സൗത്ത് ഇന്ത്യൻ ബാങ്ക്
കണ്ണൂർ: കേരളത്തിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യൻ ബാങ്ക് വടക്കൻ കേരളത്തിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ മേഖലയിൽ അഞ്ചു പുതിയ ബ്രാഞ്ചുകൾ കൂടി ആരംഭിക്കുമെന്ന് ബാങ്കിന്റെ എക്സ്ക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ടി. ആന്റോ ജോർജ്. എടൂർ, ഉളിക്കൽ, മാട്ടൂൽ, മയ്യിൽ, പാനൂർ എന്നിവിട ങ്ങളിലെ ബ്രാഞ്ചുകളുടെ ഉദ്ഘാടനം ചിങ്ങം ഒന്നായ ഓഗസ്റ്റ്17ന് നടക്കുമെന്ന് കണ്ണൂരിൽ പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
പയ്യാവൂർ റോഡിലെ ഉളിക്കൽ ബ്രാഞ്ച് രാവിലെ ഒന്പതിനും, മാടത്തിൽ-എടൂർ റോഡിലുള്ള പുത്തൻപുരക്കൽ ബിൽഡിംഗിലെ എടൂർ ബ്രാഞ്ച് രാവിലെ 10 നും മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ചന്പാട് റോഡിലെ പികെവൈ പ്ലാസ ബിൽഡിംഗിലെ പാനൂർ ബ്രാഞ്ച് രാവിലെ 11.30ന് ഷാഫി പറന്പിൽ എംപിയും, മയ്യിൽ കൃപ കോംപ്ലക്സിലെ ബ്രാഞ്ച് ഉച്ചകഴിഞ്ഞു മൂന്നിന് ടി.കെ. ഗോവിന്ദൻ എംഎൽഎയും, മാട്ടൂൽ പെട്രോൾ പന്പിന് എതിർവശത്തെ എംആർസെഡ് കോംപ്ലക്സിലെ ബ്രാഞ്ച് വൈകുന്നേരം 4.30 മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് നസീർ ബി. മാട്ടൂലും ഉദ്ഘാടനം ചെയ്യും.
ഒപ്പം ഉദുമ, പുൽപ്പള്ളി, കരുവഞ്ചാൽ, ഇരിക്കൂർ, പൈസക്കരി ബാങ്കുകൾ നവീകരിച്ചതിന്റെ ഉദ്ഘാടനവും17ന് നടക്കും. ആധുനിക ബാങ്കിംഗ് സൗകര്യങ്ങളോടെയും മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും ആണ് ബ്രാഞ്ചുകളുടെ നവീകരണം.
ഓണം പ്രമാണിച്ച് ജില്ലയിലെ അഞ്ച് പുതിയ ബ്രാഞ്ചുകളിലും ലോക്കർ ഫീസിന് 50 ശതമാനത്തിന്റെ ഇളവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ഗ്രാമീണ-നഗര മേഖലകളിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. രമേഷ് പറഞ്ഞു.
മലബാറിൽ നിലവിൽ 50 ബ്രാഞ്ചുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് അത് 55 ആയി ഉയർന്നു. കണ്ണൂർ ജില്ലയിൽ 24 ബാങ്കുകളുടെ സ്ഥാനത്ത് ഈ മാസം 17 ഓടെ അത് 29 ആയി ഉയരും. സെപ്റ്റംബർ 30 ഓടെ 16 പുതിയ ബ്രാഞ്ചുകൾ തുടങ്ങാനാണ് ബാങ്കിന്റെ തീരുമാനമെന്നും കെ.പി. രമേഷ് പറഞ്ഞു.
97 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് സാങ്കേതിക വിദ്യ, നവീനത, ഉപഭോക്തൃ സേവനം എന്നിവയിൽ നിക്ഷേപം നടത്തുന്നതിനോടൊപ്പം തന്നെ തങ്ങളുടെ ശൃംഖല കൂടുതൽ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ഡെപ്യൂട്ടി ജനറൽ മാനേജരും കണ്ണൂർ റീജണൽ ഹെഡുമായ ജോർജ് ജോസഫ് പറഞ്ഞു.
ഡിജിറ്റൽ തട്ടിപ്പ് തടയാൻ ഇ ലോക്കും വ്യാജ സ്വർണ ഇടപാട് തടയാൻ ഡെൻസിറ്റോ മീറ്ററും
രാജ്യത്ത് ഡിജിറ്റൽ ഇടപാട് വ്യാപകമായ സാഹചര്യത്തിൽ അതുവഴിയുള്ള തട്ടിപ്പും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉപയോക്താവിന്റെ അക്കൗണ്ട് സുരക്ഷിതമാക്കുന്നതിനായി ഇ ലോക്ക് സംവിധാനം സൗത്ത് ഇന്ത്യൻ ബാങ്ക് ഒരുക്കിയിട്ടുണ്ടെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി. ആന്റോ ജോർജ് പറഞ്ഞു.
പിൻ നന്പർ ചോർന്ന് ഒരിക്കൽ പണം നഷ്ടപ്പെട്ടതായി മനസിലായാൽ ഉടൻ ഇ ലോക്ക് ഉപയോഗിച്ച് സ്വന്തം അക്കൗണ്ട് ഉടമയ്ക്ക് ബ്ലോക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. പിന്നീട് മറ്റാർക്കും പ്രസ്തുത അക്കൗണ്ടിൽനിന്ന് ഡിജിറ്റൽ സംവിധാനത്തിലൂടെ പണം പിൻവലിക്കാൻ കഴിയില്ല എന്നതാണ് ഇ ലോക്ക് സംവിധാനത്തിന്റെ പ്രത്യേകത.
വ്യാജ സ്വർണാഭരണം ബാങ്കിൽ പണയുംവച്ച് വ്യാപകമായി തട്ടിപ്പ് നടത്തുന്ന സാഹചര്യത്തിൽ ഇത്തരം തട്ടിപ്പ് സംഘത്തെ ഇടപാട് സമയത്തുതന്നെ തിരിച്ചറിയുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 923 ബ്രാഞ്ചുകളിൽ 400 ബ്രാഞ്ചുകളിലും ഇതിനകം ഡെൻസിറ്റോ മീറ്റർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ചെന്പിനു മുകളിലും മറ്റും സ്വർണത്തിന്റെ ക്ലോട്ടിംഗ് പതിച്ച് സ്വർണം പണയം വച്ച് പണം തട്ടുന്ന സംഘത്തെ തിരിച്ചറിയുന്നതിനാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പലപ്പോഴും പണയംവച്ച സ്വർണം തിരിച്ചെടുക്കാതെ വരുന്പോൾ, ബാങ്ക് നടത്തുന്ന വിശദമായ പരിശോധനയിലാണ് പണയ സ്വർണം വ്യാജമാണെന്നു മനസിലാകുന്നത്. തുടക്കത്തിൽ തന്നെ സ്വർണത്തിന്റെ ഗുണ നിലവാരം തിരിച്ചറിയുന്നതിനാണ് ഡെൻസിറ്റോ മീറ്റർ സംവിധാനം ഉപയോഗിക്കുന്നതെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
Tags : SouthIndianBank Business NewBranches