whatsapp logo
ന്യൂഡൽഹി: സൈബർ തട്ടിപ്പുകാരുടെ കെണിയിൽ സാധാരണ ഉപയോക്താക്കൾ വീഴുന്നത് തടയാനായി പുത്തൻ സുരക്ഷാ ഫീച്ചറുകളുമായി മെറ്റ . വാട്സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി വികസിപ്പിച്ച പുതിയ അലേർട്ട് സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വ്യാജ അക്കൗണ്ടുകളുടെയും തട്ടിപ്പുകളുടെയും പാറ്റേണുകൾ ട്രാക്ക് ചെയ്യാൻ പുതിയ അൽഗോരിതം വാട്സ്ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. സംശയാസ്പദമായ രീതിയിലുള്ള ലിങ്കിംഗ് റിക്വസ്റ്റുകളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ആപ്പ് ഉടൻ തന്നെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. ഈ അലേർട്ടുകൾ വഴി റിക്വസ്റ്റ് എവിടെ നിന്നാണ് വരുന്നത് എന്ന് മനസ്സിലാക്കാനും അത് ഒരുപക്ഷേ തട്ടിപ്പായിരിക്കാം എന്ന വ്യക്തമായ മുന്നറിയിപ്പ് നൽകാനും സാധിക്കും. ഇത് ഉപയോക്താക്കൾക്ക് ഒരു നിമിഷം ചിന്തിച്ച് തീരുമാനമെടുക്കാൻ അവസരം നൽകും.
വാട്സ്ആപ്പ് അപ്ഡേറ്റുകളെക്കുറിച്ച് വിവരം നൽകുന്ന വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, അപരിചിതരായ വ്യക്തികളിൽ നിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിന് മുൻപായി പുതിയൊരു മുന്നറിയിപ്പ് ഫീച്ചർ കൂടി വാട്സ്ആപ്പ് നൽകും. അപരിചിതനായ വ്യക്തിയുടെ ഫോൺ നമ്പർ ഏത് രാജ്യത്ത് രജിസ്റ്റർ ചെയ്തതാണെന്ന് വാട്സ്ആപ്പ് കാണിക്കും. അതോടൊപ്പം, നിങ്ങളും ആ അജ്ഞാത വ്യക്തിയും ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒരുമിച്ച് അംഗങ്ങളാണോ എന്ന വിവരവും ഇതിലൂടെ അറിയാം.
തട്ടിപ്പുകാരുടെ വലയിൽ വീഴാതെ ഉപയോക്താക്കൾക്ക് ഒരു നിമിഷം മാറി ചിന്തിക്കാൻ ഈ ചെറിയ ഫീച്ചർ ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ തെരഞ്ഞെടുത്ത ചില രാജ്യങ്ങളിൽ മാത്രം ലഭ്യമായിട്ടുള്ള ഈ ഫീച്ചർ വരും മാസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.
അതേസമയം, ഗൂഗിളുമായി സഹകരിച്ച് പുതിയൊരു ബാക്കപ്പ് മാനേജ്മെന്റ് സെക്ഷൻ വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഗൂഗിൾ ഇതിനോടകം തന്നെ പ്ലേ സ്റ്റോർ സർവീസസ് വഴി ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇത് വഴി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ സെറ്റിങ്സിൽ നിന്ന് നേരിട്ട് വാട്സ്ആപ്പ് ബാക്കപ്പുകൾ നിയന്ത്രിക്കാനാകും.
ഇതോടൊപ്പം, ക്ലൗഡ് സ്റ്റോറേജ് ലാഭിക്കുന്നതിനായി പഴയതും ഇരട്ടിപ്പുള്ളതുമായ ബാക്കപ്പുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യാനുള്ള പുതിയ സെക്ഷൻ വാട്സ്ആപ്പും വികസിപ്പിക്കുന്നുണ്ട്. ഗൂഗിൾ ഡ്രൈവ്, ജിമെയിൽ, ഫോട്ടോസ് ആപ്പുകളിൽ ഗൂഗിൾ നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറിന് സമാനമായിരിക്കും ഇത്. കുറഞ്ഞ ക്വാളിറ്റിയുള്ള ചിത്രങ്ങളും ക്ലോണുകളും തിരിച്ചറിഞ്ഞ് നീക്കം ചെയ്യാനും സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും.
Tags : tech whatsapp onlinefraud new security