വാർദ്ധക്യത്തിന്റെ നിറവിലും മനസിൽ പെയ്തിറങ്ങിയ കൊച്ചുകുട്ടിയുടെ അത്ഭുതവും സന്തോഷവും തൊട്ടറിയുന്ന അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് സോഷ്യൽ മീഡിയ.
ജീവിതത്തിൽ ഇന്നുവരെ കടലിന്റെ അനന്തത നേരിട്ടു കണ്ടിട്ടില്ലാത്ത എൺപതുകാരനായ പിതാവിനെ ഒഡീഷയിലെ കൊണാർക്കിനടുത്തുള്ള ചന്ദ്രഭാഗ തീരത്തെത്തിച്ച് അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മകൻ.
തിരമാലകളുടെ ഇരമ്പലും കടലിന്റെ വലിപ്പവും ആദ്യമായി കണ്ടപ്പോൾ ആ അച്ഛന്റെ മുഖത്തു വിരിഞ്ഞ വികാരനിർഭരമായ ഭാവങ്ങൾ ഇന്ന് ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ്.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ ദൃശ്യങ്ങളിൽ, കടൽത്തീരത്തേക്ക് അടുക്കുമ്പോൾ തന്നെ പ്രകൃതിയോടുള്ള ആദരവോടെ കൈകൂപ്പി തൊഴുന്ന അച്ഛനെ കാണാം.
തിരമാലകൾ വന്ന് കാൽവിരലുകളെ തൊട്ടുരുമ്മി കടന്നുപോയപ്പോൾ, ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഏതോ ഒരു ലഹരിയിലെന്നപോലെ അദ്ദേഹം നിശബ്ദനായി നിന്നുപോയി.
ഈ നിമിഷത്തിൽ മനസിന്റെ സന്തോഷം എന്താണെന്ന് മകൻ തിരക്കിയപ്പോൾ, സ്വപ്നങ്ങളിൽ പോലും വിചാരിക്കാത്ത അത്രയും വലിയൊരു അത്ഭുതമാണ് തന്റെ മുന്നിലുള്ളതെന്നായിരുന്നു വിതുമ്പുന്ന ശബ്ദത്തോടെ ആ അച്ഛന്റെ മറുപടി.
ചില സന്തോഷങ്ങൾക്ക് പ്രായം ഒരു തടസമല്ലെന്നും ശരിയായ സമയത്തിനായി അവ കാത്തിരിക്കുകയാണെന്നും കുറിച്ചുകൊണ്ടാണ് മകൻ ഈ വൈകാരിക രംഗങ്ങൾ പങ്കുവെച്ചത്. പ്രകൃതിയെ ദൈവമായി കണ്ട് വണങ്ങുന്ന ആ അച്ഛന്റെ വിനയവും ലാളിത്യവുമാണ് ഏവരെയും ഏറെ ആകർഷിച്ചത്.
യഥാർഥ പ്രകൃതിസ്നേഹവും മണ്ണിനോടുള്ള ആത്മബന്ധവും കാത്തുസൂക്ഷിക്കുന്ന ഒരു പഴയ തലമുറയുടെ നേർക്കാഴ്ചയാണ് ഈ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
Tags : HeartwarmingMoments PureJoy EmotionalVideo ViralVideo FatherSonGoals