കാസര്‍ഗോഡ്: ഹയര്‍സെക്കന്‍ഡറി മേഖലയോടുള്ള അവഗണനക്കെതിരെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് 26നു രാവിലെ 10നു പ്രതിഷേധസംഗമം നടത്തും. കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്യും.
അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ജൂണിയര്‍ അധ്യാപകര്‍ക്ക് സീനിയര്‍ തസ്തിക നല്‍കുക, ജൂണിയര്‍ സര്‍വീസ് പ്രിന്‍സിപ്പല്‍ പ്രമോഷന് പരിഗണിക്കുക, പ്രിന്‍സിപ്പല്‍ തസ്തികയില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ മാത്രം നിയമിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണ കുടിശിക പൂര്‍ണമായും അനുവദിക്കുക, അധ്യാപകരുടെ ന്യായമായ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കുക, 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടന്‍ പ്രഖ്യാപിക്കുക, മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കുക, സ്റ്റാറ്റിയൂട്ടറി പെന്ഷന് സമ്പ്രദായം പുനഃസ്ഥാപിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സമരപ്രഖ്യാപന കണ്വെന്ഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് ഉദ്ഘാടനം ചെയ്തു. എ.ബി. അന്‍വര്‍ അധ്യക്ഷതവഹിച്ചു. മെജോ ജോസഫ്, ഷിനോജ് സെബാസ്റ്റ്യന്‍, റിന്‍സി, സി.പി. ശ്രീജ, കെ. ബാലചന്ദ്രന്, കെ.പ്രേമലത, സുബിന് ജോസ് എന്നിവര്‍ സംസാരിച്ചു.
പ്രവീണ്‍കുമാര്‍ സ്വാഗതവും റംസാദ് അബ്ദുള്ള നന്ദിയും പറഞ്ഞു.