തൊടുപുഴ: വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യങ്ങൾ ശേഖരിക്കുന്ന പദ്ധതി ജില്ലയിൽ ആരംഭിച്ചു. ആധുനിക കാലഘട്ടത്തിൽ വെല്ലുവിളിയാകുന്ന ഇ- മാലിന്യങ്ങൾ (ഇലക്ട്രോണിക് മാലിന്യം) വില നിശ്ചയിച്ചായിരിക്കും ശേഖരിക്കുക. ആദ്യഘട്ടത്തിൽ ഹരിതകർമസേനവഴി തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ് മാലിന്യം ശേഖരിക്കുക. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ടു നഗരസഭകളിലെയും ഹരിതകർമസേനാംഗങ്ങൾക്ക് പരിശീലനം നൽകി.
43 ഇനങ്ങളാണ് ശേഖരിക്കുന്നത്. ഫ്രിഡ്ജ്, ലാപ്ടോപ്പ്, എൽസിഡി, എൽഇഡി ടിവി, വാഷിംഗ് മെഷീൻ, സീലിംഗ് ഫാൻ, മെബൈൽ ഫോണ്‍, സ്വിച്ച് ബോർഡ്, എയർകണ്ടീഷണർ, മിക്സർ ഗ്രൈൻഡർ, ടേബിൾ ഫാൻ, കന്പ്യൂട്ടർ സിപിയു, മോണിറ്റർ, മൗസ്, കീ ബോർഡ്, മോഡം, എൽസിഡി മോണിറ്റർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, അയണ്‍ബോക്സ്, മോട്ടോർ, ടെലിഫോണ്‍, റേഡിയോ, ഇലക്ട്രിക് കേബിൾ, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റെബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, മൈക്രോവേവ് ഓവൻ, എസ്എംപിഎസ്, ഹാർഡ് ഡിസ്ക്, സിഡി ഡ്രൈവ്, സ്പീക്കർ, ഹെഡ്ഫോണ്, പിസിബി ബോർഡ്, എമർജൻസി ലാംപ് എന്നിവ ശേഖരിക്കുന്നവയിൽ ഉൾപ്പെടും.
ശേഖരിക്കുന്ന സാധനങ്ങളുടെ വില ഇനം തിരിച്ച് കണക്കാക്കി ഹരിതകർമസേന നൽകും. ഇതിനു പുറമേയുള്ളവ പലവക വിഭാഗത്തിൽപ്പെടുത്തി നിശ്ചിത തുക നൽകും.
ക്ലീൻ കേരള കന്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ശുചിത്വമിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമസേന, കുടുംബശ്രീ, സ്കൂളുകൾ, കോളജുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരും പദ്ധതിയുമായി സഹകരിക്കും.
ശേഖരിക്കുന്ന മാലിന്യങ്ങൾ ക്ലീൻ കേരളയ്ക്ക് നൽകും. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കന്പനി നിശ്ചയിച്ച വിലയും ലഭിക്കും. വർഷത്തിൽ രണ്ട് തവണയാണ് ഇ-മാലിന്യ ശേഖരണം. ഈ മാസം 31 വരെ ആദ്യതവണത്തെ ശേഖരണമുണ്ടാകും.
വാർഡുകളിൽനിന്നു ശേഖരിക്കുന്നവ ഏതെങ്കിലും ഒരു സെന്ററിൽ സംഭരിച്ച് സുരക്ഷിതമായി സൂക്ഷിക്കും.
ഇത്തരത്തിൽ മൂന്നോ, നാലോ വാർഡുകൾ ചേർന്നതാകും ഒരു സെന്റർ. ഇവിടെനിന്ന് കന്പനി നേരിട്ടെത്തി ഇവ കൊണ്ടുപോകും. മുന്‍പും ഹരിതകർമസേന ഇ-മാലിന്യം ശേഖരിച്ചിരുന്നെങ്കിലും ഏറ്റെടുക്കാൻ ആരും വരാഞ്ഞതിനാൽ പദ്ധതി വിജയകരമായില്ല. എന്നാൽ ഇത്തവണ ക്ലീൻ കേരള ഏറ്റെടുക്കുന്നതിനാൽ അത്തരമൊരു പ്രശ്നമുണ്ടാകില്ല.
ഇ-മാലിന്യങ്ങളിലുള്ള മാരകമായ ചില രാസ പദാർഥങ്ങൾ ജലാശയങ്ങളിലും മറ്റും കലരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.