ഓൾ സെറ്റ്; ഇനി കെസിഎൽ വേലിയേറ്റം...
തോമസ് വര്‍ഗീസ്
Monday, July 7, 2025 12:47 AM IST
തിരുവനന്തപുരം: ‘കുട്ടി’ ക്രിക്കറ്റിന്റെ വലിയ ആരവത്തിന് അരങ്ങൊരുങ്ങി. അണിയറ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പിന് തുടക്കമാവാന്‍ ഇനി 45 ദിനം ബാക്കി. ഇനി പോരാട്ടത്തിനായി അവസാനംവട്ട മിനുക്ക് പണിയില്‍ ടീമുകള്‍. ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് ‘സിക്സര്‍’ പായിച്ചുകൊണ്ട് മിന്നും താരങ്ങളെ സ്വന്തമാക്കി ടീമുകള്‍. ഇതോടെ ഒന്നാം സീസണിലേക്കാള്‍ പോരാട്ടവീര്യവും ആവേശവും ഉയരുമെന്നുറപ്പ്.
കളറാക്കാന്‍ വെടിക്കെട്ട് ബാറ്റേഴ്സ്
ഇന്ത്യന്‍ താരം സഞ്ജു സാംസണ് ആദ്യമായി കേരള ക്രിക്കറ്റ് ലീഗില്‍ പോരാട്ടത്തിനിറങ്ങുന്നു എന്നത് ഈ സീസണിലെ പ്രത്യേകതയാണ്. സീസണ് രണ്ടില്‍ ഏറ്റവും ഉയര്‍ന്ന ലേല തുകയില്‍ 26.80 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സാണ് സഞ്ജുവിനെ സ്വന്തമാക്കിയത്.
കേരളത്തിന്റെ അതിഥിതാരം, ജലജ് സക്സേനയെ 12. 40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സും വെടിക്കെട്ട് ബാറ്റര്‍ വിഷ്ണു വിനോദിനെ 12. 70 ലക്ഷത്തിന് ഏരീസ് കൊല്ലവും സ്വന്തമാക്കിയപ്പോള്‍ ഈ ടീമുകളുടെയെല്ലാം ലക്ഷ്യം ഇക്കുറി ചാമ്പ്യന്‍പട്ടം എന്നതുമാത്രം. ഇതോടെ പോരാട്ടം കടുകട്ടിയാകും.
ബേസില്‍ തമ്പിയും സല്മാന് നിസാറും സച്ചിന് ബേബിയുമെല്ലാം കളം നിറയുമ്പോള്‍ കളിയാരവത്തിന്റെ ഗ്രാഫ് ഉയരും.
ആറു ടീം, ഒരേ സ്വപ്നം
ലീഗില്‍ പോരാട്ടത്തിനിറങ്ങുന്നത് ആറു ടീമുകളാണ്. ട്രിവാന്‍ഡ്രം റോയല്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കട്ട് ഗ്ലോബ്സ്റ്റാര്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നീ ടീമുടകളാണ് സീസണ് രണ്ടിലും ക്രീസിലെത്തുക.
ചാമ്പ്യന്‍ പെരുമയില്‍ ഏരീസ് കൊല്ലം
പ്രഥമ ക്രിക്കറ്റ് ലീഗിലെ ചാമ്പ്യന്മാര് എന്ന ഖ്യാതിയുമായിട്ടാണ് ഏരീസ് കൊല്ലം സെയ്ലേഴ്സ് ഇക്കുറി പോരാട്ടത്തിനായി ഇറങ്ങുക.
സച്ചിന് ബേബി ക്യാപ്റ്റനായി കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തിനിറങ്ങിയ കൊല്ലം, ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പ്രഥമ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ടത്.
മത്സരം കണ്ടവര്‍ 1.5 കോടി
സീസണ് ഒന്നില്‍ സ്റ്റാര്‍ സ്പോര്സിലൂടെ മത്സരം കണ്ടവരുടെ എണ്ണം ഒന്നരക്കോടിക്ക് അടുത്തെത്തി. ഒരുകോടി 40 ലക്ഷം പേര് സീസണ് ഒന്നില്‍ സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലൂടെ തത്സമയം മത്സരം കണ്ടത്. ഏഷ്യാനെറ്റ്, ഫാന്‍കോഡ് എന്നിവയിലൂടെ 32 ലക്ഷം പേരും മത്സരങ്ങള്‍ കണ്ടു. ഈ സീസണിലും സ്റ്റാര്‍ സ്പോര്‍ട്സ് കൂടാതെ ഏഷ്യാനെറ്റ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്യാനാണ് ക്രമീകരണങ്ങള്‍. ഒടിടി പ്ലാറ്റ്ഫോമായ ഫാന്‍കോഡിലും കളി തത്സമയം സംപ്രേഷണം ചെയ്യും.
കൊടിയേറ്റം ഓഗസ്റ്റ് 21ന് കാര്യവട്ടത്ത്
രണ്ടാം സീസണിലെ ആദ്യ മത്സരം ഓഗസ്റ്റ് 21നു നടക്കും. കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ലോകോത്തര നിലവാരത്തിലുള്ള പിച്ചില്‍ മിന്നും പ്രകടനത്തിനുള്ള തുടക്കമാകും. സെപറ്റംബര്‍ ആറിനാണ് കലാശപ്പോരാട്ടം.
പ്രോത്സാഹനവുമായി ലാലേട്ടന്
കെസിഎല്‍ സീസണ് രണ്ടിലും ബ്രാന്‍ഡ് അംബാസഡര്‍ മലയാളികളുടെ സ്വന്തം സൂപ്പര്‍ താരം മോഹന്‍ലാല്‍ ആണ്. ഫെഡറല്‍ ബാങ്ക് ആണ് ടൈറ്റില്‍ സ്പോണ്സര്. കഴിഞ്ഞ ദിവസം നടന്ന താരലേലത്തില്‍ ആകെയുള്ള 168 താരങ്ങളില്‍നിന്ന് 91 പേരെ വിവിധ ടീമുകള്‍ സ്വന്തമാക്കി. എ കാറ്റഗറി 26 ബി 16, സി 49 എന്നിങ്ങനെയാണ് ടീമുകള്‍ ലേലത്തില്‍ സ്വന്തമാക്കിയത്.