സൗദിയും അമേരിക്കയും 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടു
Tuesday, May 13, 2025 5:17 PM IST
റിയാദ്: സൗദി അറേബ്യയും അമേരിക്കയും 14,200 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചു. നാലു ദിവസം നീളുന്ന പശ്ചിമേഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ സൗദിയിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമാണു കരാറിൽ ഒപ്പുവച്ചത്.
ഇറാന്റെ ആണവപരീക്ഷണം നിർത്തലാക്കുക, ഗാസ യുദ്ധം അവസാനിപ്പിക്കുക, എണ്ണവില പിടിച്ചുനിർത്തുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. യുഎസ് പ്രസിഡന്റായശേഷം ഡോണൾഡ് ട്രംപിന്റ ആദ്യ വിദേശ സന്ദർശനമാണിത്. 16-ാം തീയതി വരെ നീളുന്ന ഗൾഫ് സന്ദർശനത്തിടെ ഖത്തർ, യുഎഇ രാജ്യങ്ങളും ട്രംപ് എത്തും.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. അമേരിക്കയും സൗദിയും കൈകോർക്കുന്പോൾ വലിയ കാര്യങ്ങൾ സംഭവിക്കാറുണ്ടെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
600 ബില്യൺ ഡോളറിന്റെ നിക്ഷേപം യുഎസിൽ നടത്തുമെന്ന് സൽമാൻ രാജകുമാരൻ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഒരു ട്രില്യണായി ഉയർത്തിയാൽ നന്നായിരിക്കുമെന്നു തമാശരൂപേണ ട്രംപ് പറഞ്ഞു.
തുടർന്ന് ആഡംബരപൂർണമായ ഉച്ചഭക്ഷണവിരുന്നിലും ട്രംപ് പങ്കെടുത്തു. ട്രംപിന്റെ യാത്രാപരിപാടിയുടെ ഭാഗമായ സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ മക്കൾ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ വികസിപ്പിച്ചുവരികയാണ്. സൗദിയുടെ ഫൈറ്റർ ജെറ്റുകൾക്കുവേണ്ടിയുള്ള എയർ ടു എയർ മിസൈലുകൾ സംബന്ധിച്ചുള്ള ആദ്യഘട്ട അനുമതി ഈ മാസമാദ്യം യുഎസ് നൽകിയിരുന്നു.
ഗൾഫ് രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവും ട്രംപിനുണ്ട്. എന്നാൽ, ഇതിനുപകരമായി യുഎസിന്റെ സുരക്ഷാ ഉറപ്പും ആണവപദ്ധതികൾക്ക് സഹായവും പലസ്തീനിന് രാഷ്ട്രപദവിയും സൗദി പ്രതീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ വാരം പലസ്തീൻ വൈസ് പ്രസിഡന്റ് ഹുസൈൻ ഷെയ്ഖിന് ജിദ്ദയിൽ സ്വീകരണം നൽകിയതും പലസ്തീൻ വിഷയത്തിലെ സൗദിയുടെ നിലപാടിനെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു.