയില്‍ത്തന്നെ പിടികൂടിയിരുന്നു.
ശനിയാഴ്ച രാത്രി 11.15നു നഗരത്തിലെ സെന്‍ട്രല്‍ ജംഗ്ഷനിലെ കേരള ബാങ്ക് ശാഖയ്ക്കു മുന്നിലായിരുന്നു കൊലപാതകമുണ്ടായത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വിനീതും ശ്രീകാന്തും സെന്‍ട്രല്‍ ജംഗ്ഷനിലുള്ള അഞ്ജലി പാര്‍ക്കില്‍ മദ്യപിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ആദ്യമായിട്ടാണു ബാറില്‍ വച്ചു പരിചയപ്പെടുന്നത്.
ഇവര്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. മദ്യപാനത്തിനുശേഷം ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ബാറില്‍ വച്ചുണ്ടായ പരിചയത്തിന്റെ പേരില്‍ വിനീത് ശ്രീകാന്തിന്റെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങി.
കുറച്ചു സമയത്തിനുശേഷം പല തവണ ഫോണ്‍ തിരികെ ചോദിച്ചിട്ടും നൽകാതെ വിനീത് നടന്നു പോകുകയായിരുന്നു. വിനീത് കേരള ബാങ്ക് ശാഖയുടെ മുന്നില്‍ എത്തിയപ്പോഴേക്കും ശ്രീകാന്ത് ഒപ്പമെത്തി ഫോണ്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇവര്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെ ശ്രീകാന്ത് വിനീതിനെ കുത്തുകയായിരുന്നു.
ആശാരിപ്പണി ചെയ്യുന്ന ശ്രീകാന്തിന്റെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. കൈയില്‍ കരുതിയിരുന്ന മുനയന്‍ ഉപയോഗിച്ചാണു വിനീതിന്റെ നെഞ്ചിലും വയറിലും ഉള്‍പ്പെടെ അഞ്ചിലേറെ തവണ കുത്തിയത്. സ്ഥലത്തുണ്ടായിരുന്ന കണ്ട്രോള് റൂം പോലീസ് ഓടിയെത്തി ശ്രീകാന്തിനെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ പോലീസ് സംഘത്തെയും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് സാഹസികമായി എസ്ഐ ഉദയനും സംഘവും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പരിക്കേറ്റ വിനീതിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം ഇന്നലെ രാവിലെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കോട്ടയം വെസ്റ്റ് പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നഗരത്തില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു
സന്ധ്യകഴിഞ്ഞാല്‍ കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ലഹരി സംഘങ്ങളും സാമൂഹിക വിരുദ്ധരും അഴിഞ്ഞാടുകയാണ്. നഗരത്തിലെ സെന്‍ട്രല്‍ ജംഗ്ഷന്, ഗാന്ധി സ്ക്വയര്‍, തിരുനക്കര മൈതാനം, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരം, നെഹ്റു സ്റ്റേഡിയം, ചന്തക്കവല, ജില്ലാ ആശുപത്രി പരിസരം, റെയില്‍വേ സ്റ്റേഷന്, നാഗമ്പടം മൈതാനവും ബസ് സ്റ്റാന്‍ഡും, കുര്യന് ഉതുപ്പ് റോഡ്, ലോഗോസ് ജംഗ്ഷന് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സാമൂഹിക വിരുദ്ധരും ലഹരി സംഘങ്ങളും തമ്പടിക്കുന്നതു പതിവാണ്. ഇവിടങ്ങളിലെ ഒഴിഞ്ഞ കെട്ടിടങ്ങളാണ് ഇത്തരം സംഘങ്ങള്‍ താവളമാക്കുന്നത്.
Tags : Nattuvishesham District News