ഉത്തരാഖണ്ഡിലെ കുമാവൂൺ മേഖലയിൽ പർവതനിരയുടെ ഒരു വലിയ ഭാഗം ഇടിഞ്ഞുവീഴുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹിമാലയൻ മലയോര മേഖലയിലെ സുരക്ഷ വീണ്ടും ആശങ്കയിലാകുന്നു.
വലിയ അളവിൽ മണ്ണും കൂറ്റൻ പാറക്കഷണങ്ങളും അവശിഷ്ടങ്ങളും അതിവേഗത്തിൽ താഴേക്ക് പതിച്ച് അന്തരീക്ഷത്തിൽ വൻതോതിൽ പൊടിപടലങ്ങൾ ഉയരുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്.
ദുരന്തത്തിന്റെ കൃത്യമായ സ്ഥാനമോ ഇതിലൂടെയുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവരും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നേരിടുന്ന കടുത്ത ഭീഷണിയാണ് ഈ സംഭവം വെളിപ്പെടുത്തുന്നത്.
ആളപായമോ സമീപത്തെ വീടുകൾക്കോ റോഡുകൾക്കോ കേടുപാടുകൾ സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡിൽ തുടരുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
താഴ്ന്ന പ്രദേശങ്ങളിൽ പെയ്ത കനത്ത മഴയും ഉയർന്ന മലനിരകളിലെ മഞ്ഞുവീഴ്ചയും മണ്ണിന്റെ ഉറപ്പ് കുറയ്ക്കാൻ കാരണമായി. സെപ്റ്റംബറിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലയിടിച്ചിലിൽ സംസ്ഥാനത്തെ പല പ്രധാന റോഡുകളും തകരുകയും ഗതാഗതം പൂർണമായി തടസപ്പെടുകയും ചെയ്തിരുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് അധികൃതർക്ക് തീർഥാടന യാത്രകൾ പോലും താൽക്കാലികമായി നിർത്തിവെക്കേണ്ടി വരികയും, പിത്തോറഗഡ്-തനക്പൂർ ഹൈവേയിൽ പാറക്കഷണങ്ങൾ പതിച്ച് ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി, ബാഗേശ്വർ, നൈനിറ്റാൾ, അൽമോറ, പിത്തോറഗഡ് തുടങ്ങിയ ജില്ലകളിൽ വരുംദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
മറ്റ് പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കുമെങ്കിലും സമതലങ്ങളിൽ നേരിയ മഞ്ഞിന് സാധ്യതയുണ്ട്. നിലവിൽ വലിയ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നിലവിലില്ലെങ്കിലും, മഴ തുടരുന്നത് ഹിമാലയൻ മലനിരകളുടെ ചരിവുകളെ കൂടുതൽ ദുർബലമാക്കുമെന്നതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ہمالیہ کے دامن میں واقع کماؤں ڈویژن Kumaon division کی یہ فوٹیج زمین کے ایک بڑے تودے کے کھسکنے (لینڈ سلائیڈ) کا منظر پیش کرتی ہے،
— Muhammad Suhail ALI. (@MuhammaddSuhail) October 1, 2026
جس میں پہاڑی سلسلے کے حصے لوگوں کی آنکھوں کے سامنے گرتے اور سرکتے ہوئے دکھائی دے رہے ہیں۔ pic.twitter.com/MjtYzmvXVI
Tags : UttarakhandLandslide KumaonLandslide UttarakhandNews HimalayanDisaster BreakingNews