ഓസ്ട്രേലിയ ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന്.
ഡാർവിൻ: ഓസ്ട്രേലിയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ബംഗ്ലാദേശിന് മേധാവിത്വം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 198 റൺസിന് എല്ലാവരും പുറത്തായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസർ ഹസൻ മഹ്മൂദിന്റെ ആറുവിക്കറ്റ് പ്രകടനമാണ് സന്ദർശകർക്ക് മേധാവിത്വം സമ്മാനിച്ചത്.
ഹസന് പുറമെ ടസ്കിൻ അഹമ്മദും ഇബാദത്ത് ഹുസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ ചിറകരിഞ്ഞു. ഓസ്ട്രേലിയൻ നിരയിൽ 71 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്.
ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ 102 റൺസ് മാത്രം പിന്നിലായി ശക്തമായ നിലയിലാണ് ബംഗ്ലാദേശ് ഇപ്പോൾ. 32 റൺസുമായി തൻസിദ് ഹസനും 35 റൺസുമായി മോമിനുൽ ഹുഖുമാണ് ക്രീസിലുള്ളത്.
Tags : Australia Bangladesh Cricket Test Hasan Mahmud