പ്രിയപ്പെട്ട മകന്റെ വേർപാടിൽ പതറാതെ, അവനെ സ്വർഗീയ യാത്രയ്ക്കായി പാടി യാത്രയാക്കിയ ഒരമ്മയുടെ ചിത്രം ഇന്ന് ലോകത്തിന് വിങ്ങുന്ന നോവാകുന്നു.
കൊടകര പന്തല്ലൂക്കാരൻ ഫ്രാൻസീസിന്റെ ഭാര്യ 75 -കാരിയായ മരിയ ഗൊരേത്തിയാണ്, അകാലത്തിൽ വിടപറഞ്ഞ മകൻ ലോനപ്പന്റെ (49) ഭൗതികദേഹത്തിന് അരികിലിരുന്ന് 'തേനൊഴുകും പാലൊഴുകും നാടാണെന്നുടെ വീട്' എന്ന പ്രശസ്തമായ ക്രൈസ്തവ ഗാനം ആലപിച്ചത്.
കനകമല കയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ലോനപ്പനെ ആശുപത്രിയിൽ എത്തിക്കുംമുമ്പേ മരിക്കുകയായിരുന്നു.
മരണമെന്നത് സ്വർഗത്തിലേക്കുള്ള വാതിലാണെന്ന ഉറച്ച ബോധ്യത്തോടെ ഈ അമ്മ പാടിയ വരികൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സംഗീതം ഹൃദയത്തോട് ചേർത്തുവെച്ച കുടുംബമാണ് ലോനപ്പന്റേത്.
കഴിഞ്ഞ 37 വർഷമായി കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിലെ ഗായകസംഘത്തിൽ സജീവമായിരുന്ന ലോനപ്പൻ, അവസാന വർഷങ്ങളിൽ ക്വയർ മാസ്റ്ററായും പ്രവർത്തിച്ചിരുന്നു.
കീബോർഡിലും ഡ്രംസിലും റിഥം പാഡിലും ഒരുപോലെ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം തന്റെ അറിവ് പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിലും തൽപരനായിരുന്നു.
മരിയ ഗൊരേത്തി അമ്മയും ഏകദേശം 40 വർഷത്തോളം ഇതേ പള്ളിയിലെ ഗായകസംഘത്തിൽ അംഗമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറുന്ന, ഏതു തിരക്കിലും പള്ളിയിലെ ശുശ്രൂഷകളിൽ പങ്കുചേരാൻ മടിയില്ലാത്ത ശുദ്ധനായ ഒരു മനുഷ്യനായിരുന്നു ലോനപ്പൻ.
ലോനപ്പന്റെ മക്കളായ മരിയ ഗൊരേത്തിയും ഫ്രാൻസിസും കുടുംബത്തിന്റെ ഈ സംഗീത പാരമ്പര്യം തുടരുന്നുണ്ട്. മകൾ അമേരിക്കയിൽ ഉപരിപഠനത്തിന് പോകും വരെ ഗായകസംഘത്തിൽ സജീവമായിരുന്നു.
ബംഗളൂരുവിൽ പഠിക്കുന്ന മകൻ ഫ്രാൻസിസ് പള്ളിയിലെ ക്വയറിൽ ഡ്രമ്മറായും പ്രവർത്തിക്കുന്നു. കെ.വി. സൈമൺ ഒരു നൂറ്റാണ്ട് മുൻപ് രചിച്ച ആശ്വാസഗാനം ഈ അമ്മയുടെ സ്വരത്തിൽ കേട്ടപ്പോൾ പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉൾപ്പെടെയുള്ളവർ അത് പങ്കുവെച്ചു.
സങ്കടക്കടലിലും തളരാതെ മകനെ ദൈവകരങ്ങളിലേക്ക് സമർപ്പിച്ച മരിയ ഗൊരേത്തിയുടെ ചിത്രം ഏവർക്കും ഒരു വലിയ പാഠമായി മാറുകയാണ്.
Tags : ViralVideo HeartTouching MalayalamNews KeralaDiaries EmotionalMoment