പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്ന അമേരിക്കൻ നിർമ്മിത കിറ്റായ 'പീക്കാബൂ' പോലെയുള്ള ഉൽപ്പന്നങ്ങളിലേക്ക് നയിക്കുന്ന ലിങ്കുകൾ ഇന്ത്യയിലെ തെരച്ചിൽ ഫലങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഗൂഗിളിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
കൂടാതെ, രാജ്യത്തേക്ക് ഇത്തരം കിറ്റുകൾ ഡെലിവറി ചെയ്യുന്നതിന് കാണിച്ചിരുന്ന പേജുകൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഈബേ നീക്കം ചെയ്യുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പെൺഭ്രൂണഹത്യ തടയുന്നതിനായി ഇന്ത്യയിൽ 1994ൽ പ്രാബല്യത്തിൽ വരുത്തിയ ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമത്തിന് വിരുധമായാണ് ഇത്തരം ഉത്പന്നങ്ങളുടെ പ്രചാരണം.
"peekaboo test", "buy peekaboo test online", "boy or girl" തുടങ്ങിയ വാക്ക് തെരച്ചിലുകളിൽ ഈ ഉത്പന്നങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ പ്രത്യക്ഷപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ഇവ ഉടൻ ബ്ലോക്ക് ചെയ്യണമെന്നും കാട്ടി ഓഗസ്റ്റ് 9നാണ് ആരോഗ്യ മന്ത്രാലയം ഗൂഗിളിന് നിർദ്ദേശം നൽകിയത്.
സൈബർ സുരക്ഷാ സ്ഥാപനമായ ഫോൾക്കൺ ഫീഡ്സ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 'പീക്കാബൂ', 'സ്നീക്ക് പീക്ക്' തുടങ്ങിയ കിറ്റുകൾ ഇന്ത്യയിലേക്ക് ഡെലിവറി ചെയ്യാൻ സാധിക്കുമെന്ന രീതിയിൽ ഈബേയിൽ ഒൻപതോളം മൂന്നാം കക്ഷി സെല്ലർമാർ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവ ഈബേ നീക്കം ചെയ്തു.
പീക്കാബൂ നിർമാതാക്കളായ യുഎസ് കമ്പനി 'ഡിഎൻഎ ഡയഗ്നോസ്റ്റിക്സ് സെന്റർ' തങ്ങൾ ഇന്ത്യയിലേക്ക് നേരിട്ട് ഈ ഉത്പന്നം വിൽക്കുന്നില്ലെന്നും, മൂന്നാം കക്ഷി റീസെല്ലർമാരെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും അറിയിച്ചു.
ഇന്ത്യയിലെ ശക്തമായ പിസിപിഎൻഡിടി നിയമപ്രകാരം ഗർഭസ്ഥ ശിശുവിന്റെ ലിംഗപരിശോധന നടത്തുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
Tags : google gendertestkit peekaboo sneakpeak