ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും
ലിസ്ബണ്‍: ആരാധകര്‍ കാത്തിരുന്ന താരവിവാഹം കഴിഞ്ഞു. പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി.
റൊണാള്‍ഡോയുടെ അഞ്ച് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. പോര്‍ച്ചുഗലിലെ തീരദേശ റിസോർട്ട് ടൗണായ കാസ്കായ്സിലായിരുന്നു വിവാഹം.
വിവാഹിതരായെ വിവരം സോഷ്യല്‍ മീഡിയയില്‍ വെഡ്ഡിംഗ് റിംഗ് അണിഞ്ഞ കൈകളുടെ ചിത്രത്തോടൊപ്പം റൊണാള്‍ഡോയും ജോര്‍ജിനയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. താരത്തിന്റെ അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പിയേഴ്സ് മോര്ഗന് ഇരുവരുടെയും ചിത്രം ഷെയര്‍ ചെയ്തു.
നാല്‍പ്പത്തിയൊന്നുകാരനായ റൊണാള്‍ഡോയും മുപ്പത്തിരണ്ടുകാരിയായ ജോര്‍ജിന റോഡ്രിഗസും 2016 മുതല്‍ പ്രണയത്തിലാണ്. ഇവര്‍ക്കു മൂന്നു മക്കളുമുണ്ട്. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ആയിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും.
അന്ന് ഗുച്ചി ഷോറൂമിലെ സെയില്‍സ് ഗേളായിരുന്നു ജോര്‍ജിന. 2017 മുതലാണ് ഇരുവരും പൊതുയിടങ്ങളില്‍ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കുടുംബത്തോടുള്ള ആത്മാര്‍ഥതയും സ്നേഹവുമാണ് ജോര്‍ജിനയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് റൊണാള്‍ഡോ വെളിപ്പെടുത്തിയിരുന്നു.
കായികലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരമാണ് സിആര്‍7. ഏകദേശം മൂന്നു ബില്യണ്‍ ഡോളറില്‍ അധികം (28,500 കോടിയില്‍ അധികം) ആസ്തി അദ്ദേഹത്തിനുണ്ട്. പ്രഫഷണല്‍ കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യതാരമെന്ന റിക്കാര്‍ഡിലേക്ക് വെറും 24 ഗോളിന്റെ അകലം മാത്രമാണ് സിആര്‍7നുള്ളത്.
Tags : CristianoRonaldo GeorginaRodriguez Married PortugueseFootballLegend Sports