x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയമം കർശനമാണ്, പക്ഷേ മനുഷ്യത്വം അതിലും വലുതാണ്; സോഷ്യൽ മീഡിയയിൽ തരംഗമായി കേരളാ പോലീസിന്‍റെ ഈ ഇടപെടൽ


Published: April 9, 2026 10:32 PM IST | Updated: April 9, 2026 10:32 PM IST

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായ കർശന പരിശോധനകൾക്കിടയിലും പോലീസ് പുലർത്തിയ മനുഷ്യത്വപരമായ നിലപാട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബംഗളൂരുവിൽ നിന്നുള്ള ഒരു ബൈക്ക് സഞ്ചാരിയാണ് കേരള പോലീസിന്‍റെ മാന്യമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് ഇൻസ്റ്റാഗ്രാമിലൂടെ രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന കർശനമാണ്. ഇതിനിടയിലാണ് ഈ യാത്രക്കാരനെ ചെക്ക്‌പോസ്റ്റിൽ പോലീസ് തടയുന്നത്. വാഹനപരിശോധനയ്ക്കിടയിൽ യുവാവിന്‍റെ പക്കൽ നിന്നും 60,000 രൂപ പോലീസ് കണ്ടെത്തുകയുണ്ടായി.

നിലവിലെ നിയമമനുസരിച്ച് രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൈവശം വെക്കുന്നത് പണം പിടിച്ചെടുക്കുന്നതിലേക്ക് നയിക്കാവുന്ന കുറ്റമാണ്. ഈ വിവരം പോലീസ് ധരിപ്പിച്ചതോടെ, നിയമത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും തന്‍റെ പക്കലുള്ള തുക പിടിച്ചെടുക്കരുതെന്നും യാത്രക്കാരൻ ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചു.

ഒരു വിനോദസഞ്ചാരി എന്ന നിലയിലുള്ള യുവാവിന്‍റെ അവസ്ഥയും പണം കൈവശം വെച്ചതിന്‍റെ നിഷ്കളങ്കതയും ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ ഉന്നത അധികാരികളെ വിവരം അറിയിക്കുകയും ചെയ്തു.

മറ്റേതെങ്കിലും സംസ്ഥാനത്താണെങ്കിൽ കൈക്കൂലി ചോദിക്കാനോ പണം മുഴുവനായി കണ്ടുകെട്ടാനോ സാധ്യതയുള്ള ഇടത്താണ് കേരള പോലീസിന്‍റെ ഇടപെടൽ ശ്രദ്ധേയമായത്.

യുവാവിനോട് ക്ഷമയോടെ പെരുമാറിയ അവർ പണം തിരികെ നൽകുകയും സുരക്ഷിതമായി യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു. എന്നാൽ ഇത്തരം നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ഗൗരവം അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർ മറന്നില്ല.

ഒരു രൂപ പോലും പിഴയായോ കൈക്കൂലിയായോ വാങ്ങാതെ തന്നോട് മാന്യമായി പെരുമാറിയ കേരള പോലീസിന് സല്യൂട്ട് നൽകികൊണ്ടാണ് യുവാവ് തന്‍റെ വീഡിയോ അവസാനിപ്പിച്ചത്.

13 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ ദൃശ്യങ്ങൾ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് നടപടികളുമായുള്ള താരതമ്യങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.

Tags : KeralaPolice ViralVideo KeralaElections2026 HumanityStillExists TrendingNow

Recent News

Corehub Up