കെ.വി. അലക്സാണ്ടര്‍
കോട്ടയം: മുന്‍ രാജ്യാന്തര ബാസ്കറ്റ്ബോള്‍ താരവും പരിശീലകനുമായ കല്ലൂപ്പാറ കൊച്ചുപാറക്കല്‍ (അലക്സ് വില്ല) കെ.വി. അലക്സാണ്ടര്‍ (84) അന്തരിച്ചു.
അലക്സ് സര് എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന അദ്ദേഹം ഇന്ത്യന്‍ വ്യോമസേനയിലെ 13 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പരിശീലകന്റെ വേഷത്തിലേക്കു പൂര്ണമായെത്തിയത്. 1973ല്‍ ഫിലിപ്പീന്‍സില്‍ നടന്ന ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനായി കളിച്ചു.
വ്യോമസേനാ ബാസ്കറ്റ്ബോള്‍ ടീമിനെ ദേശീയ-സര്‍വീസ് ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടങ്ങളിലെത്തിച്ചു. അലക്സാണ്ടറിന്റെ കായികക്ഷമതാ പദ്ധതികള്‍ പിന്നീട് സൈനിക സ്പോര്‍ട്സ് ക്യാമ്പുകളിലെ ഔദ്യോഗിക പരിശീലന അടിത്തറയായി മാറിയെന്നതും വാസ്തവം. വിരമിക്കലിനുശേഷം കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ ചേര്‍ന്ന അദ്ദേഹം മികച്ച തന്ത്രജ്ഞനായി മാറി.
വനിതാ ബാസ്കറ്റിന് അടിത്തറ പാകി
കേരളത്തില്‍ വനിതാ ബാസ്കറ്റ്ബോളിന്റെ കുതിപ്പിന് അടിത്തറയിട്ടതും അലക്സാണ്ടര്‍ ആയിരുന്നു. എറണാകുളം സെന്റ് തെരേസാസ് കോളജ്, ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ടീമുകളെ യൂണിവേഴ്സിറ്റി തലത്തില്‍ ചാമ്പ്യന്മാരാക്കി. 1984-ല്‍ കട്ടക്കില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതാ ടീം ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കിയത് അലക്സാണ്ടറുടെ പരിശീലന മികവിലായിരുന്നു.
പ്രസന്ന ജയശങ്കര്‍, രാജി തമ്പി തുടങ്ങിയ നിരവധി രാജ്യാന്തര വനിതാ താരങ്ങളെ വാര്‍ത്തെടുത്തു. കേരള പോലീസ് ടീമിന് ആദ്യ ഫെഡറേഷന് കപ്പ് നേടിക്കൊടുത്തു. ആലുവയില്‍വച്ചു നേടിയ കിരീടം തിരുപ്പൂരില്‍വച്ച് പോലീസ് ടീം നിലനിര്‍ത്തിയെന്നതും ചരിത്രം. ഇന്ത്യന്‍ ജൂണിയര്‍ ടീമിനെ ജപ്പാന് പര്യടനത്തില്‍ പരിശീലിപ്പിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പുഷ്പഗിരി മെഡിക്കല്‍ കോളജ് ടീമിനെ പരിശീലിപ്പിക്കുകയായിരുന്നു.
സെജിന്‍ മാത്യു, ജോഷ്വ സുനില്‍, അര്ജുന് തുടങ്ങിയ നിലവിലെ ദേശീയ താരങ്ങളെ കണ്ടെത്തി വളര്‍ത്തിയത് ഇദ്ദേഹമാണ്. ഭാര്യ: അമ്മിണി. മക്കള്‍: ആശ, അഞ്ജു. മരുമക്കള്‍: അബി, ടെന്നി.