ഉഗാണ്ടയിലെ കമ്പാലയിലുള്ള കറ്റ്വെ ചേരികളിൽ നിന്ന് നൃത്തച്ചുവടുകളിലൂടെ ആഗോള ശ്രദ്ധനേടിയ 'ഗെട്ടോ കിഡ്സ്' തങ്ങളുടെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന്റെ നെറുകയിലാണ്.
2026-ലെ ഫിഫ ലോകകപ്പിന്റെ ഹാഫ് ടൈം ഷോയിൽ പ്രശസ്ത ആഗോള പോപ്പ് ഗായിക ഷക്കീറയ്ക്കൊപ്പം ഈ കൊച്ചു മിടുക്കരും വേദി പങ്കിടും.
ബെർണാ ബോയ്ക്കൊപ്പം ഷക്കീറ ആലപിച്ച 'ദായ് ദായ്' എന്ന ഔദ്യോഗിക ലോകകപ്പ് ഗാനത്തെക്കുറിച്ച് സംസാരിക്കവെ ഷക്കീറ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ ഈ ഗാനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളും ആരാധകരുടെ നൃത്ത വീഡിയോകളും താൻ ശ്രദ്ധിക്കുന്നുണ്ടെന്നും, ഉഗാണ്ടൻ സംഘത്തെ ഇതിനകം തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചുകഴിഞ്ഞതായും ഗായിക വ്യക്തമാക്കി.
ആഫ്രോബീറ്റ്സ്, റെഗ്ഗെട്ടൺ, ഡാൻസ്-പോപ്പ് എന്നിവ സമന്വയിപ്പിച്ചാണ് ഈ ലോകകപ്പ് ഗാനം ഒരുക്കിയിരിക്കുന്നത്. 2014-ൽ ദൗഡ കവുമാ രൂപീകരിച്ച ഗെട്ടോ കിഡ്സ്, എഡ്ഡി കെൻസോയുടെ 'സിത്യാ ലോസ്' എന്ന പാട്ടിന് ചെയ്ത നൃത്തത്തിലൂടെയാണ് മുൻപ് ഇന്റർനെറ്റിൽ തരംഗമായത്.
പിന്നീട് ഫ്രഞ്ച് മൊണ്ടാനയുടെ മ്യൂസിക് വീഡിയോയിലും 2022-ലെ ഖത്തർ ലോകകപ്പ് വേദികളിലും ഇവർ സാന്നിധ്യമറിയിച്ചു. വിനോദത്തിനപ്പുറം, ഈ ലോകകപ്പ് ഗാനത്തിൽ നിന്നുള്ള വരുമാനം ലോകമെമ്പാടുമുള്ള കുട്ടികളുടെ വിദ്യാഭ്യാസ, കായിക പുരോഗതിക്കായി 'ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിലേക്ക്' സംഭാവന ചെയ്യും.
ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകളിൽ കാറ്റി പെറി, ലിസ, റെമ, ടൈല തുടങ്ങി നിരവധി അന്താരാഷ്ട്ര താരങ്ങളും അണിനിരക്കുന്നുണ്ട്.
ചേരിയിലെ തെരുവുകളിൽ നിന്ന് ലോകകപ്പിന്റെ മഹാമേളയിലേക്കുള്ള ഗെട്ടോ കിഡ്സിന്റെ ഈ വളർച്ച ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇപ്പോൾ പ്രചോദനമാകുന്നത്.
Tags : GhettoKids UgandaToTheWorld DaiDai FIFAWorldCup2026 Shakira