നെടുങ്കണ്ടം: കല്ലാര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. 1956 ജൂലൈ 17ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് ഇപ്പോള്‍ ഹയര്‍ സെക്കൻഡറിയായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ജില്ലയിലെ ഏറ്റവും വലിയ സ്കൂളാണ്.
സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൂര്‍വ അധ്യാപക - വിദ്യാര്‍ത്ഥീ സംഗമം, ലഹരിവിരുദ്ധ കാമ്പയിന്, കലാകായിക മത്സരങ്ങള്‍, പഠനയാത്രകള്‍, പട്ടംകോളനി ചരിത്ര ഗവേഷണം, സാംസ്കാരിക കേന്ദ്രം സ്ഥാപിക്കല്‍, ടാലന്റ് ഹണ്ട്, അഗ്രി ഫെസ്റ്റ്, സ്നേഹവീട് നിര്‍മാണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പരിപാടികള്‍.
നാളെ രാവിലെ 10ന് ലഹരിക്കെതിരേ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും ചേര്‍ന്ന് മനുഷ്യച്ചങ്ങല തീര്‍ക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് രമേഷ് കൃഷ്ണന് അധ്യക്ഷത വഹിക്കും. എം.എം. മണി എംഎല്‍എ സപ്തതി പദ്ധതി പ്രകാശനവും ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണവും നടത്തും.
ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പിടിഎ പ്രസിഡന്റ് രമേഷ് കൃഷ്ണന്, സിഎംസി ചെയര്മാന് വിജയന്‍പിള്ള, പ്രിന്‍സിപ്പൽ കെ.വി. ഹല്ലോക്ക്, ഹെഡ്മാസ്റ്റര് ജോണ്‍ മാത്യു, സിറാജ് മുണ്ടിയെരുമ, ഷംസുദീന്‍, എന്‍. അജിത, എന്‍. പ്രജിത, അംബുജാക്ഷന് എന്നിവര്‍ അറിയിച്ചു.