ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നമീബിയ-അംഗോള അതിർത്തിയിലെ കഠിനമായ മരുഭൂമിയിൽ, ആധുനിക ലോകത്തിന്റെ യാതൊരുവിധ സ്വാധീനവുമില്ലാതെ ജീവിക്കുന്ന ഒരു ജനവിഭാഗമാണ് ഹിംബ ഗോത്രം.
യുഗങ്ങളായി തങ്ങളുടെ തനത് പാരമ്പര്യങ്ങളും സംസ്കാരവും അതേപടി നിലനിർത്തുന്ന ഇവർ, ലോകത്തെ അത്ഭുതപ്പെടുത്തുന്ന വേറിട്ട ജീവിതരീതികളാണ് പിന്തുടരുന്നത്.
അതിൽ ഏറ്റവും ശ്രദ്ധേയമായത് ജലക്ഷാമം രൂക്ഷമായ മരുഭൂമിയിൽ ജീവിക്കുന്ന ഇവരുടെ ശുചിത്വ പരിപാലനവും പരമ്പരാഗതമായ അതിഥി സൽക്കാര രീതികളുമാണ്. വെള്ളം അത്യപൂർവ്വമായ മരുഭൂമിയിൽ ഹിംബ ഗോത്രത്തിലെ സ്ത്രീകൾ ശരീരശുദ്ധിക്കായി സാധാരണ രീതിയിൽ കുളിക്കാറില്ല.
പകരം, 'ഓറ്റ്ജിസെ' എന്ന പ്രത്യേക ചുവന്ന മിശ്രിതമാണ് ഇവർ ശരീരത്തിലും ജട കെട്ടിയ തലമുടിയിലും തേച്ചുപിടിപ്പിക്കുന്നത്. പ്രകൃതിദത്തമായ ചുവന്ന കല്ല് പൊടിച്ച് വെണ്ണയുമായി ചേർത്താണ് ഇത് തയ്യാറാക്കുന്നത്.
ഇത് ഇവരുടെ സൗന്ദര്യ സങ്കൽപ്പത്തിന്റെ ഭാഗമാണെന്ന് മാത്രമല്ല, മരുഭൂമിയിലെ കഠിനമായ വെയിലിൽ നിന്നും പ്രാണികളുടെ ശല്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു കവചം കൂടിയാണ്.
വെള്ളമില്ലാതെ ശരീരത്തിലെ ദുർഗന്ധം അകറ്റാൻ ഇവർ പ്രത്യേക പുകക്കുളിയാണ് ആശ്രയിക്കുന്നത്. കനലിൽ സുഗന്ധമുള്ള സസ്യങ്ങളും മരപ്പൊടിയും ഇട്ട് അതിൽ നിന്നുമുയരുന്ന പുക ഏൽക്കുകയാണ് ഇവർ ചെയ്യുന്നത്. ശരീരം നന്നായി വേർത്ത് അഴുക്കുകൾ പുറന്തള്ളാൻ ഈ പുക സഹായിക്കുന്നു.
പൂർണമായ ശുദ്ധീകരണത്തിനായി വസ്ത്രങ്ങൾക്കൊണ്ട് ശരീരം മൂടി ഈ പുക ഉള്ളിലേക്ക് ആവാഹിക്കുന്നതോടെ ഇവരുടെ ശരീരം സദാ സുഗന്ധപൂരിതമായിരിക്കുന്നു. വ്യക്തിശുചിത്വത്തിലെ ഈ വ്യത്യാസങ്ങൾ പോലെ തന്നെ ഇവരുടെ സാമൂഹിക-വിവാഹ ആചാരങ്ങളും ഏറെ സങ്കീർണമാണ്.
പുരുഷാധിപത്യം ശക്തമായ ഈ സമൂഹത്തിൽ അതിഥികളെ സ്വീകരിക്കുന്നതിന് 'ഓകുജെപിസ ഒമുകാസെന്ദു' എന്ന വിചിത്രമായ ഒരു ആചാരമുണ്ട്. വീട്ടിലേക്ക് വിശിഷ്ടരായ പുരുഷ അതിഥികൾ വരുമ്പോൾ, അവർക്ക് തങ്ങളുടെ ഭാര്യമാരെ ഒപ്പം കിടക്കാൻ അനുവദിച്ച് ആദരിക്കുന്നതാണ് ഈ രീതി.
ഈ സമയത്ത് ഭർത്താവ് മറ്റൊരു മുറിയിലോ വീടിന് പുറത്തോ ആണ് ഉറങ്ങുക. സൗഹൃദം ദൃഢമാക്കാനും അസൂയ ഇല്ലാതാക്കാനും ഈ ആചാരം സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
ബാഹ്യലോകത്തിന്റെ കാഴ്ചപ്പാടിൽ ഇത് വിമർശിക്കപ്പെടാറുണ്ടെങ്കിലും, തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി ഗോത്രവർഗക്കാർ ഈ രീതികളെ ഇന്നും അഭിമാനത്തോടെ നെഞ്ചേറ്റുന്നു.
Tags : HimbaTribe Namibia AfricanCulture IndigenousPeople AncientTraditions