ജിജോ സണ്ണിയും അലീഷ ജോണും വിദ്യാര്‍ഥികള്‍ക്ക് ബൈ മി എ കോഫി തൊപ്പികള്‍ സമ്മാനിക്കുന്നു.
കോട്ടയം: ആദ്യത്തെ സംരംഭം തോല്‍ക്കുമായിരിക്കാം, കുറെ തോല്‍വികള്‍ കഴിയുമ്പോള്‍ ഒരു വിജയമെങ്കിലുമുണ്ടാകും. ആ വിജയത്തില്‍ നിന്നുമാകും നമുക്കും മറ്റുള്ളവര്‍ക്കും വിജയിക്കാന്‍ സാധിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് കാപ്പിക്കട ഉദ്ഘാടനത്തിനു പോയി എന്നു തെറ്റിദ്ധരിപ്പിക്കപ്പെടുകയും വൈറലാകുകയും ചെയ്ത സംരംഭം ബൈ മി എ കോഫിയുടെ സ്ഥാപകന്‍ ജിജോ സണ്ണിയുടെ ഈ വാക്കുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വലിയ ആത്മവിശ്വാസവും പ്രചോദനവുമാണ് നല്‍കിയത്.
ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിലെ ഓൺട്രപ്രണര്‍ഷിപ്പ് വിഭാഗം സംഘടിപ്പിച്ച സംവാദ പരിപാടിക്ക് എത്തിയതായിരുന്നു ആഗോള ക്രിയേറ്റര്‍ സപ്പോര്‍ട്ടിംഗ് പ്ലാറ്റ്ഫോമായ ‘ബൈ മി എ കോഫി’ ഫൗണ്ടര്‍ ജിജോ സണ്ണിയും കോ ഫൗണ്ടര്‍ അലീഷ ജോണും.
വായിക്കുകയും എഴുതുകയും ചെയ്യുന്നത് ചെറുപ്പം മുതലേയുള്ള ശീലമായിരുന്നു. ചെറുപ്പത്തില്‍ അച്ഛന് വാങ്ങിതന്ന കംപ്യട്ടറും വെബ്സൈറ്റ് ക്രിയേഷനു വേണ്ടി അമ്മ തന്ന 25,000 രൂപയും അറിവു നേടാനും സംരംഭകനാകാനും വലിയ പ്രചോദനമായെന്ന് ജിജോ പറഞ്ഞു. നല്ലതു പോലെ പണിയെടുക്കണം, അധ്വാനിക്കണം അപ്പോള്‍ വിജയമുണ്ടാകും.
സംരംഭകത്വ യാത്രയിലെ തുടക്കകാല അനുഭവങ്ങളും വെല്ലുവിളികളും ആശയങ്ങളെ ഉത്പന്നങ്ങളാക്കി മാറ്റുന്ന വഴികളും ഇരുവരും വിദ്യാര്‍ഥികളുമായി പങ്കുവച്ചു. ജോലിക്കാര്‍ക്കു ശമ്പളം പോലും കൊടുക്കാന്‍ കഴിയാതിരുന്ന കാലത്തു നിന്ന് ആറേഴു വര്‍ഷം കൊണ്ടു പ്രതിവര്‍ഷം ആയിരം കോടി രൂപയുടെ ടേണ്‍ ഓവറിലേക്കു കമ്പനിക്ക് ഉണ്ടായ വളര്‍ച്ചയും ഇവര്‍ അനുസ്മരിച്ചു. ഒരെണ്ണം പരാജയപ്പെട്ടെന്ന് കരുതി പുതിയ സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാനുള്ള ആഗ്രഹം കളയരുതെന്ന് ഇവര്‍ വിദ്യാര്‍ഥികളെ ഓര്‍മപ്പെടുത്തി.
ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ക്ക് നേരിട്ട് പിന്തുണ നേടാനും ഡിജിറ്റല്‍ ഉത്പന്നങ്ങളിലൂടെയും മറ്റും വരുമാനം കണ്ടെത്താനും സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് 2018 ല്‍ ജിജോ സണ്ണി, സഹോദരന് ജോസഫ് സണ്ണി, അലീഷാ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ബൈ മീ എ കോഫി. ഇതിന്റെ വളര്‍ച്ചയുടെ നാള്‍വഴികളും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
ക്രിയേറ്റര്‍ ഇക്കോണമി, ഡിജിറ്റല്‍ സംരംഭകത്വം, കമ്യൂണിറ്റി ബില്‍ഡിംഗ്, ഉത്പന്ന വികസനം, സര്‍ഗാത്മകത, പ്രശ്നപരിഹാരം തുടങ്ങിയ ആധുനിക വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ജിജോ സണ്ണിയും അലീഷാ ജോണും മറുപടി നല്കി.
ജിജോ സണ്ണിയെയും അലീഷ ജോണിനെയും കോളജ് ബര്‍സാര്‍ ഫാ. മാര്ട്ടിന് കല്ലറയ്ക്കല്‍ പൊന്നാട അണിയിയിക്കുകയും ഉപഹാരം നല്‍കുയും ചെയ്തു. ഫാ. ജോസഫ് മുണ്ടയ്ക്കല്‍ ഇരുവരെയും പരിചയപ്പെടുത്തി. പ്രിന്‍സിപ്പല്‍ ഫാ. സെബാസ്റ്റ്യന്‍ തോണിക്കുഴി, ഡോ. മോളിക്കുട്ടി, ഷാജി ആറ്റുപുറം, ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിനോയ് വിന്‍സെന്റ്് എന്നിവര്‍ പങ്കെടുത്തു.
Tags : BuyMeaCoffee JijoSunny Secret Growth AlishaJohn Business