മാനുഷിക ജോലികൾ യാതൊരു തടസവുമില്ലാതെ ചെയ്ത് അത്ഭുതപ്പെടുത്തുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ ഇന്ന് വെറും സയൻസ് ഫിക്ഷൻ സിനിമകളിലെ കാഴ്ച മാത്രമല്ല, മറിച്ച് നമ്മുടെ യാഥാർഥ്യത്തിന്റെ ഭാഗമാണ്.
എന്നാൽ അടുത്തിടെ ഒരു സാങ്കേതിക പ്രദർശനത്തിനിടയിൽ ചിത്രീകരിച്ച റോബോട്ടിന്റെ വീഡിയോ സാങ്കേതിക ലോകത്തെ അത്ഭുതപ്പെടുത്തുന്നതിനൊപ്പം സോഷ്യൽ മീഡിയയിൽ വലിയ ചിരിക്കും വഴിവെച്ചിരിക്കുകയാണ്.
അടുക്കളയിലെ ഏറ്റവും ലളിതമായ ഒരു പച്ചക്കറി അരിയൽ ദൗത്യമാണ് ഈ ഹ്യൂമനോയിഡ് റോബോട്ടിനെ വിയർപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ വൈറലായ വീഡിയോയിൽ, ഒരു കൈയിൽ കത്തിയുമേന്തി വെള്ളരിക്ക അരിയാൻ ശ്രമിക്കുന്ന റോബോട്ടിനെ കാണാം.
കാഴ്ചയിൽ പണി നിസാരമെന്ന് തോന്നുമെങ്കിലും കൈയിലെ വിറയലും ഭയന്ന് പതുക്കെയുള്ള നീക്കങ്ങളും കണ്ടാൽ ആദ്യമായി അടുക്കളയിൽ കയറിയ ഒരാളുടെ അവസ്ഥയാണ് റോബോട്ടിനുള്ളതെന്ന് പ്രേക്ഷകർ തമാശയായി കുറിക്കുന്നു.
എന്നാൽ ഈ ചെറിയ ചലനങ്ങൾക്ക് പിന്നിൽ വലിയ സാങ്കേതിക പ്രക്രിയകളാണ് നടക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കത്തി പിടിക്കേണ്ട കോൺ, വെള്ളരിക്ക വഴുതിപ്പോകാതിരിക്കാനുള്ള ബലം, ഇരു കൈകളുടെയും കൃത്യമായ ഏകോപനം എന്നിവ മില്ലിമീറ്റർ കൃത്യതയോടെ മുൻകൂട്ടി കണക്കുകൂട്ടിയാൽ മാത്രമേ ഒരു റോബോട്ടിന് ഇത്തരം സാധാരണ ജോലികൾ പോലും ചെയ്യാൻ സാധിക്കൂ.
റോബോട്ടിന്റെ പിന്നിലെ സങ്കീർണമായ സാങ്കേതികവിദ്യ എന്തൊക്കെയാണെങ്കിലും, ട്രോളന്മാരും മീം പ്രിയരും സംഭവം ആഘോഷമാക്കി മാറ്റിയിട്ടുണ്ട്.
ജോലി ലഭിച്ച ആദ്യ ദിനത്തിലെ പരിഭ്രമമാണ് റോബോട്ടിനെന്ന് ചിലർ പരിഹസിച്ചപ്പോൾ, ഈ വേഗതയിൽ റോബോട്ട് പാചകം ചെയ്താൽ അത്താഴം കഴിക്കാൻ മൂന്നോ നാലോ പ്രവൃത്തിദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് മറ്റുള്ളവരുടെ അഭിപ്രായം.
മുൻപ് വെള്ളരിക്ക അരിഞ്ഞ് വൈറലായ സൂപ്പർ മോഡൽ കെൻഡൽ ജെന്നറിനോടും വയസുകാലത്തും ജോലി ചെയ്യേണ്ടി വരുന്ന മുതിർന്ന പൗരന്മാരോടും ചിലർ ഈ റോബോട്ടിനെ ഉപമിച്ചു.
എന്തായാലും റോബോട്ടുകൾ ലോകം കീഴടക്കുമെന്ന ആശങ്കകൾക്കിടയിൽ, പേടിച്ചരണ്ട് വെള്ളരിക്ക അരിയുന്ന ഈ റോബോട്ടിന്റെ ദൃശ്യങ്ങൾ ആളുകൾക്ക് വലിയൊരു ആശ്വാസവും ചിരിയുമാണ് സമ്മാനിക്കുന്നത്.
Tags : RobotFails HumanoidRobot TechHumor ViralNews CucumberChallenge