കമ്പല്ലൂർ: ഈസ്റ്റ് എളേരി പഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയും ചേർന്ന് നടത്തിയ വായനാ ചാലഞ്ചിലെ വിജയികളുടെ സംഗമം ബുക്ക്മേറ്റ്സ് 2025 നാടിന് അവിസ്മരണീയമായ അനുഭവമായി.
പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം പി.വി. സതീദേവി അധ്യക്ഷയായി. ഏറ്റവും കൂടുതൽ കുട്ടികൾ ചാലഞ്ച് പൂർത്തിയാക്കിയ കമ്പല്ലൂർ ജിഎച്ച്എസ്എസിനും സിആർസി ഗ്രന്ഥശാലയ്ക്കും മാത്യു മാഞ്ഞൂർ സ്മാരക പുരസ്കാരവും 7500 വീതം രൂപയുടെ പുസ്തകങ്ങളും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി. പ്രഭാകരൻ സമ്മാനിച്ചു.
മികച്ച ലൈബ്രേറിയൻമാരായി തിരഞ്ഞെടുക്കപ്പെട്ട മിനി സുഭാഷ് (കമ്പല്ലൂർ സിആർസി ഗ്രന്ഥശാല), ആതിര സരിത്ത് (ആയന്നൂർ യുവശക്തി ഗ്രന്ഥശാല), മികച്ച വായന ഡയറികൾ തയ്യാറാക്കിയ ദേവനന്ദ ബിനോയ് (ആയന്നൂർ യുവശക്തി), ദർശിക് പി. ഗോവിന്ദ് (അരിമ്പ എകെജി ഗ്രന്ഥശാല) എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി കാഷ് അവാർഡുകൾ വിതരണം ചെയ്തു.
മികച്ച വായനാനുഭവങ്ങൾ തയ്യാറാക്കിയ വിദ്യാർഥികളെയും ഡയമണ്ട്, പ്ലാറ്റിനം ചാലഞ്ചുകൾ പൂർത്തിയാക്കിയവരെയും സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്കി ആദരിച്ചു. ബാലസാഹിത്യകാരൻ സുനിൽ കുന്നരു, ബിനോയ് മാത്യു, കെ.ആർ. ലതാഭായി, ജിതേഷ് കമ്പല്ലൂർ, ലിഷ ബിനോയ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കി.
മെന്റർ സന്തോഷ് ചിറ്റടി വായന ചാലഞ്ച് അവലോകനം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രശാന്ത് സെബാസ്റ്റ്യൻ, കെ.കെ. മോഹനൻ, മേഴ്സി മാണി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.സി. അനിൽകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ. മോഹനൻ, ജില്ലാ കൗൺസിലർ കെ.കെ. ദിപിൻ, എം.എസ്. ഹരികുമാർ, പി. ജനാർദനൻ, പഞ്ചായത്ത് സമിതി കൺവീനർ പി.ഡി. വിനോദ്, സിആർസി ഗ്രന്ഥശാല സെക്രട്ടറി കെ.പി. ബൈജു എന്നിവർ പ്രസംഗിച്ചു.