മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പ്രിയതമ മുംതാസിനായി പണിതുയർത്തിയ ആഗ്രയിലെ താജ്മഹൽ പ്രണയത്തിന്റെ നിത്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു.
ആ ചരിത്രസ്നേഹത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തന്റെ ഭാര്യക്കായി താജ്മഹലിന്റെ അതേ മാതൃകയിൽ ഒരു അത്ഭുതഭവനം നിർമ്മിച്ച് ശ്രദ്ധ നേടുകയാണ് ബുർഹാൻപൂർ സ്വദേശിയായ വ്യവസായി ആനന്ദ് പ്രകാശ് ചൗക്സി.
ആഗ്രയിലെ യഥാർഥ നിർമ്മിതിയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രണയസൗധം, പ്രമുഖ ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ശുഭം പ്രജാപതി പങ്കുവെച്ച വീഡിയോയിലൂടെയാണ് വീണ്ടും സോഷ്യൽ മീഡിയയുടെ മനസ് കവരുന്നത്.
ആനന്ദ് പ്രകാശ് ചൗക്സിയുടെ മകനും കുടുംബവുമാണ് ഈ ആഡംബര ഭവനത്തിന്റെ ഉള്ളറ കാഴ്ചകൾ പ്രേക്ഷകർക്കായി തുറന്നു കാണിക്കുന്നത്. യഥാർഥ താജ്മഹലിന്റെ മൂന്നിലൊന്ന് വലിപ്പത്തിൽ രണ്ടു നിലകളിലായാണ് ഈ വീട് പണിതുയർത്തിയിരിക്കുന്നത്.
ബാഹ്യരൂപത്തിൽ ആഗ്രയിലെ താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന കൂറ്റൻ ഗുംബസും നാല് വശങ്ങളിലെ തൂണുകളും കൊത്തുപണികൾ നിറഞ്ഞ പ്രവേശനകവാടവും മനോഹരമായ പുൽത്തകിടിയും ഇതിന്റെ ഭംഗി കൂട്ടുന്നു.
കൃത്യമായ നിർമ്മാണ സൗന്ദര്യം ലഭിക്കുന്നതിനായി യഥാർഥ താജ്മഹലിന്റെ അളവുകൾ ശേഖരിക്കുകയും, മീറ്ററിലുള്ള അളവുകൾ അടിയിലേക്ക് മാറ്റി കൃത്യതയോടെ വീട് രൂപകൽപ്പന ചെയ്യുകയുമായിരുന്നു. ഒന്നേമുക്കാൽ വർഷത്തോളം എടുത്താണ് ഈ സ്വപ്നഭവനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ രാജകീയമായ വലിയൊരു കൊട്ടാരത്തിൽ എത്തിയ അനുഭവമാണ് ലഭിക്കുന്നത്. വെളുത്ത മാർബിളുകളും ആകർഷകമായ ടൈലുകളും കൊണ്ട് നിർമ്മിച്ച ഇന്റീരിയറിന് മാറ്റുകൂട്ടുന്നത് 24 അടി ഉയരമുള്ള കൂറ്റൻ സീലിംഗും, സിനിമ സെറ്റുകളെ ഓർമ്മിപ്പിക്കുന്ന ഇരട്ട ഗോവണികളുമാണ്.
സ്വാഭാവിക വെളിച്ചം സുഗമമായി കടന്നുവരാൻ പാകത്തിലുള്ള വലിയ ജനലുകളും, രാജകീയമായ സോഫകളും, പെയിന്റിംഗുകളും, മൂഡ് ലൈറ്റിംഗും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വീടിന്റെ അകത്തളങ്ങൾക്ക് ഒരു കൊട്ടാരത്തിന്റെ പ്രൗഢിയും ഗാംഭീര്യവും നൽകുന്നു.
പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലായി മാറിയ ഈ അപൂർവ്വ ഭവനം ഇന്ന് സഞ്ചാരികൾക്കും സോഷ്യൽ മീഡിയ ലോകത്തിനും വലിയ വിസ്മയമായി തുടരുകയാണ്.
Tags : TajMahalReplica LoveStory ModernTajMahal AnandPrakashChouksey MadcapLive