അമ്പലപ്പുഴ: നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തങ്ങളുടെ കലാലയത്തിലെ ചുറ്റുമതില്‍ നിര്‍മാണത്തില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചുറ്റുമതില്‍ നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഏഴു വിദ്യാര്‍ഥി നികള്‍ നല്കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി കര്‍ശന നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്.
മെഡിക്കല്‍ കോളജിന്റെ ചുറ്റുമതില്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട് മൂന്നു വര്‍ഷത്തിലേറെയായി.
ഒരേക്കര്‍ 19 സെന്റ് സ്ഥലമാണ് ഉള്ളത്. എന്നാല്‍, മതില് പൊളിച്ചുമാറ്റിയതിന്റെ 34 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്. പിന്നീട് 1.7 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറി ഒരുവര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമായില്ല.
എട്ടിലധികം ഹോസ്റ്റലുകളിലായി ആയിരത്തിലധികം മെഡിക്കല്‍ വിദ്യാര്‍ഥികള്‍, നൂറുകണക്കിന് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ്, പത്തോളജി, അനാട്ടമി ഉള്‍പ്പെടെയുള്ള ലാബുകള്‍, കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ എന്നിവയുള്ള ഈ കാമ്പസില്‍ ആര്‍ക്കും എപ്പോഴും ഒരു പരിശോധനയും കൂടാതെ കടന്നുവരാം എന്ന അവസ്ഥയാണുള്ളത്.
വനിതാ ഹോസ്റ്റലുകളില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യം ഉണ്ടായതിനാല്‍ പല പ്രാവശ്യം പുന്നപ്ര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുള്ളതാണ്. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ആറ് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മരണം പോലും ഈ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. തെരുവു നായ്ക്കളുടെ ശല്യം മൂലം പകല്‍ പോലും കാമ്പസില്‍ കയറി ചെല്ലാന്‍ പറ്റാത്ത അവസ്ഥയാണ്.
നിര്‍മാണവുമായി ബന്ധപ്പെട്ട് പിടിഎ പ്രതിനിധികള്‍ കഴിഞ്ഞ കുറെ കാലമായി മന്ത്രിമാര്‍, എംപി, എംഎല്‍എമാര്‍, കളക്ടര്‍ തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. അവസാനം കെ.സി. വേണുഗോപാല്‍ എംപി മുന്‍കൈയെടുത്ത് ഈ വര്‍ഷമാദ്യം കളക്ടറേറ്റില്‍ ഒരു യോഗം കൂടുകയും യോഗത്തില്‍ കണ്ടിജന്‍സി ഫണ്ട് ഉപയോഗിച്ച് ദേശീയ പാത അഥോറിറ്റി ഈ മതില് നിര്‍മിച്ചു നല്‍കാം എന്ന് വാഗ്ദാനം ചെയ്തതുമാണ്. എന്നാല്‍, ഇതിനും കാലതാമസം നേരിട്ടതോടെയാണ് പിടിഎയുടെ സഹായത്തോടെ കോളജിലെ സാവ്യാ രാജു, ഫാത്തിമാ സുല്‍ത്താന, നിദാ നസ്റിന്, സ്നേഹാ രവീന്ദ്രന്, എസ്. പാര്‍വതി, റിയാ.എല്‍. റോബിന്‍സണ്‍, റിഫാനാ റഷീദ് എന്നീ ഏഴു വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കുകയും കാമ്പസിന്റെയും കുട്ടികളുടെയും സുരക്ഷക്കു തന്നെ ഭീഷണിയായി നിലനില്‍ക്കുന്ന ഈ വിഷയത്തില്‍ അധികാരികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. അടിയന്തരമായി മൂന്നു മാസത്തിനുള്ളില്‍ ചുറ്റുമതില്‍ നിര്‍മിക്കണമെന്ന് ജസ്റ്റീസ് നഗരേഷിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് ഉത്തരവിടുകയും ചെയ്തു. അഡ്വ. രഘുരാജ മേനോനാണ് ഹൈക്കോടതിയില്‍ വിദ്യാര്‍ഥികള്‍ക്കായി ഹാജരായത്.