കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് യാത്ര ജയ് പാക്കിസ്ഥാൻ യാത്ര പോലെ: ബിജെപി
Saturday, May 31, 2025 2:29 AM IST
ന്യൂഡൽഹി: രാജ്യത്തിന്റെ സേനാ വിഭാഗത്തിന് ആദരമർപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് രാജ്യത്തുടനീളം നടത്തുന്ന ജയ്ഹിന്ദ് യാത്രയെ രൂക്ഷമായി വിമർശിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് യാത്ര ജയ് പാക്കിസ്ഥാൻ യാത്ര പോലെ തോന്നുന്നുവെന്നാണ് ബിജെപിയുടെ ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞത്.
സൈനികസംഘർഷത്തിൽ കോണ്‍ഗ്രസ് നേതാക്കൾ പാക്കിസ്ഥാനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് മൗനം പാലിച്ചു. ഇന്ത്യക്കുണ്ടായ നഷ്ടങ്ങളെ തുടർച്ചയായി ചോദ്യം ചെയ്യുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു പത്രയുടെ വിമർശനം.
മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഇന്ത്യക്ക് സൈനിക ഏറ്റുമുട്ടലിൽ നഷ്ടമായ വിമാനങ്ങളെത്രയെന്ന് തുടർച്ചയായി ചോദ്യമുയർത്തുന്നുവെന്നും വിദേശത്തേക്കു യാത്ര ചെയ്യുന്ന ബഹുകക്ഷി സംഘങ്ങളിലെ എംപിമാരെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് തീവ്രവാദികളുമായി തുലനം ചെയ്യുകയാണെന്നും പത്ര പറഞ്ഞു.
പാക്കിസ്ഥാനിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ കേന്ദ്രങ്ങളുടെയും വ്യോമയാന താവളങ്ങളുടെയും കണക്ക് രാഹുൽ ചോദ്യം ചെയ്തിട്ടില്ലെന്നും പാക്കിസ്ഥാനേക്കാൾ കൂടുതലായി അദ്ദേഹത്തിന്റെ പാർട്ടി ഇന്ത്യക്ക് നഷ്ടപ്പെട്ട യുദ്ധവിമാനങ്ങളുടെ കണക്ക് ചോദിക്കുകയാണെന്നും പത്ര പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു കാരണക്കാരായ തീവ്രവാദികൾ റോന്തു ചുറ്റുകയാണെന്നും അതുപോലെതന്നെ പ്രതിനിധി സംഘം എംപിമാരും വിദേശത്തു കറങ്ങിനടക്കുകയാണെന്നുള്ള ജയ്റാം രമേശിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി, കോണ്‍ഗ്രസ് എംപിമാരും പ്രതിനിധി സംഘത്തിലുൾപ്പെട്ടിട്ടുണ്ടെന്ന് സംബിത് ഓർമിപ്പിച്ചു.