കാഞ്ഞങ്ങാട്: കനത്ത മഴയിലും ആവേശം ചോരാതെ കാഞ്ഞങ്ങാട് രമേശ് ചെന്നിത്തല നയിച്ച ലഹരിവിരുദ്ധ റാലി വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രൗഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിക്കെതിരെ സമൂഹനടത്തം എന്ന പരിപാടിയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാകാരന്മാര്, വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വന്‍ ജനസഞ്ചയമാണ് ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി എത്തിച്ചേര്‍ന്നത്. കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച നടത്തം മാന്തോപ്പ് മൈതാനത്ത് എത്തി ലഹരിവര്‍ജന സന്ദേശം നല്കി പ്രതിജ്ഞ ചൊല്ലി സമാപിച്ചു.
ലഹരിക്കെതിരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം ഫലവത്താവില്ലെന്നും വിശാലമായ ജനകീയ പിന്തുണയോട് കൂടി മാത്രമേ സമ്പൂര്‍ണ പ്രതിരോധം സാധ്യമാകൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രൗഡ് കേരള സംസ്ഥാന ചെയര്മാന് മലയിന്‍കീഴ് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി, സ്വാമി പ്രേമനന്ദ, അബ്ദുള്‍ അസീസ് അഷ്റഫി, അബ്ദുൾ റഹ്മാന് അഷ്റഫി, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, ഡോ. ഖാദര്‍ മാങ്ങാട്, ഡോ. അജയകുമാര്‍ കോടോത്ത്, കെ. നീലകണ്ഠന്, ഹക്കീം കുന്നില്‍, എം. അസിനാര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ. ഖാലിദ്, കൂക്കള്‍ ബാലകൃഷ്ണന്, ടി.കെ. സുധാകരന്, വി. കമ്മാരന്, സി. മുഹമ്മദ്കുഞ്ഞി, സുരൂര്‍ മൊയ്ദു ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ബഷീര്‍ ആറങ്ങാടി, കെ.ആര്. കാര്ത്തികേയന്, ജോമോന് ജോസ്, ഗംഗാധരന് കുട്ടമത്ത്, കെ.കെ.രാജേന്ദ്രന്, ബി.പി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.