സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന രാജ്യതലസ്ഥാനത്ത്, പൊലിസ് നിർവഹിക്കേണ്ടിയിരുന്ന സുരക്ഷാ പരിശോധനകൾ ഒരു സാധാരണക്കാരന് ചെയ്യേണ്ടി വന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുകയുന്നത്.
ഡൽഹിയിലെ അതിക്രമ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി ഒരു പ്രത്യേക ഡിജിറ്റൽ മാപ്പ് തയാറാക്കിയ രാജ് ഗോമാനി എന്ന യുവാവിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ വൻ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങളും രാത്രികാലങ്ങളിലെ ജനവാസമില്ലായ്മയും വെളിച്ചക്കുറവും വിലയിരുത്തിയാണ് അദ്ദേഹം സുരക്ഷിതമല്ലാത്ത മേഖലകളുടെ പട്ടികയുണ്ടാക്കിയത്.
രാജ്യതലസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ നിലനിൽക്കുന്നതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച രാജ്, വെറുതെ സർക്കാരിനെയോ മറ്റ് വ്യവസ്ഥകളെയോ കുറ്റപ്പെടുത്തുന്നതിന് പകരം അധികൃതർ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി ഇത്തരം പ്രദേശങ്ങൾ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഓർമ്മിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കൃത്യമായ ഡാറ്റ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ മാപ്പിന് വലിയ പിന്തുണ ലഭിക്കുമ്പോഴും, ക്രമസമാധാന പാലനവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരായ ഭരണകൂടത്തിനും പൊലിസിനും എതിരെ കടുത്ത രോഷമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്.
നികുതിപ്പണം വാങ്ങുന്ന അധികാരികൾ ചെയ്യേണ്ട ജോലി സാധാരണക്കാർ ഏറ്റെടുക്കേണ്ടി വരുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്ന് പലരും തുറന്നടിച്ചു.
ഡൽഹിയിൽ പതിനേഴുകാരിക്ക് നേരെയുണ്ടായ ക്രൂരമായ അതിക്രമവും എസിപിക്കെതിരെ പരാതി നൽകിയ വനിതാ മാധ്യമപ്രവർത്തകയെ പൊലിസ് കസ്റ്റഡിയിലെടുത്ത സംഭവവുമെല്ലാം തലസ്ഥാന നഗരിയെ പ്രക്ഷുബ്ധമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വൈറലാകുന്നത്.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ അലയടിക്കുമ്പോൾ, സുരക്ഷിതത്വമെന്നത് വാക്കുകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗികമായി നടപ്പിലാക്കണമെന്ന ശക്തമായ ഓർമ്മപ്പെടുത്തലായി രാജിന്റെ ഈ ഡിജിറ്റൽ മാപ്പ് മാറുകയാണ്.
Tags : WomensSafetyInIndia DelhiSafety DelhiPolice RajGomani SafetyMap