മുംബൈ: കടക്കെണിയിൽപ്പെട്ട് പാപ്പരത്ത നടപടികൾ നേരിടുന്ന മലയാളി സംരംഭകൻ ബൈജു രവീന്ദ്രന്റെ എഡ്ടെക് കന്പനിയായ ബൈജൂസിന്റെ മാതൃകന്പനിയായ തിങ്ക് ആൻഡ് ലേണിനെ ഏറ്റെടുക്കാൻ താത്പര്യമറിയിച്ച് മണിപ്പാൽ എഡ്യുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംജി). ബൈജൂസിനെ പൂർണമായി ഏറ്റെടുക്കാനാണ് മണിപ്പാൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള താത്പര്യപത്രം അറിയിച്ചിട്ടുണ്ട്.
ബൈജൂസിന്റെ ഉപകന്പനിയായ ആകാശ് എജ്യൂക്കേഷണൽ സർവീസസിന്റെ പ്രധാന ഓഹരിയുടമകളാണ് മണിപ്പാൽ ഗ്രൂപ്പ്. നിലവിൽ ഡോ. രഞ്ജൻ പൈയുടെ നേതൃത്വത്തിലുള്ള എംഇഎംജിക്ക് 58 ശതമാനം പങ്കാളിത്തം ആകാശിലുണ്ട്. നിലവിൽ തിങ്ക് ആൻഡ് ലേണിന്റെ കൈവശമുള്ള ആകാശിന്റെ 25% ഓഹരികൾകൂടി സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
തിങ്ക് ആൻഡ് ലേണിന്റെ ഓഹരികൾ വിറ്റഴിച്ച് വായ്പത്തുക വീണ്ടെടുക്കാൻ നിയോഗിക്കപ്പെട്ട റസൊല്യൂഷൻ പ്രഫഷണൽ ശൈലേന്ദ്ര അജ്മേറ, ഓഹരികൾ ഏറ്റെടുക്കാൻ താത്പര്യമുള്ളവർക്ക് താത്പര്യപത്രം സമർപ്പിക്കാൻ അനുവദിച്ച സമയം ഈ മാസം 13 വരെയാണ്. എംഇഎംജി മാത്രമേ താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
2021ലാണ് ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിനെ ബൈജൂസ് 95 കോടി ഡോളറിന് ഏറ്റെടുത്തത്. കോവിഡനന്തരം ബൈജൂസിന്റെ ബിസിനസുകൾ പ്രതിസന്ധിയിലായി. ഇതേത്തുടർന്ന് ബൈജൂസിന് ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കാനായില്ല. പിന്നീട് 2023 മേയിൽ ബൈജൂസ് അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഡേവിഡ്സണ് കെംപ്നറിൽ നിന്ന് കടപ്പത്രങ്ങൾ നൽകി 2,000 കോടി രൂപ വായ്പയെടുത്തു.
ആ വർഷം നവംബറിലാണ് ഡോ. രഞ്ജൻ പൈ ആകാശിൽ 1,400 കോടി രൂപ നിക്ഷേപിക്കുന്നത്. കെംപ്നറിൽ നിന്ന് ബൈജൂസിന്റെ കടപ്പത്രങ്ങൾ വാങ്ങിയായിരുന്നു ഇത്. 2024 ജനുവരിയിൽ കടപ്പത്രങ്ങൾ ഇക്വിറ്റികളാക്കി മാറ്റി മണിപ്പാൽ 40 ശതമാനം ഓഹരികളുമായി ആകാശിന്റെ ഏറ്റവും വലിയ ഓഹരി ഉടമകളായി.
പിന്നീട് ബ്ലാക്ക്സ്റ്റോണ്, ആകാശിന്റെ സ്ഥാപകൻ ജെ.സി. ചൗധരി എന്നിവരിൽനിന്ന് 11.12 ശതമാനം ഓഹരികൾകൂടി സ്വന്തമാക്കി. നിലവിൽ റസൊല്യൂഷൻ പ്രഫഷണൽ മുഖേനയുള്ള ഓഹരിവില്പനയിൽ തിങ്ക് ആൻഡ് ലേണിന്റെ മുഴുവൻ ഓഹരികൾക്കോ ആകാശ്, മറ്റ് ഉപസ്ഥാപനങ്ങളായ ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂണിയർ, ടോപ്പർ തുടങ്ങിയവയ്ക്കായോ അപേക്ഷിക്കാം. ഇതിൽ ആകാശിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കുക ലക്ഷ്യമിട്ടാണ് ഡോ. രഞ്ജൻ പൈയുടെ നീക്കങ്ങളെന്നാണ് റിപ്പോർട്ടുകൾ.
Tags : Byju's MEMG byju raveendran Manipal group