കേദാർനാഥ് തീർഥാടന പാതയിൽ വയോധികരായ രണ്ട് ഭക്തർക്ക് ക്രൂരമായി മർദ്ദനമേറ്റ സംഭവം വലിയ ജനരോഷത്തിന് കാരണമായിരിക്കുന്നു. മുംബൈ സ്വദേശികളായ മൻജി വധ്ജി വാവിയ, ഭാൻജി ദാംജി പട്ടേൽ എന്നിവരാണ് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലുള്ള ജംഗിൾ ഛട്ടിക്ക് സമീപം ആക്രമിക്കപ്പെട്ടത്.
ഒക്ടോബർ ഒന്നിന് കേദാർനാഥ് ധാമിലേക്ക് കാൽനടയായി പ്രാർഥനയ്ക്കായി പോകുമ്പോൾ, വഴിയിലൂടെ കുതിരകളെയും കഴുതകളെയും കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ചില കുതിരസവാരിക്കാരുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു.
തുടർന്ന് പ്രകോപിതരായ മൂന്നുപേർ ചേർന്ന് വടികൾ ഉപയോഗിച്ച് ഈ വയോധികരെ ക്രൂരമായി മർദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
അക്രമികളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്ന വയോധികരെയും, ആരും സഹായിക്കാൻ മുന്നോട്ടുവരാത്തതും വീഡിയോയിൽ വ്യക്തമാണ്. തലയ്ക്ക് പരിക്കേറ്റ ഇരുവരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം സോൺപ്രയാഗ് പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന മൂന്ന് കുതിരസവാരിക്കാർക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
തീർഥാടന പാതയിലെ ക്രമസമാധാന ലംഘനങ്ങളും ഭക്തരോടുള്ള മോശം പെരുമാറ്റവും യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് രുദ്രപ്രയാഗ് എസ്.പി നിഹാരിക തോമർ അറിയിച്ചു. അക്രമികളെ തിരിച്ചറിയാനും ശക്തമായ നിയമനടപടികൾ സ്വീകരിക്കാനുമുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്.
Local people allegedly assaulted two pilgrims at Kedarnath Yatra Dham in Uttarakhand.
— IndianLafda (@IndianLafdaa) October 2, 2026
Both reportedly suffered head injuries after being attacked with sticks. pic.twitter.com/ObYMPHHUP7
Tags : KedarnathNews KedarnathYatra UttarakhandPolice PilgrimSafety KedarnathTrek