കാസര്‍ഗോഡ്: ഒന്പതുവര്ഷത്തെ ഇടതുഭരണം വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം ഉള്‍പ്പെടെയുള്ള സര്‍വ മേഖലകളും തകര്‍ത്തു തരിപ്പണമാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ദേശീയപാത നിര്‍മാണം അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ്. നിര്‍മാണത്തില്‍ ഉണ്ടായ അപാകതകള്‍ മാത്രമല്ല റോഡ് നിര്‍മാണത്തിന്റെ പേരില്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കിക്കൊണ്ട് അശാസ്ത്രീയമായി കുന്നുകള്‍ നിരപ്പാക്കുകയും കല്ലും മണ്ണും മണലും കുഴിച്ചെടുത്ത് നാട്ടുകാര്‍ക്ക് വന്‍ ഭീഷണിയായി റോഡ് നിര്‍മാണം മാറിയിരിക്കുകയാണ്.
കീം പരീക്ഷ നടത്തിപ്പ് ഇടതു സര്‍ക്കാരിന്റെ പിടിപ്പുകേടുകളുടെ നേര്‍ക്കാഴ്ചയായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി വച്ചാണ് സര്‍ക്കാര്‍ പന്താടിയത്. രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, പിന്‍വാതില്‍ നിയമനം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ആക്രമണങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, ആശാവര്‍ക്കര്‍മാരോടുള്ള അവഗണന, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച, തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍, പെന്ഷന് മുടക്കം, മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടം എന്നിങ്ങനെ ഭരണപരാജയത്തിനെ വേലിയേറ്റം തുടരുന്ന കേന്ദ്ര-സംസ്ഥാന ഭരണത്തിനെതിരെയാണ് പതിനാല് ജില്ലകളിലും കെപിസിസി സമരസംഗമം സംഘടിപ്പിക്കുന്നത്.
ആസന്നമായ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുഭരണത്തിനെതിരെ കേരള ജനത പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, ഹക്കീം കുന്നില്‍, എം.സി. പ്രഭാകരന്, കരിമ്പില്‍ കൃഷ്ണന്, മീനാക്ഷി ബാലകൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, പി.ജി. ദേവ്, ജയിംസ് പന്തമാക്കല്‍, ബി.പി. പ്രദീപ്കുമാര്‍, സോമശേഖര ഷേണി, സി.വി. ജയിംസ്, പി.വി. സുരേഷ്, ഹരീഷ് പി. നായര്‍, ടോമി പ്ലാച്ചേരി, ഗീത കൃഷ്ണന്, ധന്യ സുരേഷ്, എം. രാജീവന് നമ്പ്യാര്‍, മധുസൂദനന് ബാലൂര്‍, ഉമേശന് വേളൂര്‍, ജോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.