ഹാഫിസിനെ കൈമാറിയാൽ ചർച്ചയാകാം: പ്രതിരോധമന്ത്രി
Saturday, May 31, 2025 2:29 AM IST
പനാജി: ഉഭയകക്ഷിചർച്ചയെന്ന ആവശ്യം ഗൗരവപൂർവം ഉന്നയിക്കുന്നതാണെങ്കിൽ ഹാഫിസ് സയ്യിദും മസൂദ് അസറും ഉൾപ്പെടെ ഭീകരരെ ഇന്ത്യക്കു കൈമാറാൻ പാക്കിസ്ഥാൻ തയാറാകണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഇന്ത്യ മാത്രമല്ല, യുഎന്നും ഈ ഭീകരരെ വിട്ടുകിട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളതാണ്. മുംബൈ ഭീകരാക്രമണത്തിലെ പ്രതികളിലൊരാളായ തഹാവൂർ റാണയെ അടുത്തിടെ ഇന്ത്യക്കു വിട്ടുകിട്ടി.
മുംബൈ ഭീകരാക്രമണത്തിൽ ഹാഫിസ് സയ്യിദിനും പങ്കുണ്ട്. ഇയാളുടെ കുറ്റകൃത്യത്തിൽ നീതി നടപ്പാക്കിയിരിക്കും- ഇന്ത്യയുടെ വിമാനവാഹനിയായ ഐഎൻഎസ് വിക്രാന്തിലെ ഓഫീസർമാരെയും സൈനികരെയും അഭിസംബോധന ചെയ്ത് പ്രതിരോധമന്ത്രി പറഞ്ഞു.