റിസോണ മരിയ
കൊച്ചി: വയനാട്ടിൽ ജനിച്ചു കഠിനപ്രയത്നവും ദൃഢനിശ്ചയവും കൈമുതലാക്കി ഏഥൻസിൽ വിമാനക്കമ്പനിയുടെ മുഖ്യചുമതലക്കാരിയാകുന്നതുവരെയുള്ള റിസോണ മരിയയുടെ യാത്ര പോരാട്ടത്തിന്റേതാണ്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുറച്ചൊരു പോരാട്ടം. ലക്ഷ്യബോധമുള്ള മനസോടെ പൊരുതിയ റിസോണ മരിയ എന്ന പെണ്‍കുട്ടി ഇന്ന് ഏഥന്‍സില്‍ ഇന്‍ഡിഗോയുടെ ചീഫ് സെക്യൂരിറ്റി ഓഫീസറാണ്.
സുല്‍ത്താന്‍ബത്തേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൾ റിസോണ, വിമാനക്കമ്പനിയിലെ ജോലി സ്വപ്നം കാണുമ്പോൾ അതു സാക്ഷാത്കരിക്കാനാകുമെന്നു പറഞ്ഞു പ്രോത്സാഹിപ്പിക്കാൻ അധികമാരും ഉണ്ടായില്ല.
‘നീ എവിടെനിന്ന് വരുന്നുവെന്ന് ആകാശമൊരിക്കലും എന്നോടു ചോദിക്കില്ല. പക്ഷേ, യഥാര്‍ഥ ചോദ്യം, ആകാശത്തേക്കു പറക്കാന്‍ ഞാന്‍ തയാറാണോ എന്നതാണ്.’
ഒന്നര ദശാബ്ദങ്ങള്‍ക്കു മുമ്പു മനസിൽ രൂപപ്പെട്ട ചോദ്യത്തിന് ‘യെസ് ഐ ആം റെഡി’എന്നു ധീരമായി ഉത്തരം നൽകിയ റിസോണ, പിന്നീടുള്ള ജീവിതയാത്രകളിലൊന്നും പതറിയില്ല.
പഠനം പൂര്‍ത്തിയാക്കിയ റിസോണ 2012 സെപ്റ്റംബറില്‍ 21-ാം വയസിലാണ് ഇന്‍ഡിഗോയില്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവായി ചേര്‍ന്നത്. 14 വര്‍ഷത്തിനുശേഷം ചീഫ് സെക്യൂരി ഓഫീസർ ജോലിയെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക്.
നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവില്ലാത്തതു മുതല്‍ ഭക്ഷണം വരെ ഒരു പ്രശ്നമായിരുന്നു. എങ്കിലും പരിശീലന കേന്ദ്രത്തില്‍വച്ച് ഇംഗ്ലീഷില്‍ ഒരു പൂര്ണവാചകം പറയാനായത് ആത്മവിശ്വാസം പകർന്നു.
സര്‍ക്കാര്‍ മലയാളം മീഡിയം സ്കൂളില്‍ പഠിച്ച തനിക്ക് ഏവിയേഷന്‍ രംഗത്ത് തന്റെതായ ഇടം കണ്ടെത്താനാകുമെന്ന വിശ്വാസം റിസോണ സ്വയം ഊട്ടിയുറപ്പിച്ചു.
ഇപ്പോള്‍ ഇന്‍ഡിഗോയില്‍ 14 വര്‍ഷം തികയ്ക്കുന്ന തനിക്കു കരിയറില്‍ ശക്തമായ അടിത്തറ നല്‍കിയത് ഇന്‍ഡിഗോയുടെ പരിശീലന അക്കാഡമിയായ ഇഫ്ലിയിലെ നാളുകളാണെന്ന് റിസോണ പറയുന്നു.
Tags : Wayanad Athens RezonaMaria Indigo Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash