മൂവാറ്റുപുഴ: പുതു തലമുറയ്ക്ക് നമ്മൾ പഠിപ്പിച്ചു കൊടുക്കേണ്ട പാഠങ്ങൾ കേവലം പാഠപുസ്തകങ്ങളിലെ വരികളിൽ നിന്നു മാത്രമല്ലെന്നും നമുക്കു ചുറ്റുമുള്ള നന്മയുടെ മാതൃകകളെ കൂടി അവരുടെ ജീവിതത്തിൽ പകർത്താൻ കഴിയണമെന്നും മന്ത്രി കെ. രാജൻ.
സബൈൻ ആശുപത്രിയും അതിഥി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി ഒന്‍പത് കുടുംബങ്ങൾക്ക് സൗജന്യമായി നൽകിയ ഭവനങ്ങളുടെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ താക്കോൽ ദാനം നിർവഹിച്ചു. ആശുപത്രി എംഡി ഡോ. എസ്. സബൈൻ, ഡീൻ കുര്യാക്കോസ് എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ബാബു പോൾ, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അലിയാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബഷീർ, എ.പി. മിഷൻ ഹോസ്പിറ്റൽ ചെയർമാൻ പി.ആർ. മുരളീധരൻ, ബിജെപി എറണാകുളം ഈസ്റ്റ് ജില്ല ജനറൽ സെക്രട്ടറി അരുണ്‍ പി. മോഹൻ, സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ, പായിപ്ര പഞ്ചായത്തംഗം നെജി ഷാനവാസ്, ആശുപത്രി സിഇഒ ഡോ. സാന്റി സാജൻ, ജനറൽ മാനേജർ ഡെയ്സി റോയി എന്നിവർ പ്രസംഗിച്ചു.
നിർധനരായ ഒന്‍പത് കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിയാണ് സബൈൻ ഹോസ്പിറ്റൽസും അതിഥി ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി വീടുകൾ നിർമിച്ചു നൽകിയത്. 2.35 കോടി ചെലവഴിച്ച് 35 സെന്റ് സ്ഥലത്ത് ഒരേ മാതൃകയിലുള്ള ഒന്‍പതു വീടുകളാണ് നിർമിച്ചിരിക്കുന്നത്.
550 ചതുരശ്ര അടി വലിപ്പത്തിൽ നിർമിച്ചിരിക്കുന്ന വീടുകളിൽ രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുകൾ, അടുക്കള, സ്വീകരണ മുറി എന്നിവയും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.