പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാപാരകമ്മി ജൂലൈയിൽ കഴിഞ്ഞ ആറു മാസത്തെ ഉയർന്ന നിരക്കിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 3198 കോടി ഡോളറായി (31.98 ബില്യണ്‍) ഉയർന്നു.
പശ്ചിമേഷ്യൻ യുദ്ധം കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവും ആഗോള ചരക്കുകൂലിയും ഉയർന്നതിനെത്തുടർന്നാണ് ജൂലൈയിൽ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി പ്രതീക്ഷിച്ചതിലും വർധിച്ചത്. ജൂണിൽ ഇത് 3043 കോടി ഡോളർ (30.43 ബില്യണ്‍) ആയിരുന്നു.
കയറ്റുമതി ഉയർന്നു, പക്ഷേ...
വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ചരക്ക് കയറ്റുമതി ജൂലൈ മാസത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 4,424 കോടി (44.24 ബില്യണ്‍) ഡോളറിലെത്തി. 2022 ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,834 കോടി ഡോളറിനെയാണ് ഇത് മറികടന്നത്. ജൂണിൽ കയറ്റുമതി 4,041 (40.41 ബില്യണ്‍) കോടി ഡോളറായിരുന്നു.
ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും സ്വർണത്തിന്റെയും ഇറക്കുമതിയിലുണ്ടായ ഉയർച്ചയും കാരണം ജൂണിലെ 7,084 കോടി ഡോളറിൽനിന്ന് (70.84 ബില്യൺ) ജൂലൈയിൽ ഇറക്കുമതി 7,622 കോടി (76.22 ബില്യണ്‍) ഡോളറായി ഉയർന്നു.
ചിപ്പുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി ജൂലൈയിൽ മുൻവർഷത്തെ അപേക്ഷിച്ച് 44 ശതമാനത്തിലധികം വർധിച്ച് 1,437 കോടി (14.37 ബില്യണ്‍) ഡോളറിലെത്തുകയും സ്വർണ ഇറക്കുമതി ഏകദേശം 5 ശതമാനം വർധിച്ച് 416 കോടി (4.16 ബില്യണ്‍) ഡോളറിലെത്തുകയും ചെയ്തു.
ആഗോളതലത്തിൽ ഉയർന്ന ക്രൂഡ് ഓയിൽ വിലയെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഓയിൽ ഇറക്കുമതി ജൂണിലെ 1,933 കോടി ഡോളറിനെ (19.33 ബില്യണ്‍) അപേക്ഷിച്ച് ജൂലൈയിൽ 1,831 കോടി (18.31 ബില്യണ്‍) ഡോളറിലെത്തി.
ഈ സാന്പത്തിക വർഷത്തിൽ ഇതുവരെ പെട്രോളിയം ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, എൻജിനിയറിംഗ് സാധനങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ ശക്തമായ വളർച്ചയുണ്ടായതായി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. കൂടാതെ, ജൂലൈയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വർധിച്ച് 570 കോടി (5.7 ബില്യണ്‍) ഡോളറായി.
യുഎസ് തന്നെ പ്രധാന ലക്ഷ്യസ്ഥാനം
ഇന്ത്യൻ കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമായി യുഎസ് തുടരുന്നു. ഏപ്രിൽ-ജൂലൈ കാലയളവിൽ 3,349 കോടി (33.49 ബില്യൺ) ഡോളറിന്റെ ചരക്കുകളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇത് കഴിഞ്ഞ വർഷത്തെ നിരക്കിന് ഏതാണ്ട് തുല്യമാണ്.
യുഎസ് ജൂലൈയിൽ ഏർപ്പെടുത്തിയ 10 % തീരുവയിൽനിന്ന് ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ ഏകദേശം 45 ശതമാനത്തോളം ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒപ്പം ശേഷിക്കുന്ന വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കാനും ഉഭയകക്ഷി വ്യാപാര കരാർ വേഗത്തിൽ പൂർത്തിയാക്കാനുമായി ഇരു രാജ്യങ്ങളും സജീവമായി ചർച്ചകൾ നടത്തി വരികയാണെന്നും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സേവന മേഖലയിൽ മിച്ചം
സേവന മേഖലയിലെ കയറ്റുമതി ജൂലൈയിൽ 3,589 കോടി (35.89 ബില്യണ്‍) ഡോളറായി ശക്തമായി തുടർന്നു. സേവന ഇറക്കുമതി 1,894 കോടി (18.94 ബില്യൺ) ഡോളറായിരുന്നു. ഇതോടെ സേവന മേഖലയിൽ 1,695 കോടി (16.95 ബില്യൺ) ഡോളറിന്റെ മിച്ചംകൈവരിക്കാൻ സാധിച്ചതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Tags : TradeDeficit High Sixmonth Business