ഭർത്താവിനെയും കാമുകിയെയും ഒന്നിച്ച് കണ്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ, ഭാര്യയെ കാറിന്റെ ബോണറ്റിലേറ്റിയ നിലയിൽ അപകടകരമായി വാഹനം മുന്നോട്ടെടുത്ത് കൊലപ്പെടുത്താൻ ശ്രമം.
ഉത്തർപ്രദേശിലെ മീററ്റിലുള്ള ലോഹിയാനഗറിലാണ് സിനിമകളെപ്പോലും വെല്ലുന്ന ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഭർത്താവ് മയാങ്ക് സിങ് മാഹി വർമ്മ എന്ന യുവതിക്കൊപ്പം കാറിൽ സഞ്ചരിക്കവെയാണ് ഭാര്യ സുനിത സിങ് ഇവരെ വഴിയിൽ വെച്ച് കണ്ടുമുട്ടിയത്.
തുടർന്ന് ഇവർ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും, തങ്ങളെ തടയാൻ ശ്രമിച്ച സുനിതയെ വണ്ടിയിടിച്ച് അപായപ്പെടുത്താൻ മയാങ്ക് ശ്രമിക്കുകയുമായിരുന്നു. വാഹനം മുന്നോട്ട് എടുത്തതോടെ സുനിത ബോണറ്റിലേക്ക് കയറിപ്പിടിച്ചെങ്കിലും കാർ നിർത്താൻ മയാങ്ക് തയ്യാറായില്ല.
വീതിയേറിയ റോഡിലൂടെ ജീവനും കയ്യിൽ പിടിച്ച് സുനിത ബോണറ്റിൽ തൂങ്ങിക്കിടക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വഴിയാത്രക്കാർ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തന്റെ ഭാര്യയെ കാറിടിച്ച് കൊല്ലാനാണ് മയാങ്ക് ശ്രമിച്ചതെന്ന് കൊട്വാളി ഏരിയ ഓഫീസർ സംഗ്രാം സിങ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ലോഹിയാനഗർ പൊലിസ് അന്വേഷണം വേഗത്തിലാക്കുകയും, പ്രതികളായ മയാങ്ക് സിങ്ങിനെയും മാഹി വർമ്മയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 109(1), 352 എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ മുൻനിർത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.
Tags : Meerut MeerutNews UttarPradesh CrimeNews IndianPolice