ഗീസയിലെ ബഹുനില മന്ദിരത്തിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് പതിച്ച അഞ്ചുവയസുകാരനെ അത്ഭുതകരമായി രക്ഷപെടുത്തി ഈജിപ്ഷ്യൻ യുവാവ്.
മനസാന്നിധ്യവും പെട്ടെന്നുള്ള പ്രതികരണവും കൊണ്ട് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച അഹമ്മദ് റഗബ് എന്ന കടയുടമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള ആളുകൾ പ്രശംസകൊണ്ട് മൂടുകയാണ് ഈ യുവാവിനെ. സെപ്റ്റംബർ 29-ന് ഈജിപ്തിലെ ഗീസയിലുള്ള അർദ് എൽ-ലിവാ എന്ന തിരക്കേറിയ പ്രദേശത്താണ് സംഭവം നടന്നത്.
വഴിയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന തെരുവിലേക്ക് പെട്ടെന്നാണ് കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി വീണത്. തന്റെ കടയ്ക്ക് സമീപത്തുണ്ടായിരുന്ന അഹമ്മദ് റഗബ്, ആളുകളുടെ നിലവിളിയും കരച്ചിലും കേട്ടാണ് മുകളിലേക്ക് നോക്കുന്നത്.
ഒരു പിഞ്ചുകുഞ്ഞ് അപകടത്തിൽപെട്ട് താഴേക്ക് വീഴുകയാണെന്ന് മനസിലാക്കാൻ അദ്ദേഹത്തിന് ഒരു നിമിഷം പോലും വേണ്ടി വന്നില്ല. ഒരു നിമിഷം പോലും വൈകാതെ, താഴേക്ക് പതിച്ച കുട്ടിയെ ലക്ഷ്യമാക്കി അഹമ്മദ് മുന്നോട്ട് കുതിച്ചു.
കുട്ടി നിലത്തുവീണ് വലിയ ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുമ്പ് തന്റെ കൈകളിൽ സുരക്ഷിതമായി പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇടുങ്ങിയതും ആളുകൾ നിറഞ്ഞതുമായ തെരുവിൽ ഇത്തരമൊരു രക്ഷാപ്രവർത്തനം നടത്തുക എന്നത് ഏറെ പ്രയാസകരമായിരുന്നു.
എന്ത് സംഭവിക്കുമെന്ന് ചിന്തിക്കാൻ പോലും തനിക്ക് സമയം കിട്ടിയില്ലെന്ന് സംഭവം ഓർത്തെടുത്തുകൊണ്ട് റഗബ് പറഞ്ഞു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് എല്ലാം നടന്നത്.
അങ്ങനെയൊരു സാഹചര്യത്തിൽ ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ കണ്ടുനിൽക്കാൻ തനിക്ക് കഴിയില്ലായിരുന്നുവെന്നും ഒരു നന്മ മാത്രമാണ് ആ നിമിഷത്തിൽ മനസിൽ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടി സുരക്ഷിതനായതിന് ശേഷമാണ് താൻ ചെയ്ത കാര്യത്തിന്റെ ഗൗരവത്തെക്കുറിച്ച് പോലും ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനുശേഷം അഹമ്മദ് റഗബ് ശാരീരികമായും മാനസികമായും തളർന്നുപോയിരുന്നു.
കുട്ടിയെ എടുത്ത് മാറിയ ശേഷം സമീപത്തുണ്ടായിരുന്ന ഒരു മെത്തയിലേക്ക് അദ്ദേഹം ചാരിയിരിക്കുന്നതും വീഡിയോയിൽ കാണാം. പെട്ടെന്നുണ്ടായ പരിഭ്രാന്തിയും ആശ്വാസവും കാരണം കാലുകൾ തളർന്നുപോയ അവസ്ഥയിലായിരുന്നു അദ്ദേഹം.
കുട്ടി താഴേക്ക് പതിക്കുന്നതും, ഓടിയെത്തി റഗബ് അവനെ കൈകളിൽ കോരിയെടുക്കുന്നതും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിലാണ് പ്രചരിക്കുന്നത്.
ഒരു സാധാരണക്കാരന്റെ സമയോചിതമായ ഇടപെടൽ ഒരു വലിയ ദുരന്തം ഒഴിവാക്കിയതിന്റെ ഉത്തമ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
A little boy was miraculously saved by a shop owner in a densely populated Egyptian neighborhood. https://t.co/y4Pc7aJFLq
— Massimo (@Rainmaker1973) October 4, 2026
Tags : HeroicRescue GizaHero MiracleCatch ViralVideo EverydayHero