നെന്മാറ: നെന്മാറ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിംഗിന്റെ നേതൃത്വത്തിൽ പറമ്പിക്കുളം, നെല്ലിയാമ്പതി, മംഗലംഡാം പ്രദേശത്ത് ഗ്രാമീണ വിദ്യാർഥികൾക്കായി പഠന-വിദ്യാഭ്യാസ, ആരോഗ്യ പരിപാടികൾക്കു തുടക്കമായി.
പറമ്പിക്കുളം ടൈഗർ റിസർവിന്റെയും, വനം വന്യജീവി വകുപ്പ് നെന്മാറ ഡിവിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരംഭഘട്ടത്തിൽ പറമ്പിക്കുളം ഉന്നതിയിലെ അഞ്ചു മേഖലകളിലായി ഇരുനൂറ്റിയന്പതിലധികം വിദ്യാർത്ഥികൾക്കാണ് പഠനോപകരണ വിതരണം നടത്തിയത്.
പറമ്പിക്കുളത്തെ സുങ്കം, പൂപ്പാറ, കുരിയാർകുറ്റി, തേക്കടി 30 ഏക്കർ ഉന്നതി എന്നിവിടങ്ങളിലും നെല്ലിയാമ്പതിയിലും, മംഗലംഡാം, കടപ്പാറ, തളികക്കല്ല് ഉന്നതികളിലുമായി ഈ വർഷം നാന്നൂറിലധികം വിദ്യാർഥികൾക്കും സഹായങ്ങൾ ലഭ്യമാക്കി. വരും ദിവസങ്ങളിൽ ഉന്നതിയിലെ വിദ്യാർഥികൾക്ക് ആവശ്യമായ പഠന സഹായവും പ്രത്യേക പരിശീലനവും നൽകും. പഠന ഉപകരണ സഹായത്തോടൊപ്പം ജീവിതനൈപുണ്യ വികസനം, സാമൂഹ്യ സമ്പർക്ക പരിപാടികൾ, ആശയ വിനിമയശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ, നേതൃത്വം പരിശീലനം, വ്യക്ത, കരിയർ ഗൈഡൻസ് എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
നെല്ലിയാമ്പതി, പറമ്പിക്കുളം, മംഗലംഡാം പ്രദേശങ്ങളിലായി നടന്ന വിവിധ പരിപാടികളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, സിഎൽഎസ്എൽ ഡയറക്ടർ അശോക് നെന്മാറ, സിഎൽഎസ്എൽ അഡ്മിനിസ്ട്രേറ്റർ അക്ഷര രവീന്ദ്രൻ പ്രസംഗിച്ചു.