ചാരവൃത്തി: ഒരാൾകൂടി പിടിയിൽ
Sunday, June 1, 2025 2:34 AM IST
ന്യൂഡൽഹി: പാക് രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യൻ മൊബൈൽ സിം കാർഡ് എത്തിച്ചുനൽകിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹിയിൽ ഒരാൾകൂടി അറസ്റ്റിൽ.
പാക്കിസ്ഥാനിൽ 90 ദിവസത്തോളം താമസിക്കുകയും പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്ത ഡൽഹി സ്വദേശി 34 കാരനായ കാസിമിന്റെ സഹോദരൻ അസിം ആണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ കാസിമിനെ ചോദ്യംചെയ്തതോടെയാണ് അസിമിന്റെ പങ്ക് വ്യക്തമായത്.
പാക് രഹസ്യാന്വേഷണ വിഭാഗം ചാരവൃത്തിക്കായി മൊബൈൽ ഫോണുകൾ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഇന്ത്യൻ സേനയുടെയും തന്ത്രപ്രധാന സർക്കാർ കേന്ദ്രങ്ങളുടെയും വിവരങ്ങൾ ഇതുപയോഗിച്ച് കൈമാറിയെന്നാണു നിഗമനം.
2024 ഓഗസ്റ്റിലും 2025 മാർച്ചിലും പാക്കിസ്ഥാനിലേക്കു പോയ കാസിം അവിടെ 90 ദിവസത്തോളം കഴിഞ്ഞിരുന്നു. ഇതിനിടെ പാക് രഹസ്യാന്വേഷണ വിഭാഗത്തിനു പുറമേ ഐഎസ്എസ് ഉദ്യോഗസ്ഥരുമായും ഇയാൾ ആശയവിനിമയം നടത്തിയിരുന്നു.